സ്വാർത്ഥതയുടെ ലോകത്ത് നിസ്വാർത്ഥമായ പ്രണയം കാട്ടി കൊതിപ്പിക്കുകയാണ് പ്രണവും ഷഹാനയും. അഴകും തറവാടിത്തവും നോക്കി ഇണയെ തെരഞ്ഞെടുക്കുന്ന ലോകത്ത് മനസു മാത്രം പകുത്തു നൽകാൻ തയ്യാറായവർ. പരിരിമിതികൾ കണ്ട് മനസു മാറാതെ... പ്രിയപ്പെട്ടവനെ നെഞ്ചോടു ചേർത്ത ഷഹാനയുടെ കരളുറപ്പിനായിരുന്നു സോഷ്യൽ മീഡിയയുടെ മുഴുവൻ കയ്യടിയും. കരളുറപ്പുള്ള ആ പ്രണയം വിവാഹത്തിന്റെ രൂപത്തിൽ സാക്ഷാത്കരിക്കപ്പെട്ടപ്പോൾ നാടും വീടും ഒന്നായി ഒഴുകിയെത്തി, ആ പുണ്യം ചെയ്ത ജോഡിക്ക് ആശംസയുമായി.
സുമനസുകൾ അനുഗ്രഹ വർഷം ചൊരിഞ്ഞ ആ വൈറൽ കല്യാണത്തിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെടുകയാണ്. വീൽ ചെയറിലിരുന്ന് ഷഹാനയ്ക്ക് താലി ചാർത്തി സിന്ദൂരമണിയിക്കുന്ന കാഴ്ച അത്യന്തം ഹൃദ്യം.
ഇരിങ്ങാലക്കുട സ്വദേശി പ്രണവിന്റെ ജീവിതവും സാക്ഷാത്കരിക്കപ്പെട്ട ഈ പ്രണയവും ഒരു സിനിമാക്കഥ പോലെ സംഭവബഹുലമാണ്. അതിനെക്കുറിച്ച് പങ്കുവയ്ക്കുമ്പോൾ കൂട്ടുകാർക്കു നൂറുനാവ്. ആറു കൊല്ലം മുമ്പ് ഒരു ബൈക്ക് ആക്സിഡന്റിൽ സംഭവിച്ച പരുക്ക് ആണ് പ്രണവിന്റെ തലവര മാറ്റുന്നത്. നെഞ്ചിന് താഴെ മുഴുവൻ തളർന്ന്, കിടന്ന കിടപ്പില് ജീവിതം. പക്ഷേ ഉയിര് പോലെ ചേർന്നു നിൽക്കുന്ന ചങ്ങാതിമാർ അവനെ പൊന്നു പോലെ ചേർത്തു നിർത്തി. പരിമിതികളും വയ്യായ്കയും ഒരു ഘട്ടത്തിൽ പോലും അവനെ അറിയിച്ചില്ല. നാട്ടിലെ എല്ലാ ആഘോഷങ്ങൾക്കും അവനെയും ഹൃദയത്തിൽ താങ്ങി അവരെത്തും.
പ്രണവിന്റെ അതിജീവനവും കൂട്ടുകാരുടെ നന്മയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നതോടെയാണ് കഥയിൽ പുതിയ ട്വിസ്റ്റെത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് പത്തൊന്പതുകാരിയുടെ ഫ്രണ്ട് റിക്വസ്റ്റ് കിട്ടി പ്രണവിന്. പക്ഷേ, ആ റിക്വസ്റ്റ് സ്വീകരിച്ചില്ല. പിന്നെ, പ്രണവിന്റെ സുഹൃത്തുക്കളെ കണ്ടെത്തി ആ പെണ്കുട്ടി ഫെയ്സ്ബുക് വഴി സംസാരിച്ചു. പ്രണവിന്റെ ജീവിത സഖിയാകാന് താല്പര്യം അറിയിച്ചു. തിരുവനന്തപുരം സ്വദേശി മുജീബിന്റേയും സജ്നയുടേയും മകള് ഷഹ്നയായിരുന്നു ആ പെണ്കുട്ടി. പൂര്ണമായും കിടപ്പിലായ യുവാവിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനെ എല്ലാവരും എതിര്ത്തു. ജീവിതം കൈവിട്ടു കളയേണ്ടെന്ന് പലരും ഉപദേശിച്ചു. ഈ ഉപദേശങ്ങള്ക്കെല്ലാം മീതെയായിരുന്നു ഷഹ്നയുടെ മനസ്. പ്രണവിന്റെ കൂടെ നിന്ന് പരിപാലിക്കാനും ഒന്നിച്ചു ജീവിക്കാനും തീരുമാനിച്ചു. വീട്ടുകാരുടെ വിയോജിപ്പ് മറികടന്ന് ഇരിങ്ങാലക്കുടയില് എത്തി. കൊടുങ്ങല്ലൂര് ആല ക്ഷേത്രത്തില് ഇരുവരുടേയും വിവാഹം നടന്നു. പ്രണവ് ഷഹ്നയുടെ കഴുത്തില് താലി ചാര്ത്തി.
0 Comments