പ്രവേശനപരീക്ഷാ കമ്മിഷണർ വഴിയുള്ള 2021-ലെ പ്രൊഫഷണൽ കോഴ്സ് പ്രവേശന നടപടികളെല്ലാം https://cee.kerala.gov.in വഴിയാണ് നടക്കുന്നത്.
കോഴ്സുകളെ നാലു സ്ട്രീമുകളിലായി തിരിച്ചിട്ടുണ്ട് - എൻജിനിയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ ആൻഡ് അലൈഡ്, ഫാർമസി. അപേക്ഷാർഥി താത്പര്യമുള്ള, പരിഗണിക്കപ്പെടേണ്ട, സ്ട്രീമുകൾമാത്രം ഇപ്പോൾ തിരഞ്ഞെടുത്താൽ മതി. എൻജിനിയറിങ്ങിലെ ബ്രാഞ്ചുകൾ, മെഡിക്കൽ ആൻഡ് അലൈഡ് വിഭാഗത്തിലെ പ്രോഗ്രാമുകൾ എന്നിവ ഇപ്പോൾ തിരഞ്ഞെടുക്കേണ്ടതില്ല.
അർഹതയ്ക്കുവിധേയമായി ഒരാൾക്ക് ഒന്നോ, കൂടുതലോ സ്ട്രീമുകളിലേക്ക് (പരമാവധി നാല്) അപേക്ഷിക്കാം. ഒരു സ്ട്രീമിൽമാത്രം അപേക്ഷിച്ചാലും ഒന്നിൽക്കൂടുതൽ സ്ട്രീമുകളിൽ അപേക്ഷിച്ചാലും ഒരൊറ്റ അപേക്ഷയേ നൽകേണ്ടതുള്ളൂ. ഏതൊക്കെ സ്ട്രീമിൽ പരിഗണിക്കണമെന്ന് അപേക്ഷയിൽ രേഖപ്പെടുത്തണം. എൻജിനിയറിങ് പ്രവേശനപരീക്ഷയുടെ ആദ്യ പേപ്പർ, ഫാർമസി പ്രവേശനപരീക്ഷകൂടിയാണ്. എന്നാൽ, എൻജിനിയറിങ്ങിന് അപേക്ഷിക്കുന്ന ഒരാളെ സ്വമേധയാ ഫാർമസി റാങ്ക് പട്ടികയിലേക്ക് പരിഗണിക്കില്ല. അപേക്ഷ നൽകുമ്പോൾ ഫാർമസി സ്ട്രീം തിരഞ്ഞെടുക്കുന്നവരെമാത്രമേ ഫാർമസി റാങ്കിങ്ങിനായി പരിഗണിക്കുകയുള്ളൂ.
വെബ്സൈറ്റിലുള്ള പ്രോസ്പെക്ടസിലെ വ്യവസ്ഥകൾ വായിക്കുക. മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി. എന്നിവ വേണം. അപേക്ഷാർഥിയുടെ ഫോട്ടോ, ഒപ്പ് എന്നിവ jpeg/jpg ഫോർമാറ്റിൽ, നിശ്ചിത അളവിൽ തയ്യാറാക്കിവെക്കണം. അപ്ലോഡ് ചെയ്യേണ്ട സർട്ടിഫിക്കറ്റുകൾ, പി.ഡി.എഫ്. ഫോർമാറ്റിൽ ആയിരിക്കണം. അപേക്ഷ www.cee.kerala.gov.in വഴി നൽകാം.
അപ്ലോഡ് ചെയ്യേണ്ട രേഖകൾ
അവകാശവാദങ്ങൾ തെളിയിക്കാൻ ബാധകമായ രേഖകൾ അപ്ലോഡ് ചെയ്യണം:
നേറ്റിവിറ്റി (നിർബന്ധമാണ്)
ജനനത്തീയതി തെളിയിക്കുന്ന രേഖ (നിർബന്ധമാണ്)
എസ്.ഇ.ബി.സി. സംവരണം/ഒ.ഇ.സി. ആനുകൂല്യം
എസ്.സി./എസ്.ടി. സംവരണം
മിശ്രവിവാഹിതരുടെ മക്കൾക്ക് എസ്.ഇ. ബി.സി., എസ്.സി./എസ്.ടി. സംവരണത്തിന്
ഇ.ഡബ്ല്യു.എസ്. സംവരണം
വിദ്യാഭ്യാസാനുകൂല്യം ലഭിക്കാൻ അർഹതയുള്ള വിഭാഗക്കാരുടെ (അനുബന്ധം X(a) നോക്കുക) ജാതി/ വരുമാന സർട്ടിഫിക്കറ്റ്
വിശേഷാൽസംവരണം രേഖ
വാർഷിക കുടുംബ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഫീസ് ആനുകൂല്യം/സ്കോളർഷിപ്പ് എന്നിവയ്ക്ക് പരിഗണിക്കപ്പെടാൻ വരുമാന സർട്ടിഫിക്കറ്റ്
എൻ.ആർ.ഐ. രേഖകൾ
ന്യൂനപക്ഷസമുദായ ക്വാട്ട പരിഗണനയ്ക്ക് സമുദായ സർട്ടിഫിക്കറ്റ്
കോഴ്സ് സർട്ടിഫിക്കറ്റ് (സംസ്കൃതപഠനം, വി.എച്ച്.എസ്.ഇ./എച്ച്.എസ്.ഇ. നിശ്ചിത വിഷയം പഠിച്ചവർക്കുള്ള സംവരണത്തിന്)/ മാർക്ക് ഷീറ്റ് (കോഴ്സ് പൂർത്തിയാക്കിയവർ). വിവരങ്ങൾക്ക്: www.cee.kerala.gov.in
രജിസ്ട്രേഷൻ -പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, പാസ്വേർഡ് (മൊബൈൽ നമ്പർ,
ഇ-മെയിൽ വിലാസം, പാസ്വേർഡ് എന്നിവ കൺഫേം ചെയ്യണം), അക്സസ് കോഡ് എന്നിവ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം.
പേര് ഇനീഷ്യൽവെച്ച് തുടങ്ങരുത്. പേര്, ഇനീഷ്യൽ എന്നിവയ്ക്ക് ഇടയിൽ കുത്ത് (.) ഇടരുത്. പകരം സ്പേസ് ഇടുക. രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ സിസ്റ്റംവഴി കിട്ടുന്ന ആപ്ലിക്കേഷൻ നമ്പർ കുറിച്ചുവെക്കണം. രജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ അപേക്ഷാർഥി കടന്നുചെല്ലുന്നത് തന്റെ 'ഹോം പേജി'ലേക്കാണ്. തുടർനടപടികൾ ഹോം പേജിലാണ് പൂർത്തിയാക്കേണ്ടത്.
അപേക്ഷ പൂരിപ്പിക്കൽ -അപേക്ഷയിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകണം. ഈ ഘട്ടത്തിലാണ് പരിഗണിക്കപ്പെടേണ്ട കോഴ്സുകൾ/ സ്ട്രീമുകൾ (എൻജിനിയറിങ്/ആർക്കിടെക്ചർ, മെഡിക്കൽ ആൻഡ് അലൈഡ്/ഫാർമസി), പരീക്ഷാകേന്ദ്രം (കേരളത്തിൽ 14 കേന്ദ്രങ്ങൾ, മുംബൈ, ന്യൂഡൽഹി, ദുബായ്) തുടങ്ങിയവ തിരഞ്ഞെടുക്കേണ്ടത്. തിരഞ്ഞെടുക്കുന്ന ജില്ലയിലെ ഒരു താലൂക്കുകൂടി തിരഞ്ഞെടുത്തു നൽകണം.
വ്യക്തിഗത, വിദ്യാഭ്യാസ വിവരങ്ങൾ നൽകണം. അർഹതയ്ക്കുവിധേയമായി വിവിധ സംവരണ ആനുകൂല്യങ്ങൾക്കുള്ള അവകാശവാദമുന്നയിക്കണം. വിവരങ്ങൾ നൽകിയശേഷം, അവ സേവ് ചെയ്ത്, പ്രീ വ്യൂ നടത്തി ശരിയെന്ന് ഉറപ്പാക്കി, ഡിക്ലറേഷൻ അംഗീകരിച്ച്, സേവ് ആൻഡ് ഫൈനലൈസ് ക്ലിക്ക് ചെയ്ത്, രണ്ടാംഘട്ടം പൂർത്തിയാക്കണം. ഇതുകഴിഞ്ഞാൽ വിവരങ്ങൾ മാറ്റാൻ കഴിയില്ല.
അപേക്ഷാഫീസ് അടയ്ക്കൽ -ഓൺലൈൻ (നെറ്റ് ബാങ്കിങ് / ക്രഡിറ്റ് /ഡെബിറ്റ് കാർഡ് വഴി) ആയോ ഇ-ചലാൻ വഴി (അപേക്ഷ നൽകുമ്പോൾ ചലാൻ പ്രിന്റ് ചെയ്യാം) തിരഞ്ഞെടുത്ത ഹെഡ് / സബ് പോസ്റ്റ് ഓഫീസിൽ പണമായോ അടയ്ക്കാം. അപേക്ഷാഫീസ് ഇപ്രകാരം: എൻജിനിയറിങ്/ഫാർമസി - ഇവയിലൊന്നിനോ രണ്ടിനുമോ അപേക്ഷിക്കാൻ 700 രൂപ. ആർക്കിടെക്ചർ, മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകൾ -ഇവയിൽ ഒന്നിനോ രണ്ടിനുമോ അപേക്ഷിക്കാൻ -500 രൂപ. സൂചിപ്പിച്ചവയിൽ മൂന്നോ/നാലോ സ്ട്രീമുകൾക്ക് അപേക്ഷിക്കാൻ -900 രൂപ. പട്ടികജാതി വിഭാഗക്കാർക്ക് ഇത് യഥാക്രമം 300 രൂപ, 200 രൂപ, 400 രൂപ. പട്ടികവർഗ വിഭാഗം അപേക്ഷകർക്ക് അപേക്ഷാഫീസില്ല. ദുബായ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്താൽ അപേക്ഷാഫീസിനുപുറമേ 12,000 രൂപ കൂടി അടയ്ക്കണം.
ഫോട്ടോ, ഒപ്പ് ഇമേജുകൾ, അവകാശവാദങ്ങൾ സ്ഥാപിക്കുന്നതിനാവ ശ്യമായ സർട്ടിഫിക്കറ്റുകളുടെ പി.ഡി.എഫ്. പകർപ്പ് എന്നിവ അപ്ലോഡ് ചെയ്യണം. ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, ജനനത്തീയതി രേഖ എന്നിവ ജൂൺ 21-നകം അപ്ലോഡ് ചെയ്യണം. മറ്റുരേഖകൾ ജൂൺ 30-ന് വൈകീട്ട് അഞ്ചിനകം അപ്ലോഡ് ചെയ്യണം.
അക്നോളജ്മെന്റ് പ്രിന്റിങ് -നൽകിയ വിവരങ്ങളടങ്ങിയ അക്നോളജ്മെന്റ് പേജിന്റെ പ്രിന്റ്ഔട്ട്, ഭാവിയിലെ റഫറൻസിനായി എടുത്തുസൂക്ഷിക്കണം. ഇത് എൻട്രൻസ് ഓഫീസിലേക്ക് അയക്കേണ്ടതില്ല. നടപടികൾ പൂർത്തിയാകുമ്പോൾ ഹോം പേജിൽനിന്നും ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്.
0 Comments