ന്യൂഡൽഹി: ഇന്ത്യയിൽ നടപ്പാക്കിയ പുതിയ ഐ.ടി. നിയമങ്ങൾ പാലിക്കുന്നതിന് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രസർക്കാർ സർക്കാർ നൽകിയ സമയപരിധി അവസാനിക്കാനിരിക്കെ നിർണായക പ്രതികരണവുമായി ഫെയ്സ്ബുക്ക്.
ഇന്ത്യൻ സർക്കാരിന്റെ മാർഗ നിർദേശങ്ങൾ ഉടൻ അംഗീകരിക്കാൻ ഉദ്ദേശിക്കുന്നതായി ഫെയ്സ്ബുക്കിന്റെ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഐടി നിയമങ്ങളിലെ വ്യവസ്ഥകൾ പാലിക്കാനും സർക്കാരിന്റെ കൂടുതൽ ഇടപഴകൽ വേണ്ട ചില വിഷയങ്ങൾ ചർച്ച ചെയ്യാനും ഫെയ്സ്ബുക്ക് ലക്ഷ്യമിടുന്നു. ഐടി നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും. വ്യക്തികൾക്ക് അവരുടെ അഭിപ്രായങ്ങൾ സുരക്ഷിതവും സ്വതന്ത്രവുമായി രേഖപ്പെടുത്താനുള്ള ഇടമായി നിലകൊള്ളുന്നതിന് ഫെയ്സ്ബുക്ക് പ്രതിജ്ഞാബദ്ധരാണെന്നും ഫെയ്സ്ബുക്ക് വക്താവ് പ്രസ്താവനയിൽവ്യക്തമാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടുചെയ്തു.
ഇന്ത്യയിൽ നടപ്പാക്കിയ പുതിയ ഐ.ടി. നിയമങ്ങൾ പാലിക്കുന്നതിന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിർദേശം നൽകിയിരുന്നത്. ഇത് പാലിക്കുന്നതിനായി മൂന്ന് മാസത്തെ സമയവും അനുവദിച്ചിരുന്നു. അധികൃതർ അനുവദിച്ച മൂന്ന് മസത്തെ സമയപരിധി മെയ് 25-നാണ് അവസാനിക്കുന്നത്. പുതിയ നിർദേശങ്ങൾ പാലിക്കാത്തപക്ഷം ഇന്റർമീഡിയറി എന്ന നിലയിലുള്ള അവരുടെ പ്രൊട്ടക്ഷനും സ്റ്റാറ്റസും നഷ്ടമാകുമെന്നാണ് വിലയിരുത്തലുകൾ.
ഇതിനുപുറമെ, ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാത്തിനെ തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരേ നിയമ നടപടികൾ ഉണ്ടാകുമെന്നുമാണ് സൂചന. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ നിന്ന് കംപ്ലയിൻസ് ഓഫീസർമാരെ നിയമിക്കണമെന്നായിരുന്നു സർക്കാർ മുന്നോട്ട് വെച്ച പ്രധാന നിർദേശം. ഈ ഉദ്യോഗസ്ഥർക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുകയും വേണ്ടിവന്നാൽ ഇത് നീക്കം ചെയ്യുന്നതിനും അധികാരം നൽകിയിരുന്നു. സോഷ്യൽ മീഡിയകൾക്ക് പുറമെ, ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾക്കും ഈ നിർദേശങ്ങൾ ബാധകമാണ്.
0 Comments