🇦🇪ഇന്ത്യയിൽ നിന്നുള്ള യു.എ.ഇ യാത്രാ വിലക്ക് വീണ്ടും നീട്ടി.
🇸🇦സൗദിയിലേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീഎൻട്രി വിസയും ജൂലൈ 31 വരെ സൗജന്യമായി പുതുക്കും.
🇸🇦സൗദിക്കു പുറത്ത് നിന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് തവക്കല്‍ന ആപ്പില്‍ വാക്സിനേഷൻ സ്റ്റാറ്റസ് രേഖപ്പെടുത്താമെന്ന് ആരോഗ്യ മന്ത്രാലയം.
🛑ഫ്രീ വിസയുടെ പേരില്‍ തട്ടിപ്പുകാര്‍ വ്യാപകം; ഗള്‍ഫില്‍ ജോലി ലഭിക്കുന്നവര്‍ സ്ഥാപനം ഉള്ളതാണെന്ന് ഉറപ്പ് വരുത്തണം.
🇶🇦ഖത്തറില്‍ ഇന്ന് 182 പേര്‍ക്ക് കോവിഡ്; 264 രോഗമുക്തി.
🇦🇪യു എ ഇ: Alhosn ആപ്പ് ഉപയോഗിച്ച് ഗ്രീൻ പാസ് നടപ്പിലാക്കുന്നതിന് MoHAP അംഗീകാരം നൽകി.
🇴🇲ഒമാൻ: മസ്‌കറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ മാറ്റിസ്ഥാപിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് ആരോഗ്യ മന്ത്രാലയം.
🇶🇦ഖത്തർ: ജൂലൈ ഒന്നിന് മുൻപായി പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാൻ ബാങ്കുകൾ നിർദ്ദേശം നൽകി.
🇸🇦ലേബര്‍ കേസുകള്‍ പരിഹരിക്കാന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി സൗദി നീതിന്യായ മന്ത്രാലയം.
🇧🇭ബഹ്റൈനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 25 വരെ നീട്ടി.
🇸🇦സൗദി അറേബ്യയിൽ ഇന്ന് 17 കൊവിഡ് മരണം; ആകെ രോഗികളുടെ എണ്ണം പതിനായിരത്തില്‍ താഴെ.
🇦🇪യുഎഇയില്‍ 2205 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം.
🇰🇼കുവൈറ്റ്: മോഡേർണ, ജെൻസൺ വാക്സിനുകൾ ലഭിക്കുന്നതിനുള്ള കരാറിൽ ഒപ്പ് വെച്ചതായി ആരോഗ്യ മന്ത്രാലയം.
വാർത്തകൾ വിശദമായി
🇦🇪ഇന്ത്യയിൽ നിന്നുള്ള യു.എ.ഇ യാത്രാ വിലക്ക് വീണ്ടും നീട്ടി.
✒️ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി. ജൂലൈ ആറ് വരെയാണ് വിലക്ക് നീട്ടിയതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ചൊവ്വാഴ്ച അറിയിച്ചു. 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇയില്‍ പ്രവേശനം അനുവദിക്കില്ല. ഗൾഫിലേക്ക് മടങ്ങാനിരിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടിയാണ് തീരുമാനം.
യാത്രാ വിലക്ക് ജൂണ്‍ 30 വരെ നീട്ടിയെന്നായിരുന്നു എമിറേറ്റ്സ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പുറത്തുവിട്ട പുതിയ അറിയിപ്പിലാണ് ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് സര്‍വീസുകളുണ്ടാവില്ലെന്ന വിവരമുള്ളത്. കഴിഞ്ഞമാസം 25 നാണ് ഇന്ത്യയിൽ നിന്നുളള വിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്.
യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാർ, ഗോൾഡൻ വീസയുള്ളവർ എന്നിവരെ യാത്രാ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ യുഎഇയിലെത്തിയാൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം. അതേസമയം, യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാന സർവീസുകള്‍ തുടരും. അവധിക്ക് നാട്ടിലേക്ക് മടങ്ങിയവരും വിസാകാലാവധി അവസാനിക്കാറായവരുമാണ് വിലക്ക് നീട്ടിയതോടെ പ്രതിസന്ധിയിലായത്.
പതിനായിരക്കണക്കിനു മലയാളികൾ യുഎഇയിലേക്ക് മടങ്ങാൻ കഴിയാതെ കേരളത്തിൽ കഴിയുകയാണ്. ഇവരുടെ മടക്കം ഇനിയും നീളും. ജൂലായ് ആദ്യ വാരത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർ ട്രാവൽ ഏജൻസികളെ ബന്ധപ്പെട്ട് യാത്ര പുനക്രമീകരിക്കണം എന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യു എഇക്ക് പുറമേ ഒമാൻ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. താമസ വിസക്കാർക്ക് ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾ പ്രവേശനം അനുവദിക്കുന്നുണ്ട്.
🇸🇦സൗദിയിലേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീഎൻട്രി വിസയും ജൂലൈ 31 വരെ സൗജന്യമായി പുതുക്കും.
✒️സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി ജൂലൈ 31 വരെ സ്വമേധയാ പുതുക്കി നൽകുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. നേരത്തെ ജൂൺ രണ്ട് വരെ പുതുക്കി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ് ഉണ്ടായിരുന്നു. ഈ ഉത്തരവ് അനുസരിച്ചാണ് കാലാവധി ജൂലൈ അവസാനം വരെ നീട്ടുന്നത്.
ഫെബ്രുവരി രണ്ടിന് സൗദി ആഭ്യന്തര മന്ത്രാലയം യാത്രാ വിലക്ക് പ്രഖ്യാപിച്ച 20 രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് തിരിച്ചെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളാണ് പുതുക്കുക. ഇവിടങ്ങളിലുള്ള സൗദി പ്രവാസികളുടെ കാലാവധി കഴിഞ്ഞ ഇഖാമ, എക്സിറ്റ് റീ-എൻട്രി വിസ, സന്ദർശക വിസയിൽ സൗദിയിലേക്ക് വരാനായി കാത്തിരിക്കുകയും നിലവിൽ അത്തരം സന്ദർശക വിസകളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ വിസാ കാലാവധി എന്നിവയാണ് സൗജന്യമായി പുതുക്കുക. രേഖകൾ പുതുക്കാനാവശ്യമായ ചെലവുകൾ ധനകാര്യ മന്ത്രാലയം വഹിക്കും. പാസ്പോർട്ട് ഓഫീസുകൾ സന്ദർശിക്കാതെ തന്നെ നാഷനൽ ഇൻഫർമേഷൻ സെന്‍ററുമായി സഹകരിച്ച് രേഖകളുടെ പുതുക്കൽ സ്വമേധേയാ പൂർത്തിയാക്കും.
നിലവിൽ കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുണ്ട്. ഇതുകാരണം നിരവധി ആളുകളുടെ ഇഖാമയും റീ-എൻട്രി വിസയും സന്ദർശക വിസയുമെല്ലാം കാലാവധി കഴിഞ്ഞിരുന്നു. ഇത്തരം രേഖകളുടെ കാലാവധി ജൂൺ രണ്ട് വരെ പുതുക്കുമെന്ന് ദിവസങ്ങൾക്ക് മുമ്പ് സൽമാൻ രാജാവിന്റെ ഉത്തരവ് വന്നെങ്കിലും ആരുടേയും രേഖകൾ പുതുക്കി ലഭിച്ചിരുന്നില്ല.
അക്കാരണത്താൽ ആയിരക്കണക്കിന് പ്രവാസികൾ നിരാശരായി ഇരിക്കുമ്പോൾ രേഖകൾ ജൂലൈ അവസാനം വരെ നീട്ടുമെന്ന പുതിയ പ്രഖ്യാപനം ഇവർക്കെല്ലാം ആശ്വാസമായിരിക്കുകയാണ്. താൽക്കാലിക യാത്രാവിലക്കിൽ ഇളവ് ലഭിച്ച് ഇന്ത്യയിൽ നിന്നും നേരിട്ട് സൗദിയിലേക്ക് വിമാനസർവീസ് ആരംഭിക്കുന്ന പ്രഖ്യാപനം കൂടി വരും ദിവസങ്ങളിൽ ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയിലാണ് ഈ പ്രവാസികൾ.
🇸🇦സൗദിക്കു പുറത്ത് നിന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് തവക്കല്‍ന ആപ്പില്‍ വാക്സിനേഷൻ സ്റ്റാറ്റസ് രേഖപ്പെടുത്താമെന്ന് ആരോഗ്യ മന്ത്രാലയം.
✒️വിദേശത്തുനിന്ന് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് സൗദിയിലെ കോവിഡ് ട്രാക്കിങ് ആപ്ലിക്കേഷനായ ‘തവക്കല്‍ന’യില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം. അവധിക്ക് നാട്ടില്‍ പോയവര്‍ ആദ്യ ഡോസ് സ്വന്തം രാജ്യത്ത് നിന്ന് സ്വീകരിച്ചാല്‍ തവക്കല്‍നയില്‍ രോഗ പ്രതിരോധ സ്ഥിതി കാണിക്കാത്തതിനാല്‍ രണ്ടാം ഡോസ് സൗദിയില്‍ നിന്ന് എടുക്കാനാകുമോ എന്ന ആശങ്ക നിലനിന്നിരുന്നു. തവക്കല്‍നയില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ അതിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.
https://eservices.moh.gov.sa/CoronaVaccineRegistration/ എന്നതാണ് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്. സൗദിയില്‍ അംഗീകരമുള്ള വാക്സിന്‍ ആയിരിക്കുക എന്ന നിബന്ധനക്ക് പുറമെ, അപേക്ഷകര്‍ നല്‍കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തണം. സ്വദേശികള്‍ ദേശീയ തിരിച്ചറിയല്‍ രേഖയും പ്രവാസികള്‍ ഇഖാമയുമാണ് സമര്‍പ്പിക്കേണ്ടത്. ആപ്പില്‍ സമര്‍പ്പിക്കുന്ന ഫയലുകള്‍ പിഡിഎഫ് ഫോര്‍മാറ്റ് ആയിരിക്കണം എന്നതോടൊപ്പം ഫയലിന്റെ വലുപ്പം ഒരു എംബിയില്‍ കൂടാനും പാടില്ല. അപ്ലോഡ് ചെയ്യുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കല്‍ സ്വകാര്യ തിരിച്ചറിയല്‍ രേഖ ചേര്‍ത്തിരിക്കണം, സര്‍ട്ടിഫിക്കറ്റ് അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളില്‍ ആയിരിക്കുകയോ അതല്ലാത്തവ അറബിയിലേക്ക് അംഗീകൃത ഏജന്‍സികളില്‍ നിന്ന് വിവര്‍ത്തനം ചെയ്തവയോ ആയിരിക്കണം. കൂടാതെ സര്‍ട്ടിഫിക്കറ്റില്‍ വാക്സിന്‍ പേരും തീയതിയും അതിന്റെ ബാച്ച് നമ്പറും അടങ്ങിയിരിക്കണം.
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പുറമേ അപേക്ഷകര്‍ അവരുടെ പാസ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പും അറ്റാച്ച് ചെയ്യണം. ഒരു അപേക്ഷയില്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് മുമ്പ് പുതിയൊരു അപേക്ഷ അതേ വ്യക്തിക്ക് സമര്‍പ്പിക്കാന്‍ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ അഞ്ച് പ്രവൃത്തി ദിവസം എങ്കിലും എടുക്കും.
സൗദി അറേബ്യയിലെ അംഗീകൃത വാക്‌സിനുകള്‍ ഫൈസര്‍-ബയോ ടെക്, മോഡേണ, ഓക്്‌സ്ഫഡ്-അസ്ട്രസെനെക, ജോണ്‍സണ്‍ & ജോണ്‍സണ്‍ എന്നിവയാണ് സൗദിയില്‍ അംഗീകരിച്ച വാക്‌സിനുകള്‍. ഇന്ത്യയില്‍ വ്യാപകമായി നല്‍കുന്ന കോവിഷീല്‍ഡ്, അസ്ട്രസെനകയോട് തുല്യമാണെന്ന് മന്ത്രാലയം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ദേശീയ തിരിച്ചറിയല്‍ രേഖയോ ഇഖാമയോ ഇല്ലാത്ത, സന്ദര്‍ശക വിസയിലോ മറ്റോ രാജ്യത്ത് എത്തുന്നവര്‍ അവരുടെ വാക്‌സിനേഷന്‍ വിവരങ്ങള്‍ മുഖീം പോര്‍ട്ടലില്‍ ( https://muqeem.sa/#/vaccine-registration/home) ആണ് അപ്ഡേറ്റ് ചെയ്യേണ്ടത്.
🛑ഫ്രീ വിസയുടെ പേരില്‍ തട്ടിപ്പുകാര്‍ വ്യാപകം; ഗള്‍ഫില്‍ ജോലി ലഭിക്കുന്നവര്‍ സ്ഥാപനം ഉള്ളതാണെന്ന് ഉറപ്പ് വരുത്തണം.
✒️യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ‘ഫ്രീ വീസ’ എന്ന ഓമനപ്പേരിട്ട് വ്യാജ കമ്പനികള്‍ തൊഴിലന്വേഷകരെ കബളിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കിയാണ് ഇവര്‍ ഇരകളെ വലയില്‍ വീഴ്ത്തുന്നത്. രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെയാണ് ഇതിന്റെ പേരില്‍ ഇടനിലക്കാര്‍ ഈടാക്കുന്നത്.
ഫ്രീ വിസയ്ക്ക് പുറമേ വിസിറ്റ്, ടൂറിസ്റ്റ് വിസ എന്നിവ മാത്രമല്ല യുഎഇ നല്‍കുന്ന നിക്ഷേപക വിസ ഇവര്‍ ഓഫര്‍ ചെയ്യുന്നു. ആയിരം ദിര്‍ഹം മുതല്‍ പതിനായിരം ദിര്‍ഹം വരെയാണ് ശമ്പളമായി വാഗ്ദാനം ചെയ്യുന്നത്.
യുഎഇയിലോ വിദേശത്തോ വച്ച് തൊഴില്‍ ഓഫറുകള്‍ ലഭിക്കുന്നവര്‍ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് ഉറപ്പു വരുത്തണമെന്ന് മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ടൂറിസ്റ്റ് വിസകളില്‍ തൊഴിലെടുക്കുന്നതു രാജ്യത്ത് അനുവദനീയമല്ല. ഇപ്രകാരം ജോലി ചെയ്യുന്നവര്‍ പിടിക്കപ്പെട്ടാല്‍ കമ്പനിക്ക് വന്‍തുക പിഴയും നിയമം ലംഘിച്ച് തൊഴിലെടുത്തവരെ നാടുകടത്തുകയും ചെയ്യും. നിയമനത്തിന്റെ മുന്നോടിയായി ലഭിക്കുന്ന ഓഫര്‍ ലറ്ററുകളും തൊഴില്‍ കരാറും ഔദ്യോഗികമാണോ എന്നു പരിശോധിച്ച് ഉറപ്പാക്കണം. അതതു രാജ്യങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങള്‍ വഴിയോ മന്ത്രാലയം വഴിയോ ഇത് ചെയ്യാവുന്നതാണ്. തൊഴില്‍ പെര്‍മിറ്റുകള്‍ ഇ-മെയില്‍ വഴി അയച്ച് മന്ത്രാലയത്തില്‍ നിന്നും കൃത്യത ഉറപ്പു വരുത്താം.
‘ഫ്രീ വിസ’ എന്നൊരു സംവിധാനം ഗള്‍ഫ് രാജ്യങ്ങളില്‍ നിലവിലില്ല. ആളുകളെ കബളിപ്പിക്കാന്‍ ചിലര്‍ ഉപയോഗിക്കുന്ന പ്രയോഗം മാത്രമാണ്. വിസ ഏത് കമ്പനിയിലേക്ക് ആണോ ആ കമ്പനിയില്‍ മാത്രമേ നിയമപ്രകാരം ജോലി ചെയ്യാനാവൂ. യുഎഇ തൊഴില്‍ നിയമപ്രകാരം തൊഴിലുടമകളാണ് വിസാ ചെലവുകള്‍ വഹിക്കേണ്ടതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
തൊഴില്‍ വിസയില്‍ വരുന്നവര്‍ക്ക് താഴെയുള്ള വിലാസത്തിലും ടെലിഫോണിലും ബന്ധപ്പെട്ട് യുഎഇയിലെ കമ്പനികളുടെ വിശദാംശങ്ങള്‍ ലഭിക്കും. അറബിക്കിലോ ഇംഗ്ലീഷിലോ തൊഴില്‍ വാഗ്ദാനം നല്‍കിയ കമ്പനിയുടെ വിലാസം ടൈപ്പ് ചെയ്തു യുഎഇ നാഷനല്‍ ഇക്കണോമിക് റജിസ്റ്റര്‍ വെബ്‌സൈറ്റിലൂടെയും വിവരങ്ങള്‍ അറിയാനാകും. വിലാസം: 00971 68027666, ask@mohre.gov.ae
🇶🇦ഖത്തറില്‍ ഇന്ന് 182 പേര്‍ക്ക് കോവിഡ്; 264 രോഗമുക്തി.
✒️ഖത്തറില്‍ ഇന്ന് 182 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 264 പേരാണ് രോഗമുക്തി നേടിയത്. 94 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 88 പേര്‍. 2,511 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഇന്ന് ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 73 വയസ്സുകാരനാണ് മരിച്ചത്. ആകെ മരണം 570. രാജ്യത്ത് ഇതുവരെ 2,15,899 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,18,980. ഇന്ന് 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 172 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 15,728 ഡോസ് വാക്സിന്‍ നല്‍കി. ആകെ 27,16,670 ഡോസ് വാക്സിനുകളാണ് ഇതിനകം നല്‍കിയത്.
🇦🇪യു എ ഇ: Alhosn ആപ്പ് ഉപയോഗിച്ച് ഗ്രീൻ പാസ് നടപ്പിലാക്കുന്നതിന് MoHAP അംഗീകാരം നൽകി.
✒️വ്യക്തികൾക്ക് രാജ്യത്ത് സുഗമമായി സഞ്ചരിക്കുന്നതിനും, വിനോദസഞ്ചാരം ഉൾപ്പടെയുള്ള വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനുമായി Alhosn ആപ്പ് ഉപയോഗിച്ച് ഗ്രീൻ പാസ് നടപ്പിലാക്കുന്നതിന്റെ മാനദണ്ഡങ്ങൾക്ക് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം(MoHAP) അംഗീകാരം നൽകി. ജൂൺ 7-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
‘ഗ്രീൻ പാസ്’ ഉപയോഗിച്ച് കൊണ്ട് വ്യക്തികളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ്, PCR ടെസ്റ്റ് റിസൾട്ട് എന്നിവ Alhosn ആപ്പിലൂടെ പരിശോധിച്ച് ഉറപ്പ് വരുത്താൻ സാധിക്കുന്നതാണ്. പകർച്ചവ്യാധിയിൽ നിന്നും പൊതുജനാരോഗ്യം സംരക്ഷിക്കുക, സുസ്ഥിര വീണ്ടെടുക്കൽ ഉറപ്പാക്കാൻ രാജ്യ തലത്തിൽ നടത്തുന്ന ശ്രമങ്ങൾ ത്വരിതപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള നയത്തിൻ്റെ ഭാഗമായാണ് ഈ നീക്കം.
പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവരുൾപ്പെടെ എല്ലാവർക്കും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കുന്ന തരത്തിൽ വ്യക്തിഗത ആവശ്യങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി അൽഹോസ്ൻ ആപ്ലിക്കേഷന്റെ ഉപയോഗം നിർണ്ണയിക്കാൻ ഗ്രീൻ പാസ് പ്രോട്ടോക്കോൾ ഉപയോഗിച്ച് ഫെഡറൽ, പ്രാദേശിക അധികാരികൾക്ക് സാധിക്കുന്നതാണ്. ഗ്രീൻ പാസ് നടപ്പിലാക്കുന്നതിനായി വ്യക്തികളുടെ വാക്സിനേഷൻ സ്റ്റാറ്റസ്, PCR റിസൾട്ട് എന്നിവ അടിസ്ഥാനമാക്കി അവരെ ആറ് വിഭാഗങ്ങളാക്കി തിരിക്കുകയും, ഇവരെ വിവിധ നിറങ്ങൾ ഉപയോഗിച്ച് കൊണ്ട് ഒരു കളർ-കോഡിംഗ് സംവിധാനത്തിലൂടെ Alhosn ആപ്പിൽ കാണിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
പൂർണ്ണമായും വാക്സിനേഷൻ ലഭിച്ചവർ, രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർ, ആദ്യ ഡോസ് സ്വീകരിച്ചവർ, രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നവർ, അല്ലെങ്കിൽ രണ്ടാമത്തെ ഡോസ് അപ്പോയിന്റ്മെന്റിന് വൈകിയവർ, വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയവർ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്.
ഗ്രീൻ പാസ് മാനദണ്ഡങ്ങളുടെ ഭാഗമായി താഴെ പറയുന്ന രീതിയിലാണ് Alhosn ആപ്പിൽ കളർ-കോഡിംഗ് നടപ്പിലാക്കുന്നത്:
കാറ്റഗറി 1: കുറഞ്ഞത് 28 ദിവസം മുമ്പെങ്കിലും രണ്ടാമത്തെ ഡോസ് ലഭിച്ച അല്ലെങ്കിൽ വാക്സിൻ ട്രയലുകളിൽ സന്നദ്ധപ്രവർത്തകരായ വാക്സിനേഷൻ നടത്തിയവരെ കാറ്റഗറി 1-ൽ ഉൾപ്പെടുത്തുന്നതാണ്. അവർക്ക് നെഗറ്റീവ് പിസിആർ പരിശോധനാ ഫലം 30 ദിവസത്തേക്ക് പച്ച നിറത്തിൽ അൽഹോസ്ൻ അപ്ലിക്കേഷനിൽ ദൃശ്യമാകും ഒപ്പം ഏഴ് ദിവസത്തേക്ക് സജീവ ഐക്കൺ (അക്ഷരം ഇ അല്ലെങ്കിൽ ഗോൾഡ് സ്റ്റാർ) കാണിക്കും.
കാറ്റഗറി 2: രണ്ടാമത്തെ ഡോസ് എടുത്ത് 28 ദിവസത്തിൽ താഴെ പൂർത്തിയാക്കിയവരെ കാറ്റഗറി 2-ൽ ഉൾപ്പെടുത്തുന്നു; അവർക്ക് നെഗറ്റീവ് പിസിആർ പരിശോധനാ ഫലം 14 ദിവസത്തേക്ക് പച്ച നിറത്തിൽ അൽഹോസ്ൻ അപ്ലിക്കേഷനിൽ ദൃശ്യമാകും.
കാറ്റഗറി 3: കാറ്റഗറി 3-ൽ ആദ്യത്തെ ഡോസ് ലഭിച്ചവരും രണ്ടാമത്തെ ഡോസ് അപ്പോയിന്റ്മെന്റിനായി കാത്തിരിക്കുന്നവരും ഉൾപ്പെടുന്നു; അവർക്ക് നെഗറ്റീവ് പിസിആർ പരിശോധനാ ഫലം ഏഴ് ദിവസത്തേക്ക് പച്ച നിറത്തിൽ അൽഹോസ്ൻ അപ്ലിക്കേഷനിൽ ദൃശ്യമാകും.
കാറ്റഗറി 4: ആദ്യ ഡോസ് ലഭിച്ചവരും രണ്ടാമത്തെ ഡോസ് അപ്പോയിന്റ്മെന്റിന് 48 ദിവസമോ അതിൽ കൂടുതലോ വൈകിയവരെ കാറ്റഗറി 4-ൽ ഉൾപ്പെടുത്തുന്നു; അവർക്ക് നെഗറ്റീവ് പിസിആർ പരിശോധനാ ഫലം അൽഹോസ്ൻ അപ്ലിക്കേഷനിൽ മൂന്ന് ദിവസത്തേക്ക് പച്ചയായി ദൃശ്യമാകും.
കാറ്റഗറി 5: രാജ്യത്തെ നടപടിക്രമങ്ങൾ അനുസരിച്ച് COVID-19 വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയവരെ (വാക്സിൻ എക്സംപ്ഷൻ സർട്ടിഫിക്കറ്റ് ഉള്ളവർ) ഈ വിഭാഗത്തിൽ പെടുത്തുന്നതാണ്. അവർക്ക് നെഗറ്റീവ് പിസിആർ പരിശോധനാ ഫലം ഏഴ് ദിവസത്തേക്ക് പച്ച നിറത്തിൽ അൽഹോസ്ൻ അപ്ലിക്കേഷനിൽ ദൃശ്യമാകും.
കാറ്റഗറി 6: ഇതുവരെ വാക്സിനെടുക്കാത്തവരെ (വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കാത്ത വിഭാഗത്തിൽപ്പെടുന്ന) ഈ വിഭാഗത്തിൽ പെടുത്തുന്നതാണ്. അവർക്ക് നെഗറ്റീവ് പിസിആർ പരിശോധനാ ഫലം അൽഹോസ്ൻ അപ്ലിക്കേഷനിൽ മൂന്ന് ദിവസത്തേക്ക് പച്ചയായി ദൃശ്യമാകും.
മേൽപ്പറഞ്ഞ എല്ലാ വിഭാഗങ്ങൾക്കും, പ്രസക്തമായ PCR ടെസ്റ്റ് സാധുത അവസാനിച്ചുകഴിഞ്ഞാൽ അൽഹോസ്ൻ സ്റ്റാറ്റസ് പച്ചയിൽ നിന്നും ചാരനിറത്തിലേക്ക് മാറും. പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കിൽ സ്റ്റാറ്റസ് ചുവപ്പായി മാറും, അതിനുശേഷം അംഗീകൃത നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.
🇴🇲ഒമാൻ: മസ്‌കറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ മാറ്റിസ്ഥാപിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് ആരോഗ്യ മന്ത്രാലയം.
✒️മസ്കറ്റ് ഗവർണറേറ്റിലെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചതായുള്ള തരത്തിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജൂൺ 8-ന് രാവിലെയാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
നേരത്തെ അറിയിച്ചിരുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് തന്നെയാണ് ഗവർണറേറ്റിൽ COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
താഴെ പറയുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നാണ് മസ്കറ്റ് ഗവർണറേറ്റിൽ COVID-19 വാക്സിൻ നൽകുന്നത്:
മസ്കറ്റ്, മത്ര – Imam Jaber bin Zaid School.
ബൗഷർ – Sultan Qaboos Sports Complex.
അൽ അമീറത് – Office of the governor of Amerat.
സീബ് – School Allenbhae for Basic Education.
ഖുറിയത് – Quriyat Polyclinic.
ഈ കേന്ദ്രങ്ങളിൽ നിന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണിവരെ വാക്സിൻ ലഭിക്കുന്നതാണ്. ഈ കേന്ദ്രങ്ങളിൽ നിന്ന് ജൂൺ 6 മുതൽ രണ്ടാം ഡോസ് കുത്തിവെപ്പുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്.
🇶🇦ഖത്തർ: ജൂലൈ ഒന്നിന് മുൻപായി പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാൻ ബാങ്കുകൾ നിർദ്ദേശം നൽകി.
✒️2021 ജൂലൈ 1-ന് മുൻപായി തങ്ങളുടെ കൈവശമുള്ള പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാൻ രാജ്യത്തെ പ്രവാസികളോടും, പൗരന്മാരോടും ഖത്തർ നാഷണൽ ബാങ്ക് (QNB) നിർദ്ദേശിച്ചു. ജൂലൈ 1 വരെ മാത്രമാണ് പഴയ നോട്ടുകൾ ഉപയോഗിക്കാനാകുക എന്നും ബാങ്ക് ജനങ്ങളെ ഓർമ്മപ്പെടുത്തി.
“ഖത്തർ സെൻട്രൽ ബാങ്കിന്റെ ഉത്തരവ് പ്രകാരം 2021 ജൂലൈ 1 വരെയാണ് പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാൻ അനുമതിയുള്ളത്. ഈ കാലാവധിക്കിടയിൽ പഴയ നോട്ടുകൾ മാറ്റിയെടുക്കേണ്ടതാണ്.”, ഖത്തർ നാഷണൽ ബാങ്ക് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. “ജൂലൈ 1-ന് മുൻപായി ഇത്തരം പഴയ നോട്ടുകൾ മാറ്റിയെടുക്കേണ്ടതാണ്. QNB-യുടെ എടിഎം മെഷീനുകൾ, ബൾക്ക് ഡെപ്പോസിറ്റ് മെഷീനുകൾ മുതലായവയിലും പഴയ നോട്ടുകൾ നിക്ഷേപിക്കാവുന്നതാണ്.”, ബാങ്ക് കൂട്ടിച്ചേർത്തു. ഖത്തറിലെ മറ്റു ബാങ്കുകളും സമാനമായ അറിയിപ്പുകൾ നൽകിയിട്ടുണ്ട്.
2020 ഡിസംബർ 18-നാണ് ഖത്തർ സെൻട്രൽ ബാങ്ക് ഖത്തർ റിയാലിന്റെ അഞ്ചാം ശ്രേണിയിൽപ്പെട്ട പുതിയ ബാങ്ക് നോട്ടുകൾ പുറത്തിറക്കിയത്. ഈ ശ്രേണിയിൽപ്പെട്ട 200 റിയാലിന്റെ ബാങ്ക് നോട്ട് ഇത്തരം മൂല്യത്തിൽ ഖത്തറിൽ പുറത്തിറങ്ങുന്ന ആദ്യ കറൻസിയാണ്. പഴയ ബാങ്ക് നോട്ടുകൾ ജൂലൈ 1 വരെ ഉപയോഗിക്കാമെന്ന് 2021 ഫെബ്രുവരിയിൽ ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചിരുന്നു. 2021 ജൂലൈ 1 മുതൽ ഖത്തർ റിയാലിന്റെ നാലാം ശ്രേണിയിൽപ്പെട്ട നോട്ടുകൾ ഉപയോഗിക്കാൻ അനുമതിയുണ്ടായിരിക്കുന്നതല്ലെന്നും ഖത്തർ സെൻട്രൽ ബാങ്ക് അറിയിക്കുകയുണ്ടായി.
🇸🇦ലേബര്‍ കേസുകള്‍ പരിഹരിക്കാന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി സൗദി നീതിന്യായ മന്ത്രാലയം.
✒️തൊഴില്‍ പരാതികള്‍ സമര്‍പ്പിക്കുന്നതിനും എളുപ്പത്തില്‍ തീര്‍പ്പു കൽപ്പിക്കുന്നതിനുമായി സൗദി നീതിന്യായ മന്ത്രാലയം പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി. രാജ്യത്തെ കോടതികളിലും തര്‍ക്ക പരിഹാര അതോറിറ്റികളിലും നടപ്പിലാക്കി വരുന്ന ഡിജിറ്റലൈസേഷന്റെ ഭാഗമായി കൂടിയാണ് പുതിയ ആപ്ലിക്കേഷന്‍. ലേബര്‍ കാല്‍ക്കുലേറ്റര്‍ എന്ന പേരിലാണ് മന്ത്രാലയം ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. തൊഴില്‍ കോടതിയുടെ നടപടിക്രമങ്ങള്‍ എളുപ്പവും സുഗമവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. തൊഴിലാളിയും തൊഴില്‍ സ്ഥാപനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ എളുപ്പത്തില്‍ പരിഹാരം നിര്‍ദ്ദേശിക്കുക, തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവല്‍ക്കരണം നടത്തുക എന്നിവക്ക് ആപ്ലിക്കേഷന്‍ സഹായകരമാകും.
ലേബര്‍ കോടതികളിലെത്തുന്ന പ്രധാന കേസുകളായ തൊഴിലാളിയുടെ ശമ്പള കുടിശികയുമായി ബന്ധപ്പെട്ട പരാതികളും അവ കൃത്യപ്പെടുത്തുന്നതിനും അടക്കുന്നതിനുമുള്ള സംവിധാനം, തെഴിലാളിയുടെ സര്‍വീസ് തുക നിശ്ചയിക്കുന്നതിനും ഈടാക്കുന്നതിനുമുള്ള സംവിധാനം, ഓവര്‍ടൈം വേതനം നിശ്ചയിക്കുന്നതിലെ അപാകത പരിഹരിക്കുന്നതിനുള്ള സംവിധാനം, വാര്‍ഷിക അവധിയും വേതനവും അനുവദിക്കുന്നത് സംബന്ധിച്ച പാരാതികള്‍ എന്നിവ എളുപ്പത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ പുതിയ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തും. ഭാവിയില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി ആപ്ലിക്കേഷനെ വിപുലപ്പെടുത്താനും പദ്ധതിയുള്ളതായി മന്ത്രാലയ അതികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമാണ് രാജ്യത്തെ ലേബര്‍ ഓഫീസുകളെ നീതിന്യായ മന്ത്രാലയത്തിന് കീഴിലേക്ക് മാറ്റി പുതിയ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടത്.
🇧🇭ബഹ്റൈനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 25 വരെ നീട്ടി.
✒️ബഹ്റൈനില്‍ നിലവിലുണ്ടായിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 25 വരെ നീട്ടി. ഹെല്‍ത്ത് സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്‍ദുല്ല അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള ബഹ്റൈന്‍ നാഷണല്‍ മെഡിക്കല്‍ ടാസ്ക് ഫോഴ്‍സാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഗവണ്‍മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിച്ചത്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഫലം കണ്ടുതുടങ്ങുകയാണെന്നും രോഗികളുടെ എണ്ണം കുറയുന്ന ഇപ്പോഴത്തെ പ്രവണത കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ടാസ്‍ക് ഫോഴ്‍സ് വിലയിരുത്തി.
ഷോപ്പിങ് മാളുകള്‍, കൊമേഴ്സ്യല്‍ ഷോപ്പുകള്‍, ജിംനേഷ്യം, സ്‍പോര്‍ട്സ് ഹാളുകള്‍, സ്വിമ്മിങ് പൂളുകള്‍, റിക്രിയേഷന്‍ സെന്ററുകള്‍, സിനിമാ തീയറ്ററുകള്‍, സലൂണ്‍, ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയവയ്‍ക്കെല്ലാം നിയന്ത്രണങ്ങള്‍ ബാധകമാണ്.
🇸🇦സൗദി അറേബ്യയിൽ ഇന്ന് 17 കൊവിഡ് മരണം; ആകെ രോഗികളുടെ എണ്ണം പതിനായിരത്തില്‍ താഴെ.
✒️സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 17 പേർ മരിച്ചു. പുതുതായി 1,261 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 922 പേർ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,59,968 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,42,782 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,488 ആയി.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 9,698 പേരാണ്. ഇതിൽ 1,580 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 401, റിയാദ് 304, കിഴക്കൻ പ്രവിശ്യ 167, മദീന 84, അസീർ 84, ജീസാൻ 72, അൽഖസീം 48, തബൂക്ക് 27, അൽബാഹ 26, നജ്റാൻ 20, ഹായിൽ 13, വടക്കൻ അതിർത്തി മേഖല 10, അൽജൗഫ് 5. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ കുത്തിവെപ്പ് 15,079,287 ഡോസ് ആയി.
🇦🇪യുഎഇയില്‍ 2205 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം.
✒️യുഎഇയില്‍ 2,205 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,168 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,09,026 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,87,244 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,66,677 പേര്‍ രോഗമുക്തരാവുകയും 1,704 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,863 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇰🇼കുവൈറ്റ്: മോഡേർണ, ജെൻസൺ വാക്സിനുകൾ ലഭിക്കുന്നതിനുള്ള കരാറിൽ ഒപ്പ് വെച്ചതായി ആരോഗ്യ മന്ത്രാലയം.
✒️രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിൽ ഉപയോഗിക്കുന്നതിനായി വാക്സിൻ ലഭ്യമാക്കുന്നതിന് മോഡേർണ, ജോൺസൺ ആൻഡ് ജോൺസൺ കമ്പനികളുമായി കുവൈറ്റ് കരാറിലേർപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഷെയ്ഖ് ബാസൽ അൽ സബാഹ് ഇക്കാര്യം സ്ഥിരീകരിച്ചതായാണ് കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തത്.
കുവൈറ്റ് ടി വിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഡോ. ഷെയ്ഖ് ബാസൽ അൽ സബാഹ് ഇക്കാര്യം അറിയിച്ചത്. മോഡേർണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവരിൽ നിന്നുള്ള വാക്സിൻ 2021 അവസാന പാദത്തോടെ കുവൈറ്റിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിൻ ലഭ്യതയിൽ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ ആകെ ഉത്പാദിപ്പിക്കപ്പെടുന്ന വാക്സിനുകളുടെ 75 ശതമാനവും പത്ത് രാജ്യങ്ങളാണ് ഉപയോഗിക്കുന്നതെന്നും, ബാക്കി വാക്സിനുകളാണ് മറ്റു രാജ്യങ്ങൾക്ക് ലഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുവൈറ്റ് മാത്രമല്ല മറ്റു ജി സി സി രാജ്യങ്ങളും വാക്സിൻ ലഭ്യതയിൽ പ്രതിസന്ധി നേരിടുന്നതായി അദ്ദേഹം വ്യക്തമാക്കി.
രണ്ടാം ഡോസ് ആസ്ട്രസെനേക്ക വാക്സിൻ കുത്തിവെപ്പ് ലഭിക്കേണ്ടവർക്ക് ആവശ്യമായ വാക്സിൻ നിലവിൽ കുവൈറ്റിൽ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ വാക്സിൻ സംബന്ധിച്ച് നിർമ്മാതാവ് നൽകേണ്ടതായ പ്രീ-ടെസ്റ്റ് രേഖകൾ ലഭിച്ചിട്ടില്ലെന്നും, ഈ രേഖകൾ ജൂൺ 8-ന് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ രേഖകൾ കൃത്യമായി ലഭിക്കുന്ന പക്ഷം രണ്ടാം ഡോസ് വാക്സിനേഷൻ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം ഡോസ് വാക്സിനായി കാത്തിരിക്കുന്ന 2 ലക്ഷത്തോളം പേർക്ക് 10 ദിവസത്തിനകം കുത്തിവെപ്പ് നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു.
എന്നാൽ ഈ പരിശോധനയുടെ ഫലങ്ങൾ ലഭിക്കുന്നതിൽ കാലതാമസം നേരിടുന്ന സാഹചര്യത്തിൽ രണ്ടാം ഡോസ് വാക്സിനായി കാത്തിരിക്കുന്നവർക്ക് രണ്ടാം ഡോസ് കുത്തിവെപ്പായി ഫൈസർ വാക്സിൻ സ്വീകരിക്കുന്നതിനുള്ള അനുമതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആസ്ട്രസെനേക്ക വാക്സിനിന്റെ ഒരു ബാച്ച് മെയ് 10-ന് കുവൈറ്റിൽ എത്തിയിരുന്നു. എന്നാൽ ഇതോടൊപ്പം ലഭിക്കേണ്ട ഏതാനം രേഖകൾ ലഭിക്കാത്ത സാഹചര്യത്തിൽ ഈ ബാച്ച് ഇതുവരെ ആരോഗ്യ മന്ത്രാലയം ഉപയോഗിച്ചിട്ടില്ല.
0 Comments