Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദി അറേബ്യയിൽ ഇന്ന് 1,143 കൊവിഡ് രോഗികളും 1,055 പേര്‍ക്ക് രോഗമുക്തിയും.

🇦🇪യുഎഇയില്‍ 1,529 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം.

🇧🇭ബഹ്റൈനില്‍ ബലിപെരുന്നാളിന് മുന്നോടിയായി 32 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്.

🇶🇦ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 231 പേര്‍ക്കെതിരെ നടപടി.

🇦🇪മഹ്‌സൂസിന്റെ 34-ാമത് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് രണ്ട് ഭാഗ്യശാലികള്‍.

🇦🇪ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വേഗതയില്‍ ആദ്യ 20 രാജ്യങ്ങളില്‍ ഇടം നേടി യുഎഇ.

🇦🇪ദുബായ്: ഈദുൽ അദ്ഹ വേളയിലെ COVID-19 ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം.

🇸🇦സൗദി: ഇന്ത്യ ഉൾപ്പടെ 9 രാജ്യങ്ങളിൽ നിന്ന് നേരിട്ടെത്തുന്ന യാത്രികർക്കുള്ള പ്രവേശന വിലക്ക് തുടരുന്നതായി ജവാസത്.

🇧🇭ബഹ്‌റൈൻ: ശക്തമായ കാറ്റിനും, ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

🇸🇦സൗദി: ഒരാഴ്ച്ചയ്ക്കിടയിൽ പതിനെണ്ണായിരത്തോളം പേർ റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങൾക്ക് പിടിയിലായി.

🇰🇼കുവൈത്തിന്റെ പലഭാഗങ്ങളിലും ഭൂചലനം.

🇶🇦ഖത്തറില്‍ 118 പേര്‍ക്ക് കോവിഡ്; 41 യാത്രക്കാര്‍.

🇴🇲ഒമാനില്‍ കനത്ത മഴയില്‍ കാണാതായയാളുടെ മൃതദേഹം കണ്ടെടുത്തു.


വാർത്തകൾ വിശദമായി

🇸🇦സൗദി അറേബ്യയിൽ ഇന്ന് 1,143 കൊവിഡ് രോഗികളും 1,055 പേര്‍ക്ക് രോഗമുക്തിയും.

✒️സൗദി അറേബ്യയിൽ പുതുതായി 1,143 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ചികിത്സയിലുളളവരിൽ 1,055 പേർ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 12 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 

24 മണിക്കൂറിനിടെ രാജ്യമാകെ 93,470 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 509,576 ആയി. 490,696 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,075 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 323, മക്ക 187, കിഴക്കൻ പ്രവിശ്യ 170, അസീർ 114, അൽഖസീം 66, മദീന 55, നജ്റാൻ 33, ഹായിൽ 32, ജീസാൻ 23, തബൂക്ക് 20, അൽബാഹ 16, വടക്കൻ അതിർത്തി മേഖല 13, അൽജൗഫ് 3. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 22,275,266 ഡോസായി.

🇦🇪യുഎഇയില്‍ 1,529 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം.

✒️യുഎഇയില്‍ 1,529 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,504 പേര്‍ സുഖം പ്രാപിക്കുകയും രണ്ടു പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,65,482   കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,60,978 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,38,771  പേര്‍ രോഗമുക്തരാവുകയും 1,898 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,309 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇧🇭ബഹ്റൈനില്‍ ബലിപെരുന്നാളിന് മുന്നോടിയായി 32 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്.

✒️ബലിപെരുന്നാളിന് മുന്നോടിയായി 32 തടവുകാരെ മോചിപ്പിക്കാന്‍ ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ ഉത്തരവിട്ടു. രാജ്യത്ത് വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ വാസം അനുഭവിക്കുന്നവര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. സമൂഹവുമായി ഇഴുകിച്ചേര്‍ന്ന് പുതിയ ജീവിതം തുടങ്ങാനും രാജ്യത്തിന്റെ വികസന പാതയില്‍ പങ്കാളികളാവാനും ഇവര്‍ക്ക് അവസരമൊക്കുകയാണ് ഇത്തരമൊരു പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്.

🇶🇦ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 231 പേര്‍ക്കെതിരെ നടപടി.

✒️ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം 231 പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിയമ ലംഘനങ്ങള്‍ക്ക് പിടികൂടിയതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

പിടിയിലായവരില്‍ 202 പേരും പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാതിരുന്നതിന് 27 പേരെ പിടികൂടി. മൊബൈല്‍ ഫോണുകളില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരുന്നതിനാണ് രണ്ട് പേര്‍ക്കെതിരെ നടപടിയെടുത്തതെന്നും അധികൃതര്‍ അറിയിച്ചു. പിടിയിലാവുന്നവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് ചെയ്യുന്നത്. ഇതുവരെ ഇത്തരത്തില്‍ കൊവിഡ് നിയമലംഘനങ്ങളുടെ പേരില്‍ ആയിരക്കണക്കിന് പേരെ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

🇦🇪മഹ്‌സൂസിന്റെ 34-ാമത് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് രണ്ട് ഭാഗ്യശാലികള്‍.

✒️യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന  34-ാമത് തത്സമയ പ്രതിവാര നറുക്കെടുപ്പില്‍ രണ്ട് ഭാഗ്യശാലികള്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. രണ്ടാം സമ്മാനം നേടിയ രണ്ടുപേരും നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്നവരാണ്. ഇവര്‍ 500,000 ദിര്‍ഹം വീതം സ്വന്തമാക്കി. ഇതിനുപുറമെ 125 വിജയികള്‍ 1,000 ദിര്‍ഹം വീതവും 2,512 പേര്‍ 35 ദിര്‍ഹം വീതവും സമ്മാനം നേടി. കഴിഞ്ഞ നറുക്കെടുപ്പില്‍ ആകെ 1,212,920 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിച്ചത്. 7, 12, 31, 35, 39, 43 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2021 ജൂലൈ 24 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

'മഹ്സൂസ്' എന്നാല്‍ അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജിസിസിയിലെ ഒരേയൊരു പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്,  ആഴ്ചതോറും നല്‍കുന്ന ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളിലൂടെ ജീവിതം മാറ്റിമറിക്കാനുള്ള അവസരമാണൊരുക്കുന്നത്. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹ്‌സൂസ്. ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. നറുക്കെടുപ്പ് മഹ്‌സൂസ് സ്റ്റുഡിയോയില്‍ നിന്ന് എല്ലാ ശനിയാഴ്ചയും www.mahzooz.ae എന്ന വെബ്‌സൈറ്റ് വഴിയും @MyMahzooz ഫേസ്ബുക്ക്, യുട്യൂബ് പേജുകള്‍ വഴിയും തത്സമയം സംപ്രേക്ഷണം ചെയ്യും. ലെബനീസ് ടെലിവിഷന്‍ അവതാരകന്‍ വിസാം ബ്രെയ്ഡിയും മലയാളി മോഡലും അവതാരകയും സംരംഭകയുമായ ഐശ്വര്യ അജിതുമാണ് ലൈവ് നറുക്കെടുപ്പിന്റെ അവതാരകര്‍.

🇦🇪ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വേഗതയില്‍ ആദ്യ 20 രാജ്യങ്ങളില്‍ ഇടം നേടി യുഎഇ.

✒️ഏറ്റവും വേഗതയേറിയ ഡൗണ്‍ലോഡ്‌ വേഗതയുമായി ഫിക്‌സഡ് ബ്രോഡ്‌ബാൻഡ് സൂചികയിൽ ആഗോളതലത്തിൽ ആദ്യ 20 രാജ്യങ്ങളിൽ ഇടംനേടി യുഎഇ. ഫിക്‌സഡ് ബ്രോഡ്‌ബാൻഡ്, മൊബൈൽ നെറ്റ്‌വർക്ക് ടെസ്റ്റിംഗ് ആപ്ലിക്കേഷനുകൾ, ഡാറ്റ, വിശകലനം തുടങ്ങിയ രംഗങ്ങളിലെ മുൻനിര കമ്പനിയായ ഊക്‌ലയുടെ 2021 മെയ് മാസത്തിലെ കണക്കുകളിലാണ് ഈ വിവരമുള്ളത്.  

ഡിജിറ്റൽ പരിവർത്തന രംഗത്ത് മികച്ച നേട്ടം കൈവരിച്ച രാജ്യമെന്ന നിലയില്‍ ഐ.സി.ടി മേഖലയിൽ മുൻ‌തൂക്കം നേടുന്നതിൽ യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടും പ്രതിബദ്ധതയുമാണ് ഈ ആഗോള നേട്ടമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ രണ്ട് ഓപ്പറേറ്റർമാരുടെയും സംയുക്ത പരിശ്രമത്തിലൂടെ യുഎഇ ആഗോളതലത്തിലെ സ്‍പീഡ് ടെസ്റ്റ് ഗ്ലോബൽ സൂചികയിലെ ആദ്യ പത്തിൽ ഇടം നേടാനാണ് ലക്ഷ്യമിടുന്നതെന്ന്  ടെലികമ്മ്യൂണിക്കേഷൻ ആന്റ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ജനറൽ മജീദ് സുൽത്താൻ അൽ മെസ്മാർ പറഞ്ഞു.

ജനുവരിയില്‍ 125 എം.ബി.പി.എസ് ആയിരുന്നു  ശരാശരി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വേഗതയെങ്കില്‍ മേയ് മാസത്തോടെ ഇത് 180 എം.ബി.പി.എസ് ആയി ഉയര്‍ന്നു. ടെലികോം കമ്പനികളായ ഇത്തിസാലാത്തും ഡുവും ഇന്റര്‍നെറ്റ് വേഗത വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നിരവധി ഘടകങ്ങളാണ് ഈ നേട്ടത്തിന് കാരണമായത്.  ജനുവരിയില്‍ ലോകതലത്തില്‍ 28-ാം സ്ഥാനത്തുനിന്ന് മേയ് മാസത്തോടെ 16-ാം സ്ഥാനത്തേക്ക് നിലമെച്ചപ്പെടുത്തുകയായിരുന്നു.

135 രാജ്യങ്ങളെ വിലയിരുത്തുന്ന സ്പീഡ്‌ടെസ്റ്റ് ഗ്ലോബൽ സൂചിക ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് വേഗത ഡാറ്റയെ പ്രതിമാസ അടിസ്ഥാനത്തിൽ താരതമ്യം ചെയ്‍താണ് തയ്യാറാക്കുന്നത്. ഓരോ മാസവും സ്‍പീഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് ആളുകൾ നടത്തുന്ന ദശലക്ഷക്കണക്കിന് ടെസ്റ്റുകളിൽ നിന്നാണ് ഇൻഡെക്സ് ഡാറ്റ ശേഖരിക്കുന്നത്.

🇦🇪ദുബായ്: ഈദുൽ അദ്ഹ വേളയിലെ COVID-19 ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം.

✒️ഈദുൽ അദ്ഹ അവധിദിനങ്ങളിലെ എമിറേറ്റിലെ COVID-19 ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിപ്പ് പുറത്തിറക്കി. ജൂലൈ 17-ന് വൈകീട്ടാണ് DHA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ദുബായിലെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ ഈദുൽ അദ്ഹ അവധിദിനങ്ങളിലെ പ്രവർത്തന സമയക്രമം:

താഴെ പറയുന്ന വാക്സിനേഷൻ കേന്ദ്രങ്ങൾ ജൂലൈ 19 മുതൽ ജൂലൈ 21 വരെ പ്രവർത്തിക്കുന്നതല്ല:

One Central COVID-19 Vaccination Center.
Al Barsha Hall Vaccination Center.
Dialysis Center, Al Twar.
Dubai Physiotherapy & Rehabilitation.
Za’abeel Health Center.
Al Mizhar Health Center.
Al Mankhool Health Center.
Al Safa Health Center.
Al Twar Health Center.
Al Barsha Health Center.
Nadd Al Hamar Health Center.

മറ്റു വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം:

Al Garhoud Medical Fitness Center – ( ജൂലൈ 19 മുതൽ ജൂലൈ 21 വരെ അവധി) ജൂലൈ 22 മുതൽ ജൂലൈ 24 വരെ – രാവിലെ 8 മണിമുതൽ രാത്രി 8 മണിവരെ.
Uptown Occupational Health Screening Center – ( ജൂലൈ 19 മുതൽ ജൂലൈ 21 വരെ അവധി) ജൂലൈ 22 – രാവിലെ 8 മണിമുതൽ രാത്രി 8 മണിവരെ. ജൂലൈ 23, ജൂലൈ 24 തീയതികളിൽ – രാവിലെ 8 മണിമുതൽ വൈകീട്ട് 4 മണിവരെ.

ദുബായിലെ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ ഈദുൽ അദ്ഹ അവധിദിനങ്ങളിലെ പ്രവർത്തന സമയക്രമം:

City Centre Deira – രാവിലെ 10 മുതൽ 5 വരെ.
Mall of the Emirates – രാവിലെ 10 മുതൽ 5 വരെ (ഞായർ മുതൽ ബുധൻ വരെ), രാവിലെ 10 മുതൽ വൈകീട്ട് 7 വരെ (വ്യാഴം, വെള്ളി, ശനി)
Al Nasr Club – ഈദുൽ അദ്ഹ അവധിദിനങ്ങളിൽ (ജൂലൈ 19 മുതൽ 24 വരെ) പ്രവർത്തിക്കുന്നതല്ല.
Jumeirah 1 Port Majlis – ഈദുൽ അദ്ഹ അവധിദിനങ്ങളിൽ (ജൂലൈ 19 മുതൽ 22 വരെ) പ്രവർത്തിക്കുന്നതല്ല.

🇸🇦സൗദി: ഇന്ത്യ ഉൾപ്പടെ 9 രാജ്യങ്ങളിൽ നിന്ന് നേരിട്ടെത്തുന്ന യാത്രികർക്കുള്ള പ്രവേശന വിലക്ക് തുടരുന്നതായി ജവാസത്.

✒️ഇന്ത്യ ഉൾപ്പടെ 9 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരുന്നതായുള്ള അറിയിപ്പ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്) ആവർത്തിച്ചു. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക്, സൗദിയിലേക്ക് യാത്രാ വിലക്കുകൾ ഇല്ലാത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ച ശേഷം മാത്രമാണ് നിലവിൽ പ്രവേശനം അനുവദിക്കുന്നത്.

ഇന്ത്യ, പാക്കിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, ടർക്കി, ബ്രസീൽ, അർജന്റീന, സൗത്ത് ആഫ്രിക്ക, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കാണ് 2021 ഫെബ്രുവരി മുതൽ ഈ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് യാത്രചെയ്യുന്ന സൗദി പൗരന്മാർ, ആരോഗ്യ പ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് ഈ വിലക്കിൽ ഇളവ് നൽകിയിരിക്കുന്നത്.

🇧🇭ബഹ്‌റൈൻ: ശക്തമായ കാറ്റിനും, ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

✒️രാജ്യത്ത് ശക്തമായ കാറ്റിനും, ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി ബഹ്‌റൈൻ കാലാവസ്ഥാപഠന വിഭാഗം മുന്നറിയിപ്പ് നൽകി. ജൂലൈ 17-ന് രാത്രിയാണ് അധികൃതർ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

ഇതുപ്രകാരം, വരും ദിനങ്ങളിൽ അസ്ഥിരമായ കാലാവസ്ഥയും, മൂടിക്കെട്ടിയ അന്തരീക്ഷവും തുടരുന്നതാണ്. ശക്തമായ കാറ്റിനും, ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മണൽകാറ്റിനുള്ള സാധ്യതകളും അധികൃതർ അറിയിച്ചിട്ടുണ്ട്. 35 നോട്ട് വരെ വേഗതയിലുള്ള കാറ്റിന് സാധ്യതയുണ്ടെന്നും കലാവസ്ഥാ വിഭാഗം വ്യക്തമാക്കി. എട്ടടിയോളം ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുള്ളതായും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

🇸🇦സൗദി: ഒരാഴ്ച്ചയ്ക്കിടയിൽ പതിനെണ്ണായിരത്തോളം പേർ റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങൾക്ക് പിടിയിലായി.

✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് പതിനെണ്ണായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2021 ജൂലൈ 8 മുതൽ 14 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും 17953 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിൽ 7512 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1131 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 9310 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഏതാണ്ട് 19853 പേരെ നാടുകടത്തിയതായും അധികൃതർ വ്യക്തമാക്കി.

അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 239 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 55 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 38 ശതമാനം പേർ യെമൻ പൗരന്മാരും, 7 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം ഏതാനം ദിവസങ്ങൾക്ക് മുൻപ് രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.

ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

🇰🇼കുവൈത്തിന്റെ പലഭാഗങ്ങളിലും ഭൂചലനം.

✒️കുവൈത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് വൈകീട്ടോടെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സാല്‍മിയ, ഹവല്ലി, ഫര്‍വാനിയ, അര്‍ദിയ എന്നീ പ്രദേശങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ അറിയിച്ചു. ഇറാനിലെ ബുഷേറിന് 108 കിലോമീറ്റര്‍ വടക്ക് ആണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഇവിടെ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി. കുവൈത്തില്‍ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

🇶🇦ഖത്തറില്‍ 118 പേര്‍ക്ക് കോവിഡ്; 41 യാത്രക്കാര്‍.

✒️ഖത്തറില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 94 പേരാണ് രോഗമുക്തി നേടിയത്. 77 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 41 പേര്‍. 1,574 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഖത്തറില്‍ ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 599. രാജ്യത്ത് ഇതുവരെ 2,22,105 പേര്‍ രോഗമുക്തി നേടി. ഇന്ന് 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 70 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 19,961 ഡോസ് വാക്സിന്‍ നല്‍കി. ആകെ വാക്സിന്‍ ഡോസുകളുടെ എണ്ണം 35,23,001 ആയി. വാക്സിനേഷന് യോഗ്യരായ 78.5 ശതമാനം പേര്‍ക്ക് ഇതിനകം ഒരു ഡോസ് വാക്സിന്‍ ലഭിച്ചു.

🇴🇲ഒമാനില്‍ കനത്ത മഴയില്‍ കാണാതായയാളുടെ മൃതദേഹം കണ്ടെടുത്തു.

✒️ഒമാനിലെ കനത്ത മഴയില്‍ വാദിയിലെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. ബനീ ജാബിര്‍ ഏരിയയിലെ വാദിയില്‍ നിന്നാണ് സ്വദേശിയെ കാണാതായത്. തുടര്‍ന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തക സംഘം തെരച്ചില്‍ നടത്തുകയായിരുന്നു. സുര്‍ വിലായത്തിലെ ഡാമില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

Post a Comment

0 Comments