Ticker

6/recent/ticker-posts

Header Ads Widget

കോളേജുകളിൽ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നു മുതൽ

ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021 – 22 അദ്ധ്യയനവര്‍ഷത്തിലേക്കുള്ള ക്ലാസ്സുകള്‍ 2021 ജൂണ്‍ 1-നു തന്നെ ആരംഭിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുമായുള്ള യോഗത്തില്‍  തീരുമാനമായി.

സര്‍വ്വകലാശാല പഠനവകുപ്പുകളിലെ ക്ലാസ്സുകള്‍ ഏത് തിയ്യതിയില്‍ ആരംഭിക്കണമെന്നത് അതത് സര്‍വ്വകലാശാലകള്‍ തീരുമാനം എടുക്കേണ്ടതാണ്. കോളേജ് പ്രിന്‍സിപ്പല്‍മാര്‍ കോളേജില്‍ എത്തി ക്ലാസ്സുകള്‍ സുഗമമായി നടത്തുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കേണ്ടതാണ്. ലോക്ക് ഡൌണിന്‍റെയും, കോവിഡ് നിയന്ത്രണങ്ങളുടെയും സാഹചര്യത്തില്‍ അദ്ധ്യാപകര്‍ ഓണ്‍ലൈന്‍ ആയി ക്ലാസ്സുകള്‍ കൈകാര്യം ചെയ്യേണ്ടത് ആണ്. അതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠനസഹായികളും നോട്ടുകളും പി‌ഡി‌എഫ് രൂപത്തിലും മറ്റും നല്കേണ്ടതാണ്. രാവിലെ 8.30 മുതല്‍ വൈകുന്നേരം 3.30 വരെയുള്ള സമയത്തിനിടയ്ക്ക് ചുവടെ പറയുന്ന ഏതെങ്കിലും സമയക്രമത്തില്‍ ക്ലാസ്സുകള്‍ നടത്താവുന്നതാണ്.

രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് ശേഷം 1.30 വരെ
രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 വരെ 
രാവിലെ 9.30 മുതല്‍ വൈകുന്നേരം 3.30 വരെ 

എല്ലാ ദിവസ്സവും ചുരുങ്ങിയത് രണ്ട് മണിക്കൂര്‍ എങ്കിലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കേണ്ടതാണ്. ബാക്കി സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായകരമായ മറ്റ് കാര്യങ്ങള്‍ക്കായി വിനിയോഗിക്കേണ്ടതാണ്. വെള്ളിയാഴ്ച ദിവസ്സങ്ങളില്‍ ക്ലാസ്സുകള്‍ നിലവില്‍ തുടര്‍ന്നു വരുന്ന രീതി തുടരേണ്ടതാണ്. ക്ലാസ്സുകള്‍ കൈകാര്യം ചെയ്യേണ്ട സമയക്രമം വിദ്യാര്‍ഥികള്‍ക്ക് കൂടി സൌകര്യപ്രദമായ രീതിയില്‍ കോളേജ് കൌണ്‍സിലുകള്‍ക്ക് തീരുമാനിക്കാവുന്നതാണ്.
തുടര്‍ച്ചയായി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടക്കുന്നതിലെ അസൌകര്യം സംബന്ധിച്ച് വിദ്യാര്‍ഥികളില്‍ നിന്നും പരാതികള്‍ ഉണ്ടായിട്ടുള്ള സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൂടി സൌകര്യപ്രദമായ നിലയില്‍ ക്ലാസ്സുകള്‍ ക്രമീകരിക്കാന്‍ സ്ഥാപന മേധാവികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

കഴിഞ്ഞ അദ്ധ്യയനവര്‍ഷത്തെ പാഠഭാഗങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ അവ തീര്‍ക്കുന്നതിന് മുന്‍ഗണന നല്കേണ്ടതാണ്. 

ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുവാന്‍ ഏതൊക്കെ സോഫ്റ്റ് വെയര്‍ ഉപയോഗിക്കണം എന്നത് കുട്ടികളുടെ എണ്ണവും പാഠ്യവിഷയവും അനുസരിച്ച് സ്ഥാപന മേധാവികള്‍ / അദ്ധ്യാപകര്‍ തീരുമാനിക്കേണ്ടതാണ്. ആയതിലേക്ക് ആവശ്യാനുസരണം NIC Vidya Platform, Zoom, Google Class Room, Google Meet, Microsoft Teams, Webex തുടങ്ങിയ വിവിധ വീഡിയോ കോണ്‍ഫറന്‍സിങ് സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ ഇതിനായി ഓരോ സ്ഥാപനങ്ങള്‍ക്കും പ്രത്യേകം Learning Management Systems (LMS) കള്‍ ആരംഭിക്കുവാന്‍ ശ്രമിക്കേണ്ടതാണ്.

ലോക്ക് ഡൌണ്‍ പിന്‍വലിക്കുന്ന പക്ഷം  ടെക്നിക്കല്‍ വിഭാഗം ഉള്‍പ്പെടെ ഉള്ള എല്ലാ അദ്ധ്യാപകരും, ജൂണ്‍ 1 നു അവരവര്‍ ജോലി ചെയ്യുന്ന കോളേജില്‍ ഹാജരാകേണ്ടതാണ്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്ന പക്ഷം പ്രിന്‍സിപ്പല്‍മാരെ അറിയിക്കേണ്ടതാണ്. തുടര്‍ന്നുള്ള ദിവസ്സങ്ങളില്‍ അദ്ധ്യാപകര്‍ വര്‍ക്ക് ഫ്രം ഹോം ആയിട്ടാണ് ക്ലാസ്സുകള്‍ എടുക്കേണ്ടത്.

എന്നിരുന്നാലും ഓരോ ദിവസത്തെയും കോളേജിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമായ അത്യാവശ്യ ജീവനക്കാരുടെ സേവനം പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കേണ്ടതാണ്.

 കോവിഡ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ പ്രസ്തുത ജോലിക്ക് മുന്‍ഗണന നല്കേണ്ടതാണ്. കോളേജുകളിലെ അനദ്ധ്യാപകര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമായിട്ടുള്ള പൊതു ഉത്തരവുകളില്‍ നിഷ്കര്‍ഷിക്കുന്ന പ്രകാരം ജോലിക്ക് ഹാജരാകേണ്ടതാണ്. 

ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാനുള്ള സാങ്കേതിക സൌകര്യം അപര്യാപ്തമായ വിദ്യാര്‍ഥികളെ തിരിച്ചറിയുകയും, വകുപ്പ് മേധാവികളുടെ സഹായത്തോടെ പ്രിന്‍സിപ്പല്‍മാര്‍ അവര്‍ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ എത്തിക്കുന്നതിന് നേതൃത്വം നല്കേണ്ടതുമാണ്. ഇതിനായി അക്ഷയ സെന്‍ററുകളുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. 

അദ്ധ്യായനവര്‍ഷാരംഭം മുതല്‍ അദ്ധ്യാപകരുടെ ജോലിഭാരം കണക്കാക്കി, സ്ഥാപനങ്ങളില്‍ ആവശ്യമെങ്കില്‍ വകുപ്പ് ഡയറക്ടറുടെ അനുമതിയോടെ അതിഥി അദ്ധ്യാപകരെ നിയമിക്കാവുന്നതാണ്. 

എല്ലാ സ്ഥാപനങ്ങളിലും കുറ്റമറ്റ രീതിയില്‍ അദ്ധ്യയനം നടക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണ്. അദ്ധ്യാപകരും, മറ്റു ജീവനക്കാരും, വിദ്യാര്‍ഥികളും സര്‍ക്കാരിന്‍റെ കോവിഡ് സംബന്ധമായ നിര്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. 

കോവിഡ് ജാഗ്രതയുടെ ഭാഗമായി സര്‍വ്വകലാശാലാതലത്തിലും, കോളേജ് തലത്തിലും, അദ്ധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും, പ്രാദേശിക ജനപ്രതിനിധികളുടെയും പ്രത്യേക സമിതികള്‍ ഉണ്ടാക്കി സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്ന നേരത്തെ ഉള്ള രീതി തുടരേണ്ടതാണ്. 
കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍, സര്‍വ്വകലാശാല അധികാരികള്‍ എന്നിവര്‍ മേല്‍ സൂചിപ്പിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി അവരവരുടെ കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ അടിയന്തരമായി പുറപ്പെടുവിക്കേണ്ടതാണ്. 

യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. വി വേണു, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്ജ്) ഡോ. ബൈജുബായി റ്റി പി, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ശ്രീ. വിജയകുമാര്‍ ആര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് സെക്രട്ടറി ശ്രീ. തരുണ്‍ ലാല്‍ എസ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്ജ്) ഡോ. ഉണ്ണികൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി ശ്രീ. രാജേഷ് കുമാര്‍ കെ കെ, ഉന്നത വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്‍റ് ശ്രീ വിജയകുമാര്‍ കെ, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ക്ലാര്‍ക്ക് ശ്രീ ഗോകുല്‍ ജി നായര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments