പിന്നിൽ നിന്ന് തിരിച്ചടിച്ച് ജോക്കോവിച്ച്; എപ്പിക് ഫൈനലിൽ സിറ്റ്സിപാസ് പൊരുതിവീണു
റോളണ്ട് ഗാരോസിൽ ജോക്കോവിച്ചിനു കിരീടം. ഫൈനലിൽ 22കാരനായ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്.
പിന്നിൽ നിന്ന് തിരിച്ചടിച്ചാണ് ലോക ഒന്നാം നമ്പർ താരം അഞ്ചാം സീഡ് താരത്തിൻ്റെ വെല്ലുവിളി മറികടന്നത്. സ്കോർ (6)6-7 2-6 6-3 6-2 6-4. ഇതോടെ 19 ഗ്രാൻഡ് സ്ലാം കിരീട നേട്ടങ്ങളിലേക്കും ജോക്കോവിച്ച് എത്തി.
20 വീതം ഗ്രാൻഡ് സ്ലാമുകൾ നേടിയ റാഫേൽ നദാലും റോജർ ഫെഡററുമാണ് ഇനി ജോക്കോവിച്ചിനു മുന്നിലുള്ളത്. ഒപ്പം ഓപ്പൺ യുഗത്തിൽ നാല് ഗ്രാൻഡ്സ്ലാമുകളും രണ്ട് തവണ നേടിയ ആദ്യ താരമെന്ന റെക്കോർഡും ജോക്കോവിച്ച് സ്വന്തം പേരിലാക്കി.
ടൈ ബ്രേക്കറിൽ ആദ്യ സെറ്റ് നേടിയ സിറ്റ്സിപാസ് അനായാസം രണ്ടാം സെറ്റും നേടിയതോടെ ഒരു അട്ടിമറി മണത്തു. പക്ഷേ, മൂന്നാം സെറ്റ് മുതൽ തിരിച്ചടിച്ച ജോക്കോവിച്ച് ലോക ഒന്നാം നമ്പർ താരമെന്ന പദവി ഊട്ടിയുറപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. നീണ്ട മത്സരത്തിൻ്റെ അവസാനത്തേക്കു വരെ ഊർജ്ജം സംഭരിച്ചുവച്ച ജോക്കോവിച്ച് അവിടെയാണ് സിറ്റ്സിപാസിനെ പൂർണമായും കീഴടക്കിയത്.
0 Comments