🇸🇦സൗദി ദേശീയ ദിനം; സര്‍ക്കാര്‍,സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
🕌മദീന പള്ളിയില്‍ നമസ്‌കരിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണ്ട.
🇦🇪യുഎഇയില്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം.
🇸🇦വിസിറ്റ് വിസയുടെ കാലാവധി കഴിയുന്നതിന് മുമ്പ് മടങ്ങിയില്ലെങ്കില്‍ നടപടി.
🇦🇪യുഎഇയില്‍ കൊവിഡ് ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു, 617 പുതിയ രോഗികള്‍.
🇴🇲ഒമാനില്‍ കൊവിഡ് കുറയുന്നു; ഇന്ന് 60 പുതിയ രോഗികള്‍ മാത്രം.
🇦🇪ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 38 പേരെയും 15 സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎഇ.
🇰🇼കുവൈത്തില്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടി 22 വയസുകാരി ആത്മഹത്യ ചെയ്‍തു.
🛫നോര്‍ക്ക റൂട്സില്‍ ഈ മാസം 15 മുതല്‍ 25 വരെ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ ഇല്ല.
🇦🇪നഴ്‍സിങ് മേഖലയിലെ സ്വദേശിവത്കരണം മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാവും.
🇸🇦സൗദി: വിദേശ യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങളിൽ സെപ്റ്റംബർ 23 മുതൽ മാറ്റം വരുത്തുമെന്ന് വ്യോമയാന വകുപ്പ്.
🇴🇲ഒമാൻ: സ്‌കൂൾ ബസ് ഫീ സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ വാർത്തകൾ തള്ളിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
🇦🇪അപകടങ്ങൾ നടക്കുന്ന ഇടങ്ങളിൽ കൂട്ടം ചേർന്ന് നിൽക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്.
🇶🇦ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടിക നാളെ; പ്രചാരണത്തിനായി ഖത്തര്‍ ഒരുങ്ങി.
🇧🇭ബഹ്‌റൈനില്‍ പ്രവാസികളെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശിപാര്‍ശ.
🇸🇦സൗദിയിൽ ഇന്ന് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്
വാർത്തകൾ വിശദമായി
🇸🇦സൗദി ദേശീയ ദിനം; സര്‍ക്കാര്‍,സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
✒️സൗദി ദേശീയ ദിനം പ്രമാണിച്ച് സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഈ മാസം 23(വ്യാഴാഴ്ച)നാണ് ദേശീയ അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ എല്ലാ ഓഫീസുകള്‍ക്കും അവധിയായിരിക്കും.
🕌മദീന പള്ളിയില്‍ നമസ്‌കരിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണ്ട.
✒️മദീന പള്ളിയില്‍ നമസ്‌കരിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വാങ്ങേണ്ട. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ 'ഇഅ്തമര്‍നാ' ആപ്പ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്ത് പെര്‍മിറ്റ് നേടണമെന്ന നിബന്ധന ഒഴിവാക്കിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. പള്ളിയില്‍ പ്രവേശിക്കാന്‍ 'തവക്കല്‍നാ' ആപ്പ് പ്രദര്‍ശിപ്പിക്കണം.
ആപ്പിലെ ആരോഗ്യ സ്റ്റാറ്റസ് രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍, ഒരു ഡോസ് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍, രോഗമുക്തി നേടി പ്രതിരോധശേഷി ആര്‍ജിച്ചവര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് ആയിരിക്കണം. പള്ളിയില്‍ നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് അപ്പോയിന്റ്മെന്റുകള്‍ നേടേണ്ടതില്ല. എന്നാല്‍ പള്ളിയിലെ പ്രവാചകന്റെ ഖബറിടമുള്ള റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും പ്രവാചകന്റെ ഖബറിടം സന്ദര്‍ശിക്കാനും 'ഇഅ്തമര്‍നാ' ആപ്പ് വഴി പെര്‍മിറ്റ് നേടണം. ലഭ്യമായ സമയങ്ങള്‍ക്കനുസരിച്ച് ബുക്കിംഗ് നടത്താന്‍ സാധിക്കുന്നതിന് 'ഇഅ്തമര്‍നാ' ആപ്പ് നിരന്തരം നിരീക്ഷിക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.
🇦🇪യുഎഇയില്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം.
✒️യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ ഒരു ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. ഉമ്മുല്‍ തൗബ് വ്യവസായ മേഖലയിലെ ഒരു ടയര്‍ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ ഉമ്മുല്‍ഖുവൈനില്‍ നിന്നുള്ള അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
🇸🇦വിസിറ്റ് വിസയുടെ കാലാവധി കഴിയുന്നതിന് മുമ്പ് മടങ്ങിയില്ലെങ്കില്‍ നടപടി.
✒️സൗദിയില്‍ വിസിറ്റ് വിസയിലെത്തിയവര്‍ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യം വിട്ടുപോയില്ലെങ്കില്‍ നിയമനടപടിയെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. ഫാമിലി വിസിറ്റ് വിസയിലെത്തിയവര്‍ നേരത്തെ ഒരു വര്‍ഷം വരെ പുതുക്കി നിന്നിരുന്നു. അങ്ങനെയുള്ള പലരും മൂന്നു മാസത്തേക്ക് കൂടി പുതുക്കാന്‍ ശ്രമിച്ചപ്പോഴാണ് രണ്ടാഴ്ചത്തേക്ക് മാത്രം പുതുക്കിക്കിട്ടിയതും അതുകഴിഞ്ഞാലുടന്‍ രാജ്യം വിടാന്‍ നിര്‍ദേശം ലഭിച്ചതും.
കൊവിഡ് മൂലം യാത്ര തടസപ്പെട്ട സാഹചര്യത്തില്‍ വിസിറ്റ് വിസ ഒരു വര്‍ഷത്തിന് മുകളിലേക്കും പുതുക്കി ലഭിച്ചിരുന്നു. രണ്ട് വര്‍ഷം വരെ ഇങ്ങനെ ലഭിച്ചവരുണ്ട്. ആറ് മാസത്തെക്കോ ഒരു വര്‍ഷത്തേക്കൊ വിസിറ്റ് വിസ എടുത്ത് വന്നവരാണ് ഇങ്ങനെയുള്ളവരെല്ലാം. ഇവരുടെ വിസ കാലാവധി കഴിഞ്ഞതിന് ശേഷവും മൂന്നുമാസം വെച്ച് നിരവധി തവണ പുതുക്കിയിരുന്നു. 100 റിയാല്‍ ഫീസും ഇന്‍ഷൂറന്‍സും മാത്രമാണ് ഇതിന് ചെലവ് വന്നിരുന്നത്. ഇത് നിരവധി കുടുംബങ്ങള്‍ക്ക് അനുഗ്രഹമാകുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയത്. ഇനി മുതല്‍ എത്ര കാലത്തേക്കാണോ സന്ദര്‍ശക വിസ എടുക്കുന്നത് അത്രകാലം മാത്രമേ നില്‍ക്കാന്‍ സാധിക്കൂ.
🇦🇪യുഎഇയില്‍ കൊവിഡ് ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു, 617 പുതിയ രോഗികള്‍.
✒️യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ്. പുതിയതായി 617 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് 714 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ടുപേരാണ് മരിച്ചത്.
പുതിയതായി നടത്തിയ 3,51,718 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,30,135പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,21,367 പേര്‍ രോഗമുക്തരാവുകയും 2,066 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 6,702 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇴🇲ഒമാനില്‍ കൊവിഡ് കുറയുന്നു; ഇന്ന് 60 പുതിയ രോഗികള്‍ മാത്രം.
✒️ഒമാനില്‍ 60 പേര്‍ക്ക് മാത്രമാണ് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,223 ആയി.
ആകെ രോഗികളില്‍ 2,93,414 പേരും രോഗമുക്തരായി. 96.8 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. ആകെ 4,090 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ അഞ്ച് കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവരുള്‍പ്പെടെ ആകെ 54 പേരാണ് ഒമാനിലെ ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 28 പേരുടെ നില ഗുരുതരമാണ്.
🇦🇪ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 38 പേരെയും 15 സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎഇ.
✒️38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും കൂടി യുഎഇ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. യുഎഇ ക്യാബിനറ്റാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പ്രസ്‍താവന പുറത്തിറക്കിയത്. തീവ്രവാദത്തെ പിന്തുണയ്‍ക്കുന്ന വ്യക്തികളുടെ പട്ടികയില്‍ ഒരു ഇന്ത്യക്കാരനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക പിന്തുണ നല്‍കുന്ന ശൃംഖലകളെ തകര്‍ക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് പ്രമേയം അടിവരയിടുന്നതെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മനോജ് സബര്‍വാള്‍ ഓം പ്രകാശ് എന്ന ഇന്ത്യക്കാരാണ് പതിനൊന്നാമതായി പട്ടികയിലുള്ളത്. മൂന്ന് യുഎഇ പൗരന്മാരും ഒരു സൗദി പൗരനും പട്ടികയിലുണ്ട്. ലെബനാന്‍, യെമന്‍, ഇറാഖ്, അഫ്‍ഗാനിസ്ഥാന്‍, സിറിയ, ഇറാന്‍, നൈജീരിയ, ബ്രിട്ടന്‍, റഷ്യ, ജോര്‍ദാന്‍, സെയ്‍ന്റ് കിറ്റ്സ് ആന്റ് നീവസ് എന്നീ രാജ്യങ്ങളിലുള്ളവരും പട്ടികയിലുണ്ട്.
🇰🇼കുവൈത്തില്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടി 22 വയസുകാരി ആത്മഹത്യ ചെയ്‍തു.
✒️കുവൈത്തില്‍ 22 വയസുകാരിയായ വിദേശ യുവതി ആത്മഹത്യ ചെയ്‍തു. ശൈഖ് ജാബിര്‍ അല്‍ അഹ്‍മദ് ബ്രിഡ്ജില്‍ കാര്‍ നിര്‍ത്തിയ ശേഷം പുറത്തിറങ്ങിയ ഇവര്‍ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഫയര്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് വിവരം ലഭിച്ചതനുസരിച്ച് പട്രോള്‍ ബോട്ടുകള്‍ സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. മൃതദേഹം കണ്ടെടുത്ത് തുടര്‍ പരിശോധനകള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
ഓസ്‍ട്രേലിയന്‍ സ്വദേശിനിയായ ഇവര്‍ രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകാനായാണ് കാറില്‍ പുറപ്പെട്ടത്. എന്നാല്‍ ഓഫീസിലേക്ക് പോകാതെ ജാബിര്‍ ബ്രിഡ്ജിലേക്ക് വരികയും വാഹനം നിര്‍ത്തിയ ശേഷം വെള്ളത്തില്‍ ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ആത്മഹത്യ സംബന്ധിച്ച് ഒരു സൂചനയുമില്ലായിരുന്നുവെന്നും ആരോടും അസാധാരണമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
🛫നോര്‍ക്ക റൂട്സില്‍ ഈ മാസം 15 മുതല്‍ 25 വരെ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ ഇല്ല.
✒️നോര്‍ക്ക റൂട്സിന്റെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ സെപ്‍റ്റംബര്‍ 15 മുതല്‍ 25 വരെ ചില സാങ്കേതിക കാരണങ്ങളാല്‍ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് പബ്ലിക് റിലേഷന്‍ ഓഫീസര്‍ അറിയിച്ചു.
🇦🇪നഴ്‍സിങ് മേഖലയിലെ സ്വദേശിവത്കരണം മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാവും.
✒️യുഎഇയുടെ 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച സ്വദേശിവത്കരണ നടപടികള്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാവും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയിലെ വിദഗ്ധ തൊഴിലുകളില്‍ 10 ശതമാനം സ്വദേശികളെ നിയമിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ക്യാബിനറ്റ് അഫയേഴ്‍സ് മന്ത്രി മുഹമ്മദ് അബ്‍ദുല്ല അല്‍ ഗര്‍ഗാവി പറഞ്ഞു.
ആരോഗ്യ മേഖലയില്‍ അഞ്ച് വര്‍ഷത്തിനിടെ 10,000 സ്വദേശി നഴ്‍സുമാരെ നിയമിക്കാനുള്ള പദ്ധതിയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് മലയാളികളുള്‍പ്പെടെ ഇപ്പോള്‍ യുഎഇയില്‍ ജോലി ചെയ്യുന്നവരുടെ അവസരങ്ങള്‍ കുറയാനിടയാക്കും. സ്വദേശി നഴ്‍സുമാരെ നിയമിക്കുന്നതിനായി വിപുലമായ പരിശീലന പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. നഴ്‍സിങ് ബിരുദ കോഴ്‍സിന് പുറമെ ഹെല്‍ത്ത് അസിസ്റ്റന്റ്സ്, എമര്‍ജന്‍സി മെഡിസിന്‍ ഹയര്‍ ഡിപ്ലോമ എന്നീ കോഴ്‍സുകളും ആരംഭിക്കുമെന്നും ക്യാബിനറ്റ് അഫയേഴ്‍സ് മന്ത്രി മുഹമ്മദ് അബ്‍ദുല്ല അല്‍ ഗര്‍ഗാവി പുറത്തിറക്കിയ പദ്ധതി രേഖകള്‍ വ്യക്തമാക്കുന്നു.
വന്‍പദ്ധതികളാണ് സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കാനായി യുഎഇ ഭരണകൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ തൊഴിലുകള്‍ക്കായി 12 മാസം വരെയുള്ള പരിശീലന പരിപാടികള്‍ സ്വകാര്യ, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തും. ഇതില്‍ പരിശീലനത്തിനെത്തുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കും. സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 8000 രൂപയായിരിക്കും ശമ്പളം നല്‍കുക.
നഴ്‍സിങ്, പ്രോഗ്രാമിങ്, അക്കൌണ്ടിങ് പോലുള്ള മേഖലകളില്‍ സ്വകാര്യ രംഗത്ത് ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ച് ആദ്യത്തെ അഞ്ച് വര്‍ഷവും സ്വദേശികള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക പിന്തുണ നല്‍കും. പ്രതിമാസം പരമാവധി 5000 ദിര്‍ഹം വരെ ഇങ്ങനെ നല്‍കും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് മക്കളുടെ പരിചരണത്തിനായി ഓരോ കുട്ടിക്കും 800 ദിര്‍ഹം വീതം നല്‍കും. ഇങ്ങനെ ഒരാളിന് പരമാവധി പ്രതിമാസം 3200 ദിര്‍ഹം വരെ നല്‍കാന്‍ 125 കോടി ദിര്‍ഹം നീക്കിവെയ്‍ക്കും.
🇸🇦സൗദി: വിദേശ യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങളിൽ സെപ്റ്റംബർ 23 മുതൽ മാറ്റം വരുത്തുമെന്ന് വ്യോമയാന വകുപ്പ്.
✒️2021 സെപ്റ്റംബർ 23 മുതൽ വിദേശത്ത് നിന്നെത്തുന്ന യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു. സെപ്റ്റംബർ 13-നാണ് GACA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിജ്ഞാപനം രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ വിമാനകമ്പനികൾക്കും GACA നൽകിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന പ്രവേശന നിർദ്ദേശങ്ങളാണ് GACA സെപ്റ്റംബർ 23-ന് ഉച്ചയ്ക്ക് 12 മണിമുതൽ നടപ്പിലാക്കുന്നത്:
സൗദി ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ ഒരു ഡോസ് കുത്തിവെപ്പെടുത്തവർക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ഇതിനായി ഇത്തരം യാത്രികർ, യാത്ര പുറപ്പെടുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
ഇവർക്ക് സൗദിയിലെത്തിയ ശേഷം അഞ്ച് ദിവസം ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണ്.
ഇവർ സൗദിയിലെത്തിയ ശേഷം 24 മണിക്കൂറിനിടയിൽ ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
ഇവർ സൗദിയിലെത്തിയ ശേഷം അഞ്ചാം ദിനം മറ്റൊരു PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്.
ഇത്തരം ടെസ്റ്റുകളുടെ സമയക്രമം സംബന്ധിച്ച് Tawakkalna ആപ്പിലൂടെ ലഭിക്കുന്ന നിർദ്ദേശങ്ങൾ യാത്രികർ കർശനമായി പാലിക്കേണ്ടതാണ്.
അഞ്ചാം ദിനം നടത്തുന്ന PCR ടെസ്റ്റിൽ നെഗറ്റീവ് ആകുന്നവർക്ക് ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.
സൗദി അറേബ്യ ഔദ്യോഗികമായി അംഗീകരിക്കാത്ത COVID-19 വാക്സിനുകളുടെയോ, ലോകാരോഗ്യ സംഘടന ഔദ്യോഗികമായി അംഗീകരിക്കാത്ത COVID-19 വാക്സിനുകളുടെയോ ഒരു ഡോസ് കുത്തിവെപ്പെടുത്തവർക്കും ഇതേ നിബന്ധനകൾ ബാധകമാണെന്ന് GACA അറിയിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന ഔദ്യോഗികമായി അംഗീകരിച്ചതും, എന്നാൽ സൗദി അറേബ്യ അംഗീകരിക്കാത്തതുമായ വാക്സിനുകൾ സ്വീകരിച്ചവർക്കും ഇതേ നിബന്ധനകൾ ബാധകമാക്കിയിട്ടുണ്ട്.
ഇത്തരത്തിൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ പൂർത്തിയാക്കുന്ന പ്രവാസികൾ താമസിയാതെ വാക്സിൻ കുത്തിവെപ്പുകളുടെ മുഴുവൻ ഡോസുകളും എടുക്കേണ്ടതാണ്. സൗദി അംഗീകരിച്ചിട്ടില്ലാത്ത സിനോഫാം, സിനോവാക് എന്നീ വാക്സിനുകളെടുത്തവർ സൗദിയിലെത്തിയ ശേഷം ഒരു ബൂസ്റ്റർ ഡോസ് എടുക്കേണ്ടതാണെന്നും GACA അറിയിച്ചിട്ടുണ്ട്.
വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ബന്ധുക്കളോടൊപ്പം യാത്രചെയ്യുന്ന 18 വയസിന് താഴെ പ്രായമുള്ള വാക്സിനെടുക്കാത്തവർക്ക് അഞ്ച് ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധനമാണ്. ഇവരിൽ എട്ട് വയസിന് മുകളിൽ പ്രായമുള്ളവർ അഞ്ചാം ദിനം PCR ടെസ്റ്റ് നടത്തേണ്ടതാണ്. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ബന്ധുക്കളോടൊപ്പം യാത്രചെയ്യുന്ന പതിനെട്ടും, അതിനു മുകളിലും പ്രായമുള്ള വാക്സിനെടുക്കാത്തവർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണ്.
സൗദി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും എടുത്തിട്ടുള്ളവർക്ക് മാത്രമാണ് രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്കും മറ്റും പ്രവേശനം നൽകുന്നതെന്നും, ഇത്തരം വ്യക്തികൾക്ക് മാത്രമാണ് പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ അനുമതിയുള്ളതെന്നും GACA ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
🇴🇲ഒമാൻ: സ്‌കൂൾ ബസ് ഫീ സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ വാർത്തകൾ തള്ളിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
✒️സ്‌കൂൾ ബസ് ഫീ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കി. സ്‌കൂൾ ബസ് ഉപയോഗിക്കുന്നതിന് വിദ്യാർത്ഥികളിൽ നിന്ന് ഫീ ഈടാക്കുമെന്നുള്ള തരത്തിലുള്ള പ്രചാരണം സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇത്തരം തെറ്റായ വാർത്തകൾ തള്ളിക്കൊണ്ട് അറിയിപ്പ് നൽകിയത്.
സെപ്റ്റംബർ 13-ന് വൈകീട്ടാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. “സ്‌കൂൾ ബസുകളിലെ ഡ്രൈവർമാർക്ക് ശമ്പളം വിതരണം ചെയ്യുന്നില്ലെന്നും, ഇതിനാൽ സ്‌കൂൾ ബസ് ഉപയോഗിക്കുന്നതിന് വിദ്യാർത്ഥികളിൽ നിന്ന് പ്രത്യേക ഫീ ഇടാക്കുമെന്നുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. ശരിയായ വിവരങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ പിന്തുടരേണ്ടതാണ്.”, മന്ത്രാലയം വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങൾ സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ വാർത്തകളും മന്ത്രാലയം തള്ളിക്കളഞ്ഞിട്ടുണ്ട്. 2021 – 2022 അധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം ഏതാണ്ട് പൂർണ്ണമായും പൂർത്തിയായതായും, പ്രിന്റിങ്ങിലെ കാലതാമസം മൂലം ഇതുവരെ വിതരണം ചെയ്യാത്ത ഏതാനം പുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പുകൾ മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കി.
🇦🇪അപകടങ്ങൾ നടക്കുന്ന ഇടങ്ങളിൽ കൂട്ടം ചേർന്ന് നിൽക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്.
✒️എമിറേറ്റിൽ അപകടങ്ങൾ നടക്കുന്ന ഇടങ്ങളിൽ ആളുകൾ കാഴ്ച്ചക്കാരായി കൂട്ടം ചേർന്ന് നിൽക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു. ഇത്തരം ഇടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാകാനിടവരുത്തുകയോ, ഇത്തരം ഇടങ്ങളുടെ സമീപം വാഹനങ്ങൾ തെറ്റായ രീതിയിൽ നിർത്തിയിടുകയോ ചെയ്യരുതെന്നും, അപകടങ്ങൾ ശ്രദ്ധയിൽ പെടുന്നവർ അക്കാര്യം ഉടൻ തന്നെ 999 എന്ന നമ്പറിൽ അധികൃതരെ അറിയിക്കണമെന്നും പോലീസ് പൊതുസമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://twitter.com/ADPoliceHQ/status/1437294399076057090?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1437294399076057090%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fpravasidaily.com%2Fadp-reiterates-warning-against-making-crowds-at-accident-sites-sep-13-2021%2F
റോഡപകടങ്ങളും മറ്റും നടക്കുന്ന ഇടങ്ങളിലും, തീപിടുത്തം പോലുള്ള അപകടങ്ങൾ നടക്കുന്ന ഇടങ്ങളിലും കാഴ്ച്ചക്കാരായി കൂട്ടം ചേർന്ന് നിൽക്കുന്നവർ സ്വന്തം ജീവൻ അപകടത്തിലാക്കുകയാണെന്നും, അപകടങ്ങളിൽ പെടുന്നവർക്ക് സഹായമെത്തിക്കുന്ന പ്രവർത്തിയിലേർപ്പെടുന്നവരെ തടസപ്പെടുത്തുകയാണെന്നും പോലീസ് ജനങ്ങളെ ഓർമ്മപ്പെടുത്തി.
ഇത്തരം ഇടങ്ങളിൽ കൂട്ടം ചേർന്ന് നിൽക്കുന്നത് അടിയന്തിര സഹായം എത്തിക്കുന്ന പാരാമെഡിക്‌സ്, സിവിൽ ഡിഫൻസ്, പോലീസ്, റെസ്ക്യൂ തുടങ്ങിയ വിഭാഗങ്ങളുടെ വാഹനങ്ങൾക്ക് തടസം ഉണ്ടാക്കുമെന്നും, ഇത്തരം ഇടങ്ങളിലേക്ക് എത്രയും പെട്ടന്ന് എത്തിച്ചേരുന്നതിൽ നിന്ന് ഇത്തരം വിഭാഗങ്ങളെ തടയുന്നതിന് തുല്യമാണിതെന്നും പോലീസ് ഓർമ്മപ്പെടുത്തി. അടിയന്തിര രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ കാരണമാകുമെന്നും പോലീസ് കൂട്ടിച്ചേർത്തു.
ഇത്തരം ഇടങ്ങളിൽ അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിടുന്നവർ കൂടുതൽ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത സൃഷ്ടിക്കുന്നതായി പോലീസ് ചൂണ്ടിക്കാട്ടി. ആംബുലൻസുകൾ, പോലീസ് വാഹനങ്ങൾ, ഫയർ ട്രക്കുകൾ, മറ്റു അടിയന്തിര സേവനങ്ങൾക്കുപയോഗിക്കുന്ന വാഹനങ്ങൾ മുതലായവയ്ക്ക് തടസമുണ്ടാക്കുന്ന ഇത്തരം പ്രവർത്തികളിൽ നിന്ന് വിട്ട് നിൽക്കാൻ അബുദാബി പോലീസ് നേരത്തെയും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപകടങ്ങൾ നടക്കുന്ന ഇടങ്ങളിൽ കൂട്ടം ചേർന്ന് നിൽക്കുന്നതിലൂടെ ട്രാഫിക് തടസങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 74 പ്രകാരം 1000 ദിർഹം പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടങ്ങൾ നടന്ന ഇടങ്ങളിൽ നിന്നുള്ള ഫോട്ടോ, വീഡിയോ ദൃശ്യങ്ങൾ മൊബൈൽ ഫോണിലും മറ്റും പകർത്തുന്നതും, സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും കുറ്റകൃത്യമാണെന്നും, ഇത്തരം പ്രവർത്തനങ്ങൾക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷ ലഭിക്കുമെന്നും പോലീസ് ഓർമ്മപ്പെടുത്തി.
🇶🇦ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടിക നാളെ; പ്രചാരണത്തിനായി ഖത്തര്‍ ഒരുങ്ങി.
✒️ഖത്തര്‍ ഭരണസംവിധാനത്തില്‍ ചരിത്രപരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കും. അതോടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമാവും.
പട്ടിക പ്രഖ്യാപിച്ച ഉടന്‍ സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണം ആരംഭിക്കാമെന്ന് തിരഞ്ഞെടുപ്പ് മേല്‍നോട്ട കമ്മിറ്റി അറിയിച്ചു. തിരഞ്ഞെടുപ്പ് തിയ്യതിക്ക് 24 മണിക്കൂര്‍ മുമ്പ് വരെ പ്രചാരണം അനുവദിച്ചിട്ടുണ്ട്.
30ഓളം വനിതകള്‍ നാമനിര്‍ദേശ പത്രിക നല്‍കിയവരില്‍ ഉള്‍പ്പെടുന്നു. 30 പേരെയാണ് വോട്ടിങിലൂടെ ശൂറ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കുക. 15 പേരെ അമീര്‍ നാമനിര്‍ദേശം ചെയ്യും.
സ്ഥാനാര്‍ഥികള്‍ക്ക് സൗജന്യമായി പ്രചാരണം നടത്താന്‍ 14 വേദികള്‍ ഒരുക്കിയതായി തിരഞ്ഞെടുപ്പ് മേല്‍നോട്ട കമ്മിറ്റി മേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്ത അറിയിച്ചു. 9 ക്ലബ്ബ് ഹാളുകളിലും 5 യൂത്ത് സെന്ററുകളിലുമാണ് പ്രചാരണ സൗകര്യമുള്ളത്. വേദികളുടെ ബുക്കിങിന് സ്ഥാനാര്‍ഥികള്‍ക്ക് കമ്മിറ്റിയുമായി ബന്ധപ്പെടാമെന്ന് അല്‍ മുഫ്ത പറഞ്ഞു.
🇧🇭ബഹ്‌റൈനില്‍ പ്രവാസികളെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശിപാര്‍ശ.
✒️ബഹ്‌റൈനില്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലിചെയ്യുന്ന പ്രവാസികളെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ശിപാര്‍ശ. സര്‍ക്കാരിന്റെ അംഗീകാരത്തിനു വിധേയമായിരിക്കും ഈ വിഷയത്തിലുള്ള അന്തിമ തീരുമാനം. അഹ്‌മദ് അല്‍ അന്‍സാരി അധ്യക്ഷനായ പാര്‍ലമെന്റിന്റെ സര്‍വീസ് കമ്മിറ്റിയാണ് പ്രവാസികളെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള നിര്‍ദേശം മുന്നോട്ട് വെച്ചത്. പ്രവാസികള്‍ക്കും പെന്‍ഷന്‍ പദ്ധതിയില്‍ ഇടം നല്‍കണമെന്ന ശിപാര്‍ശ സര്‍ക്കാരിന്റെ പരിഗണനക്ക് സമര്‍പ്പിച്ചതായി സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ അധികൃതര്‍ പ്രാദേശിക പത്രത്തോട് വെളിപ്പെടുത്തി.
മിലിട്ടറി പെന്‍ഷന്‍ നിയമത്തില്‍ പ്രവാസികളെയും ഉള്‍പ്പെടുത്തുന്നതുവഴി പ്രതിവര്‍ഷം 200 മില്യണ്‍ ദിനാര്‍ നേടാന്‍ കഴിയുമെന്ന് സോഷ്യല്‍ ഇന്‍ഷൂറന്‍സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കിയിരുന്നു. ശിപാര്‍ശ അംഗീകരിക്കപ്പെടുകയാണെങ്കില്‍ പൊതു, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ പ്രതിമാസം നിശ്ചിത തുക പെന്‍ഷന്‍ ഫണ്ടിലേക്ക് അടക്കണം. സേവനം അവസാനിക്കുേമ്പാള്‍ ഇവര്‍ക്ക് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്ന രീതിയിലായിരിക്കും പദ്ധതി. പ്രവാസികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് പെന്‍ഷന്‍ ഫണ്ടില്‍ മതിയായ നിക്ഷേപം ഉറപ്പ് വരുത്തുമെന്ന് ചില പാര്‍ലിമെന്റ് അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു. ബഹ്‌റൈന്‍ പൗരന്മാരല്ലാത്തവര്‍ക്ക് സോഷ്യല്‍ ഇന്‍ഷുറന്‍സ് നിര്‍ത്തലാക്കിയ 1977ലെ നിയമം പിന്‍വലിക്കണമെന്നും ചില എം. പി മാര്‍ ആവശ്യപ്പെട്ടു. 1977 വരെ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികളും പെന്‍ഷന്‍ ഫണ്ടിന്റെ പരിധിയില്‍ വന്നിരുന്നു. പുതിയ ശിപാര്‍ശ അനുസരിച്ച് ചുരുങ്ങിയ വിരമിക്കല്‍ പ്രായം 55 വയസായാണ് കണക്കാക്കുക. തൊട്ടുമുമ്പുള്ള അഞ്ച് വര്‍ഷത്തെ ശരാശരി ശമ്പളം അടിസ്ഥാനമാക്കിയായിരിക്കും പെന്‍ഷന്‍. പദ്ധതിക്കുള്ള ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഇത് പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമാകും.
🇸🇦സൗദിയിൽ ഇന്ന് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്.
✒️സൗദിയിൽ ഇന്ന് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ അൽപ്പം വർദ്ധനവ് രേഖപ്പെടുത്തി. 96 പേർക്കാണ് ഇന്ന് പുതുതായി രോഗം കണ്ടെത്തിയത്. 46 പേർ രോഗമുക്തിയും നേടി. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,46,163 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,35,190 ഉം ആയി. അഞ്ച് പേർ ഇന്ന് മരിച്ചു.
ഇതോടെ രാജ്യത്തെ ആകെ മരണം 8,633 ആയി. 2,340 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരിൽ 459 പേർ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ഇതുവരെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.99 ശതമാനവും മരണനിരക്ക് 1.57 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 29, മക്ക 18, മദീന 9, കിഴക്കൻ പ്രവിശ്യ 8, ജീസാൻ 6, അൽ ഖസീം 6, അസീർ 5, അൽ ജൗഫ് 4, നജ്‌റാൻ 3, ഹായിൽ 2, തബൂക്ക് 2, അൽ ബാഹ 2, വടക്കൻ അതിർത്തി മേഖല 2. ഇതുവരെ രാജ്യത്ത് 3,98,37,443 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

0 Comments