🇸🇦സൗദി അറേബ്യയില്‍ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നാല് കോടി കവിഞ്ഞു.
🇸🇦വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് ജോലി ചെയ്‍ത 12 പ്രവാസികൾ പിടിയിൽ.
🇦🇪ഗൂഗിള്‍ ചതിച്ചു; എക്സ്ചേഞ്ച് നിരക്ക് കണ്ട് കണ്ണുതള്ളിയ പ്രവാസികള്‍ക്ക് ഒടുവില്‍ നിരാശ.
🇦🇪കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യുഎഇയില്‍ പ്രവാസി അറസ്റ്റില്‍.
🇦🇪യുഎഇയില്‍ 608 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് രണ്ട് മരണം.
🇦🇪പൃഥ്വിരാജിനും യുഎഇ ഗോള്‍ഡന്‍ വിസ; 'ഗോള്‍ഡിലെത്തും മുമ്പേ ഗോള്‍ഡന്‍ വിസ'യെന്ന് താരം.
🇴🇲ഒമാനില്‍ പുതിയ കൊവിഡ് കേസുകള്‍ 50ല്‍ താഴെ മാത്രം.
🇰🇼കുവൈത്തില്‍ പൊലീസുകാര്‍ക്ക് കുരുമുളക് സ്പ്രേ ഉപയോഗിക്കാന്‍ അനുമതി.
🇦🇪യുഎഇയില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ഇന്ന് അവസാനിക്കും.
🇴🇲കൊവിഡ് വാക്‌സിന്‍; ഒമാനില്‍ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കുറച്ചു.
🇸🇦സൗദി: വിദേശത്ത് നിന്നെത്തുന്നവർ വാക്സിനേഷൻ സ്റ്റാറ്റസ് രജിസ്റ്റർ ചെയ്യേണ്ടതാണ്.
🇶🇦ഖത്തറില്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങി.
🇸🇦സൗദിയിൽ ഇന്ന് 88 പുതിയ രോഗികളും 70 രോഗമുക്തിയും.
🇶🇦വിലവിവരങ്ങൾ അറബിയിൽ പ്രദർശിപ്പിക്കണം.
വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യയില്‍ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നാല് കോടി കവിഞ്ഞു.
✒️സൗദി അറേബ്യയിൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നാല് കോടി ഡോസ് കവിഞ്ഞു. രാജ്യത്താകെ 4,00,34,142 ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയത്. അതേസമയം രാജ്യത്ത് ഇന്ന് പുതിയതായി 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 70 പേർ സുഖം പ്രാപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴുപേർ കൂടി മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ന് 50,198 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,46,251 ആയി. ഇതിൽ 5,35,260 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,640 ആയി ഉയർന്നു.
കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,351 ആയി ഉയർന്നു. ഇതിൽ 449 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 22, മക്ക 18, മദീന 9, കിഴക്കൻ പ്രവിശ്യ 9, ജീസാൻ 6, അൽഖസീം 6, അസീർ 5, നജ്റാൻ 4, അൽജൗഫ് 2, ഹായിൽ 2, തബൂക്ക് 2, വടക്കൻ അതിർത്തി മേഖല 2, അൽബാഹ 1.
🇸🇦വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് ജോലി ചെയ്‍ത 12 പ്രവാസികൾ പിടിയിൽ.
✒️സൗദിയില വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് തൊഴിൽ ചെയ്‍ത വിദേശികൾ പിടിയിൽ. ഏഷ്യൻ രാജ്യക്കാരായ 12 തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്‍തത്. സൗദി തൊഴിൽ മന്ത്രാലയവും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
റിയാദിൽ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. നിയമനടപടികൾ പൂർത്തിയാക്കുന്നതിനും ബന്ധപ്പെട്ട കമ്പനിയെ വിളിച്ചുവരുത്തുന്നതിനും പിടിയിലായ തൊഴിലാളികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. സ്‍പോൺസറിൽ നിന്ന് ചാടിപ്പോയവരെ മറ്റ് സ്ഥാപനങ്ങളിൽ ശുചീകരണ ജോലിക്ക് എത്തിച്ചു കൊടുക്കുന്ന സംഘം പ്രവർത്തിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായതെന്ന് റിയാദ് മേഖലാ തൊഴിൽ മന്ത്രാലയ ബ്രാഞ്ച് ഓഫീസ് മേധാവി ഡോ. മുഹമ്മദ് ബിൻ അബ്ദുല്ല അൽഹർബി വ്യക്തമാക്കി.
🇦🇪ഗൂഗിള്‍ ചതിച്ചു; എക്സ്ചേഞ്ച് നിരക്ക് കണ്ട് കണ്ണുതള്ളിയ പ്രവാസികള്‍ക്ക് ഒടുവില്‍ നിരാശ.
✒️ബുധനാഴ്‍ച ഉച്ചയ്‍ക്ക് ശേഷം വെറുതെയിരുന്ന് ഗൂഗിളില്‍ വിനിമയ നിരക്ക് നോക്കിയ യുഎഇയിലെ പ്രവാസികള്‍ ഞെട്ടി. യുഎഇ ദിര്‍ഹത്തിന് 24 ഇന്ത്യന്‍ രൂപയിലും മുകളില്‍ മൂല്യം. തോന്നിയതായിരിക്കുമെന്നും എന്തെങ്കിലും പ്രശ്‍നമായിരിക്കുമെന്നും കരുതി വീണ്ടും വീണ്ടും നോക്കിയപ്പോഴും സംഗതി 24ന് മുകളില്‍ തന്നെ. ഇന്നലെ വരെ 20 രൂപയുടെ അടുത്തൊക്കെ നിന്നിരുന്ന എക്സ്ചേഞ്ച് റേറ്റിന് പെട്ടെന്ന് എന്ത് പറ്റി എന്നറിയാതെ അമ്പരന്ന് പലരും സുഹൃത്തുക്കളെ വിവരമറിയിച്ചു. ഗുഗിളില്‍ നോക്കിയവര്‍ക്കെല്ലാം കിട്ടിയത് 24ന് മുകളില്‍ തന്നെ.
മണി എക്സ്ചേഞ്ച് സെന്ററുകളിലെ ഫോണുകള്‍ക്ക് ഇതോടെ വിശ്രമമില്ലാതെയായി. നിരന്തരം അന്വേഷണങ്ങള്‍. സംഗതി ഇന്നലത്തെപ്പോലെ ഇരുപതിന് അടുത്തൊക്കെ തന്നെ തുടരുന്നുവെന്ന് അറിയിച്ചുവെങ്കിലും വിളിക്കുന്നവര്‍ക്ക് സംശയം മാറുന്നില്ല. ഗൂഗ്ളില്‍ കാണിക്കുന്നുണ്ടല്ലോ എന്നായി. ഒടുവില്‍ ഗൂഗിളിന് പിഴവ് പറ്റിയതായിരിക്കുമെന്ന് എക്സ്ചേഞ്ച് സെന്ററുകള്‍ ഉപഭോക്താക്കളെ അറിയിച്ചതോടെയാണ് പലര്‍ക്കും സമാധാനമായത്. മാസാദ്യത്തില്‍ തന്നെ നാട്ടിലേക്ക് പണം അയച്ച പലരും ഇത്ര വേഗം നിരക്ക് ഉയര്‍ന്നതിനാല്‍ വലിയ നഷ്‍ടം വന്നല്ലോ എന്ന നിരാശയിലായിരുന്നു. എന്നാല്‍ പിഴവാണെന്ന് മനസിലായതോടെ അവര്‍ക്കും ആശ്വാസമായി. ഗൂഗിളും നോക്കി എക്സ്ചേഞ്ച് സെന്ററുകളിലേക്ക് ഓടിയവരുടെ കഥകള്‍ പിന്നാലെ സോഷ്യല്‍ മീഡിയകളിലെ പ്രവാസി പേജുകളില്‍ ട്രോളുകളുമായി.
🇦🇪കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യുഎഇയില്‍ പ്രവാസി അറസ്റ്റില്‍.
✒️യുഎഇയില്‍ കാമുകിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 24 വയസുകാരനായ പ്രവാസി അറസ്റ്റില്‍. സ്‍കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് ഇയാള്‍ കൊലപാതക ശ്രമം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. യുവതി ബോധരഹിതയായതോടെ മരണപ്പെട്ടുവെന്ന് കരുതി ഇയാള്‍ സ്ഥലംവിടുകയായിരുന്നു.
ഏറെനേരം കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ യുവതി പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഏഷ്യക്കാരനായ യുവാവ് പിടിയിലായി. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ ദുബൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.
🇦🇪യുഎഇയില്‍ 608 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് രണ്ട് മരണം.
✒️യുഎഇയില്‍ ഇന്ന് 608 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 706 പേര്‍ ഇന്ന് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ടുപേരാണ് മരിച്ചത്.
പുതിയതായി നടത്തിയ 3,11,171 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,30,743പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,22,073 പേര്‍ രോഗമുക്തരാവുകയും 2,068 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 6,602 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇦🇪പൃഥ്വിരാജിനും യുഎഇ ഗോള്‍ഡന്‍ വിസ; 'ഗോള്‍ഡിലെത്തും മുമ്പേ ഗോള്‍ഡന്‍ വിസ'യെന്ന് താരം.
✒️മലയാള സിനിമയില്‍ മമ്മൂട്ടി,മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നീ താരങ്ങള്‍ക്ക് പിന്നാലെ പൃഥ്വിരാജും യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബൈയിലെ ബിസിനസ്സ് സെറ്റപ്പ് സെന്‍ററായ എമിറേറ്റ്സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
'ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുമ്പേ ഗോള്‍ഡന്‍ വിസ' എന്ന കുറിപ്പോടെ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന ചിത്രം പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 'പ്രേമം' എന്ന ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'ഗോള്‍ഡ്'.
മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വീസ ലഭിച്ചിട്ടുണ്ട്. ഗോൾഡൻ വീസ ലഭിക്കുന്ന ആദ്യ മലയാള നടിയും നൈലയാണ്. യുഎഇയില്‍ സ്ഥിരതാമസമാക്കിയ നൈല, യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എൻ കമ്പനിക്ക് കീഴിലെ എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്.
🇴🇲ഒമാനില്‍ പുതിയ കൊവിഡ് കേസുകള്‍ 50ല്‍ താഴെ മാത്രം.
✒️ഒമാനില്‍ 45 പേര്‍ക്ക് മാത്രമാണ് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് രാജ്യത്ത് 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 84 പേര്‍ കൂടി രോഗമുക്തി നേടി.
രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,268 ആയി.ആകെ രോഗികളില്‍ 2,93,498 പേരും രോഗമുക്തരായി. 96.8 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. ആകെ 4,090 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 10 കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവരുള്‍പ്പെടെ ആകെ 56 പേരാണ് ഒമാനിലെ ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 28 പേരുടെ നില ഗുരുതരമാണ്.
🇰🇼കുവൈത്തില്‍ പൊലീസുകാര്‍ക്ക് കുരുമുളക് സ്പ്രേ ഉപയോഗിക്കാന്‍ അനുമതി.
✒️പൊലീസിന് സ്വയരക്ഷയ്ക്കായി കുരുമുളക് സ്പ്രേ നല്‍കാനുള്ള പദ്ധതിയുമായി മുമ്പോട്ട് പോകാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. പട്രോളിങ് ഡ്യൂട്ടിക്ക് പോകുന്ന എല്ലാ പൊലീസുകാര്‍ക്കും സര്‍വീസ് പിസ്റ്റലിന് പുറമെ കുരുമുളക് സ്പ്രേ കൂടി ലഭ്യമാക്കാനാണ് തീരുമാനം.
പൊതുസുരക്ഷാ വിഭാഗം, എമര്‍ജന്‍സി, ഗതാഗതം, കുറ്റാന്വേഷണ വിഭാഗം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ പൊലീസുകാര്‍ക്കും കുരുമുളക് സ്പ്രേ നല്‍കും. പൊലീസിനെതിരെ ആയുധം ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് കുരുമുളക് സ്പ്രേ കൂടി അനുവദിക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്. പൊലീസിന് നേര്‍ക്ക് അക്രമം ഉണ്ടാകുന്ന, അനിവാര്യമായ ഘട്ടത്തില്‍ മാത്രം ഉപയോഗിക്കാനാണ് കുരുമുളക് സ്പ്രേ ലഭ്യമാക്കുന്നത്.
🇦🇪യുഎഇയില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ഇന്ന് അവസാനിക്കും.
✒️യുഎഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമം ഇന്ന് അവസാനിക്കുമെന്ന് മാനവവിഭശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ മൂന്ന് മാസമാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുള്ളത്.
ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നു മണി വരെയാണ് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമ സമയം. വേനല്‍കടുത്തതോടെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാതിരിക്കാനാണ് ഈ തീരുമാനം. ഏതെങ്കിലും സ്ഥാപനം ഈ നിയന്ത്രണം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ജോലി ചെയ്യുന്ന ഓരോ തൊഴിലാളിക്കും 5000 ദിര്‍ഹം വീതം പിഴ ഈടാക്കും. ഇങ്ങനെ പരമാവധി 50,000 ദിര്‍ഹം വരെ ഒരു സ്ഥാപനത്തില്‍ നിന്ന് ഈടാക്കുമെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
🇴🇲കൊവിഡ് വാക്‌സിന്‍; ഒമാനില്‍ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കുറച്ചു.
✒️ഒമാനില്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷനിടയിലെ ഇടവേള നാലാഴ്ചയായി കുറച്ചു. നേരത്തെ ഇത് ആറ് ആഴ്ചകളായിരുന്നു. സെപ്തംബര്‍ 15 ബുധനാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് നാല് ആഴ്ച പൂര്‍ത്തിയാക്കിവര്‍ക്ക് രണ്ടാം ഡോസിനായി തറസ്സുദ് പ്ലസ് ആപ്പില്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കി.
🇸🇦സൗദി: വിദേശത്ത് നിന്നെത്തുന്നവർ വാക്സിനേഷൻ സ്റ്റാറ്റസ് രജിസ്റ്റർ ചെയ്യേണ്ടതാണ്.
✒️മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന മുഴുവൻ വിദേശികളും, സൗദിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തങ്ങളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് നിർബന്ധമായും ഇലക്ട്രോണിക് രീതിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അധികൃതർ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് സ്രോതസ്സുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ റിപ്പോർട്ട് പ്രകാരം, വിദേശത്ത് നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നവർ https://muqeem.sa/#/vaccine-registration/home എന്ന വിലാസത്തിലൂടെ മുഖീം (Muqeem) പോർട്ടലിൽ തങ്ങളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് രജിസ്റ്റർ ചെയ്യേണ്ടതാണെന്നാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് അറിയിച്ചിരിക്കുന്നത്. വിദേശികളുടെ സൗദിയിലേക്കുള്ള പ്രവേശനം കൂടുതൽ സുഗമമാക്കുന്നതിനും, സൗദിയിലെ പ്രവേശനകവാടങ്ങളിൽ കാത്തിരിപ്പ് ഒഴിവാക്കുന്നതിനും ഈ നടപടി സഹായകമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
പ്രവാസികൾ, ജിസിസി പൗരന്മാർ, പുതിയ വിസകളിൽ സൗദിയിലേക്ക് പ്രവേശിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഈ രജിസ്ട്രേഷൻ നിർബന്ധമാണ്. വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർ, സൗദിയിലേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂറിനു മുൻപെങ്കിലും, തങ്ങളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് മുഖീം (Muqeem) പോർട്ടലിലൂടെ പൂർത്തിയാക്കണമെന്ന് ഹജ്ജ്, ഉംറ വകുപ്പ് അസിസ്റ്റന്റ് ഡെപ്യൂട്ടി മിനിസ്റ്റർ എൻജിനീയർ ഹിഷാം സയീദ് ഏതാനം ദിവസം മുൻപ് അറിയിച്ചിരുന്നു.
🇶🇦ഖത്തറില്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങി.
✒️കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിന്റെ ആദ്യഘട്ടം ഏറെക്കുറെ പൂര്‍ത്തിയാക്കിയ ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങി. രണ്ടാമത്തെ ഡോസെടുത്ത് എട്ടുമാസത്തില്‍ കൂടുതലായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.
ഖത്തര്‍ സര്‍വകലാശാല മുന്‍ പ്രസിഡന്റ് ഡോ.അബ്ദുല്ല ജുമ അല്‍ഖുബൈസിക്ക് ആദ്യ ബൂസ്റ്റര്‍ ഡോസ് നല്‍കി. മദീന ഖലീഫ ഹെല്‍ത്ത് സെന്ററിലാണ് ബൂസ്റ്റര്‍ ഡോസ് വിതരണത്തിന് തുടക്കമിട്ടത്. രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദേശീയ കോവിഡ് വാക്സിനേഷന് തുടക്കമിട്ടപ്പോള്‍ ഫൈസര്‍-ബയോടെക് കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചതും അദ്ദേഹമാണ്.
65 വയസിന് മുകളിലുള്ളവര്‍, കോവിഡ് ഗുരുതരമാകാന്‍ സാധ്യതയുള്ള വിട്ടുമാറാത്ത രോഗമുള്ളവര്‍, മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍, മറ്റ് മേഖലകളിലുള്ളവര്‍ എന്നിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസിലും മുന്‍ഗണന.
ബൂസ്റ്റര്‍ ഡോസിന് അര്‍ഹമായവരെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ അധികൃതര്‍ നേരിട്ട് ബന്ധപ്പെടും. യോഗ്യമായവരില്‍ അധികൃതരുടെ അറിയിപ്പ് ലഭിക്കാത്തവരുണ്ടെങ്കില്‍ 4027 7077 എന്ന നമ്പറില്‍ വിളിച്ച് അനുമതി തേടാം.
🇸🇦സൗദിയിൽ ഇന്ന് 88 പുതിയ രോഗികളും 70 രോഗമുക്തിയും.
✒️സൗദിയിൽ ഇന്ന് 88 പുതിയ കോവിഡ് രോഗികളും 70 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,46,251 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,35,260 ഉം ആയി. ഏഴ് പേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,640 ആയി.
2,351 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരിൽ 449 പേർ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.98 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 22, മക്ക 18, മദീന 9, കിഴക്കൻ പ്രവിശ്യ 9, ജീസാൻ 6, അൽ ഖസീം 6, അസീർ 5, നജ്‌റാൻ 4, അൽ ജൗഫ് 2, ഹായിൽ 2, തബൂക്ക് 2, വടക്കൻ അതിർത്തി മേഖല 2, അൽ ബാഹ 1.
🇶🇦വിലവിവരങ്ങൾ അറബിയിൽ പ്രദർശിപ്പിക്കണം.
✒️ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വിലവിവരങ്ങൾ അറബിയിലും പ്രദർശിപ്പിക്കണമെന്ന കർശന നിർദേശവുമായി ഖത്തർ വാണിജ്യ മന്ത്രാലയം. നിയമം പാലിക്കാത്തവർക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. ചെറുകിട വ്യാപാരസ്ഥാനപങ്ങൾ, ഓൺലൈൻ വ്യാപാരകേന്ദ്രങ്ങൾ, ഗാർഹിക വിൽപനകേന്ദ്രങ്ങൾ തുടങ്ങി ഉൽപന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്.
വില്പനക്ക് വെക്കുന്ന മുഴുവന്‍ ഉല്പന്നങ്ങളുടെയും വിലനിലവാരം അറബിയില്‍ പ്രദര്‍ശിപ്പിക്കണമെന്നത് ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട് 2008ല്‍ പുറത്തിറക്കിയ നിയമമനുസരിച്ച് നിര്‍ബന്ധമാക്കിയതാണ്. അതിനാല്‍തന്നെ നിയമം കര്‍ശനമായി പാലിക്കാന്‍ വാണിജ്യസ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്. ഉപഭോക്താക്കൾക്ക് എളുപ്പത്തില്‍ കാണാവുന്നരീതിയില്‍ വ്യക്തതയോടെ വിലനിലവാരം പ്രദര്‍ശിപ്പിക്കണം. നിയമലംഘനം പിടിക്കപ്പെട്ടാല്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത തടവും 3000 റിയാലില്‍ കുറയാത്ത പിഴയും ലഭിക്കുമെന്ന് മന്ത്രാലയം ഉണര്‍ത്തി. അറബി ഭാഷക്ക് പുറമെ സാധ്യമെങ്കില്‍ മറ്റു ഭാഷകളില്‍കൂടി വിലനിലവാരം പ്രദര്‍ശിപ്പിക്കാന്‍ താല്പര്യപ്പെടുന്നതായും മന്ത്രാലയം അറിയിച്ചു.

0 Comments