🇸🇦സൗദി അറേബ്യയിൽ ഇന്ന് 1215 പേർക്ക് കൊവിഡ്; 11 മരണം.
🧾പ്രവാസികള്‍ക്ക് വാക്സിനേഷന്‍ ഇടവേളയില്‍ ഇളവ്; പാസ്‍പോര്‍ട്ട് നമ്പര്‍ ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ് നല്‍കും.
🇦🇪യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു; ഇന്നും രണ്ടായിരത്തിലധികം രോഗികള്‍.
🇧🇭ബഹ്‌റൈനില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; 3,000 കടന്ന് പ്രതിദിന രോഗികള്‍.
🇴🇲ഒമാൻ: പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും.
🇰🇼ഇന്ത്യക്കാർക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി പുതിയ വാട്സ്ആപ്പ് ഹെല്പ് ലൈൻ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി.
🇸🇦കൊവിഡ് ഭീഷണി ഒഴിയുന്നു; സൗദിയിൽ വിനോദ പരിപാടികൾ പുനഃരാരംഭിക്കുന്നു.
🇸🇦സൗദി അറേബ്യയിൽ ഇന്ന് 1215 പേർക്ക് കൊവിഡ്; 11 മരണം.
✒️സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 1,215 പേരിൽ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,161 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ മേഖലകളിൽ 11 പേർ മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,47,178 ആയി ഉയർന്നു. ഇതിൽ 4,29,663 പേർ കൊവിഡ് മുക്തരായി.
രാജ്യത്ത് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,195 ആയി. ഇവരിൽ 1,355 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് വീണ്ടും കുറഞ്ഞ് 96.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. പുതിയ രോഗബാധിതരുടെ പ്രതിദിന എണ്ണത്തിൽ തലസ്ഥാനമായ റിയാദ് തന്നെയാണ് മുന്നിൽ. റിയാദിൽ ഇന്ന് 345 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
മറ്റ് മേഖലകളിൽ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 324, കിഴക്കൻ പ്രവിശ്യ 145, മദീന 96, അസീർ 80, ജീസാൻ 64, അൽഖസീം 55, തബൂക്ക് 35, നജ്റാൻ 23, ഹായിൽ 21, അൽബാഹ 17, വടക്കൻ അതിർത്തിമേഖല 6, അൽജൗഫ് 4. രാജ്യത്ത് ഇതുവരെ 13,607,996 ഡോസ് കൊവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തി.
🧾പ്രവാസികള്‍ക്ക് വാക്സിനേഷന്‍ ഇടവേളയില്‍ ഇളവ്; പാസ്‍പോര്‍ട്ട് നമ്പര്‍ ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ് നല്‍കും.
✒️വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പല വിദേശ രാജ്യങ്ങളിലും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
നിലവില്‍ രജിസ്‌ട്രേഷനായി ആധാര്‍ കാര്‍ഡ്, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഇവ നല്‍കിയിട്ടുള്ളവരുടെ സര്‍ട്ടിഫിക്കറ്റില്‍ അവയാണ് രേഖപ്പെടുത്തുക. അതുപോലെതന്നെ കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരം രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 12 മുതല്‍ 16 ആഴ്ചക്കുള്ളിലാണ് എടുക്കാന്‍ ആവുക. ഇത് വിദേശത്തേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നവര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി അടുത്തിടെ ഉള്‍പ്പെടുത്തിയിരുന്നു.
വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കോ പഠനത്തിനോ ആയി പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രത്യേക ഫോര്‍മാറ്റില്‍ നല്‍കുന്നതാണ്. ഈ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തും. ജില്ലാ മെഡിക്കല്‍ ഓഫീസറെയാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
കൂടാതെ ഇങ്ങനെ പോകുന്നവര്‍ക്ക് രണ്ടാമത്തെ ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ നാല് മുതല്‍ ആറാഴ്ചയ്ക്കുള്ളില്‍ എടുക്കുവാനും കഴിയും. പോര്‍ട്ടലില്‍ ഇത് രേഖപ്പെടുത്തുവാന്‍ സാധിക്കാത്തതിനാല്‍ ജില്ലകള്‍ ഇത് പ്രത്യേകമായി രേഖപ്പെടുത്തുന്നതാണ്. ഇങ്ങനെ നല്‍കുന്ന വാക്‌സിന്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയിട്ടുള്ള വാക്‌സിന്‍ സ്‌റ്റോക്കില്‍ നിന്നും നല്‍കുന്നതാണ്. ജില്ലാ അധികാരികള്‍ വിസ, വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ രേഖകള്‍, ജോലി/ വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയ രേഖകള്‍ പരിശോധിച്ചായിരിക്കും വാക്‌സിന്‍ നല്‍കുന്നത്‍. ഇങ്ങനെ വാക്‌സിന്‍ നല്‍കുമ്പോള്‍ യാത്ര പോകുന്ന രാജ്യങ്ങളിലെ വാക്‌സിനേഷന്‍ പോളിസി കൂടി പരിശോധിച്ച് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടോ എന്നുകൂടി ഉറപ്പാക്കും.
🇦🇪യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു; ഇന്നും രണ്ടായിരത്തിലധികം രോഗികള്‍.
✒️യുഎഇയില്‍ 2236 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന നാല് പേരാണ് ഇന്ന് മരണപ്പെട്ടത്. 24 മണിക്കൂറിനിടെ 2206 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു.
പുതിയതായി നടത്തിയ 2,39,852 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,65,451 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 5,45,229 പേര്‍ രോഗമുക്തരാവുകയും 1,668 പേര്‍ മരണപ്പെടുകയും ചെയ്‍തു. ഇപ്പോള്‍ 18,554 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്. 4.97 കോടിയോളം കൊവിഡ് പരിശോധനകള്‍ ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുണ്ട്.
🇧🇭ബഹ്‌റൈനില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; 3,000 കടന്ന് പ്രതിദിന രോഗികള്‍.
✒️ബഹ്‌റൈനില്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3,051 കൊവിഡ് കേസുകള്‍. 1,970 പേര്‍ രോഗമുക്തരായി. 20 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്.
ഏഴ് സ്വദേശി പുരുഷന്‍മാരും ഏഴ് സ്വദേശി സ്ത്രീകളും ആറ് പ്രവാസികളുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 902 ആയി. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 1,184 പേര്‍ പ്രവാസി തൊഴിലാളികളാണ്. 2,29,468 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,01,683 പേര്‍ രോഗമുക്തി നേടി. 26,883 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ള 448 പേരില്‍ 250 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,568,702 കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.
🇴🇲ഒമാൻ: പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും.
✒️പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ 2021 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു. ഇതോടെ ഒമാനിൽ പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റിനായി ഈ പുതുക്കിയ ഫീ നല്കേണ്ടിവരുന്നതാണ്.
2021 ജനുവരിയിലാണ് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീ ഉയർത്താനുള്ള തീരുമാനം ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചത്. ഉയർന്ന തസ്തികകളിലേക്കും, സാങ്കേതിക തൊഴിലുകളിലേക്കും പ്രവാസികളെ നിയമിക്കുന്നതിനുള്ള പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിന് ഈ പുതുക്കിയ ഫീ ജൂൺ 1 മുതൽ ഇടാക്കിത്തുടങ്ങുമെന്ന് മന്ത്രാലയം ജനുവരിയിൽ അറിയിച്ചിരുന്നു. ഒമാൻ പൗരന്മാർക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലുകൾ ലഭ്യമാക്കുന്നതിനായുള്ള സ്വദേശിവത്കരണ നടപടികളുടെ ഭാഗമായാണ് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീ ഉയർത്തുന്നത്.
ഈ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ പ്രകാരം ജൂൺ 1 മുതൽ ഉയർന്ന തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 2001 റിയാൽ ഈടാക്കുന്നതാണ്. മിഡ് ലെവൽ തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 1001 റിയാലും, ടെക്‌നിക്കൽ തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 601 റിയാലും വർക്ക് പെർമിറ്റ് ഫീ ആയി ഈടാക്കുന്നതാണ്. ഇതിന് പുറമെ, പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള ഫീ തുകകളും ഈ തീരുമാനത്തിന്റെ ഭാഗമായി ഉയർത്തിയിട്ടുണ്ട്.
ജൂൺ 1 മുതൽ വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനായി നൽകുന്ന പുതിയ അപേക്ഷകൾക്കും, ഇതുവരെ ഫീ അടച്ചിട്ടില്ലാത്ത നിലവിൽ നൽകിയിട്ടുള്ള അപേക്ഷകൾക്കും ഈ തീരുമാനം ബാധകമാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
🇰🇼ഇന്ത്യക്കാർക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി പുതിയ വാട്സ്ആപ്പ് ഹെല്പ് ലൈൻ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി.
✒️കുവൈറ്റിലെ ഇന്ത്യക്കാർക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി പുതിയ വാട്സ്ആപ്പ് ഹെല്പ് ലൈൻ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. കുവൈറ്റിലെ പ്രവാസി ഇന്ത്യൻ സമൂഹത്തിന് എംബസിയിൽ നിന്നുള്ള വിവിധ സേവനങ്ങൾ സുഗമമായി ലഭ്യമാക്കുന്നതിനായാണ് ഈ നടപടി.
മെയ് 26-ന് കുവൈറ്റിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസ് പരിപാടിയിലാണ് ഇന്ത്യൻ അംബാസഡർ ഇക്കാര്യം അറിയിച്ചത്. പ്രവാസി ഇന്ത്യക്കാർക്ക് വാട്സ്ആപ്പ് അടിസ്ഥാനമാക്കിയുള്ള ഈ പുതിയ ഹെല്പ് ലൈനുകളിലൂടെ എംബസി സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതാണ്. ഇതിന് പുറമെ, എംബസിയിൽ നിന്ന് നേരിട്ടും, ഇമെയിൽ, മൊബൈൽ നമ്പറുകൾ, ലാൻഡ്‌ലൈൻ നമ്പറുകൾ എന്നിവയിലൂടെയും ഈ സേവനങ്ങൾ ലഭ്യമാണ്.
കുവൈറ്റിലെ ഇന്ത്യൻ എംബസി ആരംഭിച്ചിട്ടുള്ള വാട്സ്ആപ്പ് ഹെല്പ് ലൈൻ നമ്പറുകൾ:
പാസ്സ്‌പോർട്ട്, കോൺസുലാർ വിഭാഗം: +965-65501767 (ഈ വിഭാഗങ്ങളിലെ സാധാരണ നടപടിക്രമങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾക്കായി ഈ നമ്പർ ഉപയോഗിക്കരുത്.)
വിസ, ഒ സി ഐ, അറ്റസ്റ്റേഷൻ, മറ്റു സേവനങ്ങൾ: +965-65501013.
ഹോസ്പിറ്റൽ & എമർജൻസി മെഡിക്കൽ അസ്സിസ്റ്റൻസ്, കമ്മ്യൂണിറ്റി വെൽഫെയർ: +965-65501587.
ഡെത്ത് രജിസ്‌ട്രേഷൻ, കമ്മ്യൂണിറ്റി അഫയേഴ്‌സ്: +965- 65505246.
ഇന്ത്യൻ അസ്സോസിയേഷൻസ് ഇൻ കുവൈറ്റ്, കമ്മ്യൂണിറ്റി അഫയേഴ്‌സ്: +965-65501078.
ഫീമെയിൽ ഡൊമസ്റ്റിക് വർക്കേഴ്സ് (VISA 20), ലേബർ വിഭാഗം: +965-65501754.
ലേബർ (VISA 14,18), മെയിൽ ഡൊമസ്റ്റിക് വർക്കേഴ്സ് (VISA 20), ലേബർ വിഭാഗം: +965-65501769.
കൊമേർഷ്യൽ അറ്റസ്റ്റേഷൻ, കോമേഴ്‌സ് വിഭാഗം: +965- 65505097
ഔദ്യോഗിക പ്രവർത്തന സമയങ്ങളിലല്ലാത്ത സമയങ്ങളിൽ ഉപയോഗിക്കാവുന്ന എമെർജൻസി ഹെല്പ് ലൈൻ, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം: +965-65501946.
ഈ ഹെല്പ് ലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നവർ താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്:
ഈ നമ്പറുകൾ വാട്സ്ആപ്പ് ടെക്സ്റ്റ് സന്ദേശങ്ങൾക്ക് മാത്രമായാണ്. വാട്സ്ആപ്പ് കോളുകൾ ഈ നമ്പറുകളിൽ അനുവദനീയമല്ല. ഫോൺ കോളുകൾക്കായി എംബസിയുടെ നിലവിലെ ലാൻഡ്‌ലൈൻ, മൊബൈൽ നമ്പറുകൾ ഉപയോഗിക്കേണ്ടതാണ്.
സന്ദേശം അയക്കുന്ന വ്യക്തി പൂർണ്ണമായ പേര്, വിലാസം, തിരിച്ച് എംബസിയിൽ നിന്ന് ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പർ എന്നിവ നിർബന്ധമായും സന്ദേശത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ഇത്തരം വിവരങ്ങൾ ഉൾപ്പെടുന്ന സന്ദേശങ്ങൾക്ക് മാത്രമാണ് എംബസിയിൽ നിന്ന് മറുപടി നൽകുന്നത്.
എമെർജൻസി ഹെല്പ് ലൈൻ ഒഴികെയുള്ള നമ്പറുകളിലെ സേവനം എംബസിയുടെ ഔദ്യോഗിക പ്രവർത്തന സമയങ്ങളിൽ മാത്രമാണ് ലഭ്യമാക്കുന്നത്. ഞായർ മുതൽ വ്യാഴം വരെ, ദിവസവും രാവിലെ 8 മുതൽ വൈകീട്ട് 4.30 വരെ ഈ നമ്പറുകളിൽ മറുപടി സന്ദേശം ലഭിക്കുന്നതാണ്.
🇸🇦സൗദി: 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള രണ്ടാം ഡോസ് വാക്സിൻ ഇപ്പോൾ ലഭ്യമാണ്.
✒️അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ഇപ്പോൾ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെയ് 27-നാണ് സൗദി ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ആദ്യ ഡോസ് കുത്തിവെപ്പുകൾ സ്വീകരിക്കുന്നവർക്ക് മുൻഗണന നൽകുന്നതിനായി, രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നത് നീട്ടിവെക്കാൻ സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 10-ന് തീരുമാനിച്ചിരുന്നു. ഈ തീരുമാനപ്രകാരം, മുഴുവൻ രണ്ടാം ഡോസ് കുത്തിവെപ്പുകളുടെയും തീയ്യതികൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നീട്ടി വെച്ചിരിക്കുകയായിരുന്നു. ഇപ്പോൾ ഈ പുതിയ അറിയിപ്പോടെ, അറുപതും, അതിനു മുകളിൽ പ്രായമുള്ളവർക്കും തങ്ങളുടെ രണ്ടാം ഡോസ് കുത്തിവെപ്പുകൾ സ്വീകരിക്കാവുന്നതാണ്.
🇸🇦കൊവിഡ് ഭീഷണി ഒഴിയുന്നു; സൗദിയിൽ വിനോദ പരിപാടികൾ പുനഃരാരംഭിക്കുന്നു.
✒️കൊവിഡ് ഭീഷണിയെ തുടർന്ന് നിർത്തിവെച്ച വിനോദ പരിപാടികൾ സൗദി അറേബ്യയിൽ പുനഃരാരംഭിക്കുന്നു. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പങ്കെടുക്കാൻ അനുമതി.
പകർച്ചവ്യാധിയുടെ വ്യാപനം കാരണം മുമ്പ് നിർത്തിവച്ചിരുന്ന വിനോദ വേദികൾ 40 ശതമാനം ശേഷിയിലായിരിക്കും തുറക്കാൻ അനുവദിക്കുക. രോഗപ്രതിരോധ കുത്തിവയ്പ് ലഭിച്ചവർക്ക്, തവക്കൽന ആപ്പ് പരിശോധിച്ചായിരിക്കും വിനോദ കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുക. വിവിധ ഇവന്റ് സൈറ്റുകളിൽ സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കുക, അണുനശികരണം എന്നിവ പോലുള്ള മുൻകരുതൽ നടപടികൾ പൂർണ്ണമായും നടപ്പാക്കണമെന്നും നിർദേശമുണ്ട്.
പരിപാടികൾക്കുള്ള ടിക്കറ്റുകൾ ഓൺലൈനിൽ മാത്രമായിരിക്കും ലഭിക്കുക. സന്ദർശകർക്കായി കൃത്യമായ പ്രവേശന സമയം ക്രമീകരിക്കണം. താപനില അളക്കുന്നതും ശ്വസന സംബന്ധമായ രോഗ ലക്ഷണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതും ഉൾപ്പെടെയുള്ള റിപ്പോർട്ടിംഗ്, നിരീക്ഷണ ആവശ്യങ്ങൾക്കായി എല്ലാ പ്രധാന പ്രവേശന കവാടങ്ങളിലും പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കണം. ഉയർന്ന താപനിലയോ ശ്വസന സംബന്ധമായ പ്രശ്‍നങ്ങളുമുള്ള സന്ദർശകരേയും ഉപഭോക്താക്കളേയും പ്രവേശിക്കുന്നത് തടയും.
0 Comments