🇴🇲കൊവിഡിന് പിന്നാലെ ആശങ്ക വിതച്ച് ഒമാനില്‍ ബ്ലാക് ഫംഗസ്.
🇦🇪യുഎഇയില്‍ 2,127 പേര്‍ക്ക് കൂടി കൊവിഡ്, നാല് മരണം.
🇴🇲ഒമാനില്‍ പുതിയ കൊവിഡ് കേസുകളും മരണങ്ങളും കൂടുന്നു.
🇧🇭ബഹ്‌റൈൻ: COVID-19 റാപിഡ് ടെസ്റ്റുകളിൽ പോസിറ്റീവ് ആകുന്നവർ ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രങ്ങളിലെത്താൻ നിർദ്ദേശം.
🇸🇦സൗദിയിലെ മാളുകളിലേക്കുള്ള പ്രവേശന വിലക്ക്: ഏതാനം വിഭാഗങ്ങൾക്ക് ഈ നിയന്ത്രണത്തിൽ ഇളവ് അനുവദിക്കും.
🇦🇪അബുദാബി: എമിറേറ്റിലെ പൊതു ഇടങ്ങളിൽ ഇന്ന് മുതൽ Alhosn ഗ്രീൻ പാസ് നടപ്പിലാക്കും.
🇦🇪അബുദാബി: രോഗികൾക്ക് ബുക്കിംഗ് ഉൾപ്പടെയുള്ള സേവനങ്ങൾ നൽകുന്നതിനായി SEHA വാട്സാപ്പ് സംവിധാനം ആരംഭിക്കുന്നു.
🕋ഹജ്ജിന് വേണ്ടി 24 മണിക്കൂറിനിടെ രജിസ്റ്റര്‍ ചെയ്തത് നാലര ലക്ഷത്തോളം പേര്‍.
🇸🇦കോവിഡ്: മക്ക പ്രവിശ്യയിൽ പുതിയ രോഗികളുടെ എണ്ണം വർധിച്ചു.
🇦🇪യുഎഇയിൽ ഉച്ചവിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിൽ.
🇶🇦ഖത്തറില്‍ 146 പേര്‍ക്ക് കോവിഡ്; ഇന്ന് മരണമില്ല.
🇸🇦കൊവിഡ്; സൗദിയില്‍ ഇതുവരെ വിതരണം ചെയ്തത് 1.6 കോടി ഡോസ് വാക്സിന്‍.
🇦🇪യുഎഇയില്‍ ഫോണ്‍ ബില്ല് അടയ്‍ക്കാന്‍ വൈകിയാല്‍ ഇനി റീ കണക്ഷന്‍ ചാര്‍ജും നല്‍കേണ്ടി വരും.
വാർത്തകൾ വിശദമായി
🇴🇲കൊവിഡിന് പിന്നാലെ ആശങ്ക വിതച്ച് ഒമാനില്‍ ബ്ലാക് ഫംഗസ്.
✒️ഒമാനിലും 'ബ്ലാക്ക് ഫംഗസ്' (മുകര്‍മൈക്കോസിസ്) റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ബ്ലാക്ക് ഫംഗസ് കേസുകള്‍ ഒമാനില്‍ രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് വൈറസ് ബാധിച്ച മൂന്നു രോഗികളുടെ സ്രവപരിശോധനയില്‍ ബ്ലാക്ക് ഫംഗസ് പിടിപെട്ടതായി കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രലായതിന്റെ പ്രസ്താവനയില്‍ പറയുന്നു. മൂന്ന് രോഗികളും മന്ത്രാലയത്തിന്റെ ചികിത്സയിലാണെന്നും അറിയിപ്പില്‍ പറയുന്നു.
🇦🇪യുഎഇയില്‍ 2,127 പേര്‍ക്ക് കൂടി കൊവിഡ്, നാല് മരണം.
✒️യുഎഇയില്‍ 2,127 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,094 പേര്‍ സുഖം പ്രാപിക്കുകയും നാലുപേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,29,143 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,01,950 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,81,139 പേര്‍ രോഗമുക്തരാവുകയും 1,734 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,077 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇴🇲ഒമാനില്‍ പുതിയ കൊവിഡ് കേസുകളും മരണങ്ങളും കൂടുന്നു.
✒️ഒമാനില്‍ പുതിയ കൊവിഡ് കേസുകളും മരണങ്ങളും കൂടുന്നു. ഇന്ന് രാജ്യത്ത് 2126 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 33 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്‍തു.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2,38,566 ആയി. ഇവരില്‍ 2,12,064 പേരാണ് രോഗമുക്തരായത്. ഇപ്പോള്‍ 89 ശതമാനമാണ് രോഗമുക്തി നിരക്ക്. 2565 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്‍ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 164 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1247 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 374 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
🇧🇭ബഹ്‌റൈൻ: COVID-19 റാപിഡ് ടെസ്റ്റുകളിൽ പോസിറ്റീവ് ആകുന്നവർ ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രങ്ങളിലെത്താൻ നിർദ്ദേശം.
✒️COVID-19 റാപിഡ് ടെസ്റ്റുകളിൽ പോസറ്റീവ് ആകുന്നവർ നിർബന്ധമായും പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. ജൂൺ 14-ന് വൈകീട്ടാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, ബഹ്‌റൈനിൽ COVID-19 റാപിഡ് ടെസ്റ്റിംഗ് കിറ്റുകൾ ഉപയോഗിച്ച് നടത്തുന്ന പരിശോധനകളിൽ പോസിറ്റീവ് ആകുന്നവർ താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്:
ഉടൻ തന്നെ സ്വയം ഐസൊലേറ്റ് ചെയ്യുക. മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക. നിർബന്ധമായും മുഴുവൻ സമയവും മാസ്കുകൾ ധരിക്കുക.
ഉടൻ തന്നെ ‘BeAware’ ആപ്പിലൂടെ രോഗബാധിതനായ വിവരം റിപ്പോർട്ട് ചെയ്യേണ്ടതാണ്.
റാപിഡ് ടെസ്റ്റുകളിൽ പോസറ്റീവ് ആകുന്നവർ ഉടൻ തന്നെ ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ, റാഷിദ് ഇക്യുസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിംഗ് ക്ലബ്, മുഹറഖ് ഗവർണറേറ്റിലെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന് സമീപത്ത് പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രം എന്നിവയിലേതെങ്കിലും ഒരിടത്ത് റിപ്പോർട്ട് ചെയ്യേണ്ടതും, PCR ടെസ്റ്റ് നടത്തേണ്ടതുമാണ്. റാപിഡ് ടെസ്റ്റുകളിൽ പോസിറ്റീവ് ആകുന്നവർ ഈ പരിശോധനയ്ക്കായി 444 എന്ന നമ്പറിൽ പ്രത്യേകം വിളിക്കേണ്ടതില്ല.
PCR ടെസ്റ്റ് നടത്തുന്നതിനായി പോകുന്ന അവസരത്തിൽ, റാപിഡ് ടെസ്റ്റ് നടത്താൻ ഉപയോഗിച്ച റാപിഡ് ടെസ്റ്റിംഗ് കിറ്റ് വായു കടക്കാത്ത രീതിയിൽ ഒരു സുതാര്യമായ പ്ലാസ്റ്റിക് ബാഗിൽ വെച്ച് കൈവശം നിർബന്ധമായും കരുതേണ്ടതാണ്.
🇸🇦സൗദിയിലെ മാളുകളിലേക്കുള്ള പ്രവേശന വിലക്ക്: ഏതാനം വിഭാഗങ്ങൾക്ക് ഈ നിയന്ത്രണത്തിൽ ഇളവ് അനുവദിക്കും.
✒️വാക്സിനെടുക്കാത്തവർക്ക് രാജ്യത്തെ ഷോപ്പിംഗ് മാളുകളിൽ പ്രവേശനവിലക്കേർപ്പെടുത്താനുള്ള തീരുമാനത്തിൽ ഏതാനം വിഭാഗങ്ങൾക്ക് ഇളവ് അനുവദിക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലേക്കും, മാളുകളിലേക്കുമുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കുമെന്ന് വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
ഓഗസ്റ്റ് 1 മുതൽ ഈ തീരുമാനം നടപ്പിലാക്കുന്നത് ആരംഭിക്കുമെങ്കിലും, നിലവിൽ COVID-19 വാക്സിൻ കുത്തിവെപ്പെടുക്കാത്ത 18 വയസ്സിന് താഴെ പ്രായമുള്ളവർ, ആരോഗ്യ പ്രശ്‌നങ്ങളാൽ വാക്സിൻ സ്വീകരിക്കാനാകാത്തവർ എന്നീ വിഭാഗങ്ങൾക്ക് ഷോപ്പിംഗ് മാളുകളിലേക്ക് പ്രവേശനം അനുവദിക്കുന്നത് തുടരുമെന്നാണ് സൗദി വാണിജ്യ മന്ത്രാലയം ജൂൺ 14-ന് അറിയിച്ചത്. COVID-19 വാക്സിനിന്റെ ആദ്യ ഡോസ് കുത്തിവെപ്പെങ്കിലും സ്വീകരിച്ചിട്ടുള്ളവർക്ക് മാത്രമാണ് ഓഗസ്റ്റ് 1 മുതൽ സൗദിയിലെ മാളുകളിലേക്ക് പ്രവേശനം നൽകുന്നതെന്ന് സൗദി മിനിസ്ട്രി ഓഫ് കോമേഴ്‌സ് വക്താവ് അബ്ദുൽ റഹ്മാൻ അൽ ഹുസ്സയിൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
2021 ഓഗസ്റ്റ് 1 മുതൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും രാജ്യത്തെ തൊഴിലിടങ്ങളിലും, വാണിജ്യ കേന്ദ്രങ്ങളിലും പ്രവേശനം അനുവദിക്കുക എന്ന് സൗദി ആഭ്യന്തര മന്ത്രാലയം മെയ് 18-ന് അറിയിച്ചിരുന്നു. പൊതുസമൂഹത്തിൽ COVID-19 വാക്സിനേഷൻ കൂടുതൽ പേരിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് സൗദി അധികൃതർ ഈ തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 1 മുതൽ വാണിജ്യ പ്രവർത്തനങ്ങൾ, സാംസ്‌കാരിക പരിപാടികൾ, വിനോദപരിപാടികൾ, കായികവിനോദ വേദികൾ മുതലായ ഇടങ്ങളിലെല്ലാം പ്രവേശനം ലഭിക്കുന്നതിന് സൗദി COVID-19 വാക്സിൻ നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, മുതലായ ഇടങ്ങളിലേക്കും വാക്സിനെടുത്തവർക്ക് മാത്രമായി പ്രവേശനം നിയന്ത്രിക്കാനും സൗദി തീരുമാനിച്ചിട്ടുണ്ട്. ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായി വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ‘Tawakkalna’ ആപ്പ് ഉപയോഗപ്പെടുത്തുന്നതാണെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
🇦🇪അബുദാബി: എമിറേറ്റിലെ പൊതു ഇടങ്ങളിൽ ഇന്ന് മുതൽ Alhosn ഗ്രീൻ പാസ് നടപ്പിലാക്കും.
✒️എമിറേറ്റിലെ ഒട്ടുമിക്ക പൊതു ഇടങ്ങളിലേക്കും പ്രവേശനം അനുവദിക്കുന്നതിന് Alhosn ആപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഗ്രീൻ പാസ് മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ ഇന്ന് (2021 ജൂൺ 15, ചൊവ്വാഴ്ച്ച) മുതൽ ആരംഭിക്കും. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി, ചൊവ്വാഴ്ച്ച മുതൽ എമിറേറ്റിലെ നിവാസികൾക്കും, പൗരന്മാർക്കും എമിറേറ്റിലെ ഷോപ്പിംഗ് മാളുകൾ, പൊതു പാർക്കുകൾ തുടങ്ങിയ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് Alhosn ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാക്കുന്നതാണ്.
ഇതിന്റെ ഭാഗമായി, എമിറേറ്റിലെ വിവിധ മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഗ്രീൻ പാസ് നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. എമിറേറ്റിലെ പല സൂപ്പർമാർക്കറ്റുകളും, മാളുകളും ഗ്രീൻ പാസ് നടപ്പിലാക്കുന്നത് സംബന്ധിച്ച് തങ്ങളുടെ ഉപഭോക്താക്കൾക്ക് സമൂഹ മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകിയിട്ടുണ്ട്. ലുലു ഗ്രൂപ്പിന് കീഴിലുള്ള മാളുകൾ, ഹൈപ്പർമാർക്കറ്റുകൾ, യാസ് മാൾ, അബുദാബി മാൾ തുടങ്ങിയ വാണിജ്യ കേന്ദ്രങ്ങൾ ജൂൺ 15 മുതൽ ഗ്രീൻ പാസ് ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ, യാസ് വാട്ടർ വേൾഡ്, ഫെറാറി വേൾഡ് തുടങ്ങി യാസ് ഐലൻഡിൽ പ്രവർത്തിക്കുന്ന വിവിധ വിനോദകേന്ദ്രങ്ങൾ, ഖസ്ർ അൽ വതൻ മുതലായ ഇടങ്ങളിലും ഗ്രീൻ പാസ് നടപ്പിലാക്കുന്നതാണ്.
Alhosn ആപ്പ് ഉപയോഗിച്ച് ഗ്രീൻ പാസ് നടപ്പിലാക്കുന്നതിന് എമിറേറ്റിൽ ഔദ്യോഗിക അംഗീകാരം നൽകിയതായി അബുദാബി എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി ജൂൺ 9-ന് വ്യക്തമാക്കിയിരുന്നു. വ്യക്തികൾക്ക് രാജ്യത്ത് സുഗമമായി സഞ്ചരിക്കുന്നതിനും, വിനോദസഞ്ചാരം ഉൾപ്പടെയുള്ള വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനുമായി Alhosn ആപ്പ് ഉപയോഗിച്ച് ഗ്രീൻ പാസ് നടപ്പിലാക്കുന്നതിന്റെ മാനദണ്ഡങ്ങൾക്ക് ജൂൺ 7-ന് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയ സാഹചര്യത്തിലാണ് അബുദാബി ഈ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത്.
2021 ജൂൺ 15 മുതൽ അബുദാബിയിലെ താഴെ പറയുന്ന ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് Alhosn ആപ്പിലെ ഗ്രീൻ പാസ് നിർബന്ധമാക്കിയിട്ടുണ്ട്:
ഷോപ്പിംഗ് മാളുകൾ, വലിയ സൂപ്പർ മാർക്കറ്റുകൾ.
ജിം.
ഹോട്ടലുകൾ, അവയിലെ വിവിധ സേവനങ്ങൾ.
പൊതു പാർക്കുകൾ, ബീച്ചുകൾ.
സ്വകാര്യ ബീച്ചുകൾ, സ്വിമ്മിങ്ങ് പൂളുകൾ.
വിനോദകേന്ദ്രങ്ങൾ, സിനിമാശാലകൾ, മ്യൂസിയം.
റെസ്റ്ററന്റുകൾ, കഫെ.
‘ഗ്രീൻ പാസ്’ ഉപയോഗിച്ച് കൊണ്ട് ഓരോ മേഖലയിലേക്കും പ്രവേശനം അനുവദിക്കുന്നതിന് മുൻപായി, വ്യക്തികളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ്, PCR ടെസ്റ്റ് റിസൾട്ട് എന്നിവ Alhosn ആപ്പിലൂടെ ഫെഡറൽ, പ്രാദേശിക അധികാരികൾക്ക് ആധികാരികമായി പരിശോധിച്ച് ഉറപ്പ് വരുത്താൻ സാധിക്കുന്നതാണ്. എമിറേറ്റിലെ മര്‍മ്മപ്രധാനമായ മേഖലകളിൽ നിലവിലുള്ള പ്രവർത്തന നിബന്ധനകൾക്ക് പുറമെയാണ് ഈ പുതിയ നടപടികളെന്നും, ഇവ 16 വയസ്സ് മുതൽ മുകളിലേക്ക് പ്രായമുള്ള മുഴുവൻ പേർക്കും ബാധകമാണെന്നും അബുദാബി എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഗ്രീൻ പാസ് സംവിധാനത്തിൽ, ഒരു വ്യക്തിയുടെ COVID-19 രോഗബാധ സംബന്ധിച്ച സ്റ്റാറ്റസ് അനുസരിച്ച് റെഡ്, ഗ്രീൻ, ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങൾ Alhosn ആപ്പിലൂടെ പ്രകടമാകുന്നതാണ്. COVID-19 പോസിറ്റീവ് ആകുന്നവരുടെ സ്റ്റാറ്റസ് റെഡ് നിറത്തിൽ ആപ്പിൽ തെളിയുന്നതാണ്. COVID-19 രോഗമില്ലാത്തവർക്ക് ഗ്രീൻ സ്റ്റാറ്റസ്, PCR പരിശോധനയുടെ കാലാവധി അവസാനിച്ചവരുടെ സ്റ്റാറ്റസ് ഗ്രേ നിറത്തിൽ എന്നിങ്ങനെ ഈ സംവിധാനത്തിലൂടെ തിരിച്ചറിയാവുന്നതാണ്.
വ്യക്തിയുടെ വാക്സിനേഷൻ സംബന്ധമായ സ്റ്റാറ്റസ്, PCR ടെസ്റ്റുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഗ്രീൻ പാസ് കാലാവധി നിർണ്ണയിക്കുന്നത്. ഇതിനായി വ്യക്തികളെ ആറ് വിഭാഗങ്ങളാക്കി തിരിക്കുകയും, ഇവരെ വിവിധ നിറങ്ങൾ ഉപയോഗിച്ച് കൊണ്ട് ഒരു കളർ-കോഡിംഗ് സംവിധാനത്തിലൂടെ Alhosn ആപ്പിൽ കാണിക്കുകയും ചെയ്യുന്നു. പൂർണ്ണമായും വാക്സിനേഷൻ ലഭിച്ചവർ, രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർ, ആദ്യ ഡോസ് സ്വീകരിച്ചവർ, രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നവർ, അല്ലെങ്കിൽ രണ്ടാമത്തെ ഡോസ് അപ്പോയിന്റ്മെന്റിന് വൈകിയവർ, വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയവർ എന്നിങ്ങനെയാണ് ഗ്രീൻ പാസിൽ വിവിധ നിറങ്ങൾ ഉപയോഗിച്ച് വ്യക്തികളെ തരം തിരിച്ചിരിക്കുന്നത്.
ഗ്രീൻ പാസ് മാനദണ്ഡങ്ങളുടെ ഭാഗമായി താഴെ പറയുന്ന രീതിയിലാണ് Alhosn ആപ്പിൽ കളർ-കോഡിംഗ് നടപ്പിലാക്കുന്നത്:
കാറ്റഗറി 1: കുറഞ്ഞത് 28 ദിവസം മുമ്പെങ്കിലും രണ്ടാമത്തെ ഡോസ് ലഭിച്ച അല്ലെങ്കിൽ വാക്സിൻ ട്രയലുകളിൽ സന്നദ്ധപ്രവർത്തകരായ വാക്സിനേഷൻ നടത്തിയവരെ കാറ്റഗറി 1-ൽ ഉൾപ്പെടുത്തുന്നതാണ്. അവർക്ക് നെഗറ്റീവ് പിസിആർ പരിശോധനാ ഫലം ലഭിച്ച് 30 ദിവസത്തേക്ക് പച്ച നിറത്തിൽ അൽഹോസ്ൻ അപ്ലിക്കേഷനിൽ ഗ്രീൻ പാസ് കാലാവധി നിലനിൽക്കുന്നതാണ്. ഒപ്പം ഏഴ് ദിവസത്തേക്ക് സജീവ ഐക്കൺ (അക്ഷരം ഇ അല്ലെങ്കിൽ ഗോൾഡ് സ്റ്റാർ) കാണിക്കും. ഈ സജീവ ഐക്കൺ സ്റ്റാറ്റസ് നിലനിർത്തുന്നതിന് ഓരോ ഏഴ് ദിവസം തോറും PCR ടെസ്റ്റ് നടത്തേണ്ടതാണ്.
കാറ്റഗറി 2: രണ്ടാമത്തെ ഡോസ് എടുത്ത് 28 ദിവസത്തിൽ താഴെ പൂർത്തിയാക്കിയവരെ കാറ്റഗറി 2-ൽ ഉൾപ്പെടുത്തുന്നു; അവർക്ക് നെഗറ്റീവ് പിസിആർ പരിശോധനാ ഫലം 14 ദിവസത്തേക്ക് പച്ച നിറത്തിൽ അൽഹോസ്ൻ അപ്ലിക്കേഷനിൽ ദൃശ്യമാകും.
കാറ്റഗറി 3: കാറ്റഗറി 3-ൽ ആദ്യത്തെ ഡോസ് ലഭിച്ചവരും രണ്ടാമത്തെ ഡോസ് അപ്പോയിന്റ്മെന്റിനായി കാത്തിരിക്കുന്നവരും ഉൾപ്പെടുന്നു; അവർക്ക് നെഗറ്റീവ് പിസിആർ പരിശോധനാ ഫലം ഏഴ് ദിവസത്തേക്ക് പച്ച നിറത്തിൽ അൽഹോസ്ൻ അപ്ലിക്കേഷനിൽ ദൃശ്യമാകും.
കാറ്റഗറി 4: ആദ്യ ഡോസ് ലഭിച്ചവരും രണ്ടാമത്തെ ഡോസ് അപ്പോയിന്റ്മെന്റിന് 48 ദിവസമോ അതിൽ കൂടുതലോ വൈകിയവരെ കാറ്റഗറി 4-ൽ ഉൾപ്പെടുത്തുന്നു; അവർക്ക് നെഗറ്റീവ് പിസിആർ പരിശോധനാ ഫലം അൽഹോസ്ൻ അപ്ലിക്കേഷനിൽ മൂന്ന് ദിവസത്തേക്ക് പച്ചയായി ദൃശ്യമാകും.
കാറ്റഗറി 5: രാജ്യത്തെ നടപടിക്രമങ്ങൾ അനുസരിച്ച് COVID-19 വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയവരെ (വാക്സിൻ എക്സംപ്ഷൻ സർട്ടിഫിക്കറ്റ് ഉള്ളവർ) ഈ വിഭാഗത്തിൽ പെടുത്തുന്നതാണ്. അവർക്ക് നെഗറ്റീവ് പിസിആർ പരിശോധനാ ഫലം ഏഴ് ദിവസത്തേക്ക് പച്ച നിറത്തിൽ അൽഹോസ്ൻ അപ്ലിക്കേഷനിൽ ദൃശ്യമാകും.
കാറ്റഗറി 6: ഇതുവരെ വാക്സിനെടുക്കാത്തവരെ (വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കാത്ത വിഭാഗത്തിൽപ്പെടുന്ന) ഈ വിഭാഗത്തിൽ പെടുത്തുന്നതാണ്. അവർക്ക് നെഗറ്റീവ് പിസിആർ പരിശോധനാ ഫലം അൽഹോസ്ൻ അപ്ലിക്കേഷനിൽ മൂന്ന് ദിവസത്തേക്ക് പച്ചയായി ദൃശ്യമാകും.
മേൽപ്പറഞ്ഞ എല്ലാ വിഭാഗങ്ങൾക്കും, പ്രസക്തമായ PCR ടെസ്റ്റ് സാധുത അവസാനിച്ചു കഴിഞ്ഞാൽ അൽഹോസ്ൻ സ്റ്റാറ്റസ് പച്ചയിൽ നിന്നും ചാരനിറത്തിലേക്ക് മാറും. പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കിൽ സ്റ്റാറ്റസ് ചുവപ്പായി മാറും, അതിനുശേഷം അംഗീകൃത നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. Alhosn ആപ്പിലെ ഗ്രീൻ പാസ് നിലനിർത്തുന്നതിന് കൃത്യമായ ഇടവേളകളിൽ PCR പരിശോധന നടത്തേണ്ടതാണ്.
🇦🇪അബുദാബി: രോഗികൾക്ക് ബുക്കിംഗ് ഉൾപ്പടെയുള്ള സേവനങ്ങൾ നൽകുന്നതിനായി SEHA വാട്സാപ്പ് സംവിധാനം ആരംഭിക്കുന്നു.
✒️രോഗികൾക്ക് മുൻകൂർ അനുമതികൾക്കുള്ള ബുക്കിംഗ് ഉൾപ്പടെയുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി ഒരു വാട്സാപ്പ് സംവിധാനം ആരംഭിക്കുന്നതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. വാണിജ്യ ആവശ്യങ്ങൾക്കായുള്ള പ്രത്യേക വാട്സാപ്പ് സേവനങ്ങൾ ഉപയോഗിക്കുന്ന ഈ സംവിധാനത്തിലൂടെ രോഗികൾക്ക് വിവിധ സേവനങ്ങൾ സ്വയമേവ തിരഞ്ഞെടുക്കാവുന്നതാണ്.
ഇത്തരം സേവനങ്ങൾക്കായി SEHA നൽകുന്ന ഓൺലൈൻ പോർട്ടൽ, ആപ്പ്, കാൾ സെന്റർ മുതലായ നിലവിലുള്ള സംവിധാനങ്ങൾക്ക് പുറമെയാണ് ഈ പുതിയ വാട്സാപ്പ് സംവിധാനം.
02 410 2200 എന്ന വാട്സാപ്പ് നമ്പറിലൂടെ ഈ സേവനം ലഭ്യമാകുന്നതാണ്. SEHA-യിൽ നിന്നുള്ള സേവനങ്ങൾക്കായുള്ള മുൻകൂർ അനുമതികളുമായി ബന്ധപ്പെട്ട 70 ശതമാനം പ്രവർത്തനങ്ങളും സ്വയമേവ നിയന്ത്രിക്കുന്നതിന് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നു.
രോഗികൾക്ക് പുതിയ മുൻകൂർ അനുമതികൾ നേടുന്നതിനും, നിലവിലെ മുൻകൂർ അനുമതികളുടെ വിവരങ്ങൾ അറിയുന്നതിനും, ഇതിൽ നടപടികൾ എടുക്കുന്നതിനും കേവലം രണ്ട് മിനിറ്റ് കൊണ്ട് ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്. ഇതിന് പുറമെ SEHA-യുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങൾ അറിയുന്നതിനും, പുതിയ വാർത്തകൾ, അറിയിപ്പുകൾ എന്നിവ ലഭിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്.
🕋ഹജ്ജിന് വേണ്ടി 24 മണിക്കൂറിനിടെ രജിസ്റ്റര്‍ ചെയ്തത് നാലര ലക്ഷത്തോളം പേര്‍.
✒️ഈ വര്‍ഷത്തെ ഹജ്ജിന് വേണ്ടി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലഭിച്ചത് 4,50,000 ഓളം അപേക്ഷകള്‍. അപേക്ഷകരില്‍ സൗദിയിലുള്ള സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്നതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 60 ശതമാനം പുരുഷന്മാരും 40 ശതമാനം സ്ത്രീകളുമാണ്. സ്വദേശികളും വിദേശികളുമടക്കം ഇത്തവണ 60,000 പേര്‍ക്കായിരിക്കും ഹജ്ജിനവസരമുണ്ടാവുക എന്ന് മന്ത്രാലയം നേരത്തെ അറിയിച്ചതാണ്.
https://localhaj.haj.gov.sa/LHB എന്ന വെബ് പോര്‍ട്ടല്‍ വഴി ഇന്നലെ ഉച്ചക്ക് ഒരു മണി മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. രജിസ്ട്രേഷന്‍ 10 ദിവസം നീളും. 24 മണിക്കൂറിനുള്ളില്‍ തന്നെ അനുവദിക്കപ്പെട്ട തിന്റെ ഏഴര ഇരട്ടി അപേക്ഷകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 10 ദിവസത്തിനുള്ളില്‍ ലക്ഷക്കണക്കിന് അപേക്ഷകളാണ് ലഭിക്കുക. ഇത്രയും അപേക്ഷകരില്‍ നിന്നാണ് 60,000 പേരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുക. സൗദിയിലുള്ള നിരവധി മലയാളികളും ഹജ്ജിനായി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നുണ്ട്.
🇸🇦കോവിഡ്: മക്ക പ്രവിശ്യയിൽ പുതിയ രോഗികളുടെ എണ്ണം വർധിച്ചു.
✒️സൗദിയിൽ ജിദ്ദ ഉൾപ്പെടുന്ന മക്ക പ്രവിശ്യയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു. 402 പുതിയ കേസുകളാണ് ചൊവ്വാഴ്ച ഇവിടെ റിപ്പോർട്ട് ചെയ്തത്. രാജ്യത്താകെ 1,269 പുതിയ രോഗികളും 1,014 രോഗമുക്തിയും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ സൗദിയിൽ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 4,68,175ഉം ആകെ രോഗമുക്തരുടെ എണ്ണം 4,50,255ഉം ആയി.
16 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,606 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 10,314 പേർ ചികിത്സയിലുണ്ട്.
ഇവരിൽ 1,569 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.21 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 402, റിയാദ് 262, കിഴക്കൻ പ്രവിശ്യ 186, അസീർ 105, മദീന 79, ജീസാൻ 77, അൽ ഖസീം 40, നജ്റാൻ 31, അൽബാഹ 27, തബൂക്ക് 25, ഹാഇൽ 19, വടക്കൻ അതിർത്തി മേഖല 14, അൽ ജൗഫ് 2.
🇦🇪യുഎഇയിൽ ഉച്ചവിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിൽ.
✒️യുഎഇയിൽ നാളെ മുതൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ. ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ വൈകുന്നേരം മൂന്നരവരെ തുറസായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നതിന് ഇതോടെ വിലക്ക് നിലവിൽ വരും. വിലക്ക് ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്ന് മാസത്തേക്കാണ് ഉച്ചവിശ്രമ നിയമം നിലവിലുണ്ടാവുക. കടുത്ത വേനൽചൂടിൽ വെയിലേറ്റ് ജോലി ചെയ്യേണ്ടി വരുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് യുഎഇ തൊഴിൽമന്ത്രാലയം വർഷങ്ങളായി ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. നിയമം ലംഘിച്ച് തൊഴിലാളികളെ വെയിലത്ത് ജോലിയെടുപ്പിച്ചാൽ ഒരു ജീവനക്കാരന് 5,000 ദിർഹം എന്ന നിരക്കിൽ തൊഴിലുടമയിൽനിന്ന് പിഴ ഈടാക്കും. തൊഴിലാളികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പിഴ 50,000 ദിർഹം വരെയാകാം. ഉച്ച സമയത്ത് തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കണം. കുടിക്കാൻ വെള്ളവും പാനീയവും ലഭ്യമാക്കണം. ജോലി എട്ട് മണിക്കൂറിൽ കൂടാൻ പാടില്ല. അധിക സമയത്തിന് ഓവർടൈം ആനുകൂല്യങ്ങളും നൽകണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
🇶🇦ഖത്തറില്‍ 146 പേര്‍ക്ക് കോവിഡ്; ഇന്ന് മരണമില്ല.
✒️ഖത്തറില്‍ ഇന്ന് 146 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 209 പേരാണ് രോഗമുക്തി നേടിയത്. 95 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 51 പേര്‍. 2,102 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഇന്ന് ഖത്തറില്‍ കോവിഡ് മരണമില്ല. ആകെ മരണം 579. രാജ്യത്ത് ഇതുവരെ 2,17,352 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,20,033. ഇന്ന് 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 129 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 20,962 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ 28,33,984 ഡോസ് വാക്‌സിനുകളാണ് ഇതിനകം നല്‍കിയത്.
🇸🇦കൊവിഡ്; സൗദിയില്‍ ഇതുവരെ വിതരണം ചെയ്തത് 1.6 കോടി ഡോസ് വാക്സിന്‍.
✒️സൗദി അറേബ്യയില്‍ കൊവിഡിനെതിരായ പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് 1.6 കോടി ഡോസ് കവിഞ്ഞു. ചൊവ്വാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 16,001,983 ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് രാജ്യത്താകമാനം നടന്നു. അതെസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,269 പുതിയ കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുണ്ടായിരുന്നവരില്‍ 1,014 പേര്‍ രോഗമുക്തരായി.
🇦🇪യുഎഇയില്‍ ഫോണ്‍ ബില്ല് അടയ്‍ക്കാന്‍ വൈകിയാല്‍ ഇനി റീ കണക്ഷന്‍ ചാര്‍ജും നല്‍കേണ്ടി വരും
✒️യുഎഇയില്‍ ടെലിഫോണ്‍ ബില്ലുകളുടെ പണമടയ്‍ക്കാന്‍ വൈകിയാല്‍ സേവനങ്ങള്‍ റദ്ദാക്കപ്പെടുന്നതിന് പുറമെ റീകണക്ഷന്‍ ചാര്‍ജും നല്‍കേണ്ടി വരും. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഇത്തിസാലാത്താണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ ബില്ലടയ്‍ക്കാന്‍ വൈകുന്നത് ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്‍കോറിനെ ബാധിക്കുമെന്നും ഭാവിയില്‍ ബാങ്കുകളില്‍ നിന്നുള്ള വ്യക്തിഗത ധനകാര്യ സേവനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി.
എല്ലാ മാസവും ഒന്നാം തീയ്യതിയാണ് ഇത്തിസാലാത്ത് ഉപഭോക്താക്കള്‍ക്ക് ബില്ലുകള്‍ നല്‍കുന്നത്. ഇത് അടയ്‍ക്കാന്‍ 15 വരെ സമയപരിധിയുണ്ടാകും. ഈ സമയത്തിനകം ബില്ലുകള്‍ അടച്ചില്ലെങ്കില്‍ സേവനങ്ങള്‍ റദ്ദാക്കപ്പെടും. തുടര്‍ന്ന് ബില്‍ തുക പൂര്‍ണമായും അടച്ചാലും റീകണക്ഷന്‍ ചാര്‍ജ് കൂടി നല്‍കിയാലേ സേവനങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുകയുള്ളൂ. നികുതി ഉള്‍പ്പെടെ 26.25 ദിര്‍ഹമാണ് ഇതിനായി ഈടാക്കുന്നത്. അല്‍ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോയില്‍ നല്ല സ്‍കോറുകള്‍ നിലനിര്‍ത്താനും ബില്ലുകള്‍ സമയത്ത് അടയ്‍ക്കേണ്ടത് ആവശ്യമാണ്. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഓട്ടോ പേ സംവിധാനത്തിലൂടെ ബില്ലുകള്‍ യഥാസമയം അടയ്‍ക്കുന്നതാണ് നല്ലതെന്നും കമ്പനി അറിയിച്ചു.
അതേസമയം തങ്ങളുടെ ഉപഭോക്താക്കള്‍ ബില്‍ തുക 100 ദിവസത്തിനകം അടച്ച് തീര്‍ത്താല്‍ മറ്റ് ചാര്‍ജുകളൊന്നും ഇടാക്കില്ലെന്നാണ് യുഎഇയിലെ മറ്റൊരു ടെലികോം ഓപ്പറേറ്ററായ ഡു അറിയിച്ചിരിക്കുന്നത്.
0 Comments