പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മോദി രാജ്യത്തോടായി സംസാരിക്കും എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുള്ളത്. കൊവിഡ് രണ്ടാം തരംഗത്തിൽ നിന്നും രാജ്യം പതിയെ തിരിച്ചു കയറുന്ന ഘട്ടത്തിലാണ് രാജ്യത്തോട് സംസാരിക്കാൻ പ്രധാനമന്ത്രി എത്തുന്നത്.
കൊവിഡ് പശ്ചാത്തലത്തിലുള്ള എന്തെങ്കിലും സന്ദേശമാണോ അതല്ല സുപ്രധാനമായ എന്തെങ്കിലും പ്രഖ്യാപനങ്ങൾക്കായാണോ പ്രധാനമന്ത്രി എത്തുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. കൊവിഡ് രണ്ടാം തരംഗത്തിലുണ്ടായ മരണങ്ങളും സെഞ്ച്വറിയടിച്ച പെട്രോൾ വിലയും സാമ്പത്തിക വളർച്ചയിലെ ഇടിവും അങ്ങനെ രാജ്യത്തെ പൊതുസ്ഥിതി കേന്ദ്രസർക്കാരിന് എതിരായി നിൽക്കുന്ന അന്തരീക്ഷം ആണ് നിലവിലുള്ളത്.
വാക്സീൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വാക്സീനുകളുടെ സംഭരണവും വിതരണവും വീണ്ടും കേന്ദ്രം ഏറ്റെടുത്തേക്കുംഎന്നാണ് സൂചന. വിദേശ വാക്സിനുകളെ അനുവദിക്കുന്ന കാര്യത്തിലും സർക്കാർ നയത്തിൽ ഇളവ് വരുത്തിയിരിക്കുകയാണ്. ആഗോളതലത്തിൽ ഏറ്റവും പ്രശസ്തിയാർജ്ജിച്ച ഫൈസർ വാക്സീൻ ജൂലൈയിൽ ഇന്ത്യയിൽ എത്തുമെന്നും കമ്പനിയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടന്നുവെന്നുമുള്ള വാർത്തകളും ഇന്നു പുറത്തു വന്നിട്ടുണ്ട്.
0 Comments