🇸🇦കൊവിഡ്: സൗദിയില്‍ 1,247 പേര്‍ക്ക് കൂടി രോഗം.
🇶🇦കടലില്‍ മുങ്ങിത്താഴാന്‍ പോയ രണ്ടു കുട്ടികളുടെ ജീവന്‍ രക്ഷിച്ച് പ്രവാസി മലയാളി.
🇦🇪ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വീണ്ടും നീട്ടിയതായി എമിറേറ്റ്‌സ്.
🇶🇦ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്നവരുടെ കൊവിഡ് പരിശോധനയില്‍ ഇളവ്.
🇦🇪അബുദാബി പോലീസ്: കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിലെ വീഴ്ച്ചകൾക്ക് 500 ദിർഹം പിഴ.
🇧🇭ബഹ്‌റൈൻ: ജൂലൈ 23 മുതൽ ഗ്രീൻ ലെവൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം.
🇦🇪യു എ ഇ: എക്സ്പോ 2020-യിൽ പങ്കെടുക്കുന്നവർ ഉൾപ്പടെ എട്ട് വിഭാഗം യാത്രികർക്ക് പ്രവേശനാനുമതി നൽകിയതായി വ്യോമയാനവകുപ്പ്.
🇴🇲ഒമാൻ: ജൂലൈ 25 മുതൽ COVID-19 വാക്സിനേഷൻ പ്രചാരണ പരിപാടികൾ പുനരാരംഭിക്കും.
🕋സൗദി: 2021-ലെ ഹജ്ജ് തീർത്ഥാടനം വിജയകരമായി പൂർത്തിയാക്കി; ആരോഗ്യ സുരക്ഷാ പദ്ധതികൾ സംരക്ഷണം ഉറപ്പാക്കിയതായി മന്ത്രാലയം.
🇰🇼കുവൈത്തിൽ കോവിഡ് വ്യാപനം കുറയുന്നു:പ്രതിദിന രോഗ നിരക്ക് ആയിരത്തിൽ താഴെ മാത്രം.
🇶🇦ഖത്തറിൽ ഇന്ന് 114 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 69 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ.
🕋ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നു; 25 മുതൽ ബുക്കിംഗ് ആരംഭിക്കും.
🕋ഈ വര്‍ഷത്തെ ഹജ്ജിന് സമാപ്തി; തീര്‍ത്ഥാടകര്‍ മക്കയോട് വിടചൊല്ലി.
വാർത്തകൾ വിശദമായി
🇸🇦കൊവിഡ്: സൗദിയില്‍ 1,247 പേര്‍ക്ക് കൂടി രോഗം.
✒️സൗദി അറേബ്യയില്‍ 1,247 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി രോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,160 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ 11 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
രാജ്യമാകെ 90,128 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 515,693 ആയി. 496,810 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,141 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 263, കിഴക്കന്‍ പ്രവിശ്യ 211, മക്ക 209, അസീര്‍ 157, ജീസാന്‍ 90, അല്‍ഖസീം 73, മദീന 68, ഹായില്‍ 55, നജ്‌റാന്‍ 51, വടക്കന്‍ അതിര്‍ത്തി മേഖല 24, അല്‍ബാഹ 21, തബൂക്ക് 19, അല്‍ജൗഫ് 6. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 23,775,388 ഡോസായി.
🇶🇦കടലില്‍ മുങ്ങിത്താഴാന്‍ പോയ രണ്ടു കുട്ടികളുടെ ജീവന്‍ രക്ഷിച്ച് പ്രവാസി മലയാളി.
✒️ഖത്തറില്‍ കടലില്‍ മുങ്ങിത്താഴാന്‍ പോയ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി പ്രവാസി മലയാളി. മലപ്പുറം കീഴുപറമ്പ് സ്വദേശി കെ ഇ അഷ്‌റഫ് ആണ് കോഴിക്കോട് സ്വദേശികളാണ് രണ്ടു കുട്ടികളുടെ ജീവന്‍ രക്ഷിച്ചത്. ബുധനാഴ്ച രാത്രി അല്‍ ദഖീറയിലെ കടല്‍ത്തീരത്താണ് സംഭവമുണ്ടായത്.
പെരുന്നാള്‍ അവധി ചെലവിടാന്‍ എത്തിയ നിരവധി കുടുംബങ്ങള്‍ ബീച്ചിലുണ്ടായിരുന്നു. മീന്‍പിടിക്കാനായി കടല്‍ത്തീരത്ത് എത്തിയ അഷ്‌റഫ് ഏതാനും മീറ്റര്‍ അകലെ നിന്ന് കരച്ചില്‍ കേട്ടു. കരച്ചില്‍ കേട്ട സ്ഥലത്തേക്ക് ഓടിയ അഷ്‌റഫ് കടലില്‍ ഒരാള്‍ മുങ്ങിത്താഴുന്നതാണ് കണ്ടത്. ഇരുട്ടായിരുന്നെങ്കിലും കടലിലേക്ക് എടുത്ത് ചാടി. ഒരാളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് അല്‍പ്പം അകലെ മറ്റൊരാള്‍ കൂടി മുങ്ങിത്താഴുന്നത് കണ്ടത്. തുടര്‍ന്ന് ആദ്യം രക്ഷപ്പെടുത്തിയ ആളെ പിന്നാലെ വന്നവര്‍ക്ക് കൈമാറി വീണ്ടും മുമ്പോട്ട് പോയി മറ്റെയാളെ കൂടി രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു.
അഷ്‌റഫിന്റെ സന്ദര്‍ഭോചിതമായ ഇടപെടലും ധീരതയും മൂലം രക്ഷിക്കാനായത് പെരുന്നാള്‍ അവധിക്ക് കുടുംബത്തോടൊപ്പം കടല്‍ത്തീരത്ത് എത്തിയ കോഴിക്കോട് സ്വദേശികളായ ഏഴുവയസ്സുകാരനെയും പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെയുമാണ്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ബിന്‍ ഉംറാന്‍ ഓഫീസില്‍ ജീവനക്കാരനാണ് അഷ്‌റഫ്. അല്‍ദഖീറയിലെ കടലില്‍ ഇറങ്ങുന്നത് അപകടകരമാണെന്നും കുട്ടികളുമായി കടല്‍ത്തീരത്ത് എത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നും തീരസുരക്ഷാ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
🇦🇪ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വീണ്ടും നീട്ടിയതായി എമിറേറ്റ്‌സ്.
✒️ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ജൂലൈ 28 വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 28 വരെ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് വെബ്സൈറ്റിലൂടെ വെള്ളിയാഴ്ച അറിയിച്ചു.
സര്‍വീസുകള്‍ ആംരഭിക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്ക് നല്‍കിയ മറുപടിയില്‍ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്കുള്ള വിമാനത്തില്‍ പ്രവേശനമുണ്ടാകില്ല. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 31 വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് നേരത്തെ അറിയിച്ചിട്ടുണ്ട്.
🇶🇦ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്നവരുടെ കൊവിഡ് പരിശോധനയില്‍ ഇളവ്.
✒️ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാരുടെ പി.സി.ആര്‍ പരിശോധനകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. നേരത്തെ വിമാനത്താവളങ്ങളില്‍ നിന്ന് പരിശോധന പൂര്‍ത്തിയാക്കി മാത്രമേ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നുള്ളുവെങ്കില്‍ ഇപ്പോള്‍ 36 മണിക്കൂറിനകം അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെത്തി പരിശോധന നടത്താനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള റെഡ്‍ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്സിനെടുത്ത യാത്രക്കാരുടെ പരിശോധനയാണ് ഇങ്ങനെ മാറ്റിയത്.
നേരത്തെ വിമാനത്താവളത്തില്‍ തന്നെ പരിശോധനാ നടത്താനുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഖത്തറിലെത്തിയ യാത്രക്കാരെ വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന നടത്തിയില്ല. പകരം യാത്രാ രേഖകളില്‍ പ്രത്യേക സ്റ്റിക്കര്‍ പതിച്ച് നല്‍കിയ ശേഷം 36 മണിക്കൂറിനുള്ളില്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പോയി പരിശോധന നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരുടെ വിവരങ്ങള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൈമാറുന്നുമുണ്ട്.
പെരുന്നാള്‍ അവധിയായതിനാല്‍ ഇപ്പോള്‍ 18 കേന്ദ്രങ്ങളിലാണ് കൊവിഡ് പിസിആര്‍ പരിശോധന നടത്തുന്നത്. അവധി ദിവസങ്ങള്‍ക്ക് ശേഷം 27 സെന്ററുകളില്‍ പരിശോധന പുനഃരാരംഭിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിശോധന നിര്‍ബന്ധമാണ്. 300 റിയാലാണ് പരിശോധനയ്‍ക്ക് ഫീസ് ഈടാക്കുന്നത്.
🇦🇪അബുദാബി പോലീസ്: കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിലെ വീഴ്ച്ചകൾക്ക് 500 ദിർഹം പിഴ.
✒️എമിറേറ്റിലെ റോഡുകളിൽ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ വാഹനങ്ങൾ നിർത്താതിരിക്കുന്നവർക്കും, കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കും 500 ദിർഹം പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു. ജൂലൈ 22-നാണ് അബുദാബി പോലീസ് ഈ അറിയിപ്പ് നൽകിയത്.
എമിറേറ്റിലെ റോഡുകളിലെ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കാൽനട യാത്രികർക്ക് മുൻഗണന നൽകാനും, ഇത്തരം ഇടങ്ങളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും ഡ്രൈവർമാരോട് അബുദാബി പോലീസ് ആവശ്യപ്പെട്ടു. ഇത്തരം വീഴ്ച്ചകൾക്ക് 500 ദിർഹം പിഴ ചുമത്തുന്നതിന് പുറമെ, ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണ്.
പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കൃത്യമായി വാഹനങ്ങൾ നിർത്തുന്നതിനെക്കുറിച്ചും, സീബ്ര ക്രോസിങ്ങുകളിലൂടെ റോഡ് മുറിച്ച് കടക്കുന്ന കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ഒരു വീഡിയോ ദൃശ്യവും അധികൃതർ ഈ അറിയിപ്പിനൊപ്പം പങ്ക് വെച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ എമിറേറ്റിൽ ഏതാണ്ട് 4138 വാഹനങ്ങൾക്കെതിരെ ഇത്തരം ലംഘനങ്ങൾക്ക് നടപടി കൈക്കൊണ്ടതായും പോലീസ് വ്യക്തമാക്കി.
കാൽനട യാത്രികരുടെ സുരക്ഷ പ്രധാനമാണെന്ന് ഓർമ്മപ്പെടുത്തിയ അബുദാബി പോലീസ്, പദയാത്രികരുടെ സുരക്ഷയ്ക്കായി ജാഗ്രത പുലർത്താൻ വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു. അമിത വേഗത, റോഡ് സിഗ്നലുകളിലെ അശ്രദ്ധ മുതലായവ ഇത്തരം അപകടങ്ങൾക്കിടയാക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. കാല്‍നടക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിനായുള്ള ഇടങ്ങളിലും, ഉൾറോഡുകളിലും, വ്യവസായ മേഖലകളിലും, പാര്‍പ്പിടങ്ങളുള്ള ഇടങ്ങളിലും വാഹനങ്ങൾ കുറഞ്ഞ വേഗതയിൽ ഓടിക്കാനും, പദയാത്രികർക്ക് മുൻഗണന നൽകാനും ഡ്രൈവർമാരോട് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
🇧🇭ബഹ്‌റൈൻ: ജൂലൈ 23 മുതൽ ഗ്രീൻ ലെവൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം.
✒️2021 ജൂലൈ 23, വെള്ളിയാഴ്ച്ച മുതൽ രാജ്യത്ത് ഗ്രീൻ ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനിലെ COVID-19 പ്രതിരോധത്തിന്റെ ചുമതലയുള്ള നാഷണൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം.
ജൂലൈ 22-ന് വൈകീട്ടാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് നിലവിലുള്ള ആകെ രോഗബാധിതരുടെ എണ്ണം, ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം, ICU സംവിധാനങ്ങളുടെ ലഭ്യത, പോസിറ്റിവിറ്റി നിരക്ക് തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് ജൂലൈ 23 മുതൽ ഗ്രീൻ ലെവൽ നിയന്ത്രണങ്ങൾ പ്രയോഗക്ഷമമാക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്.
പതിനാല് ദിവസത്തെ കാലയളവിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 2 ശതമാനത്തിന് താഴെയാകുന്ന അവസരത്തിലാണ് ഗ്രീൻ ലെവൽ അലേർട്ട് ഏർപ്പെടുത്തുന്നത്. ഗ്രീൻ അലേർട്ട് ലെവൽ നിലനിൽക്കുന്ന കാലയളവിൽ സിനിമാശാലകൾ, ഇൻഡോറിൽ നടക്കുന്ന ചടങ്ങുകൾ, പരിപാടികൾ, ഇൻഡോർ കായികമത്സരങ്ങൾ എന്നിവിടങ്ങളിലേക്ക് വാക്സിനെടുത്തവർക്കും, രോഗമുക്തർക്കും, ഇവരോടൊപ്പം എത്തുന്ന 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും മാത്രമാണ് പ്രവേശനം നൽകുന്നത്.
ഗ്രീൻ ലെവൽ നിയന്ത്രണ പ്രകാരം താഴെപറയുന്ന ഇടങ്ങളിലേക്ക് വാക്സിനെടുത്തവർക്കും, വാക്സിനെടുക്കാത്തവർക്കും പ്രവേശനം നൽകുന്നതാണ്:
ചില്ലറവില്പന ശാലകൾ.
ഷോപ്പിംഗ് മാളുകൾ.
ജിം, സ്പോർട്സ് ഹാൾ.
ഭക്ഷണശാലകൾ.
സ്വിമ്മിങ്ങ് പൂൾ.
പുറം ഇടങ്ങളിൽ കോൺഫറൻസുകൾ പോലുള്ള പരിപാടികൾക്ക് അനുമതി.
ബാർബർ ഷോപ്പ്, സലൂൺ, ബ്യുട്ടി പാർലർ,
കളിയിടങ്ങൾ, വിനോദ കേന്ദ്രങ്ങൾ.
സർക്കാർ സേവനകേന്ദ്രങ്ങൾ.
ഗ്രീൻ ലെവൽ അലേർട്ട് ലെവൽ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ ഇളവുകൾ അനുവദിക്കപ്പെടുമെങ്കിലും, മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം മുതലായ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളോട് നാഷണൽ ടാസ്‌ക്‌ഫോഴ്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചതായി ജൂലൈ 2 മുതൽ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഈ കളർ ലെവൽ പ്രകാരമാണ് ബഹ്‌റൈനിലെ വിവിധ മേഖലകളിലെ നിയന്ത്രണങ്ങളും, ഇളവുകളും കണക്കാക്കുന്നത്. രാജ്യത്ത് ജൂലൈ 16 മുതൽ ജൂലൈ 19 വരെ ഗ്രീൻ ലെവൽ അലേർട്ട് ലെവൽ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ജൂലൈ 19 മുതൽ ജൂലൈ 22 വരെയുള്ള അറഫ, ഈദുൽ അദ്ഹ അവധിദിനങ്ങളിൽ രാജ്യത്ത് കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി ഓറഞ്ച് ലെവൽ നിയന്ത്രണങ്ങൾ പ്രയോഗക്ഷമമാക്കുകയായിരുന്നു.
🇦🇪യു എ ഇ: എക്സ്പോ 2020-യിൽ പങ്കെടുക്കുന്നവർ ഉൾപ്പടെ എട്ട് വിഭാഗം യാത്രികർക്ക് പ്രവേശനാനുമതി നൽകിയതായി വ്യോമയാനവകുപ്പ്.
✒️യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക അനുമതികളോടെ യു എ യിലേക്ക് പ്രവേശനം അനുവദിച്ചിരുന്ന വിഭാഗങ്ങളിലേക്ക് എക്സ്പോ 2020-യിൽ പങ്കെടുക്കുന്നവരെ കൂടി ഉൾപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ ഒരു വിജ്ഞാപനം ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
നേരത്തെ ഇത്തരം ഇളവുകൾ നൽകിയിട്ടുള്ള വിഭാഗങ്ങൾക്ക് പുറമെ എക്സ്പോ 2020-യിൽ പങ്കെടുക്കുന്നവർ, പ്രദർശകർ, മേളയുടെ സംഘാടകരുടെ പ്രത്യേക ക്ഷണം ലഭിച്ചിട്ടുള്ളവർ തുടങ്ങിയവർക്ക് യു എ ഇയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരിക്കുന്നത്. യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ഈ വിഭാഗങ്ങൾക്കും ഈ ഇളവ് ബാധകമാക്കിയതായാണ് സൂചന. ഇതോടെ എട്ട് വിഭാഗം യാത്രികർക്ക് യു എ ഇ പ്രത്യേക മാനദണ്ഡങ്ങളോടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
താഴെ പറയുന്ന വിഭാഗങ്ങൾക്കാണ് നിലവിൽ യു എ ഇ പ്രത്യേക പ്രവേശനാനുമതി നൽകിയിരിക്കുന്നത്:
എക്സ്പോ 2020-യിൽ പങ്കെടുക്കുന്നവർ, പ്രദർശകർ, മേളയുടെ സംഘാടകരുടെ പ്രത്യേക ക്ഷണം ലഭിച്ചിട്ടുള്ളവർ.
യു എ ഇ പൗരന്മാർ, അവരുടെ അടുത്ത ബന്ധുക്കൾ.
നയതന്ത്ര ഉദ്യോഗസ്ഥർ.
പ്രത്യേക അനുമതിയുള്ള ഔദ്യോഗിക സംഘങ്ങൾ.
യു എ ഇയിൽ ഗോൾഡൻ, സിൽവർ റെസിഡൻസി പെർമിറ്റുകൾ ഉള്ളവർ.
വിദേശ വിമാനക്കമ്പനികളുടെ ജീവനക്കാർ.
ജനറൽ അതോറിറ്റി ഫോർ സെക്യൂരിറ്റി ഓഫ് പോർട്സ്, ബോർഡേഴ്സ് ആൻഡ് ഫ്രീ സോൺസിൽ നിന്നുള്ള പ്രത്യേക അനുവാദമുള്ള ബിസിനസ്സുകാർ.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് മര്‍മ്മപ്രധാനമായ പ്രവർത്തനമേഖലകളായി അംഗീകരിച്ചിട്ടുള്ള മേഖലകളിലെ ജീവനക്കാർ.
മേല്പറഞ്ഞ വിഭാഗങ്ങളിലുള്ളവർക്ക് കർശനമായ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് പ്രവേശനം അനുവദിക്കുന്നത്. ഇവർ യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമായും ഹാജരാക്കേണ്ടതാണ്. ഔദ്യോഗിക അംഗീകാരമുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച QR കോഡ് അടങ്ങിയ PCR നെഗറ്റീവ് റിസൾട്ട് മാത്രമാണ് സ്വീകരിക്കുന്നത്. ഇവർക്ക് യു എ ഇയിൽ എത്തിയ ഉടനെയും, നാലാം ദിനത്തിലും, എട്ടാം ദിനത്തിലും PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർക്ക് പത്ത് ദിവസത്തെ ക്വാറന്റീൻ ബാധകമാണ്.
🇴🇲ഒമാൻ: ജൂലൈ 25 മുതൽ COVID-19 വാക്സിനേഷൻ പ്രചാരണ പരിപാടികൾ പുനരാരംഭിക്കും.
✒️ഈദുൽ അദ്ഹ വേളയിൽ താത്കാലികമായി നിർത്തിവെച്ചിരുന്ന COVID-19 വാക്സിനേഷൻ പ്രചാരണ പരിപാടികൾ 2021 ജൂലൈ 25, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 22-ന് വൈകീട്ടാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഒമാനിലെ COVID-19 വാക്സിനേഷൻ പ്രചാരണ പരിപാടികൾ ഈദ് അവധിദിനങ്ങൾ കണക്കിലെടുത്ത് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ജൂലൈ 25 മുതൽ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്ന നടപടികൾ പുനരാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ ലഭിക്കുന്നതിനായി ജൂലൈ 23 മുതൽ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയോ, ‘Tarassud+’ ആപ്പിലൂടെയോ ബുക്കിംഗ് പൂർത്തിയാക്കാവുന്നതാണ്.വാക്സിനേഷൻ നടപടികൾക്ക് മുൻകൂർ ബുക്കിംഗ് നിർബന്ധമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
🕋സൗദി: 2021-ലെ ഹജ്ജ് തീർത്ഥാടനം വിജയകരമായി പൂർത്തിയാക്കി; ആരോഗ്യ സുരക്ഷാ പദ്ധതികൾ സംരക്ഷണം ഉറപ്പാക്കിയതായി മന്ത്രാലയം.
✒️ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമായി നടപ്പിലാക്കിയിരുന്ന ആരോഗ്യ സുരക്ഷാ പദ്ധതികൾ തീർത്ഥാടനം സുരക്ഷിതമായി പൂർത്തിയാക്കാൻ സഹായിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. കർശനമായ പ്രതിരോധ നടപടികളും, മാനദണ്ഡങ്ങളും തീർത്ഥാടനത്തിൽ പങ്കെടുത്തവരുടെ സുരക്ഷ ഉറപ്പാ വരുത്തിയതായി ഹജ്ജ് അധികൃതർ, സുരക്ഷാ വിഭാഗങ്ങൾ മുതലായവർ വ്യക്തമാക്കി.
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ 150 രാജ്യങ്ങളിൽ നിന്നുള്ള 25000-ത്തിൽ പരം പ്രവാസി തീർത്ഥാടകർ പങ്കെടുത്തതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ വർഷത്തെ തീർത്ഥാടനത്തിൽ ആകെ 58518 തീർത്ഥാടകർ പങ്കെടുത്തതായും മന്ത്രാലയം അറിയിച്ചു.
🇰🇼കുവൈത്തിൽ കോവിഡ് വ്യാപനം കുറയുന്നു:പ്രതിദിന രോഗ നിരക്ക് ആയിരത്തിൽ താഴെ മാത്രം.
✒️കുവൈത്തിൽ കോവിഡ് വ്യാപനം കുറയുന്നു. പ്രതിദിന രോഗ നിരക്ക് ആയിരത്തിൽ താഴെ മാത്രമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും രോഗനിരക്ക് ആയിരത്തില്‍ താഴെ മാത്രമാണ്. ബുധനാഴ്ച 969 പേര്‍ക്കും, വ്യാഴാഴ്ച 987 പേര്‍ക്കുമാണ് കുവൈറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 389,868 പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 2,264 പേരാണ് കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ ഒമ്ബത് മരണം സ്ഥിരീകരിച്ചു. 372,358 പേരും കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതില്‍ 1,233 പേര്‍ ഇന്നലെയാണ് രോഗമുക്തരായത്.
🇶🇦ഖത്തറിൽ ഇന്ന് 114 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 69 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ.
✒️ഖത്തറില്‍ ഇന്ന് 114 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 127 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 222,727 ആയി.
അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 600 ആണ്. 1621 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 30 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.
🕋ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നു; 25 മുതൽ ബുക്കിംഗ് ആരംഭിക്കും.
✒️സൗദിയിൽ ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സൗദിയ എയർലൈൻസിൽ ടിക്കറ്റെടുക്കുന്നവർക്ക് ജൂലൈ 25 മുതൽ ഉംറ പെർമിറ്റ് അനുവദിക്കും.
ഹജ്ജ് തീർത്ഥാടനം ആരംഭിക്കുന്നതിന്റെ ഭാഗമായി ജൂലൈ 11 നിറുത്തിവച്ചതായിരുന്നു ഉംറ തീർത്ഥാടനം. ഹജ്ജ് പരിസമാപ്തിയിലേക്ക് നീങ്ങിയതോടെ ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ദുൽഹജ്ജ് 15 അഥവാ ജൂലൈ 25 മുതൽ ഉംറ ബുക്കിംഗ് പുനരാരംഭിക്കും. ആദ്യ ഘട്ടത്തിൽ പ്രതിദിനം 20,000 പേർക്കാണ് ഉംറക്ക് അനുമതി നൽകുക. കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം ഘട്ടംഘട്ടമായി തീർത്ഥാടകരുടെ എണ്ണം വർധിപ്പിച്ച് ഹജ്ജിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്കെത്തിക്കുവാനാണ് നീക്കം.
ഇതിനിടെ ജിദ്ദയിലേക്കും ത്വാഇഫിലേക്കും വിമാനയാത്രക്ക് ടിക്കറ്റെടുക്കുന്നവർക്ക് ഉംറ പെർമിറ്റ് നൽകുമെന്ന് ദേശീയ വിമാനകമ്പനിയായ സൗദിയ എയർലൈൻസ് അറിയിച്ചു. ഉംറ പെർമിറ്റ് അനുവദിച്ച് തുടങ്ങുന്ന 25 മുതൽ സൗദിയ വെബ്സൈറ്റ് വഴി ഈ സേവനവും ലഭ്യമാകും. തവക്കൽനാ, ഇഅതമർനാ ആപ്ലിക്കേഷനുകളിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറാണ് ടിക്കെറ്റെടുക്കുമ്പോൾ നൽകേണ്ടത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ യാത്രക്കാരൻ ഉംറക്ക് അർഹതയുളള ആളാണോ എന്ന് ഹജ്ജ് ഉംറ മന്ത്രാലയം പരിശോധിക്കും. ഉംറ പെർമിറ്റ് അനുവദിക്കുന്നതോടെ യാത്രക്കാരന്റെ തവക്കൽനായിലും ഇഅ്തമർനയിലും ഉംറ പെർമിറ്റ് തെളിയുകയും മൊബൈലിൽ സന്ദേശമെത്തുകയും ചെയ്യും.
🕋ഈ വര്‍ഷത്തെ ഹജ്ജിന് സമാപ്തി; തീര്‍ത്ഥാടകര്‍ മക്കയോട് വിടചൊല്ലി.
✒️ഈ വര്‍ഷത്തെ ഹജ്ജിന് വെള്ളിയാഴ്ചയോടെ പര്യവസാനം. മുഴുവന്‍ കര്‍മങ്ങളും പൂര്‍ത്തിയാക്കി തീര്‍ത്ഥാടകര്‍ മക്കയോട് വിടചൊല്ലി.
അവസാന ചടങ്ങായ ജംറകളിലെ പിശാചിനെ കല്ലേറ് കര്‍മം വെള്ളിയാഴ്ച പകല്‍ പൂര്‍ത്തിയാക്കിയാണ് അവശേഷിച്ച തീര്‍ത്ഥാടകരും മിനയില്‍ നിന്ന് മക്കയില്‍ തിരിച്ചെത്തി, വിടവാങ്ങല്‍ ത്വവാഫ് (കഅ്ബയെ വലയംവെക്കല്‍) പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങിയത്.
വലിയൊരു പങ്ക് തീര്‍ത്ഥാടകര്‍ വെള്ളിയാഴ്ചത്തെ കല്ലേറ് കര്‍മം കൂടി വ്യാഴാഴ്ച നടത്തി അന്ന് രാത്രിയോടെ മക്കയോട് വിടപറഞ്ഞിരുന്നു.
വ്യാഴാഴ്ച സൂര്യാസ്തമനത്തിന് മുമ്പ് ഇവര്‍ മിനയില്‍ നിന്ന് മക്കയിലേക്ക് പുറപ്പെട്ടു.
ബാക്കിയുള്ള തീര്‍ത്ഥാടകരാണ് വെള്ളിയാഴ്ചത്തെ കല്ലേറ് കൂടി പൂര്‍ത്തിയാക്കി മിനയില്‍ നിന്ന് മക്കയിലെത്തിയത്.
വിടവാങ്ങല്‍ ത്വവാഫ് നിര്‍വഹിച്ച ശേഷം അവശേഷിച്ച തീര്‍ത്ഥാടകര്‍ കൂടി സൗദി അറേബ്യടെ വിവിധ പ്രദേശങ്ങളിലെ തങ്ങളുടെ സ്വദേശങ്ങളിലേക്ക് മടങ്ങി.
കൊവിഡ് സാഹചര്യത്തില്‍ വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകരെ ഇത്തവണ ഹജ്ജിന് അനുവദിച്ചിരുന്നില്ല. കൊവിഡ് ലോകമാകെ വ്യാപിച്ച കഴിഞ്ഞ വര്‍ഷം സൗദിയിലെ സ്വദേശികളും വിദേശികളുമായി ആയിരം പേര്‍ക്ക് മാത്രമായി ഹജ്ജ് പരിമിതപ്പെടുത്തിയിരുന്നെങ്കില്‍ ഇത്തവണ അത് 60,000 ആയി ഉയര്‍ത്തിരുന്നു.
രാജ്യത്തിനകത്ത് നിന്നുള്ള സ്വദേശികളും വിദേശികളുമായി 60,000 തീര്‍ത്ഥാടകരാണ് ഹജ്ജ് നിര്‍വഹിച്ചത്. ബസ്, ട്രെയിന്‍, വിമാന മാര്‍ഗങ്ങളിലാണ് തീര്‍ത്ഥാടകര്‍ മക്കയിലേക്കെത്തിയത്. മടക്കയാത്രയും അതേ രീതിയിലായിരുന്നു.
ഈ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചത് ആയിരത്തോളം മലയാളികള്‍, ആകെ വിദേശികള്‍ കാല്‍ലക്ഷം.
ഈ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചത് ആയിരത്തോളം മലയാളികള്‍. ഏതാനും ആയിരം ഇന്ത്യാക്കാരില്‍ നല്ലൊരു പങ്ക് മലയാളികളായിരുന്നു. സൗദിയിലുള്ള മൊത്തം വിദേശികളില്‍ 150 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 25000ത്തോളം തീര്‍ത്ഥാടകരാണ് ഹജ്ജിനെത്തിയത്. സൗദി പൗരന്മാരും വിദേശികളുമായി മൊത്തം ഹജ്ജ് നിര്‍വഹിച്ചവരുടെ എണ്ണം 58,518 ആണ്. ഇതില്‍ 25,702 സ്ത്രീകളാണ്.
സൗദി തീര്‍ത്ഥാടകരുടെ മൊത്തം എണ്ണം 33,000. ബാക്കിയെല്ലാം വിദേശികളാണ്. വിദേശത്ത് നിന്നുള്ള തീര്‍ത്ഥാടക സംഘങ്ങളെ വിലക്കിയിരുന്നെങ്കിലും നൂറ്റമ്പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ താമസിക്കുന്ന സൗദിക്കുള്ളില്‍ നിന്ന് തന്നെ 150 രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനായി. അതുകൊണ്ട് തന്നെ കൊവിഡ് പ്രതിസന്ധിക്കിടയിലും ആഗോള മാനത്തില്‍ തന്നെ ഹജ്ജ് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാനായി.

0 Comments