Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇦🇪ഇന്ത്യ – ദുബായ് വിമാനസർവീസുകളിലെ അനിശ്ചിതത്വം തുടരുന്നു; യാത്രാവിലക്ക് തുടരുന്നതായി എമിറേറ്റ്സ്.

🇸🇦സൗദി അറേബ്യയിൽ ഇന്ന് 1,255 പേര്‍ക്ക് കൊവിഡ്; 1,247 പേര്‍ രോഗമുക്തരായി.

🇴🇲ഒമാനില്‍ 1,886 പേര്‍ക്ക് കൂടി കൊവിഡ്.

🇸🇦കൊവിഡ് വാക്‌സിന്‍: സൗദി അറേബ്യയില്‍ 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് ഇന്നുമുതല്‍.

🇸🇦സൗദി: തവക്കൽന ആപ്പിന്റെ പുതുക്കിയ പതിപ്പിൽ ഹജ്ജ് യാത്രാ ടിക്കറ്റുകൾ ഉൾപ്പടെയുള്ള സേവനങ്ങൾ ഉൾപ്പെടുത്തി.

🇶🇦ഖത്തർ: ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നൂതന സ്കാനർ സംവിധാനം ഏർപ്പെടുത്തി.

🇴🇲ഒമാൻ: പ്രവാസി നിക്ഷേപകർക്ക് 2021 സെപ്റ്റംബർ മുതൽ ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ അനുവദിക്കും.

🇸🇦സൗദി: ഒന്നാമത്തെയും, രണ്ടാമത്തെയും ഡോസ് കുത്തിവെപ്പിനായി വ്യത്യസ്ത കമ്പനികളുടെ COVID-19 വാക്സിൻ ഉപയോഗിക്കാൻ അനുമതി.

🇦🇪യു എ ഇ: COVID-19 വാക്സിൻ കുത്തിവെപ്പെടുക്കാനായി യാത്രചെയ്യുന്നവർക്ക് സൗജന്യ സവാരിയുമായി യൂബർ.

🇦🇪യു എ ഇ: പണമിടപാടുകൾക്കായി ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗിക്കാൻ എമിറേറ്റ്സ് പോസ്റ്റ് നിർദ്ദേശിച്ചു.

🇶🇦ഖത്തറില്‍ 105 പുതിയ കോവിഡ് കേസുകള്‍; സമ്പര്‍ക്കത്തിലൂടെ 66 പേര്‍ മാത്രം.

🇦🇪അബുദാബിയിൽ ലൈറ്റിടാതെ രാത്രി വാഹനമോടിച്ചാല്‍ 500 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 4 ബ്ലാക്ക് പോയിന്റും ശിക്ഷ.

🇸🇦ഹജ്ജ് രജിസ്ട്രേഷൻ നടത്തിയത് അഞ്ചര ലക്ഷത്തിലേറെ പേർ; അപേക്ഷിച്ചവരുടെ പ്രായം ഇങ്ങിനെയാണ്.

🇶🇦ആശങ്കകള്‍ വേണ്ട, ചരിത്രത്തിലെ ആദ്യ 'വാക്സിനേറ്റഡ് ലോകകപ്പി'നൊരുങ്ങുകയാണ് ഖത്തര്‍.

🇦🇪യുഎഇ 2,161 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം.

വാർത്തകൾ വിശദമായി 

🇦🇪ഇന്ത്യ – ദുബായ് വിമാനസർവീസുകളിലെ അനിശ്ചിതത്വം തുടരുന്നു; യാത്രാവിലക്ക് തുടരുന്നതായി എമിറേറ്റ്സ്.

✒️ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ തുടരുന്നതായി എമിറേറ്റ്സ് എയർലൈൻ കസ്റ്റമർ സപ്പോർട്ട് ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യ-ദുബായ് വിമാനസേവനങ്ങളെക്കുറിച്ച് യാത്രികരുടെ സംശയങ്ങൾക്കുള്ള മറുപടിയായാണ് എമിറേറ്റ്സ് കസ്റ്റമർ സപ്പോർട്ട് ഇക്കാര്യം അറിയിച്ചത്.

ജൂൺ 24-ന് വൈകീട്ടാണ് എമിറേറ്റ്സ് കസ്റ്റമർ സപ്പോർട്ട് ഇക്കാര്യം അറിയിച്ചത്. “ഇന്ത്യയിൽ നിന്നുള്ള ഞങ്ങളുടെ വിമാനസർവീസുകൾക്കേർപ്പെടുത്തിയ വിലക്കുകൾ തുടരുകയാണ്. നിലവിൽ ലഭിക്കുന്ന വിവരമനുസരിച്ച് ജൂലൈ 6 വരെ ഈ വിലക്ക് തുടരുന്നതാണ്. എന്നാൽ നിലവിലെ സാഹചര്യം എപ്പോൾ വേണമെങ്കിലും മാറാവുന്നതാണ്. യാത്രാ നിബന്ധനകൾ, മാനദണ്ഡങ്ങൾ എന്നിവയിൽ വരുന്ന മാറ്റങ്ങൾ ഉടൻ തന്നെ ഞങ്ങൾ ഉപഭോക്താക്കളെ അറിയിക്കുന്നതാണ്.”, യാത്രികർക്കുള്ള മറുപടിയായി എമിറേറ്റ്സ് കസ്റ്റമർ സപ്പോർട്ട് ട്വിറ്ററിൽ കുറിച്ചു.

ജൂലൈ 7 മുതൽ ഇന്ത്യയിൽ നിന്ന് വിമാനസർവീസുകൾ ആരംഭിക്കുമെന്നും ഏതാനം ഉപഭോക്താക്കൾക്ക് എമിറേറ്റ്സ് കസ്റ്റമർ സപ്പോർട്ട് മറുപടി നൽകിയിട്ടുണ്ട്.

2021 ജൂൺ 23, ബുധനാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് ജൂൺ 19-ന് രാത്രി അറിയിച്ചിരുന്നു. ഇന്ത്യ ഉൾപ്പടെ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള, സാധുതയുള്ള യു എ ഇ റെസിഡൻസി വിസകളിലുള്ളവർക്ക്, ജൂൺ 23 മുതൽ ദുബായിലേക്ക് പ്രവേശനം അനുവദിക്കാനുള്ള ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ തീരുമാനത്തെത്തുടർന്നാണ് എമിറേറ്റ്സ് ഈ അറിയിപ്പ് നൽകിയത്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്ര തിരിക്കുന്നതിന് 4 മണിക്കൂർ മുൻപ് എടുക്കേണ്ട റാപ്പിഡ് PCR ടെസ്റ്റ് മുതലായ നിബന്ധനകളിൽ അനിശ്ചിതത്വം തുടരുകയാണ്. അതേസമയം, ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ജൂലൈ 6 വരെ നീട്ടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

🇸🇦സൗദി അറേബ്യയിൽ ഇന്ന് 1,255 പേര്‍ക്ക് കൊവിഡ്; 1,247 പേര്‍ രോഗമുക്തരായി.

✒️സൗദി അറേബ്യയിൽ പുതുതായി 1,255 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,247 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,79,390 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,60,338 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,730 ആയി. 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11,322 ആയി കുറഞ്ഞു. ഇതിൽ 1,451 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 340, കിഴക്കൻ പ്രവിശ്യ 282, റിയാദ് 203, അസീർ 156, ജീസാൻ 81, മദീന 58, അൽഖസീം 35, നജ്റാൻ 24, തബൂക്ക് 23, അൽബാഹ 20, ഹായിൽ 16, വടക്കൻ അതിർത്തി മേഖല 11, അൽജൗഫ് 6. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 16,908,470 ഡോസ് ആയി.

🇴🇲ഒമാനില്‍ 1,886 പേര്‍ക്ക് കൂടി കൊവിഡ്.

✒️ഒമാനില്‍ 1,886 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പുതിയതായി 1,733 പേര്‍ കൂടി രോഗമുക്തരായി.

രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍ ഇതോടെ 2,56,542 ആയി ഉയര്‍ന്നു. ഇവരില്‍ 2,24,077 പേരാണ് രോഗമുക്തരായത്. 87.3 ശതമാനമാണ് ഒമാനിലെ ഇപ്പോഴത്തെ കൊവിഡ് രോഗമുക്തി നിരക്ക്. രോഗം സ്ഥിരീകരിച്ചവരില്‍ ആകെ 2,848 പേര്‍ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 189 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1541 പേര്‍ ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 464 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

🇸🇦കൊവിഡ് വാക്‌സിന്‍: സൗദി അറേബ്യയില്‍ 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് ഇന്നുമുതല്‍.

✒️സൗദി അറേബ്യയില്‍ 50 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവര്‍ക്ക് രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ ഇന്നുമുതല്‍. ജൂണ്‍ 24 വ്യാഴാഴ്ച മുതല്‍ ഇവര്‍ക്ക് രണ്ടാം ഡോസ് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കി തുടങ്ങുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നേരത്തെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ആദ്യ ഡോസ് വാക്‌സിനേഷന്‍ തുടരും. രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ 70 ശതമാനം പേര്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ 587 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൂടെ  16.8 ദശലക്ഷം ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

🇸🇦സൗദി: തവക്കൽന ആപ്പിന്റെ പുതുക്കിയ പതിപ്പിൽ ഹജ്ജ് യാത്രാ ടിക്കറ്റുകൾ ഉൾപ്പടെയുള്ള സേവനങ്ങൾ ഉൾപ്പെടുത്തി.

✒️സൗദിയിലെ ‘Tawakkalna’ ആപ്പിന്റെ പുതുക്കിയ പതിപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മക്കയിലെ വിവിധ പരിശുദ്ധ ഇടങ്ങളിലേക്ക് യാത്രാ സേവനങ്ങൾ ലഭിക്കുന്നതിനായുള്ള ടിക്കറ്റ്, അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന SOS സേവനം മുതലായവ പുതുക്കിയ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിന് പുറമെ, ഉപഭോക്താവിന് തങ്ങൾ ഉപയോഗിക്കുന്ന ‘Tawakkalna’ ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പർ പുതുക്കുന്നതിനുള്ള സൗകര്യവും ഈ പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

താഴെ പറയുന്ന സേവനങ്ങളാണ് ‘Tawakkalna’ ആപ്പിന്റെ പുതുക്കിയ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്:

മക്കയിലെ വിവിധ പരിശുദ്ധ ഇടങ്ങളിലേക്ക് യാത്രാ സേവനങ്ങൾ ലഭിക്കുന്നതിനായുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം.

അടിയന്തിര സാഹചര്യങ്ങളിൽ സൗദി റെഡ് ക്രെസെന്റ് അതോറിറ്റിയിലേക്ക് SOS സന്ദേശം അയക്കുന്നതിനുള്ള സൗകര്യം.

ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ബുക്കിങ്ങുമായി ബന്ധപ്പെട്ട സേവനങ്ങൾ.

ഹജ്ജ്, ഉംറ തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകരോടൊപ്പം സഹയാത്രികരായി അനുഗമിക്കുന്നവർക്കുള്ള സേവനങ്ങൾ.

ആപ്പിലേക്ക് ലോഗിൻ ചെയ്യാൻ ഉപയോഗിക്കുന്ന ഫോൺ നമ്പർ മാറ്റി നൽകുന്നതിനുള്ള സൗകര്യം.

രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്ന് ഡൊമസ്റ്റിക് യാത്രികരായി സഞ്ചരിക്കുന്നവരുടെ ബോർഡിങ്ങ് പാസുകൾ ‘Tawakkalna’ ആപ്പുമായി ബന്ധിപ്പിക്കുന്നതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

🇶🇦ഖത്തർ: ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നൂതന സ്കാനർ സംവിധാനം ഏർപ്പെടുത്തി.

✒️ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ സെക്യൂരിറ്റി ചെക്ക്പോയിന്റുകളിൽ യാത്രികരുടെ ബാഗേജുകൾ സൂക്ഷ്‌മപരിശോധന നടത്തുന്നതിനായി നൂതന സ്കാനർ സംവിധാനം സ്ഥാപിച്ചു. സൂക്ഷ്‌മപരിശോധനാ ഉപകരണങ്ങൾ നിർമ്മിക്കുന്ന സ്മിത്ത്സ് ഡിറ്റക്ഷൻ എന്ന കമ്പനിയുമായി ചേർന്നാണ് ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ഈ പുതിയ സ്കാനർ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ ട്രാൻസ്‌ഫെർസ് ഹാളിലാണ് ഈ പുതിയ സ്കാനർ ഉപയോഗിച്ച് കൊണ്ടുളള സ്‌ക്രീനിങ്ങ് സംവിധാനം ആരംഭിച്ചിരിക്കുന്നത്. വലിയ ഇലക്ട്രോണിക് ഉപകരണങ്ങൾ, ദ്രവരൂപത്തിലുള്ള സാധനങ്ങൾ മുതലായവ നീക്കം ചെയ്യാതെ തന്നെ യാത്രികർക്ക് തങ്ങളുടെ ബാഗേജുകൾ ഈ സംവിധാനത്തിലൂടെ പരിശോധനകൾക്കായി നൽകാവുന്നതാണ്.

ഒരേ സമയം ആറ് യാത്രികരുടെ വരെ ബാഗേജുകളടങ്ങിയ ട്രേകൾ ഇത്തരത്തിൽ പരിശോധിക്കാനുള്ള സൗകര്യം ഈ സംവിധാനത്തിൽ ലഭ്യമാണ്. ഇതിനാൽ ബാഗേജ് പരിശോധനകളുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ വേഗത്തിൽ നടത്താൻ ഈ സംവിധാനം സഹായകമാണ്.

യാത്രികരുടെ ബോർഡിങ്ങ് പാസുമായി ബന്ധപ്പെടുത്തി ഓരോ യാത്രികന്റെയും ബാഗേജ് പ്രത്യേകം തിരിച്ചറിയുന്നതിനുള്ള സൗകര്യവും ഈ സംവിധാനത്തിൽ ലഭ്യമാണ്. സാധനങ്ങൾ നഷ്ടപ്പെടുന്നതും, മറന്ന് വെക്കുന്നതും ഉൾപ്പടെയുള്ള കാര്യങ്ങൾ തടയുന്നതിന് ഇതിലൂടെ സാധിക്കുന്നതാണ്. യാത്രികരുടെ പാദരക്ഷകൾ ഊരിയെടുക്കാതെ തന്നെ പരിശോധിക്കുന്നതിനുള്ള സൗകര്യവും ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്കാനറിലൂടെ കടത്തിവിടുന്ന ഓരോ ട്രേയും അടുത്ത ഉപയോഗത്തിന് മുൻപായി അണുവിമുക്തമാക്കുന്നതിനുള്ള യുവി സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

🇴🇲ഒമാൻ: പ്രവാസി നിക്ഷേപകർക്ക് 2021 സെപ്റ്റംബർ മുതൽ ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ അനുവദിക്കും.

✒️2021 സെപ്റ്റംബർ മുതൽ പ്രവാസി നിക്ഷേപകർക്ക് രാജ്യത്ത് ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ അനുവദിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വിദേശ നിക്ഷേപകർക്ക് അഞ്ച് വർഷത്തെയും, പത്ത് വർഷത്തെയും കാലാവധിയുള്ള വിസകൾ അനുവദിക്കുന്നതിനാണ് ഒമാൻ തീരുമാനിച്ചിട്ടുള്ളത്. രാജ്യത്തെ വിവിധ വാണിജ്യ, വ്യാവസായിക പ്രവർത്തനങ്ങളിൽ നിക്ഷേപം നടത്തുന്ന വിദേശികൾക്ക് മന്ത്രാലയത്തിന്റെ ഓൺലൈൻ സംവിധാനങ്ങളിലൂടെ ഈ ആനുകൂല്യം നേടാവുന്നതാണ്.

രാജ്യത്തെ വിവിധ വാണിജ്യ, വ്യാവസായിക പ്രവർത്തനങ്ങളിൽ നിക്ഷേപം നടത്തുന്ന പ്രവാസികൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള വിസകൾ അനുവദിക്കുന്ന പദ്ധതിക്ക് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് 2021 മാർച്ചിൽ അംഗീകാരം നൽകിയിരുന്നു. നിബന്ധനകൾ പാലിച്ച് കൊണ്ട് ഇത്തരം ദീർഘകാലാടിസ്ഥാനത്തിലുള്ള വിസകളുടെ കാലാവധി പുതുക്കുന്നതിനുള്ള സൗകര്യവും മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.

🇸🇦സൗദി: ഒന്നാമത്തെയും, രണ്ടാമത്തെയും ഡോസ് കുത്തിവെപ്പിനായി വ്യത്യസ്ത കമ്പനികളുടെ COVID-19 വാക്സിൻ ഉപയോഗിക്കാൻ അനുമതി.

✒️രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി, ഒന്നാമത്തെയും, രണ്ടാമത്തെയും ഡോസ് കുത്തിവെപ്പുകൾക്കായി വ്യത്യസ്ത കമ്പനികളുടെ വാക്സിൻ ഉപയോഗിക്കുന്നതിന് സൗദി അറേബ്യ അംഗീകാരം നൽകി. ജൂൺ 23-നാണ് സൗദി ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

സൗദി നാഷണൽ സയന്റിഫിക് കമ്മിറ്റി ഫോർ ഇൻഫെക്ഷ്യസ് ഡിസീസിന്റെ അംഗീകാരത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം ഈ അനുമതി നൽകിയിരിക്കുന്നത്. ഇതോടെ ആദ്യ ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് സൗദി അംഗീകരിച്ചിട്ടുള്ള മറ്റൊരു കമ്പനിയുടെ വാക്സിൻ രണ്ടാം ഡോസായി സ്വീകരിക്കുന്നതിന് ഔദ്യോഗിക അനുമതി ലഭിക്കുന്നതാണ്.

ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇരു ഡോസുകൾക്കുമായി വിവിധ വാക്സിനുകൾ ഫലപ്രദമായും, സുരക്ഷിതമായും ഉപയോഗിക്കാമെന്ന് അന്താരാഷ്ട്ര തലത്തിലുള്ള പഠനങ്ങൾ തെളിയിക്കുന്നതായി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

🇦🇪യു എ ഇ: COVID-19 വാക്സിൻ കുത്തിവെപ്പെടുക്കാനായി യാത്രചെയ്യുന്നവർക്ക് സൗജന്യ സവാരിയുമായി യൂബർ.

✒️അബുദാബി, ദുബായ് എന്നിവിടങ്ങളിൽ COVID-19 വാക്സിൻ കുത്തിവെപ്പെടുക്കുന്നതിനായി യാത്രചെയ്യുന്നവർക്ക് രണ്ട് യാത്രകൾ സൗജന്യമായി നൽകുമെന്ന് യൂബർ പ്രഖ്യാപിച്ചു. യു എ ഇയിലെ COVID-19 പ്രതിരോധ ശ്രമങ്ങൾക്കും, വാക്സിനേഷൻ നടപടികൾക്കും പിന്തുണ നൽകുന്നതിനായാണ് യൂബർ ഇത്തരം ഒരു ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.

അബുദാബിയിലെയും, ദുബായിലെയും പൊതു വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കോ, തിരികെയോ ഉള്ള പരമാവധി അറുപത് ദിർഹം വരെ വാടകയിനത്തിൽ വരുന്ന രണ്ട് യൂബർ യാത്രകളാണ് ഒരു വ്യക്തിക്ക് ഇത്തരത്തിൽ സൗജന്യമായി നൽകുന്നത്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ എന്നിവരുടെ പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ജൂൺ 22 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിലാണ് ഇത്തരത്തിൽ സൗജന്യ യാത്രകൾ അനുവദിക്കുന്നത്. എല്ലാ പ്രായവിഭാഗങ്ങളിൽ പെടുന്നവർക്കും, എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. യൂബറിൽ നിന്ന് ഈ പദ്ധതി സംബന്ധിച്ച് ലഭിക്കുന്ന SMS അല്ലെങ്കിൽ ഇമെയിൽ വിലാസത്തിലെ ലിങ്ക് ഉപയോഗിച്ച് കൊണ്ട് ഈ ആനുകൂല്യം നേടാവുന്നതാണ്.

🇦🇪യു എ ഇ: പണമിടപാടുകൾക്കായി ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗിക്കാൻ എമിറേറ്റ്സ് പോസ്റ്റ് നിർദ്ദേശിച്ചു.

✒️തങ്ങളുടെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട ഓൺലൈൻ പണമിടപാടുകൾക്കായി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, അല്ലെങ്കിൽ ഔദ്യോഗിക മൊബൈൽ ആപ്പ് എന്നിവ മാത്രം ഉപയോഗിക്കാൻ എമിറേറ്റ്സ് പോസ്റ്റ് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി. എമിറേറ്റ്സ് പോസ്റ്റിന്റെ സേവനങ്ങൾ ഉപയോഗിച്ച് കൊണ്ട് ഷിപ്മെന്റുകൾ നടത്തുന്ന അവസരത്തിലും, മറ്റു സേവനങ്ങൾ നേടുന്ന അവസരത്തിലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാൻ അധികൃതർ ആഹ്വാനം ചെയ്തു.

ഓൺലൈൻ പണമിടപാടുകളുമായി ബന്ധപ്പെട്ട് നടക്കുന്ന വിവിധ തട്ടിപ്പുകളെക്കുറിച്ച് ഉപഭോക്താക്കൾക്ക് ബോധവത്കരണം നൽകുന്നതിനും, ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നതിൽ നിന്ന് അവരെ തടയുന്നതിനും ലക്ഷ്യമിട്ടാണ് എമിറേറ്റ്സ് പോസ്റ്റ് ഇത്തരം ഒരു അറിയിപ്പ് നൽകിയിരിക്കുന്നത്. ഉപഭോക്താക്കളെ വിവിധ മാർഗങ്ങൾ ഉപയോഗിച്ച് കൊണ്ട് അനധികൃത പേയ്‌മെന്റ് ഗേറ്റ്‌വേകളിലേക്ക് വഴിതിരിച്ച് വിടുന്ന തട്ടിപ്പുകളെക്കുറിച്ച് അധികൃതർ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.

പണമിടപാടുകൾ നടത്തുന്ന വേളയിൽ അതീവജാഗ്രത പുലർത്താനും എമിറേറ്റ്സ് പോസ്റ്റ് ആവശ്യപ്പെട്ടു. എമിറേറ്റ്സ് പോസ്റ്റിൽ നിന്നുള്ളതെന്ന തരത്തിൽ വരുന്ന ഇമെയിലുകളിലും, മറ്റു സന്ദേശങ്ങളിലും ഉപഭോക്താക്കളെ അനധികൃത പേയ്‌മെന്റ് ഗേറ്റ്‌വേകളിലേക്ക് നയിക്കാൻ ലക്ഷ്യമിട്ടുള്ള ലിങ്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന തട്ടിപ്പിന് ഇരയാകരുതെന്നും അധികൃതർ അറിയിച്ചു.

ഇത്തരത്തിൽ ഉപഭോക്താക്കളെ തങ്ങളുടെ വെബ്‌സൈറ്റിന് പുറത്തുള്ള പേയ്‌മെന്റ് ഗേറ്റ്‌വേയിലേക്ക് നയിക്കുന്ന SMS സന്ദേശങ്ങളോ, ഇമെയിലോ എമിറേറ്റ്സ് പോസ്റ്റ് ഒരിക്കലും അയയ്‌ക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇക്കാരണത്താൽ, ലഭിക്കുന്ന സന്ദേശങ്ങളിലെ അയച്ചയാളുടെ ഇ-വിലാസം എല്ലായ്പ്പോഴും പരിശോധിക്കാനും, ഇത്തരം സന്ദേശങ്ങൾക്ക് മറുപടിയായി സ്വകാര്യ വിവരങ്ങൾ നൽകുന്നത് ഒഴിവാക്കാനും എമിറേറ്റ്സ് പോസ്റ്റ് ഉപഭോക്താക്കളെ ഓർമ്മപ്പെടുത്തി.

🇶🇦ഖത്തറില്‍ 105 പുതിയ കോവിഡ് കേസുകള്‍; സമ്പര്‍ക്കത്തിലൂടെ 66 പേര്‍ മാത്രം.

✒️ഖത്തറില്‍ ഇന്ന് 105 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 141 പേരാണ് രോഗമുക്തി നേടിയത്. 66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 39 പേര്‍. 1,863 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഇന്ന് ഖത്തറില്‍ ഒരാള്‍ കൂ കോവിഡ് ബാധിച്ച് മരിച്ചു. 82 വയസ്സുകാരാണ് മരിച്ചത്. ആകെ മരണം 587. രാജ്യത്ത് ഇതുവരെ 2,18,928 പേര്‍ രോഗമുക്തി നേടി. ഇന്ന് 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 120 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 29,991 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 29,56,057 ആയി.

🇦🇪അബുദാബിയിൽ ലൈറ്റിടാതെ രാത്രി വാഹനമോടിച്ചാല്‍ 500 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 4 ബ്ലാക്ക് പോയിന്റും ശിക്ഷ.

✒️സുരക്ഷിതമായ ഡ്രൈവിംഗ് നിയമങ്ങള്‍ പാലിക്കാന്‍ ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ട് അബൂദബി പൊലീസ്. തലസ്ഥാന നഗരത്തില്‍ ലൈറ്റിടാതെ രാത്രി വാഹനമോടിച്ചാല്‍ 500 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 4 ബ്ലാക് പോയിന്റും ശിക്ഷയെന്ന് പൊലീസ് അറിയിച്ചു.

നിയമലംഘകരെ പിടികൂടാന്‍ നിരീക്ഷണം ശക്തമാക്കി. ഒരു വര്‍ഷത്തിനിടെ ഇതാവര്‍ത്തിച്ചാല്‍ കേസ് ഫയല്‍ ട്രാഫിക് പ്രോസിക്യൂഷന് കൈമാറുന്നതടക്കം കടുത്ത നടപടികള്‍ ഉണ്ടാകും. ലൈറ്റ് ഇല്ലാതെ വാഹനമോടിക്കരുതെന്ന് അബൂദബി പൊലീസ് പട്രോളിങ് ഡയറക്ടര്‍ മേജര്‍ സാലിം അഹ് മദ് അശാംസി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് നിയമലംഘനങ്ങള്‍ റിപോര്‍ട് ചെയ്യാം. ഫോണ്‍: 999.

🇸🇦ഹജ്ജ് രജിസ്ട്രേഷൻ നടത്തിയത് അഞ്ചര ലക്ഷത്തിലേറെ പേർ; അപേക്ഷിച്ചവരുടെ പ്രായം ഇങ്ങിനെയാണ്.

✒️ഈ വർഷത്തെ അറുപതിനായിരം പേർക്ക് അവസരമുള്ള ഹജ്ജിലേക്ക് അഞ്ച് ലക്ഷത്തി അൻപത്തിയെട്ടായിരം പേർ അപേക്ഷിച്ചതായി സൗദിയിലെ ഹജ്ജ് ഉറം മന്ത്രാലയം. സൗദിയിലെ സ്വദേശികളും വിദേശികളുമായ വിശ്വാസികൾക്ക് മാത്രമായിരുന്നു ഇത്തവണ ഹജ്ജിന് അവസരം. നാളെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സന്ദേശം ലഭിക്കും. ഇവർക്ക് നാളെ ഉച്ചക്ക് ഒരു മണി മുതൽ പാക്കേജുകൾ തെരഞ്ഞെടുത്ത് പണമടക്കാം. മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ ഈ പ്രക്രിയ പൂർത്തിയാക്കണം. പണമടച്ചില്ലെങ്കിൽ അവസരം നഷ്ടമാകും. ആരോഗ്യ പ്രോട്ടോകോൾ മികച്ച രീതിയിൽ പൂർത്തിയാക്കുന്നവർക്കും ഉയർന്ന പ്രായത്തിലുള്ളവരെയുമാണ് ആദ്യം പരിഗണിക്കുക. അപേക്ഷകരുടെ പ്രായം ഇങ്ങിനെയാണ്:

60 വയസ്സിന് മുകളിലുള്ളവർ: 2% 51നും 60നും ഇടയിലുള്ളവർ: 11% 41നും 50നും ഇടയിലുള്ളവർ: 20% 31നും 40നും ഇടയിലുള്ളവർ: 38% 31നും 40നും ഇടയിലുള്ളവർ: 26% 20 വയസ്സിന് താഴെയുള്ളവർ: 3% നാളെയോടെ ഹജ്ജിൻ്റെ ഈ വർഷത്തെ രജിസ്ട്രഷൻ പ്രക്രിയ പൂർത്തിയാകും.

🇶🇦ആശങ്കകള്‍ വേണ്ട, ചരിത്രത്തിലെ ആദ്യ 'വാക്സിനേറ്റഡ് ലോകകപ്പി'നൊരുങ്ങുകയാണ് ഖത്തര്‍.

✒️നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന ചരിത്രത്തിലെ ആദ്യ ലോകകപ്പ്, അറബ് മേഖലയുടെ ആദ്യ ലോകകപ്പ്, 32 ടീമുകളുള്ള ഫോര്‍മാറ്റില്‍ നടക്കുന്ന അവസാന ലോകകപ്പ്. അങ്ങനെയങ്ങനെ ഒട്ടേറെ സവിശേഷതകളാല്‍ ചരിത്രത്തില്‍ ഇടംപിടിക്കാനൊരുങ്ങുന്ന ലോകകപ്പാണ് ഖത്തര്‍ 2022. ഈ പ്രത്യേകതകളിലേക്ക് ഒന്നുകൂടെ കൂട്ടിച്ചേര്‍ക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ ഖത്തര്‍. അതാവട്ടെ, ടൂര്‍ണമെന്‍റ് എങ്ങനെ നടക്കുമെന്ന കാര്യത്തില്‍ കളിയാരാധകര്‍ക്കുള്ള സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള ഖത്തറിന്‍റെ മറുപടി കൂടിയാണ്. കോവിഡ് കാലത്തെ ലോകകപ്പിനെ വാക്സിന്‍ വെച്ച് തന്നെ നേരിടാനാണ് ഖത്തറിന്‍റെ പദ്ധതിയെന്ന് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സ്റ്റേഡിയത്തിലേക്കും ഗാലറിയിലേക്കും വൈറസിനെ കടത്തിവിടാതിരിക്കാനാവശ്യമായ പഴുതടച്ച പ്രതിരോധമാര്‍ഗങ്ങളാണ് രാജ്യം ആവിഷ്കരിക്കുന്നത്. ഒരു മില്യണ്‍ കോവിഡ് പ്രതിരോധ വാക്സിനാണ് ലോകകപ്പ് കാണികള്‍ക്കായി ഖത്തര്‍ തയ്യാറാക്കുന്നത്. അന്താരാഷ്ട്ര മരുന്ന് കമ്പനികളുമായി ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് ഖത്തര്‍ പ്രധാനമന്ത്രി ഖാലിദ് ബിന്‍ അസീസ് അല്‍ത്താനി കഴിഞ്ഞ ദിവസം പറഞ്ഞത്. സ്വന്തം രാജ്യങ്ങളില്‍ നിന്നും വാക്സിനേഷന്‍ പൂര്‍ത്തിയാക്കാതെ ഖത്തറിലേക്കെത്തുന്ന കാണികള്‍ക്കാണ് ഇവിടെ വെച്ച് വാക്സിന്‍ സൌജന്യമായി നല്‍കുക.

ഒളിമ്പിക്സ് മാറ്റി വെച്ചത് കണക്കിലെടുത്താണ് പലരും ഖത്തര്‍ ലോകകപ്പിന്‍റെ കാര്യത്തിലും ആശങ്കപ്പെട്ടത്. എന്നാല്‍ കാണികളെ വെച്ച് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന യൂറോ കപ്പ് ഖത്തറിനും ഫിഫയ്ക്കും വലിയ ആത്മവിശ്വാസമാണ് പകരുന്നത്. ദോഹയില്‍ തന്നെ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന അറബ് കപ്പ് യോഗ്യതാ റൌണ്ടും ഏറ്റവും ഒടുവിലായി പൂര്‍ത്തിയായ ലോകകപ്പ് യോഗ്യതാ റൌണ്ടും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ കാണികള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ടാണ് നടത്തുന്നത്. ലോകത്ത് നിലവില്‍ ലഭ്യമായ ഏറ്റവും മുന്തിയതും ഫലപ്രാപ്തിയുള്ളതുമായ വാക്സിനാണ് ഖത്തര്‍ നിലവില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. അതിനാല‍് തന്നെ കോവിഡിന്‍റെ രണ്ടാം തരംഗത്തെ വേഗത്തിലും കാര്യക്ഷമമായും മറികടക്കാന്‍ രാജ്യത്തിന് കഴിഞ്ഞു. ലോകാരോഗ്യസംഘടന തന്നെ പലവട്ടം അഭിനന്ദിച്ച ഖത്തറിന്‍റെ ആരോഗ്യപരിചരണ സംവിധാനം ലോകകപ്പിന്‍റെ സംഘാടനത്തിനും ഫിഫയ്ക്ക് വലിയ ധൈര്യം പകരുന്നു.

കോവിഡ് വൈറസ് പ്രതിബന്ധങ്ങള്‍ തീര‍്ത്ത പ്രതിസന്ധിക്കാലത്തും ലോകകപ്പിന്‍റെ ഒരുക്കങ്ങള്‍ മുടക്കമില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചതും ഖത്തറിന്‍റെ അപാരമായ ആത്മവിശ്വാസത്തിന്‍റെ വിജയം കൂടിയാണ്. 90 ശതമാനം ഒരുക്കങ്ങളും പൂര‍്ത്തിയാണെന്ന് ഖത്തര്‍ പ്രധാനമന്ത്രിയെകൊണ്ട് പറയിപ്പിച്ചതും ഈ ആത്മവിശ്വാസമാണ്. മഹാമാമാങ്കത്തിനുള്ള മുന്നൊരുക്കമെന്ന നിലയിലും പഴുതുകളടക്കാനുള്ള അവസരമെന്ന നിലയിലുമാണ് ഫിഫ ഇക്കൊല്ലം അവസാനം ഖത്തറില്‍ വെച്ച് ലോകകപ്പ് മാതൃകയില്‍ അറബ് കപ്പ് സംഘടിപ്പിക്കുന്നത്. മുഴുവന്‍ അറബ് രാജ്യങ്ങളും ദോഹയില്‍ പന്തുതട്ടാനെത്തുമ്പോള്‍ സ്വാഭാവികമായും കാണികളും ഒഴുകേണ്ടതാണ്. എന്നാല്‍ അറബ് കപ്പിലേക്ക് കാണികളുടെ പ്രവേശനം ഏത് രീതിയിലായിരിക്കുമെന്ന് ഖത്തറും ഫിഫയും ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എല്ലാറ്റിനുമപ്പുറം ഒന്നരകൊല്ലം ഇനിയും ലോകകപ്പിന് ബാക്കിയുണ്ട്. അപ്പോഴേക്കും സാഹചര്യങ്ങളെല്ലാം മാറുമെന്ന പ്രത്യാശയിലും കണക്കുകൂട്ടലിലും കൂടിയാണ് ഖത്തറും ഫിഫയും പിന്നെ കായിക ലോകവും.

🇦🇪യുഎഇ 2,161 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം.

✒️യുഎഇയില്‍ 2,161 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,123 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,82,345 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,20,309 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,99,131 പേര്‍ രോഗമുക്തരാവുകയും 1,775 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,403 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Post a Comment

0 Comments