Ticker

6/recent/ticker-posts

Header Ads Widget

ചെല്‍സിക്കും ലിവര്‍പൂളിനും ചാമ്പ്യന്‍സ് ലീഗ് ബര്‍ത്ത്.

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞായറാഴ്ച അവസാന റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ലിവർപൂളും ചെൽസിയും ചാമ്പ്യൻസ് ലീഗ് ബർത്ത് ഉറപ്പിച്ചു.  ക്രിസ്റ്റൽ പാലസിനെതിരായ ജയത്തോടെ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ബർത്ത് ഉറപ്പിച്ചപ്പോൾ ടോട്ടനത്തോട് തോൽവി വഴങ്ങിയ ലെസ്റ്റർ സിറ്റിക്ക് യോഗ്യത നേടാനായില്ല.  ആസ്റ്റൺ വില്ലയോട് തോറ്റെങ്കിലും ചെൽസിയും ചാമ്പ്യൻസ് ലീഗ് ബർത്ത് ഉറപ്പിച്ചു. ലെസ്റ്റർ ജയിച്ചിരുന്നെങ്കിൽ ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമാകുമായിരുന്നു.

ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ മറികടന്നത്. 36, 74 മിനിറ്റുകളിൽ സാദിയോ മാനെയാണ് ചെമ്പടയുടെ ഗോളുകൾ നേടിയത്. 38 കളികളിൽ നിന്ന് 69 പോയന്റുമായി ലിവർപൂൾ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി.  ടോട്ടനത്തോട് രണ്ടിനെതിരേ നാലു ഗോളിനാണ് ലെസ്റ്റർ സിറ്റി തോറ്റത്. ഗാരെത് ബെയ്ൽ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ ഹാരി കെയ്ൻ ഒരു ഗോൾ നേടി.

കാസ്പെർ ഷെമെയ്ചലിന്റെ സെൽഫ് ഗോളും ടോട്ടനത്തിന്റെ അക്കൗണ്ടിലെത്തി. രണ്ടു പെനാൽറ്റികളിലൂടെ ജാമി വാർഡിയാണ് ലെസ്റ്ററിന്റെ രണ്ടു ഗോളുകളും നേടിയത്. തോൽവിയോടെ ലെസ്റ്റർ പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ആസ്റ്റൺ വില്ല ചെൽസിയെ തകർത്തത്. ബെർട്രോൻഡ് ട്രവോറെ (43), അൻവർ ഘാസി (52) എന്നിവരാണ് ആസ്റ്റൺ വില്ലയ്ക്കായി സ്കോർ ചെയ്തത്. ബെൻ ചിൽവെൽ ചെൽസിയുടെ ഗോൾ നേടി. തോറ്റെങ്കിലും 67 പോയന്റുമായി നാലാം സ്ഥാനം ഉറപ്പിക്കാൻ ചെൽസിക്കായി.  മറ്റു മത്സരങ്ങളിൽ മാഞ്ചെസ്റ്റർ സിറ്റി എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് എവർട്ടനെ തകർത്തു. ഈ സീസണോടെ ടീം വിടുന്ന സെർജിയോ അഗ്വേറോ ഇരട്ട ഗോളുകളുമായി തിളങ്ങി.  മാഞ്ചെസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് വോൾവ്സിനെ തകർത്തു. 

Post a Comment

0 Comments