🇸🇦സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ മക്ക മേഖലയിൽ.
🇶🇦ഖത്തറില്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള തീയ്യതി നീട്ടി.
🇰🇼കുവൈത്തില്‍ 27 മുതല്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രം.
🇴🇲ഒമാൻ: രാത്രികാല യാത്രാനിയന്ത്രണങ്ങൾ ഫലപ്രദമാണെന്ന് ആരോഗ്യ മന്ത്രാലയം; സമ്പൂർണ്ണ ലോക്ക്ഡൌൺ നിലവിൽ പരിഗണനയിലില്ല.
🇦🇪യുഎഇയില്‍ 2,223 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് ഏഴ് മരണം.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 282 പേര്‍ക്കെതിരെ കൂടി നടപടി.
🇴🇲ഒമാനില്‍ രണ്ട് വാക്സിനുകള്‍ക്കു കൂടി അനുമതി.
🇶🇦ഖത്തറില്‍ 105 പുതിയ കോവിഡ് കേസുകള്‍; സമ്പര്‍ക്കത്തിലൂടെ 66 പേര്‍ മാത്രം.
വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ മക്ക മേഖലയിൽ.
✒️സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകൾ ഏറ്റവം കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് മക്ക മേഖലയില്‍. കുറച്ച് ദിവസങ്ങളായി മക്കയിൽ മുന്നൂറിന് മുകളിലാണ് പുതിയ രോഗികളുടെ പ്രതിദിന എണ്ണം. അതെസമയം ഇന്ന് രാജ്യത്ത് പുതിയതായി 1,312 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യവ്യാപകമായി കോവിഡ് ബാധിച്ച് 13 മരണം കൂടി റിപ്പോർട്ട് ചെയ്തു. ചികിത്സയിലുണ്ടായിരുന്നവരിൽ 1,1290 പേർ സുഖം പ്രാപിച്ചു.
രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,80,702 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,61,628 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,743 ആയി. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11,331 ആയി കുറഞ്ഞു. ഇതിൽ 1,466 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 373, റിയാദ് 233, കിഴക്കൻ പ്രവിശ്യ 214, അസീർ 155, ജീസാൻ 104, മദീന 71, അൽഖസീം 49, നജ്റാൻ 33, തബൂക്ക് 26, അൽബാഹ 24, ഹായിൽ 15, വടക്കൻ അതിർത്തി മേഖല 12, അൽജൗഫ് 3. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 17,014,811 ഡോസ് ആയി.
🇶🇦ഖത്തറില്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള തീയ്യതി നീട്ടി.
✒️ഖത്തറില്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള തീയ്യതി 2021 ഡിസംബര്‍ 31 വരെ നീട്ടി. രാജ്യത്തെ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ അയച്ചു. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശ പ്രകാരമാണിത്.
പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന തീയ്യതി ജൂലൈ ഒന്ന് ആയിരിക്കുമെന്നാണ് നേരത്തെ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചിരുന്നത്. ഇത് മാറ്റിയാണ് ഇപ്പോള്‍ ഡിസംബര്‍ അവസാനം വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നത്. എല്ലാ ബാങ്കുകളുടെയും എ.ടി.എം മെഷീനുകള്‍ വഴി പഴയ നോട്ടുകള്‍ നിക്ഷേപിക്കാനും സാധിക്കും. നാലാം സീരിസിലുള്ള കറന്‍സി നോട്ടുകള്‍ 2020 ഡിസംബര്‍ 13നാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പിന്‍വലിച്ചത്. തുടര്‍ന്ന് ഡിസംബര്‍ 18ന് ദേശീയ ദിനത്തില്‍ അഞ്ചാം സീരിസ് നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്‍തു. 200 റിയാലിന്റെ പുതിയ നോട്ടും ഇതെടൊപ്പം സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി.
🇰🇼കുവൈത്തില്‍ 27 മുതല്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രം.
✒️ജൂണ്‍ 27 മുതല്‍ കുവൈത്തിലെ പൊതുസ്ഥലങ്ങളില്‍ വാക്സിനെടുക്കാത്തവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. മാളുകള്‍, റസ്റ്റോറന്റുകള്‍, ജിമ്മുകള്‍, സലൂണുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വാക്സിനെടുക്കാത്തവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. അതേസമയം റസ്റ്റോറന്റുകളുടെയും ഷോപ്പുകളുടെയും ഉടമസ്ഥര്‍ക്ക് ഇത് ബാധകമാക്കിയിട്ടില്ല.
കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കും. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷനില്‍ വാക്സിനേഷന്‍ വിവരങ്ങള്‍ കാണിക്കണം. ആപ്ലിക്കേഷനില്‍ രണ്ട് ഡോസുകള്‍ മുഴുവനായോ അല്ലെങ്കില്‍ ഒരു ഡോസ് മാത്രമായോ വാക്സിന്‍ സ്വീകരിച്ചതിനെ സൂചിപ്പിക്കുന്ന പച്ച അല്ലെങ്കില്‍ ഓറഞ്ച് കളര്‍ കോഡ് ഉള്ളവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാം. വാക്സിനെടുക്കാത്തതിനെ സൂചിപ്പിക്കുന്ന റെഡ് കളര്‍കോഡാണെങ്കില്‍ പ്രവേശനം നിഷേധിക്കും.
🇴🇲ഒമാൻ: രാത്രികാല യാത്രാനിയന്ത്രണങ്ങൾ ഫലപ്രദമാണെന്ന് ആരോഗ്യ മന്ത്രാലയം; സമ്പൂർണ്ണ ലോക്ക്ഡൌൺ നിലവിൽ പരിഗണനയിലില്ല.
✒️രാജ്യത്തെ COVID-19 രോഗവ്യാപനം തടയുന്നതിൽ രാത്രികാല ലോക്ക്ഡൌൺ പോലുള്ള ഭാഗിക യാത്രാനിയന്ത്രണങ്ങൾ ഫലപ്രദമാണെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ അഹ്‌മദ് അൽ സൈദി അഭിപ്രായപ്പെട്ടു. ജൂൺ 24-ന് നടന്ന സുപ്രീം കമ്മിറ്റിയുടെ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
റമദാൻ കാലയളവിൽ ദോഫാർ ഗവർണറേറ്റിൽ രേഖപ്പെടുത്തിയ COVID-19 രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ രാത്രികാല യാത്രാനിയന്ത്രണങ്ങൾ ഏറെ ഫലപ്രദമായിരുന്നതായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. “ഭാഗിക നിയന്ത്രണങ്ങൾ എളുപ്പത്തിൽ നടപ്പിലാക്കാവുന്നവയാണ്. ദോഫാർ ഗവർണറേറ്റിൽ ഏർപ്പെടുത്തിയ ഇത്തരം നിയന്ത്രണങ്ങൾ രണ്ടാഴ്ച്ച കൊണ്ട് വൈറസ് വ്യാപനം തടയുന്നതിന് ഏറെ സഹായകമായിരുന്നു”, അദ്ദേഹം വ്യക്തമാക്കി.
നിലവിൽ രാജ്യത്ത് പ്രകടമാകുന്ന രോഗവ്യാപനം തടയുന്നതിനായി 2021 ജൂൺ 20, ഞായറാഴ്ച്ച വൈകീട്ട് 8 മണി മുതൽ ഒമാൻ രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തിയിട്ടുണ്ട്. ദിനവും രാത്രി 8 മണി മുതൽ രാവിലെ 4 മണിവരെയാണ് വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഒമാനിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
രാജ്യത്തെ രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തുന്ന ഓരോ തീരുമാനവും കർശനമായ പഠനങ്ങൾക്ക് ശേഷമാണ് കൈക്കൊള്ളുന്നതെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ അഹ്‌മദ് അൽ സൈദി ഇതേ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ, രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“നിലവിൽ ഇത്തരം ഒരു കാര്യം പരിഗണനയിലില്ല. മറ്റു മാർഗങ്ങളൊന്നും ഫലപ്രദമാകാത്ത സാഹചര്യത്തിൽ അവസാന പോംവഴി എന്ന രീതിയിലെടുക്കുന്ന തീരുമാനമാണ് സമ്പൂർണ്ണ ലോക്ക്ഡൌൺ. ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളും ആരോഗ്യ മേഖലയെയും, സാമ്പത്തിക മേഖലയെയും, സാമൂഹിക മേഖലയെയും ഒരുപോലെ കണക്കിലെടുത്ത് കൊണ്ടുള്ള തീരുമാനങ്ങളാണ് കൈക്കൊള്ളുന്നത്. സമ്പൂർണ്ണ ലോക്ക്ഡൌൺ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ അത്തരം ഒരു തീരുമാനം രാജ്യത്തെ മുഴുവൻ നിവാസികളുടെയും സുരക്ഷ മുൻനിർത്തി കൈക്കൊള്ളുന്നതായിരിക്കും.”, രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ ഏർപ്പെടുത്തുമോ എന്ന ചോദ്യങ്ങളോട് പ്രതികരിച്ച് കൊണ്ട് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യ പരിചരണ മേഖല അത്യന്തം ദുഷ്കരമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ പൊതു ഇടങ്ങളിലും മറ്റും പ്രവേശിക്കുന്നതിന് COVID-19 വാക്സിനേഷൻ നിർബന്ധമാക്കാൻ സാധ്യതയുള്ളതായി ഒമാൻ ആരോഗ്യ മന്ത്രാലയം സൂചന നൽകിയിട്ടുണ്ട്.
🇦🇪യുഎഇയില്‍ 2,223 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് ഏഴ് മരണം.
✒️യുഎഇയില്‍ 2,223 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,177 പേര്‍ സുഖം പ്രാപിക്കുകയും ഏഴ് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,93,212 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,22,532 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,01,308 പേര്‍ രോഗമുക്തരാവുകയും 1,782 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,442 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 282 പേര്‍ക്കെതിരെ കൂടി നടപടി.
✒️ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 282 പേര്‍ക്കെതിരെ കൂടി ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനാണ് 260 പേരെ പിടികൂടിയത്. സാമൂഹിക അകലം പാലിക്കാത്തതിന് 22 പേര്‍ പിടിയിലായി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
🇶🇦ഖത്തറില്‍ 105 പുതിയ കോവിഡ് കേസുകള്‍; സമ്പര്‍ക്കത്തിലൂടെ 66 പേര്‍ മാത്രം.
✒️ഖത്തറില്‍ ഇന്ന് 105 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 141 പേരാണ് രോഗമുക്തി നേടിയത്. 66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 39 പേര്‍. 1,863 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഇന്ന് ഖത്തറില്‍ ഒരാള്‍ കൂ കോവിഡ് ബാധിച്ച് മരിച്ചു. 82 വയസ്സുകാരാണ് മരിച്ചത്. ആകെ മരണം 587. രാജ്യത്ത് ഇതുവരെ 2,18,928 പേര്‍ രോഗമുക്തി നേടി. ഇന്ന് 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 120 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 29,991 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 29,56,057 ആയി.
🇴🇲ഒമാനില്‍ രണ്ട് വാക്സിനുകള്‍ക്കു കൂടി അനുമതി.
✒️ഒമാനിൽ അടിയന്തിര ഉപയോഗത്തിനായി രണ്ട് വാക്സിനുകൾക്ക് കൂടി അനുമതി. സ്പുട്നിക്, സിനോവാക് വാക്സിനുകൾക്കാണ് ആരോഗ്യ മന്ത്രാലയം അനുമതി നൽകിയത്. ഫൈസർ, ഓക്സ്ഫഡ്/ ആസ്ട്രാസെനക്ക വാക്സിനുകൾക്ക് പുറമെയാണ് പുതിയ അനുമതി. ജനുവരി മുതൽ സെപ്റ്റംബർ വരെ കാലയളവിൽ ഒമാന് 32 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കൂടി ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഈദി പറഞ്ഞു . ആഗസ്റ്റ് അവസാനത്തിനുള്ളിൽ മുൻഗണനാ പട്ടികയിലുള്ള എല്ലാവർക്കും ഒരു ഡോസ് വാക്സിനെങ്കിലും നൽകുകയാണ് ലക്ഷ്യം. ഇതുവരെ 15.15 ലക്ഷം ഡോസ് വാക്സിനാണ് ഒമാനിൽ നൽകിയത്. ഏപ്രിലിൽ മരണപ്പെട്ടവരിലധികവും കോവിഡ് വാക്സിൻ സ്വീകരിക്കാൻ വിസമ്മതിച്ച 60 വയസിന് മുകളിൽ പ്രായമുള്ളവരാണെന്നും ഡോ.അൽസഈദി പറഞ്ഞു.
0 Comments