Ticker

6/recent/ticker-posts

Header Ads Widget

രാജ്യത്ത് ഒരു കുട്ടിയും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കോവിഡിനെ തുടർന്ന് അനാഥരായ ഒരു കുട്ടിയും രാജ്യത്ത് പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് സുപ്രീം കോടതി. കോടതിയുടെ പ്രത്യേക ഉത്തരവിന് കാത്തിരിക്കാതെ ഇതിനായി നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നിർദേശം നൽകി. 2020 മാർച്ചിന് ശേഷം അനാഥരായ കുട്ടികളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ സുപ്രീം കോടതി ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി.

കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ രാജ്യത്തെ ശിശു സംരക്ഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ യാണ് സുപ്രീം കോടതിയുടെ നിർണ്ണായക നിർദേശം. കോവിഡിനെ തുടർന്ന് രാജ്യത്ത് എത്ര കുട്ടികളാണ് അനാഥരായത് എന്നോ പട്ടിണി കിടക്കുന്നത് എന്നോ അറിയില്ലെന്ന്  ഹർജി പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എൽ നാഗേശ്വര റാവു ചൂണ്ടിക്കാട്ടി.

ചില സംസ്ഥാനങ്ങളിൽ നിന്ന് കേൾക്കുന്ന കണക്കുകൾ ഞെട്ടിക്കുന്നതാണ്. എല്ലാ സംസ്ഥാനങ്ങളും  2020 മാർച്ചിന് ശേഷം അനാഥരായ കുട്ടികളുടെ വിവരങ്ങൾ ഞായറാഴ്ച വൈകുന്നേരത്തിന് മുമ്പ് അമിക്കസ് ക്യുറിക്ക് കൈമാറണം. ഇതിന് പുറമെ വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ദേശീയ ബാലാവകാശ കമ്മീഷന്റെ പോർട്ടൽ ആയ 'ബാൽ സ്വരാജിൽ' ആണ് വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടത്.  അനാഥരായ കുട്ടികൾക്ക് ആവശ്യമായ കാര്യങ്ങൾ ഉടൻ ചെയ്യണമെന്ന് കോടതി ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി.

അനാഥരാകുന്ന കുട്ടികൾക്ക് സാമ്പത്തിക സഹായം അനുവദിച്ച കേരളത്തിന്റെ നടപടി മാധ്യമ വാർത്തകളിലൂടെ അറിഞ്ഞതായി ജസ്റ്റിസ് നാഗേശ്വർ റാവു വാദം കേൾക്കലിനിടെ അറിയിച്ചു. സ്വമേധയാ എടുത്ത ഹർജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാനായി കോടതി മാറ്റി.

Post a Comment

0 Comments