Ticker

6/recent/ticker-posts

Header Ads Widget

ലക്ഷദ്വീപില്‍ പുതിയ നിയമം പ്രാബല്യത്തില്‍; പാസ് പുതുക്കലും പ്രവേശനവും എഡിഎം തീരുമാനിക്കും

ലക്ഷദ്വീപ് യാത്രയുമായി ബന്ധപ്പെടുത്തി അഡ്മിനിസ്ട്രേറ്റർ ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ ഇന്നുമുതൽ നിലവിൽ വരും. എഡിഎമ്മിന്റെ മുൻകൂർ അനുമതിയുളളവർക്ക് മാത്രമേ ദ്വീപിലേക്ക് പ്രവേശനമുളളൂ.

കോവിഡ് പശ്ചാത്തലം മുൻനിർത്തിയാണ് ദ്വീപിലേക്കുളള സന്ദർശകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഓരോ ദ്വീപിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതിയുണ്ടെങ്കിൽ ദ്വീപ് സന്ദർശിക്കാൻ കഴിയുമായിരുന്നു. ഇന്നുമുതൽ അത് സാധ്യമല്ല. എഡിഎമ്മിന്റെ അനുമതിയുണ്ടെങ്കിൽ മാത്രമേ സന്ദർശകർക്ക് പ്രവേശനം ഉണ്ടാകുകയുളളൂ.

സംസ്ഥാനത്തെ പല രാഷ്ട്രീയ കക്ഷികളും തങ്ങളുടെ പ്രതിനിധി സംഘത്തെ ലക്ഷദ്വീപിലേക്ക് അയയ്ക്കാൻ അപേക്ഷയുമായി എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്നുളളത് ശ്രദ്ധേയമാണ്.

നിലവിൽ പാസ്സുളള വ്യക്തികൾക്ക് പോലും ഒരാഴ്ച പിന്നിട്ടുകഴിഞ്ഞാൽ ദ്വീപിൽ തങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. അവർക്ക് പാസ് പുതുക്കി നൽകണോ എന്ന് തീരുമാനിക്കേണ്ടത് എഡിഎമ്മാണ്. ഇന്നുമുതൽ ആ നിയന്ത്രണം കൂടി നിലവിൽ വന്നിരിക്കുകയാണ്.

ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരേ പ്രതിഷേധം ഉയരുന്നതിനിടയിലാണ് സന്ദർശകർക്കുളള പ്രവേശനാനുമതിയും കടുപ്പിക്കുന്നത്.

പുതിയ പരിഷ്കാരങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ദ്വീപിലെത്തിയേക്കുമെന്നാണ് സൂചന. ലക്ഷദ്വീപ് ബിജെപി പ്രവർത്തകരെയടക്കം ഉൾപ്പെടുത്തി രൂപീകരിച്ച കോർകമ്മിറ്റി അഡ്മിനിസ്ട്രേറ്ററെ നേരിൽകണ്ട് സംസാരിച്ചേക്കും.

ലക്ഷദ്വീപിലെ പ്രതിസന്ധി നേരിട്ടു വിലയിരുത്താന്‍ എം.പി.മാരുടെ സംഘത്തിന് സന്ദര്‍ശനാനുമതി തേടിയതായി എന്‍.കെ. പ്രേമചന്ദ്രന്‍. അനുമതിക്കായി അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഷിപ്പിങ് മന്ത്രി മന്‍സുഖ് എല്‍. മണ്ഡാവിയ എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്.

യു.ഡി.എഫിലെ അഞ്ച് എം.പി. മാരുള്‍പ്പെട്ട സംഘമാണ് പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ദ്വപീലേക്ക് പോകുന്നത്. തിങ്കളാഴ്ച ദ്വീപിലേക്ക് പോകുന്നതിന് കപ്പല്‍ ടിക്കറ്റിനും യാത്രാനുമതിക്കുമാണ് കത്ത്. ബെന്നി ബെഹനാന്‍, എം.കെ. രാഘവന്‍, ഹൈബി ഈഡന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവരാണ് സംഘത്തിലെ മറ്റ് എം.പി.മാര്‍.

Post a Comment

0 Comments