🇸🇦കൊവിഡ്: സൗദിയില്‍ ഇന്ന് 1510 പേര്‍ക്ക് രോഗമുക്തി.
🇶🇦ഖത്തര്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വ്യാഴാഴ്ച്ച.
🇦🇪കോവിഷീൽഡ് യു എ ഇ അംഗീകൃത COVID-19 വാക്സിൻ ആണെന്ന് DHA.
🛫എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഫ്‌ളൈ ദുബൈ ഉള്‍പ്പെടെ ദുബൈ സര്‍വീസ് പുനരാരംഭിക്കുന്നു.
🇶🇦ഖത്തറില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ്; 191 രോഗമുക്തി.
🇦🇪യു എ ഇ: രാജ്യത്തെ പൊതു വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷത്തിൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനം.
🇴🇲ഒമാൻ: രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ആരംഭിച്ചു.
🇴🇲ഒമാൻ: വിവാഹ ഹാളുകൾ അടച്ചിടാൻ സുപ്രീം കമ്മിറ്റി നിർദ്ദേശം; ഹോട്ടലുകളിലെ യോഗങ്ങൾ, ആഘോഷപരിപാടികൾ എന്നിവ വിലക്കി.
🇸🇦സൗദി: ബോർഡിങ്ങ് പാസുകൾ തവക്കൽന ആപ്പുമായി ബന്ധിപ്പിക്കുന്ന നടപടികൾ പൂർത്തിയാക്കിയതായി GACA.
🇴🇲ഒമാനില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു.
🕋ഈ വര്‍ഷം ഹജ്ജിന് അനുമതി 60,000 പേര്‍ക്ക്, അഞ്ച് ലക്ഷം കവിഞ്ഞ് അപേക്ഷകര്‍.
🇸🇦സൗദിയില്‍ പള്ളികളിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്.
വാർത്തകൾ വിശദമായി
🇸🇦കൊവിഡ്: സൗദിയില്‍ ഇന്ന് 1510 പേര്‍ക്ക് രോഗമുക്തി.
സൗദി അറേബ്യയില്‍ കൊവിഡ് രോഗമുക്തി ഇന്ന് വളരെ ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1,510 പേരാണ് സുഖം പ്രാപിച്ചത്. അതെസമയം 1,212 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,75,403 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,57,128 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 7,691 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10,584 ആയി കുറഞ്ഞു. ഇതില്‍ 1,489 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 376, റിയാദ് 233, കിഴക്കന്‍ പ്രവിശ്യ 224, അസീര്‍ 103, ജീസാന്‍ 80, മദീന 66, അല്‍ഖസീം 44, തബൂക്ക് 23, നജ്‌റാന്‍ 19, ഹായില്‍ 18, അല്‍ബാഹ 17, വടക്കന്‍ അതിര്‍ത്തി മേഖല 6, അല്‍ജൗഫ് 3. രാജ്യത്തെ കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് 16,628,199 ഡോസ് ആയി.
🇶🇦ഖത്തര്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വ്യാഴാഴ്ച്ച.
ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ ലേബര്‍, കോണ്‍സുലാര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് വ്യാഴാഴ്ച. എല്ലാ മാസവും അവസാനത്തെ വ്യാഴാഴ്ചയാണ് ഓപണ്‍ ഹൗസ് നടക്കാറുള്ളത്.
ഉച്ചയ്ക്ക് ശേഷം 3 മണിക്ക്, ഇന്ത്യന്‍ അംബാസിഡര്‍ ഓണ്‍ലൈന്‍ വഴിയാണ് ഓപണ്‍ ഹൗസ് നടത്തുക. ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് labour.doha@mea.gov.in എന്ന ഇമെയിലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
🇶🇦ഖത്തറില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ്; 191 രോഗമുക്തി.
ഖത്തറില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 191 പേരാണ് രോഗമുക്തി നേടിയത്. 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 42 പേര്‍. 1912 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഇന്ന് ഖത്തറില്‍ കോവിഡ് മരണമില്ല. ആകെ മരണം 583. രാജ്യത്ത് ഇതുവരെ 2,18,435 പേര്‍ രോഗമുക്തി നേടി. ഇന്ന് 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 122 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 12,491 ഡോസ് വാക്സിന്‍ നല്‍കി. ആകെ 28,98814 ഡോസ് വാക്സിനുകളാണ് ഇതിനകം നല്‍കിയത്.
🛫എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഫ്‌ളൈ ദുബൈ ഉള്‍പ്പെടെ ദുബൈ സര്‍വീസ് പുനരാരംഭിക്കുന്നു.
എയര്‍ ഇന്ത്യ എക്പ്രസ്, സ്‌പൈസ്‌ജെറ്റ്, ഗോ എയര്‍, ഫ്‌ളൈ ദുബൈ ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ ജൂണ്‍ 23 മുതല്‍ ഇന്ത്യ-യുഎഇ സര്‍വീസ് പുനരാരംഭിക്കുന്നു. യുഎഇ റസിഡന്‍സ് വിസയുള്ളവരും വാക്‌സിനെടുത്തവരുമായ ഇന്ത്യക്കാര്‍ക്ക് 23 മുതല്‍ ദുബയിലേക്ക് മടങ്ങാമെന്ന് ദുബൈ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ദുബൈ സുപ്രിം കമ്മിറ്റി പ്രഖ്യാപിച്ച പുതിയ കോവിഡ് പ്രോട്ടോക്കോളുകള്‍ സ്വാഗതം ചെയ്യുന്നതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. ഇന്ത്യയിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നതായി എമിറേറ്റ്‌സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കേരളത്തില്‍ നിന്ന് 800 മുതല്‍ 900 ദിര്‍ഹം വരെയാണ് നിലവില്‍ ദുബയിലേക്ക് ടിക്കറ്റ് നിരക്കെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. ജൂണ്‍ 24ന്റെ കൊച്ചി-ദുബൈ വിമാനത്തിന് 855 ദിര്‍ഹവും ജൂണ്‍ 25ന്റെ കോഴിക്കോട്-ദുബൈ വിമാനത്തിന് 879 ദിര്‍ഹവുമാണ് നിരക്കെന്ന് മുസാഫിര്‍.കോം ഓപറേഷന്‍സ് മാനേജര്‍ റാഷിദ സാഹിദ് പറഞ്ഞു.
അതേസമയം, യാത്രാ നിബന്ധനകളില്‍ അവ്യക്തത തുടരുന്നതിനാല്‍ യാത്രക്കാര്‍ ടിക്കറ്റ് എടുക്കാന്‍ മടിക്കുകയാണ്. 4 മണിക്കൂര്‍ മുമ്പുള്ള റാപിഡ് ടെസ്റ്റ് സംബന്ധിച്ചും യാത്രയ്ക്ക് മുന്‍കൂര്‍ അനുമതി വേണ്ടതുണ്ടോ എന്നത് സംബന്ധിച്ചുമാണ് പ്രധാന സംശയങ്ങള്‍.
🇦🇪യു എ ഇ: രാജ്യത്തെ പൊതു വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷത്തിൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനം.
രാജ്യത്തെ മുഴുവൻ പൊതു വിദ്യാലയങ്ങളിലും, അടുത്ത അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള പഠനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി എമിറേറ്റ്സ് സ്കൂൾസ് ഫൗണ്ടേഷൻ അറിയിച്ചു. 2021 ഓഗസ്റ്റ് 29 മുതലാണ് 2021-2022 അധ്യയന വർഷം ആരംഭിക്കുന്നത്.
ജൂൺ 20, ഞായറാഴ്ച്ചയാണ് എമിറേറ്റ്സ് സ്കൂൾസ് ഫൗണ്ടേഷൻ ഇക്കാര്യം അറിയിച്ചത്. വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഒരു പ്രത്യേക മാനദണ്ഡം നടപ്പിലാക്കുമെന്നും, ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് സംയുക്തമായി ഇത് നടപ്പിലാക്കുന്നതിന്റെ വിവിധ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി.
നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെങ്കിലും, വിദൂര രീതിയിലുള്ള പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നാണ് സൂചന. ഓരോ വിദ്യാലയങ്ങളിലെയും സാഹചര്യങ്ങൾ അനുസരിച്ചായിരിക്കും ഈ തീരുമാനം നടപ്പിലാക്കുന്നതെന്നും ഫൗണ്ടേഷൻ അറിയിച്ചിട്ടുണ്ട്. പൊതു വിദ്യാലയങ്ങളിലെ ഏതാണ്ട് 72 ശതമാനം ജീവനക്കാർ ഇതുവരെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായും ഫൗണ്ടേഷൻ വ്യക്തമാക്കി.
2021-2022 അധ്യയന വർഷത്തിൽ എമിറേറ്റിലെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കുന്നതിനും, നേരിട്ടുള്ള പഠനരീതി പുനരാരംഭിക്കുന്നതിനുമുള്ള തീരുമാനത്തിന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി ജൂൺ 17-ന് അംഗീകാരം നൽകിയിരുന്നു.
🇴🇲ഒമാൻ: രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ആരംഭിച്ചു.
രാജ്യത്ത് രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനം 2021 ജൂൺ 20, ഞായറാഴ്ച്ച വൈകീട്ട് 8 മണി മുതൽ പ്രാബല്യത്തിൽ വന്നു. ഒമാനിലെ COVID-19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ദിനവും രാത്രി 8 മണി മുതൽ രാവിലെ 4 മണിവരെ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ദിനവും രാത്രി 8 മുതൽ വാണിജ്യ പ്രവർത്തനങ്ങൾ വിലക്കിയിട്ടുള്ളതിനാൽ, ഞായറാഴ്ച്ച വൈകീട്ടോടെ ഒമാനിലെ തെരുവുകളെല്ലാം വിജനമാകുകയും, വാണിജ്യ സ്ഥാപനങ്ങളെല്ലാം നേരത്തെ അടയ്ക്കുകയും ചെയ്തിരുന്നു.
ജൂൺ 20 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ദിനവും ഒമാനിൽ രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുള്ളത്. വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ തടയുന്നതിനായി ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും പോലീസ് പ്രത്യേക പെട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്.
രാത്രികാല യാത്രാനിയന്ത്രണങ്ങളുടെ കാലയളവിൽ പൊതുഇടങ്ങളിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ആവശ്യസേവനങ്ങൾ നൽകുന്ന വാണിജ്യ പ്രവർത്തനങ്ങൾക്ക് ഇളവ് അനുവദിക്കുന്നതാണ്. രാത്രികാല ലോക്ക്ഡൌൺ സമയങ്ങളിൽ ഹോം ഡെലിവറി സേവനങ്ങൾ അനുവദിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
🇴🇲ഒമാൻ: വിവാഹ ഹാളുകൾ അടച്ചിടാൻ സുപ്രീം കമ്മിറ്റി നിർദ്ദേശം; ഹോട്ടലുകളിലെ യോഗങ്ങൾ, ആഘോഷപരിപാടികൾ എന്നിവ വിലക്കി.
2021 ജൂൺ 20 മുതൽ രാജ്യത്തെ വിവാഹ ഹാളുകൾ അടച്ചിടാൻ ഒമാൻ സുപ്രീം കമ്മിറ്റി നിർദ്ദേശം നൽകി. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് വിവാഹ ഹാളുകളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ജൂൺ 20-ന് വൈകീട്ടാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വിവാഹ ഹാളുകൾക്ക് പുറമെ, സാമൂഹിക ചടങ്ങുകൾ, വിനോദപരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഹാളുകൾക്കും ജൂൺ 20 മുതൽ പ്രവർത്തനവിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒമാനിലെ COVID-19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം.
ഇതിന് പുറമെ, ജൂൺ 20 മുതൽ ഹോട്ടലുകളിലും മറ്റും നടത്തുന്ന യോഗങ്ങൾ, ആഘോഷപരിപാടികൾ, മറ്റു ഒത്ത് ചേരലുകൾ എന്നിവയ്ക്ക് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകളിലെ റെസ്റ്ററന്റുകൾ ഒഴികെയുള്ള മുഴുവൻ സേവനങ്ങളും രാത്രികാല ലോക്ക്ഡൌൺ കാലയളവിൽ (ദിനവും രാത്രി 8 മണി മുതൽ രാവിലെ 4 മണിവരെ) അടച്ചിടുന്നതിനും മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. ഹോട്ടലുകളിലെ റെസ്റ്ററന്റുകളിൽ നിന്ന് ഈ കാലയളവിൽ റൂമുകളിലേക്ക് ഭക്ഷണം നൽകുന്ന രീതിയിലാണ് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
രോഗവ്യാപനം രൂക്ഷമായതോടെ ജൂൺ 20 മുതൽ രാജ്യത്ത് രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ 20 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ദിനവും രാത്രി 8 മണി മുതൽ രാവിലെ 4 മണിവരെ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
🇸🇦സൗദി: ബോർഡിങ്ങ് പാസുകൾ തവക്കൽന ആപ്പുമായി ബന്ധിപ്പിക്കുന്ന നടപടികൾ പൂർത്തിയാക്കിയതായി GACA.
രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്ന് ഡൊമസ്റ്റിക് യാത്രികരായി സഞ്ചരിക്കുന്നവരുടെ ബോർഡിങ്ങ് പാസുകൾ ‘Tawakkalna’ ആപ്പുമായി ബന്ധിപ്പിക്കുന്നതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു. രാജ്യത്ത് ഡൊമസ്റ്റിക് വ്യോമയാന സേവനങ്ങൾ നൽകുന്ന എല്ലാ ദേശീയ എയർലൈൻ സ്ഥാപനങ്ങളും ഈ നടപടികൾ പൂർത്തിയാക്കിയതായി GACA വ്യക്തമാക്കി.
ഈ നടപടികൾ പൂർത്തിയാക്കിയതോടെ ‘Tawakkalna’ ആപ്പിൽ ‘COVID-19 രോഗപ്രതിരോധ ശേഷി നേടിയവർ’, ‘COVID-19 വാക്സിൻ ആദ്യ ഡോസിനാൽ രോഗപ്രതിരോധ ശേഷി നേടിയവർ’, ‘COVID-19 രോഗമുക്തരായവർ’, ‘COVID-19 രോഗബാധയില്ലാത്തവർ’ എന്നീ ഹെൽത്ത് സ്റ്റാറ്റസുകളിൽ ഏതെങ്കിലും ഒന്ന് ഉള്ളവർക്ക് ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ സ്വയമേവ ബോർഡിങ്ങ് പാസ് അനുവദിക്കുന്നതാണ്. രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്ന് സഞ്ചരിക്കുന്ന യാത്രികർ ‘Tawakkalna’ ആപ്പ് ഉപയോഗിച്ച് കൊണ്ട് രോഗബാധിതരല്ല എന്ന് തെളിയിക്കേണ്ടതാണെന്ന് സൗദി GACA ഏപ്രിൽ 25-ന് അറിയിച്ചിരുന്നു.
പ്രെസിഡെൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അതോറിറ്റി, ആരോഗ്യ മന്ത്രാലയം എന്നീ വകുപ്പുകളുമായി സംയുക്തമായാണ് വ്യോമയാന കമ്പനികൾ ഇതുമായി ബന്ധപ്പെട്ട നടപടികൾ നടപ്പിലാക്കുന്നത്. ഒരു വ്യക്തിയ്ക്ക് COVID-19 രോഗബാധയില്ലാ എന്ന് തെളിയിക്കുന്നതിനായി ‘Tawakkalna’ ആപ്പിലെ ആരോഗ്യ സ്റ്റാറ്റസ് പര്യാപ്‌തമായ തെളിവായി ഉപയോഗിക്കാമെന്നും, ഇതിനായി മറ്റു രേഖകൾ ആവശ്യമില്ലെന്നും GACA നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു COVID-19 പാസ്സ്‌പോർട്ട് എന്ന രീതിയിലാണ് സൗദി ഈ ആപ്പ് ഉപയോഗപ്പെടുത്തുന്നത്.
🇦🇪കോവിഷീൽഡ് യു എ ഇ അംഗീകൃത COVID-19 വാക്സിൻ ആണെന്ന് DHA.
ഇന്ത്യയിൽ കോവിഷീൽഡ് എന്ന ബ്രാൻഡ് നാമത്തിൽ നൽകുന്ന ഓക്സ്ഫോർഡ്-ആസ്ട്രസെനേക വാക്സിൻ യു എ ഇ അംഗീകൃത COVID-19 വാക്സിൻ ആണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) വ്യക്തമാക്കി. ദുബായിലേക്കുള്ള യാത്രകൾ സംബന്ധിച്ച് ഇന്ത്യയിൽ നിന്നുള്ള യാത്രികരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനിടയിലാണ് DHA ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
ജൂൺ 20-ന് വൈകീട്ടാണ് DHA ഇക്കാര്യം അറിയിച്ചത്. “ഞങ്ങളുമായി ബന്ധപ്പെട്ടതിന് നന്ദി. ഓക്സ്ഫോർഡ്-ആസ്ട്രസെനേക വാക്സിനും, കോവിഷീൽഡും ഒരേ വാക്സിൻ തന്നെയാണ്.”, കോവിഷീൽഡ് വാക്സിനെടുത്തവർക്ക് ദുബായിലേക്ക് പ്രവേശിക്കാനാകുമോ എന്ന തരത്തിലുള്ള നിരവധി യാത്രികരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ദുബായ് ഹെൽത്ത് അതോറിറ്റി ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യ ഉൾപ്പടെ ഏതാനം രാജ്യങ്ങളിൽ നിന്നുള്ള, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള, സാധുതയുള്ള യു എ ഇ റെസിഡൻസി വിസകളിലുള്ളവർക്ക്, 2021 ജൂൺ 23, ബുധനാഴ്ച്ച മുതൽ ദുബായിലേക്ക് പ്രവേശനം അനുവദിക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് DHA ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. യു എ ഇ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനിന്റെ രണ്ട് ഡോസുകളും പൂർത്തിയാക്കിയവർക്കാണ് കർശന നിബന്ധനകളോടെ ദുബായിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഓക്സ്ഫോർഡ്-ആസ്ട്രസെനേക്ക (കോവിഷീൽഡ്) വാക്സിന് പുറമെ സിനോഫാം, ഫൈസർ ബയോഎൻടെക്ക്, സ്പുട്നിക് V എന്നീ വാക്സിനുകൾക്കും യു എ ഇ അംഗീകാരം നൽകിയിട്ടുണ്ട്.
🇴🇲ഒമാനില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു.
ഒമാനില്‍ ഇന്ന് 2,529 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 31 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 250,572 ആയി. ഇവരില്‍ 220,171 പേരാണ് രോഗമുക്തരായത്.
ഇപ്പോള്‍ 87.9% ശതമാനമാണ് രോഗമുക്തി നിരക്ക്. 2,741 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം188 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ1448 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 428 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
🕋ഈ വര്‍ഷം ഹജ്ജിന് അനുമതി 60,000 പേര്‍ക്ക്, അഞ്ച് ലക്ഷം കവിഞ്ഞ് അപേക്ഷകര്‍.
ഈ വര്‍ഷം ഹജ്ജിന് സൗദി ഗവണ്‍മെന്റ് അനുമതി നല്‍കിയിരിക്കുന്നത് 60,000 പേര്‍ക്കാണ്. അതും രാജ്യത്തുള്ള പൗരന്മാര്‍ക്കും വിദേശികള്‍ക്കും മാത്രം. എന്നാല്‍ ഹജ്ജിന് തെരഞ്ഞെടുക്കപ്പെടാന്‍ ഇതുവരെ പേര്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ നല്‍കിയവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു.
ഓണ്‍ലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. രജിസ്‌ട്രേഷന്‍ തുടരുകയാണ്. ഇതുവരെ അപേക്ഷിച്ചതി 41 ശതമാനമാണ് സ്ത്രീകള്‍. ബാക്കി പുരുഷന്മാരും. സൗദിയില്‍ നിലവിലുള്ള 150ഓളം വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അപേക്ഷിച്ചവരിലുണ്ട്. ഈ മാസം 13ന് ആരംഭിച്ച രജിസ്‌ട്രേഷന്‍ 23 വരെ തുടരും. 25ാം തീയതി തെരഞ്ഞെടുത്തവരുടെ ലിസ്റ്റ് പുറത്തുവിടും. മൂന്ന് തരം ഹജ്ജ് പാക്കേജുകളാണ് ഇത്തവണയുള്ളത്. ഏറ്റവും കൂടിയ ഹജ്ജ് പാക്കേജിന് 16000ത്തോളം റിയാലാണ് ചെലവ്. തെരഞ്ഞെടുക്കപ്പെട്ടതായി വിവരം കിട്ടിയാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഇഷ്ടമുള്ള പാക്കേജ് തെരഞ്ഞെടുത്ത് അപേക്ഷാ നടപടി പൂര്‍ത്തീകരിക്കണം.
🇸🇦സൗദിയില്‍ പള്ളികളിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്.
സൗദി അറേബ്യയില്‍ പള്ളികളിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതായി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. നമസ്‌കരിക്കാന്‍ നില്‍ക്കുന്ന രണ്ട് വരികള്‍ക്കിടയില്‍ ഒരു വരി ശൂന്യമാക്കി ഇടുന്നത് അവസാനിപ്പിക്കാം. ഓരോ നിര്‍ബന്ധിത നമസ്‌കാര സമയങ്ങളിലെയും ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം കൊവിഡിന് മുമ്പുണ്ടായ സ്ഥിതിയിലേത് പോലെ ദീര്‍ഘിപ്പിച്ചു.
ഫജ്ര്‍ നമസ്‌കാരത്തിന് 25 മിനുട്ട്, മഗ്രിബ് നമസ്‌കാരത്തിന് 10 മിനുട്ട്, മറ്റു നമസ്‌കാരങ്ങളില്‍ 20 മിനുട്ട് എന്നിങ്ങനെയാണ് ഇനി മുതല്‍ സമയം പാലിക്കേണ്ടത്. പള്ളികളില്‍ ഖുര്‍ആന്‍ പാരായണത്തിനായി വിശ്വാസികള്‍ക്ക് ലഭ്യമാക്കും. പള്ളികളില്‍ ഇസ്ലാമിക പ്രഭാഷണങ്ങള്‍ നടത്താന്‍ അനുവദിക്കും. എന്നാല്‍ ഇത് കൃത്യമായ സമൂഹ അകലവും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാവണം. പള്ളിക്കകത്ത് വാട്ടര്‍ കൂളറുകളും റഫ്രിജറേറ്ററുകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. എന്നാല്‍ വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനയ്ക്കായി പള്ളികള്‍ ബാങ്കിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമേ തുറക്കാവൂ. ജുമുഅ നമസ്‌കാരം കഴിഞ്ഞു 30 മിനുട്ടിന് ശേഷം പള്ളി അടക്കുകയും വേണം.
ജുമുഅ പ്രഭാഷണം 15 മിനുട്ടില്‍ കൂടാന്‍ പാടില്ല. മാസ്‌ക് ധരിക്കുക, അംഗസ്‌നാനം (വുദു) വീട്ടില്‍ നിന്ന് തന്നെ ചെയ്തുവരിക, പള്ളിയില്‍ വരുമ്പോള്‍ നമസ്‌കാര വിരി (മുസല്ല) കൊണ്ടുവരിക, പള്ളിയില്‍ പ്രവേശിക്കുമ്പോഴും പുറത്തു പോകുമ്പോഴും തിരക്ക് ഉണ്ടാക്കാതിരിക്കുക, പള്ളിക്കകത്ത് ഒന്നര മീറ്റര്‍ അകലം പാലിക്കുക, പള്ളിയില്‍ പ്രവേശിക്കാന്‍ എല്ലാ വശത്തുനിന്നും വഴികള്‍ തുറന്നിടുക തുടങ്ങിയ എല്ലാ പ്രതിരോധ നടപടികളും അതേപടി തുടരും.
0 Comments