Ticker

6/recent/ticker-posts

Header Ads Widget

കേരളത്തിലെ ആദ്യ എൽ.എൻ.ജി ബസ് സർവ്വീസ് നാളെ മുതൽ

സംസ്ഥാനത്തെ ആദ്യ എൽ.എൻ.ജി ബസ് സർവ്വീസ് തിങ്കളാഴ്ച മുതൽ. തിരുവനന്തപുരം – എറണാകുളം, എറണാകുളം – കോഴിക്കോട് റൂട്ടുകളിലാണ് സർവ്വീസ്. തിരുവനന്തപുരത്ത് ഗതാഗത മന്ത്രി ആന്റണി രാജു ആദ്യ സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്യും.

കെഎസ്ആർടിസിയുടെ ഡീസൽ ബസുകൾ എൽ എൻ ജി യിലേക്കും സി എൻ ജി യിലേക്കും മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള 400 പഴയ ഡീസൽ ബസ്സുകളെ എൽ.എൻ.ജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര ഉടമസ്ഥതയിലുള്ള പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് നിലവിൽ രണ്ട് എൽ.എൻ ജി ബസ്സുകൾ മുന്ന് മാസത്തേക്ക് കെ.എസ്.ആർ.ടി.സിക്ക് നൽകിയിട്ടുണ്ട്. ഈ കാലയളവിൽ ബസ്സുകളുടെ സാങ്കേതികവും സാമ്പത്തികവുമായ സാദ്ധ്യതാപഠനം നടത്തുമെന്നും, ഡ്രൈവർ, മെയിന്റനൻസ് വിഭാഗങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കുമെന്നും ആന്റണി രാജു പറഞ്ഞു.

ലോകമെമ്പാടും ഫോസിൽ ഇന്ധനങ്ങളിൽ നിന്നും ഹരിത ഇന്ധനങ്ങളിലേക്കുള്ള ചുവടു മാറ്റം വ്യാപകമാവുകയാണ്. കെ.എസ്. ആർ.ടി.സിയുടെ പുനരുദ്ധാരണ പാക്കേജായ KSRTC Restructure 2.0 വിൽ വിഭാവനം ചെയ്തിട്ടുള്ള ഒരു പ്രധാന കർമ്മ പരിപാടിയാണ് ഹരിത ഇന്ധനത്തിലേക്കുള്ള ചുവടു മാറ്റം. ഇതിന്റെ ഭാഗമായി ഡീസൽ ബസുകൾ ഹരിത ഇന്ധനങ്ങളായ LNG യിലേക്കും CNG യിലേക്കും പരിവർത്തനം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിലുള്ള 400 പഴയ ഡീസൽ ബസ്സുകളെ എൽ.എൻ.ജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്. എൽ.എൻ.ജി ഇന്ധനമായി ബസുകളിൽ ഉപയോഗിക്കുന്നത് ഇത് ആദ്യമാകയാൽ ഇതിന്റെ പരീക്ഷണം നടത്തേണ്ടത് ആവശ്യമാണ്. ഇതിനായി കേന്ദ്ര ഗവൺമെന്റ് സ്ഥാപനവും ഈ രംഗത്തെ പ്രമുഖ സ്ഥാപനവുമായ പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് നിലവിൽ അവരുടെ പക്കലുള്ള രണ്ട് എൽ.എൻ ജി ബസ്സുകൾ മുന്ന് മാസ കാലയളവിലേക്ക് കെ.എസ്.ആർ.ടി.സിക്ക് സ്റ്റേജ് കാര്യേജ് ആയി ട്രയൽ നടത്തുവാൻ വിട്ടു നൽകുന്നതിന് സമ്മതം അറിയിച്ചിട്ടുണ്ട്. ഈ മൂന്ന് മാസ ട്രയൽ കാലയളവിൽ ഈ ബസ്സുകളുടെ സാങ്കേതികവും സാമ്പത്തികവുമായ സാദ്ധ്യതാപഠനം നടത്തുന്നതാണ്. കൂടാതെ ഡ്രൈവർ, മെയിന്റനൻസ് വിഭാഗം എന്നിവരുടെ അഭിപ്രായം ശേഖരിക്കുന്നതാണ്. സി.എൻ.ജിയേക്കാൾ സാമ്പത്തികമായി കൂടുതൽ ലാഭകരം എന്ന് കണ്ടാൽ കെ.എസ്.ആർ.ടി.സി കൂടുതൽ ഡീസൽ ബസ്സുകളെ എൽ.എൻ.ജിയിലേക്ക് മാറ്റുന്നതും പരിഗണിക്കുന്നതാണ്. കേരളത്തിലെ പൊതുഗതാഗത രംഗത്ത്  ആദ്യത്തെ CNG, ഇലക്ട്രിക് ബസ്സുകൾ അവതരിപ്പിച്ച കെ.എസ്.ആർ.ടി.സി ആദ്യത്തെ സർവ്വീസിനായി ഉപയോഗിക്കുന്ന LNG ബസും കേരളത്തിലേക്കെത്തിക്കുകയാണ്.

2021 ജൂൺ 21 തിങ്കളാഴ്ച്ച രാവിലെ 12:00 മണിക്ക് തിരുവനന്തപുരം ബസ് സ്‌റ്റേഷനിൽ വച്ച് ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജു അവർകൾ കേരളത്തിലെ ആദ്യത്തെ സർവ്വീസിനുപയോഗിക്കുന്ന LNG ബസിന്റെ സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്. ബഹു: കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ശ്രീ. ബിജു പ്രഭാകർ ഐ.എ.എസ് പ്രസ്തുത ചടങ്ങിൽ വച്ച് Petronet LNG Ltd. മായുള്ള ധാരണാപത്രം  ഒപ്പ് വയ്ക്കുന്നതാണ്.

ഇതു കൂടാതെ തിരുവനന്തപുരം സിറ്റി സര്‍വ്വീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ റൂട്ട് നമ്ബറിംഗ് സിസ്റ്റം നടപ്പിലാക്കുന്നു. തിരുവനന്തപുരം ജില്ലാ ഭരണകൂടം, ഡി.റ്റി.പി.സി യുടെ സാമ്ബത്തിക സഹായത്തില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ മാനേജ്മെന്റ് വിഭാഗവുമായി ചേര്‍ന്ന് 2016 ല്‍ തിരുവനന്തപുരം നഗരത്തില്‍ റൂട്ട് നമ്ബറിംഗ് നടപ്പാക്കുന്നതിനെ സംബന്ധിച്ച്‌ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. പ്രസ്തുത റൂട്ട് നമ്ബറിംഗ് സിസ്റ്റം തിരുവനന്തപുരത്തെ സിറ്റി സര്‍വ്വീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി നടപ്പിലാക്കുകയാണ്.

എത്തിച്ചേരുന്ന സ്ഥലത്തിനും സഞ്ചരിക്കുന്ന റൂട്ടിനും പ്രാധാന്യം നല്‍കിയാണ് ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ജില്ലകളെ സൂചിപിക്കുന്നതിന് ഇംഗ്ലീഷ് അക്ഷരങ്ങളും സ്ഥലങ്ങള്‍ക്കും അക്കങ്ങളും ചേരുന്ന ഒരു സംവിധാനമാണ് നടപ്പില്‍ വരുത്തുന്നത്. തിരുവനന്തപുരം ജില്ലയെ 4 ഭാഗങ്ങളായി തിരിച്ച്‌ കളര്‍ കോഡിംഗും നടപ്പില്‍ വരുത്തുന്നുണ്ട്. തിരുവനന്തപുരം നഗരം - നീല, നെയ്യാറ്റിന്‍കര, കാട്ടാക്കട - താലൂക്ക് - മഞ്ഞ, നെടുമങ്ങാട് താലുക്ക് - പച്ച, വര്‍ക്കല, ചിറയിന്‍കീഴ് താലുക്കുകള്‍ - ചുവപ്പ് എന്നിങ്ങനെയാണ് കളര്‍ കോഡിംഗ് നടത്തിയിരിക്കുന്നത്. കൂടാതെ നമ്ബറിംഗിലും യാത്രക്കാര്‍ക്ക് അനായാസം മനസ്സിലാക്കുന്ന സംവിധാനമാണ് നടപ്പില്‍ വരുത്തുന്നത്.

തിരുവനന്തപുരം നഗരം - 1,2,3 എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന നമ്ബരുകള്‍, നെയ്യാറ്റിന്‍കര, കാട്ടാക്കട - താലൂക്ക് - 4,5 എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന നമ്ബരുകളും, നെടുമങ്ങാട് താലുക്ക് - 6, 7 എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന നമ്ബരുകളും, വര്‍ക്കല, ചിറയിന്‍കീഴ് താലുക്കുകള്‍ - 8,9 എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന നമ്ബരുകളുമാണ് നല്‍കിയിരിക്കുന്നത്. കളര്‍ കോഡിംഗ് ഓടു കൂടിയ റൂട്ട് നമ്ബര്‍ സ്ഥലനാമ ബോര്‍ഡിന്റെ ഇടതു വശത്തും, പ്രസ്തുത സര്‍വ്വീസ് എത് കാറ്റഗറിയാണ് (സിറ്റി ഓര്‍ഡിനറി (CTY), സിറ്റി ഫാസ്റ്റ് പാസഞ്ചര്‍ (CFP)) എന്ന് വ്യക്തമാക്കുന്ന കളര്‍ കോഡിംങ്ങോടു കൂടിയ ചുരുക്കെഴുത്ത് സ്ഥലനാമ ബോര്‍ഡിന്റെ വലതു വശത്തും പ്രദര്‍ശിപ്പിക്കും. സ്ഥലനാമങ്ങള്‍ എഴുതുന്നതിലും കളര്‍ കോഡിംഗ് നടപ്പിലാക്കിയിട്ടുണ്ട്.

സിറ്റി ഓര്‍ഡിനറി ബസുകളുടെ സ്ഥലനാമ ബോര്‍ഡുകളില്‍ കറുപ്പ്, നീല നിറങ്ങളിലായിരിക്കും സ്ഥല പേരുകള്‍ എഴുതുക. സിറ്റി ഫാസ്റ്റില്‍ കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളായിരിക്കും സ്ഥല പേരുകള്‍ എഴുതുന്നതിന് ഉപയോഗിക്കുക. അന്യ സംസ്ഥാന തൊഴിലാളികള്‍, വിനോദ സഞ്ചാരികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് വളരെ സഹായകമായ രീതിയിലാണ് ഈ റൂട്ട് നമ്ബറിംഗ് സിസ്റ്റം നടപ്പിലാക്കിയിരിക്കുന്നത്. നിലവില്‍ തിരുവനന്തപുരം നഗരത്തിലെ സിറ്റി ബസുകള്‍ സര്‍വ്വീസ് നടത്തുന്ന റൂട്ടുകളിലേക്കുള്ള റൂട്ട് നമ്ബറിംഗ് ആണ് പൂര്‍ത്തിയായിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ഈ സംവിധാനത്തിന് പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന സ്വീകാര്യത പരിശോധിച്ച ശേഷം ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കും, സംസ്ഥാനത്ത് മുഴുവനായും ഇത് നടപ്പാക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതാണ്

Post a Comment

0 Comments