Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദിയിൽ വ്യത്യസ്ത കമ്പനികളുടെ വാക്സിൻ സ്വീകരിക്കാം; തവക്കൽനായിൽ പുതിയ അപ്ഡേഷനായി.

🇸🇦സൗദിയിലെ എസ്‍‍ടിസി പേ ഇനി ഡിജിറ്റൽ ബാങ്കായി പ്രവർത്തിക്കും; ഇനി അതിവേഗ സർവീസുകൾ.

🇸🇦സൗദി അറേബ്യയിൽ ഇന്ന് 1,253 പേർക്ക് കൊവിഡ്; 13 മരണം.

🇦🇪യുഎഇയില്‍ 1988 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ആറ് മരണം.

🇴🇲ഒമാൻ: പൊതുമാപ്പ് പദ്ധതിയുടെ കീഴിൽ ഇതുവരെ 50000-ത്തിൽ പരം പ്രവാസികൾ രജിസ്റ്റർ ചെയ്തു.

🇶🇦ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 277 പേര്‍ക്കെതിരെ നടപടി.

🛫യുഎഇയിലേക്ക് ജൂലൈ ആറ് വരെ വിമാന സര്‍വീസില്ലെന്ന് എയര്‍ ഇന്ത്യ.

🇶🇦ഖത്തർ: ഡ്രൈവ്-ത്രൂ, QNCC വാക്സിനേഷൻ കേന്ദ്രങ്ങൾ താമസിയാതെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം.

🇦🇪അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ ജൂൺ 24 മുതൽ മാറ്റം വരുത്തുന്നു.

🇧🇭ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകളിൽ മാറ്റം; ഇന്ത്യയിൽ നിന്നുള്ള യാത്രാ നിയന്ത്രണം തുടരും.

🇧🇭ബഹ്‌റൈൻ: COVID-19 നിയന്ത്രണങ്ങൾ ജൂലൈ 2 വരെ തുടരും.

🇴🇲പ്രവാസി നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസയുമായി ഒമാന്‍.

🇶🇦ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം; പുതിയ കേസുകള്‍ 154.

🛫ഇന്ത്യന്‍ പ്രവാസികള്‍ക്കായി ആഗോള പോര്‍ട്ടല്‍ ആരംഭിച്ചു.




വാർത്തകൾ വിശദമായി 

🇸🇦സൗദിയിൽ വ്യത്യസ്ത കമ്പനികളുടെ വാക്സിൻ സ്വീകരിക്കാം; തവക്കൽനായിൽ പുതിയ അപ്ഡേഷനായി.

✒️സൗദിയിൽ ഒരാൾക്ക് തന്നെ വ്യത്യസ്ത കമ്പനികളുടെ വാക്‌സിനുകൾ സ്വീകരിക്കുവാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി. സൗദിയിൽ അംഗീകാരമുള്ള കമ്പനികളുടെ വാക്‌സിനുകൾമാത്രമാണ് ഇങ്ങിനെ സ്വീകരിക്കാനാകുക. ഒരാളിൽ തന്നെ രണ്ട് വ്യത്യസ്ത കമ്പനികളുടെ വാക്‌സിനുകൾ രണ്ട് ഡോസായി സ്വീകരിക്കുന്നതിനെ കുറിച്ച് പഠനം നടന്ന് വരുന്നതായി നേരത്തെ തന്നെ സൗദി ആരോഗ്യ മന്ത്രാലം അറിയിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ദേശീയ പകർച്ചവ്യാധി പ്രതിരോധ കമ്മറ്റി ഇവ്വിധം സ്വീകരിക്കുന്നതിന് അനുമതി നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചത്. രണ്ട് കമ്പനികളുടെ വാക്‌സിനുകൾ സ്വീകരിക്കുന്നത് ഫലപ്രദവും സുരക്ഷിതവുമാണെന്ന് അന്താരാഷ്ട ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കമ്മറ്റി വ്യക്തമാക്കി.

നേരത്തെ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ച ആൾക്ക് അതേ കമ്പനിയുടെ രണ്ടാം ഡോസ് ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ വ്യത്യസ്ത കമ്പനിയുടേത് സ്വീകരിക്കാനാണ് സൗദി ആരോഗ്യ മന്ത്രാലയം അനുമതി നൽകിയത്. എന്നാൽ സൗദിയിൽ അംഗീകാരമുള്ള വാക്‌സിനുകൾ മാത്രമേ ഇങ്ങിനെ സ്വീകരിക്കാൻ അനുവാദമുള്ളൂ. ഇതോടെ സൗദിയിൽ നിന്നും സ്വീകരിച്ച വാക്‌സിന്റെ രണ്ടാം ഡോസ് സ്വന്തം നാട്ടിൽ ലഭിക്കാത്ത പ്രവാസിക്ക് സൗദി അംഗീകരിച്ച ഏത് വാക്‌സിനും രണ്ടാം ഡോസായി സ്വീകരിക്കാനാകും. ഇതോടൊപ്പം സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ തവക്കൽനാ മൊബൈൽ ആപ്ലിക്കേഷനിൽ, ഹജ്ജ് തീർത്ഥാടകർക്കുള്ള വിവിധ സേവനങ്ങൾകൂടി ഉൾപ്പെടുത്തി പരിഷ്‌കരിച്ചതായും മന്ത്രാലയം അറിയിച്ചു. ഹജ്ജ് തീർത്ഥാടകർക്ക് മക്കയിലെ പുണ്ണ്യ കേന്ദ്രങ്ങൾക്കിടയിലുളള യാത്രക്കുള്ള ടിക്കറ്റുകൾ തവക്കൽനാ ആപ്പ് വഴി നേടാൻ സാധിക്കും. ആശ്രിതർക്ക് ഹജ്ജിനും ഉംറക്കുമുള്ള അനുമതിക്കായി അപേക്ഷ സമർപ്പിക്കുവാനും, ശേഷം അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും പരിഷ്‌കരിച്ച ആപ്പിൽ സൗകര്യമുണ്ട്.

സ്വന്തം ആവശ്യത്തിനോ മറ്റുള്ളവർക്കോ അടിയന്തിര ഘട്ടങ്ങളിൽ ആംബുലൻസ് സേവനം ആവശ്യമായാൽ റെഡ് ക്രസന്റുമായി ബന്ധപ്പെടുന്നതിനും തവക്കൽനായിലൂടെ സാധിക്കും. തവക്കൽനാ ആപ്പിൽ നിലവിൽ ഉപയോഗിച്ച് വരുന്ന മൊബൈൽ നമ്പർ മാറ്റേണ്ട സാഹചര്യമുണ്ടായാൽ, ലോഗിൻ ചെയ്യുന്നതിന് മുമ്പായി ഹെൽപ്പ് എന്ന ബട്ടൺ വഴി മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്താൽ മതി. ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പ് വരുത്തിയുട്ടുണ്ടെന്നും, പുതിയ സേവനങ്ങൾ ലഭിക്കുന്നതിനായി തവക്കൽനാ ആപ്പ് അപ്ഡേറ്റ് ചെയ്ത് ഉപയോഗിക്കണമെന്നും സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി അറിയിച്ചു.

🇸🇦സൗദിയിലെ എസ്‍‍ടിസി പേ ഇനി ഡിജിറ്റൽ ബാങ്കായി പ്രവർത്തിക്കും; ഇനി അതിവേഗ സർവീസുകൾ.

✒️സൗദിയിലെ ജനകീയ ഓൺലൈൻ പേമെന്റ് സംവിധാനമായ എസ്ടിസി പേ ഇനിമുതൽ ഡിജിറ്റൽ ബാങ്കായി പ്രവർത്തിക്കും. ഇതിനുള്ള അംഗീകാരം സൗദി സെൻട്രൽ ബാങ്കും മന്ത്രിസഭയും നൽകി. ഇതോടെ കൂടുതൽ മൂലധനം ഈ മേഖലയിൽ കന്പനി ഇറക്കും. ഇടപാടുകാർക്കും കൂടുതൽ മെച്ചപ്പെട്ട സേവനം നൽകാൻ ഇതോടെ കമ്പനിക്കാകും.

സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ജനകീയമായ ഓൺലൈൻ പേമെന്റ് സംവിധാനമാണ് എസ്ടിസി പേ. സൗദിയിലെ വിവിധ ഓൺലൈൻ ഇടപാടിനും പർച്ചേസിനും ഇതായിരുന്നു പ്രധാന ഡിജിറ്റൽ പെമെന്റ് സംവിധാനം. ഇതുവഴിയാണ് ഭൂരിഭാഗം വിദേശികളും നാട്ടിലേക്ക് പണമയക്കുന്നത്. ഞൊടിയിടയിൽ പണമിടപാട് സാധ്യമാക്കിയ എസ്ടിസി പേ ഇനി മുതൽ ഡിജിറ്റൽ ബാങ്കായി പ്രവർത്തിക്കും. സൗദി സെൻട്രൽ ബാങ്ക് നൽകിയ അനുമതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതോടെ നടപടി പൂർത്തിയായിഞൊടിയിടയിൽ പണമിടപാട് സാധ്യമാക്കിയ എസ്ടിസി പേ ഇനി മുതൽ ഡിജിറ്റൽ ബാങ്കായി പ്രവർത്തിക്കും. സൗദി സെൻട്രൽ ബാങ്ക് നൽകിയ അനുമതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതോടെ നടപടി പൂർത്തിയായി. ഇനി സൗദിയിലെ ലോക്കൽ ഡിജിറ്റൽ ബാങ്കാണ് എസ്ടിസി ബാങ്ക്. ഇതോടെ കന്പനിയുടെ സേവനങ്ങളും വേഗത്തിലാകും.

എസ്ടിസിപേക്ക് പുറമെ അബ്ദുറഹ്മാൻ ബിൻ സഅദ് അൽ റഷീദ് എന്ന കമ്പനിക്കും ഡിജിറ്റൽ ബാങ്ക് തുടങ്ങാനുള്ള അനുമതി നൽകിയിട്ടുണ്ട്. ആയിരത്തി അഞ്ഞൂറ് കോടി റിയാൽ നിക്ഷേപത്തിലാകും ഈ ഡിജിറ്റൽ ലോക്കൽ ബാങ്ക് തുടങ്ങുക. ഇതിനു പുറമെ 32 ഡിജിറ്റൽ ഇടപാട് സ്ഥാപനങ്ങൾക്കും സൗദി സെൻട്രൽ ബാങ്ക് അനുമതി നൽകിയിട്ടുണ്ട്.

🇸🇦സൗദി അറേബ്യയിൽ ഇന്ന് 1,253 പേർക്ക് കൊവിഡ്; 13 മരണം.

✒️സൗദി അറേബ്യയിൽ പുതുതായി 1,253 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,043 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,78,135 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,59,091 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,716 ആയി. 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11,328 ആയി കുറഞ്ഞു. ഇതിൽ 1,472 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 363, കിഴക്കൻ പ്രവിശ്യ 263, റിയാദ് 165, അസീർ 159, ജീസാൻ 105, മദീന 62, നജ്റാൻ 31, അൽഖസീം 28, തബൂക്ക് 24, അൽബാഹ 22, ഹായിൽ 13, വടക്കൻ അതിർത്തി മേഖല 12, അൽജൗഫ് 6. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 16,821,228 ഡോസ് ആയി.

🇦🇪യുഎഇയില്‍ 1988 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ആറ് മരണം.

✒️യുഎഇയില്‍ 1,988 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,922 പേര്‍ സുഖം പ്രാപിക്കുകയും ആറ് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,49,333 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,18,148 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,97,008 പേര്‍ രോഗമുക്തരാവുകയും 1,773 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,367 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇴🇲ഒമാൻ: പൊതുമാപ്പ് പദ്ധതിയുടെ കീഴിൽ ഇതുവരെ 50000-ത്തിൽ പരം പ്രവാസികൾ രജിസ്റ്റർ ചെയ്തു.

✒️വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതിയുടെ കീഴിൽ ഇതുവരെ അമ്പതിനായിരത്തിൽ പരം ആളുകൾ രജിസ്റ്റർ ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. ഈ കണക്കുകൾ പ്രകാരം 51187 പ്രവാസികൾ ഇത്തരത്തിൽ ഒമാനിൽ നിന്ന് മടങ്ങുന്നതിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇതിൽ 48657 പേർ വർക്ക് വിസ കാലാവധി അവസാനിച്ചവരാണ്. ഈ പദ്ധതിയുടെ കാലാവധി 2021 ഓഗസ്റ്റ് 31 വരെ ഒമാൻ തൊഴിൽ മന്ത്രാലയം നീട്ടി നൽകിയിട്ടുണ്ട്. വിസ കാലാവധി അവസാനിച്ചവർക്കും, തൊഴിൽ പ്രശ്നങ്ങൾ നേരിടുന്നവർക്കും ഈ പദ്ധതിയുടെ കീഴിൽ ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുകയാണെങ്കിൽ, നില നിൽക്കുന്ന പിഴതുകകളും മറ്റും ഒഴിവാക്കി നൽകുന്നതാണ്.

ഒമാൻ: പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2021 ഓഗസ്റ്റ് 31 വരെ നീട്ടി

ഇത്തരത്തിൽ ഒമാനിൽ നിന്ന് പിഴ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, രാജ്യം വിടുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ റജിസ്‌ട്രേഷൻ സമർപ്പിക്കാവുന്നതാണ്.

🇶🇦ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 277 പേര്‍ക്കെതിരെ നടപടി.

✒️കൊവിഡ് നിയന്ത്രണത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ 277 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നടപടിയെടുത്തു. നിയമലംഘകരെ പിടികൂടാന്‍ ശക്തമായ പരിശോധനയാണ് മന്ത്രാലയം നടത്തിവരുന്നത്.

കഴിഞ്ഞ ദിവസം പിടിയിലായ 277 പേരില്‍ 271 പേരും പൊതുസ്ഥലത്ത് മാസ്‍ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് അഞ്ച് പേര്‍ക്കെതിരെ നടപടിയെടുത്തു. വാഹനത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്‍തതിനാണ് ഒരാള്‍ പിടിയിലായത്. ഇപ്പോഴത്തെ നിബന്ധനകള്‍ പ്രകാരം കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് ഒരുമിച്ച് യാത്രാ അനുമതിയുള്ളത്. എന്നാല്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണെങ്കില്‍ ഈ നിയന്ത്രണം ബാധകമല്ല. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

🛫യുഎഇയിലേക്ക് ജൂലൈ ആറ് വരെ വിമാന സര്‍വീസില്ലെന്ന് എയര്‍ ഇന്ത്യ.

✒️ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ ആറ് വരെ സര്‍വീസ് നടത്തില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്കുള്ള മറുപടിയായി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 23 മുതല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇ പ്രവേശനാനുമതി നല്‍കിയതോടെ ആശ്വാസത്തിലായിരുന്ന പ്രവാസികള്‍ ഇതോടെ വീണ്ടും ആശങ്കയിലാണ്.

യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ കാരണം ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകളുണ്ടാകില്ലെന്നാണ് എയര്‍ ഇന്ത്യയുടെ അറിയിപ്പ്. കൂടുതല്‍ വിവരങ്ങള്‍ ട്വിറ്ററിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്‍സൈറ്റിലൂടെയും ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബുധനാഴ്‍ച മുതല്‍ യുഎഇയിലേക്ക് വരാമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പുണ്ടായിരുന്നത്. ഇതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് സര്‍വീസ് തുടങ്ങുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സും അറിയിച്ചു. ചില വിമാനക്കമ്പനികള്‍ ബുക്കിങ് തുടങ്ങിയിരുന്നെങ്കിലും യാത്രാ നിബന്ധനകളിലെ അവ്യക്തത കാരണം ബുക്കിങ് നിര്‍ത്തിവെച്ചു.

🇶🇦ഖത്തർ: ഡ്രൈവ്-ത്രൂ, QNCC വാക്സിനേഷൻ കേന്ദ്രങ്ങൾ താമസിയാതെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം.

✒️രാജ്യത്ത് പുതിയ വാക്സിനേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ച സാഹചര്യത്തിൽ ലുസൈൽ, അൽ വക്ര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങളും, ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രവും താമസിയാതെ നിർത്തലാക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വാണിജ്യ, വ്യവസായ മേഖലയിലെ വാക്സിനേഷൻ നടപടികൾ ത്വരിതപ്പടുത്തുന്നതിനായുള്ള ഖത്തർ വാക്‌സിനേഷൻ സെന്റർ ഫോർ ബിസിനസ് ആൻഡ് ഇൻഡസ്ട്രി സെക്ടർ പ്രവർത്തനമാരംഭിച്ച സാഹചര്യത്തിലാണ് മറ്റു കേന്ദ്രങ്ങൾ നിർത്തലാക്കുന്നത്.

ജൂൺ 22-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. വേനൽ കനത്തതോടെ പകൽ സമയങ്ങളിൽ അനുഭവപ്പെടുന്ന അതികഠിനമായ ചൂട് ഈ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു.

താഴെ പറയുന്ന തീയതികളിലാണ് ഈ മൂന്ന് വാക്സിനേഷൻ കേന്ദ്രങ്ങൾ നിർത്തലാക്കുന്നത്:

ലുസൈൽ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രം: ജൂൺ 23, 2021 വരെ.

അൽ വക്രയിലെ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രം: ജൂൺ 30, 2021 വരെ.

QNCC-യിലെ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രം: ജൂൺ 29, 2021 വരെ.

ഖത്തർ വാക്‌സിനേഷൻ സെന്റർ ഫോർ ബിസിനസ് ആൻഡ് ഇൻഡസ്ട്രി സെക്ടർ

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ഏതാണ്ട് മൂന്ന് ലക്ഷം സ്‌ക്വയർ മീറ്ററിൽ ഒരുക്കിയിട്ടുള്ള ഈ വാക്സിനേഷൻ കേന്ദ്രം ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്നാണെന്ന് കരുതുന്നത്.

300 വാക്സിനേഷൻ സ്റ്റേഷനുകലുള്ള ഈ കേന്ദ്രത്തിൽ സേവനങ്ങൾ നൽകുന്നതിനായി 700 ജീവനക്കാരുണ്ട്. ഈ കേന്ദ്രത്തിൽ നിന്ന് പ്രതിദിനം 25000 ഡോസ് കുത്തിവെപ്പുകൾ നൽകുന്നതിനുള്ള ശേഷിയുണ്ട്.

🇦🇪അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ ജൂൺ 24 മുതൽ മാറ്റം വരുത്തുന്നു.

✒️എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ 2021 ജൂൺ 24 മുതൽ മാറ്റങ്ങൾ വരുത്തുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു. DCT-യുടെ കീഴിലുള്ള സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബിയിലാണ് ഈ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.

നേരത്തെ ജൂൺ 13-ന് പുറത്തിറക്കിയ പട്ടികയിൽ നിന്ന് ക്യൂബ, കിർഗിസ്ഥാൻ, റഷ്യ എന്നീ രാജ്യങ്ങളെ ഒഴിവാക്കുകയും, ഓസ്ട്രിയ, ഡെൻമാർക്ക്‌, ഫിൻലൻഡ്‌, ഇറ്റലി, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളെ ഈ പട്ടികയിലേക്ക് ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിലവിൽ 31 രാജ്യങ്ങളെയാണ് അബുദാബി ഗ്രീൻ പട്ടികയിൽ പെടുത്തിയിട്ടുള്ളത്. ആഗോള തലത്തിലുള്ള COVID-19 സാഹചര്യങ്ങൾ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് DCT ഗ്രീൻ പട്ടിക തയ്യാറാക്കുന്നത്.

ഈ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്.

യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ട് യാത്രികർ ഹാജരാക്കേണ്ടതാണ്.

അബുദാബിയിലെത്തിയ ശേഷം ഇവർക്ക് വിമാനത്താവളത്തിൽ വെച്ച് ഒരു COVID-19 PCR ടെസ്റ്റ് കൂടി നടത്തുന്നതാണ്. ഈ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന, ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയ യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. (മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.)

2021 ജൂൺ 24 മുതൽ അബുദാബി ഗ്രീൻ പട്ടികയിൽപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ:

Australia
Austria
Azerbaijan
Bhutan
Brunei
China
Denmark
Finland
Germany
Greenland
Hong Kong (SAR)
Iceland
Israel
Italy
Japan
Malta
Mauritius
Moldova
Morocco
New Zealand
Norway
Portugal
Saudi Arabia
Singapore
South Korea
Spain
Sweden
Switzerland
Taiwan, Province of China
United States of America
Uzbekistan

ഗ്രീൻ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക https://visitabudhabi.cn/en/plan-your-trip/covid-safe-travel/permitted-countries എന്ന വിലാസത്തിൽ ലഭ്യമാണ്.

COVID-19 വാക്സിൻ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് (അവസാന ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയാക്കിയ ശേഷം) ബഹ്‌റൈൻ, ഗ്രീസ്, സെർബിയ, സെയ്‌ഷെൽസ് എന്നിവിടങ്ങളിൽ നിന്ന് അബുദാബിയിലേക്ക് യാത്രചെയ്യുന്ന സാഹചര്യത്തിൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ടെന്നും വിസിറ്റ് അബുദാബി വെബ്‌പേജിൽ അറിയിച്ചിട്ടുണ്ട്.

🇧🇭ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാക്കിയിട്ടുള്ള യാത്രാനിബന്ധനകളിൽ മാറ്റം; ഇന്ത്യയിൽ നിന്നുള്ള യാത്രാ നിയന്ത്രണം തുടരും.

✒️2021 ജൂൺ 25 മുതൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ പ്രവേശിക്കുന്ന യാത്രികർക്ക് ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തുമെന്ന് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അറിയിച്ചു. ജൂൺ 22-ന് രാത്രിയാണ് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2021 ജൂൺ 25 മുതൽ ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ബാധകമാകുന്ന യാത്രാ മാനദണ്ഡങ്ങൾ:

ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികരും (ആറ് വയസിന് മുകളിൽ പ്രായമുള്ള വാക്സിൻ സ്വീകരിച്ചവരും, അല്ലാത്തവരും ആയിട്ടുള്ള മുഴുവൻ പേർക്കും ബാധകം) യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽ വെച്ച്, വിമാനത്തിൽ കയറുന്നതിന് മുൻപായി COVID-19 നെഗറ്റീവ് PCR സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഇത്തരം PCR നെഗറ്റീവ് സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കുന്ന പരിശോധനകൾക്കായി അവയിൽ QR കോഡ് ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്.

ഇന്ത്യ ഉൾപ്പടെയുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക്, ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഇത്തരത്തിൽ ഹാജരാക്കേണ്ടത്.

റെഡ് ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് യാത്ര പുറപ്പെടുന്നവർ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

രാജ്യത്തെത്തുന്ന മുഴുവൻ പേർക്കും ബഹ്‌റൈനിലെ വിമാനത്താവളത്തിൽ വെച്ചും, പത്താം ദിനത്തിലും PCR പരിശോധന നടത്തുന്നതാണ്.

റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള നിയന്ത്രണങ്ങൾ:

ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർ, പതിനാല് ദിവസത്തിനിടയിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചവർ എന്നീ വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും.

ബഹ്‌റൈൻ പൗരന്മാർ, ബഹ്‌റൈനിൽ സാധുതയുള്ള റെസിഡൻസി വിസകളുള്ളവർ എന്നീ വിഭാഗങ്ങളെ ഈ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇവർക്ക് കർശനമായ പ്രവേശന നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ ഉൾപ്പടെയുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക്, ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർ 10 ദിവസത്തേക്ക് ക്വാറന്റീനിൽ തുടരേണ്ടതാണ്.

മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്സിൻ സ്വീകരിക്കാത്ത യാത്രികർക്കും, ബഹ്‌റൈനിൽ സാധുതയില്ലാത്ത വാക്സിനേഷൻ സർട്ടിഫികറ്റുകളുമായി എത്തുന്നവർക്കും 10 ദിവസത്തെ ക്വാറന്റീൻ നിബന്ധന ബാധകമാണ്.

റെഡ് ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് താഴെ പറയുന്ന ഇളവുകൾ അനുവദിച്ചിട്ടുണ്ട്:

ബഹ്‌റൈൻ അംഗീകാരം നൽകിയിട്ടുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുള്ള, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപുള്ള PCR, ബഹ്‌റൈനിലെത്തിയ ശേഷമുള്ള ക്വാറന്റീൻ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.

യു എസ് എ, യു കെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, കാനഡ, ഓസ്ട്രേലിയ, ന്യൂസീലാൻഡ്, സൗത്ത് കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുള്ളവർക്ക് രാജ്യത്ത് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്.

🇧🇭ബഹ്‌റൈൻ: COVID-19 നിയന്ത്രണങ്ങൾ ജൂലൈ 2 വരെ തുടരും.

✒️രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ 2021 ജൂലൈ 2, വെള്ളിയാഴ്ച്ച വരെ തുടരാൻ തീരുമാനിച്ചതായി ബഹ്‌റൈനിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു. COVID-19 വ്യാപനം തടയുന്നതിനായാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

ജൂൺ 22-ന് വൈകീട്ടാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. നേരത്തെ ജൂൺ 25 വരെ ഈ നിയന്ത്രണങ്ങൾ നീട്ടിയിരുന്നു. COVID-19 നിയന്ത്രണങ്ങൾ തുടരുന്നതിന്റെ ഭാഗമായി താഴെ പറയുന്ന നിബന്ധനകളും നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചിട്ടുണ്ട്.

2021 ജൂലൈ 2 വരെ ബഹ്‌റൈനിൽ താഴെ പറയുന്ന സുരക്ഷാ മാനദണ്ഡങ്ങൾ തുടരും:

സർക്കാർ മേഖലയിലെ ജീവനക്കാരിൽ 70 ശതമാനം പേർക്ക് വർക്ക് ഫ്രം ഹോം തുടരും.
ബഹ്റൈനിലേക്കുള്ള യാത്രാ നിബന്ധനകൾ തുടരും.

2021 ജൂലൈ 2 വരെ ബഹ്‌റൈനിൽ താഴെ പറയുന്ന മേഖലകളിൽ നിയന്ത്രണങ്ങൾ തുടരും:

ഷോപ്പിംഗ് മാളുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഓൺലൈൻ സേവനങ്ങൾ മാത്രം.
റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളിൽ നിന്ന് ഡെലിവറി, ടേക്ക് എവേ സേവനങ്ങൾ മാത്രം.
ജിം, സ്പോർട്സ് ഹാൾ, സ്വിമ്മിങ്ങ് പൂൾ, വിനോദകേന്ദ്രങ്ങൾ എന്നിവ അടച്ചിടും.
സിനിമാശാലകൾ പ്രവർത്തിക്കില്ല.
സാമൂഹിക പരിപാടികൾ, കോൺഫെറൻസുകൾ എന്നിവയ്ക്കുള്ള വിലക്ക് തുടരും.
കായികവിനോദ മത്സരങ്ങളിൽ കാണികളെ പങ്കെടുപ്പിക്കില്ല.
സലൂൺ, ബ്യൂട്ടി പാർലർ, ബാർബർ ഷോപ്പ് എന്നിവ അടച്ചിടും.
വീടുകളിൽ വെച്ചുള്ള സാമൂഹിക ഒത്ത്ചേരലുകൾ അനുവദിക്കില്ല.
വിദ്യാലയങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കിന്റർഗാർട്ടനുകൾ, നഴ്‌സറികൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കില്ല.

ബഹ്‌റൈനിൽ താഴെ പറയുന്ന മേഖലകളിലെ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്:

ഹൈപ്പർമാർക്കറ്റ്, സൂപ്പർ മാർക്കറ്റ്, ഗ്രോസറി ഷോപ്പുകൾ എന്നിവ പ്രവർത്തിക്കാം.
ബേക്കറികളുടെ പ്രവർത്തനം അനുവദിക്കും.
ഇന്ധനം, ഗ്യാസ് എന്നിവയുടെ വിതരണ കേന്ദ്രങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.
സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാം.
ബാങ്കുകൾ, കറൻസി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.
ഉപഭോക്താക്കൾക്ക് നേരിട്ട് സേവനങ്ങൾ നൽകാത്ത സ്ഥാപനങ്ങളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസുകൾ തുറക്കാം.
ഇമ്പോർട്ട്, എക്സ്പോർട്ട് സ്ഥാപനങ്ങൾ.
വാഹന റിപ്പയർ സ്ഥാപനങ്ങൾ.
കെട്ടിടനിർമ്മാണം, അറ്റകുറ്റപണികൾ എന്നീ മേഖലകളിലെ സ്ഥാപനങ്ങൾ.
ഫാക്ടറികൾ.
ഫാർമസികൾ.

🇴🇲പ്രവാസി നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസയുമായി ഒമാന്‍.

✒️പ്രവാസി നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ നല്‍കുമെന്ന് ഒമാന്‍. അഞ്ചോ പത്തോ വര്‍ഷത്തേക്കുള്ള പുതുക്കാവുന്ന വിസയാണ് നല്‍കുക. നിക്ഷേപകര്‍ക്കും വിവിധ പ്രൊഫഷനലുകള്‍ക്കുമായി യുഎഇ ഈയിടെ സമാന പദ്ധതി പ്രഖ്യാപിച്ചിരുന്നു.

സപ്തംബര്‍ മുതലാണ് പദ്ധതി പ്രാവര്‍ത്തികമാവുക. വിദേശ നിക്ഷേപകര്‍ക്കും റിട്ടയര്‍ ചെയ്തവര്‍ക്കും രാജ്യത്ത് ദീര്‍ഘകാലം തങ്ങാനാവുന്ന രൂപത്തിലാണ് വിസ നല്‍കുന്നത്. 2020ലെ കണക്കു പ്രകാരം രാജ്യത്തെ ജനസംഖ്യയില്‍ 42 ശതമാനം പ്രവാസികളാണ്. അടുത്ത കാലത്തായി രാജ്യത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കിയിരുന്നു.

🇶🇦ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം; പുതിയ കേസുകള്‍ 154.

✒️ഖത്തറില്‍ ഇന്ന് 154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 203 പേരാണ് രോഗമുക്തി നേടിയത്. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 84 പേര്‍. 1,900 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഇന്ന് ഖത്തറില്‍ രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 62, 49 വയസ്സുകാരാണ് മരിച്ചത്. ആകെ മരണം 586. രാജ്യത്ത് ഇതുവരെ 2,18,787 പേര്‍ രോഗമുക്തി നേടി. ഇന്ന് 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 132 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 17,103 ഡോസ് വാക്സിന്‍ നല്‍കി. ആകെ നല്‍കിയ വാക്സിന്‍ ഡോസുകളുടെ എണ്ണം 29,26,066 ആയി.

🛫ഇന്ത്യന്‍ പ്രവാസികള്‍ക്കായി ആഗോള പോര്‍ട്ടല്‍ ആരംഭിച്ചു.

✒️ലോകത്തെ വിവിധ രാജ്യങ്ങളില്‍ ചിതറിക്കിടക്കുന്ന 30 ദശലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികളെ ഏകോപിപ്പിക്കുന്നതിന് വിദേശകാര്യമന്ത്രാലയം പുതിയ പോര്‍ട്ടല്‍ ആരംഭിച്ചു. പ്രവാസി റിഷ്ത(pravasirishta.gov.in) എന്ന പേരിലുള്ള പോര്‍ട്ടല്‍ പ്രവാസികളെ വിദേശകാര്യ മന്ത്രാലയവുമായും അതത് എംബസികളുമായും ബന്ധിപ്പിക്കും.

പ്രവാസികള്‍ക്ക് പ്രയോജനപ്രദമായ നിരവധി സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിന് പോര്‍ട്ടല്‍ സഹായിക്കും. രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്ക് കോണ്‍സുലാര്‍, കമ്യൂണിറ്റി വെല്‍ഫെയര്‍ സേവനങ്ങള്‍ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാവും. എംബസികള്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ വിവരങ്ങളും ലഭിക്കും. പരാതികള്‍ സമര്‍പ്പിക്കാനുള്ള സംവിധാനവും പോര്‍ട്ടലിലുണ്ട്.

രജിസ്റ്റര്‍ ചെയ്യാന്‍

പ്രവാസി റിഷ്ത പോര്‍ട്ടലില്‍ പ്രവാസികള്‍ക്ക് വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഹോം പേജില്‍ താമസിക്കുന്ന രാജ്യവും ബന്ധപ്പെട്ട എംബസിയും തിരഞ്ഞെടുത്ത് Submit ബട്ടന്‍ പ്രസ് ചെയ്യണം. തുടര്‍ന്നുള്ള പേജില്‍ മുകളില്‍ വലതുവശത്തു കാണുന്ന Register ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.

Post a Comment

0 Comments