🇸🇦സൗദി അറേബ്യയിൽ ഇന്ന് 1,077 പേര്‍ക്ക് കൂടി കൊവിഡ്; 16 മരണം.
🇸🇦യാത്രാ വിലക്കിനെ തുടര്‍ന്ന് കാലാവധി കഴിഞ്ഞ സന്ദർശന വിസകൾ പുതുക്കാനാരംഭിച്ചു.
🇦🇪യുഎഇയില്‍ 2123 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം.
🇶🇦ഖത്തർ: അബു സമ്ര അതിർത്തിയിലൂടെ പ്രവേശിക്കുന്നവർക്കായി ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ആരംഭിച്ചു.
🇸🇦സൗദി: 2021-ലെ ഹജ്ജ് തീർത്ഥാടനം ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം.
🕋ഇപ്രാവശ്യത്തെ ഹജ്ജിന് മൂന്ന് പാക്കേജുകൾ; യാത്ര മുഴുവൻ ബസിൽ.
🇴🇲ഒമാൻ: പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ സംബന്ധിച്ച് റിയാദ ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി.
🇴🇲ഒമാൻ: മസ്‌കറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് നിലവിൽ രണ്ടാം ഡോസ് കുത്തിവെപ്പുകൾ മാത്രമാണ് നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.
🇸🇦സൗദി: ജൂൺ 15 മുതൽ പുറം തൊഴിലിടങ്ങളിൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കും.
🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 150ല്‍ താഴെ; ഭൂരിഭാഗവും യാത്രക്കാര്‍.
🕋സഊദിയിൽ ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ.
🇴🇲ഒമാനിലെ അമ്ബലങ്ങളും ക്രിസ്ത്യന്‍ പള്ളികളും വീണ്ടും തുറക്കുന്നു.
🇰🇼കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; കുവൈത്തില്‍ മ്യൂസിയങ്ങളും കള്‍ചറല്‍ സെന്ററുകളും ഞായറാഴ്ച മുതല്‍ തുറക്കും.
📲'തവക്കൽന' ആപ്പ് ഇന്ത്യ അടക്കം 75 രാജ്യങ്ങളിൽ ഉപയോഗിക്കാം.
വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യയിൽ ഇന്ന് 1,077 പേര്‍ക്ക് കൂടി കൊവിഡ്; 16 മരണം.
✒️സൗദി അറേബ്യയിൽ ശനിയാഴ്‍ച 1,077 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്നവരിൽ 906 പേർ രോഗമുക്തരായി. രാജ്യത്ത് വിവിധയിടങ്ങളിലായി 16 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,64,780 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,46,960 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,553 ആയി.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,267 ആയി ഉയർന്നു. ഇതിൽ 1,562 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 348, റിയാദ് 225, കിഴക്കൻ പ്രവിശ്യ 149, അസീർ 97, ജീസാൻ 70, മദീന 69, അൽഖസീം 40, നജ്റാൻ 21, തബൂക്ക് 20, ഹായിൽ 18, അൽബാഹ 11, വടക്കൻ അതിർത്തി മേഖല 7, അൽജൗഫ് 2. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ കുത്തിവെപ്പ് 15,582,558 ഡോസ് ആയി.
🇸🇦യാത്രാ വിലക്കിനെ തുടര്‍ന്ന് കാലാവധി കഴിഞ്ഞ സന്ദർശന വിസകൾ പുതുക്കാനാരംഭിച്ചു.
✒️യാത്രാ വിലക്കുകൾ മൂലം ഇതുവരെ ഉപയോഗിക്കാൻ കഴിയാതെ കാലാവധി അവസാനിച്ച സന്ദർശക വിസകളുടെ കാലാവധി നീട്ടുന്നതിനുള്ള സേവനങ്ങൾ നൽകുന്നതിനായി സൗദി വിദേശകാര്യ മന്ത്രാലയം ഒരു ഓൺലൈൻ സംവിധാനം ആരംഭിച്ചു. സൗദിയിലേക്ക് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഈ സംവിധാനം ഉപയോഗിച്ച് കൊണ്ട് ഇതുവരെ ഉപയോഗിക്കാത്ത സന്ദർശക വിസകളുടെ കാലാവധി നീട്ടാവുന്നതാണ്. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
https://enjazit.com.sa/enjaz/extendexpiredvisa എന്ന വിലാസത്തിൽ ഈ സംവിധാനം ലഭ്യമാണ്. 2021 ജൂലൈ 31 വരെ ഈ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഇത്തരം സന്ദർശക വിസയുടെ കാലാവധി നീട്ടി നേടാവുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയം, ധനകാര്യ മന്ത്രാലയം എന്നിവരുമായി സംയുക്തമായാണ് ഈ ഓൺലൈൻ സംവിധാനം ആരംഭിച്ചിരിക്കുന്നത്. നിലവിൽ സൗദിയ്ക്ക് പുറത്തുള്ളവർക്ക് ഈ സംവിധാനത്തിലൂടെ തങ്ങൾക്ക് അനുവദിക്കപ്പെട്ട, എന്നാൽ യാത്രാവിലക്കുകൾ മൂലം ഉപയോഗിക്കാൻ സാധിക്കാതിരുന്ന, സന്ദർശക വിസകളുടെ കാലാവധി നീട്ടിയെടുക്കാവുന്നതാണ്.
രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ റെസിഡൻസി വിസ കാലാവധി 2021 ജൂലൈ 31 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
🇦🇪യുഎഇയില്‍ 2123 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം.
✒️യുഎഇയില്‍ 2,123 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,094 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,49,746 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,96,017 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,75,288 പേര്‍ രോഗമുക്തരാവുകയും 1,724 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,005 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇸🇦സൗദി: 2021-ലെ ഹജ്ജ് തീർത്ഥാടനം ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം.
✒️2021-ലെ ഹജ്ജ് തീർത്ഥാടനം രാജ്യത്തിനകത്തുള്ള തീർത്ഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ജൂൺ 12-ന് ഉച്ചയ്ക്ക് പുറത്തിറക്കിയ പ്രത്യേക അറിയിപ്പിലൂടെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ഈ തീരുമാനപ്രകാരം, നിലവിൽ സൗദിയിലുള്ള പൗരന്മാർക്കും, പ്രവാസികൾക്കും മാത്രമാണ് ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ അനുമതി നൽകുന്നത്. കഴിഞ്ഞ വർഷവും, ഇതേ രീതിയിൽ വിദേശ തീർത്ഥാടകരെ പങ്കെടുപ്പിക്കാതെയാണ് തീർത്ഥാടനം നടത്തിയത്.
“ആഗോളതലത്തിൽ COVID-19 മഹാമാരിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്, 2021-ലെ ഹജ്ജ് തീർത്ഥാടനത്തിലേക്കുള്ള രജിസ്‌ട്രേഷൻ നിലവിൽ രാജ്യത്തിനകത്തുള്ള പൗരന്മാർക്കും, പ്രവാസികൾക്കും മാത്രമായി പരിമിതപ്പെടുത്തുന്നതാണ്. ഇത്തരത്തിൽ 60000 ആഭ്യന്തര തീർത്ഥാടകർക്കാണ് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി നൽകുന്നത്. നിലവിൽ സൗദിയിലുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെയും, പൗരന്മാരെയും ഉൾപ്പെടുത്തി ഇവരെ തിരഞ്ഞെടുക്കുന്നതാണ്.”, ജൂൺ 12-ന് ഹജ്ജ് മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരോ, ആദ്യ ഡോസ് വാക്സിനെടുത്ത ശേഷം 14 ദിവസം പൂർത്തിയാക്കിയവരോ, രോഗമുക്തി നേടിയ ശേഷം വാക്സിൻ സ്വീകരിച്ചവരോ ആയ 18-നും, 65-നും ഇടയിൽ പ്രായമുള്ളവർക്കാണ് രജിസ്‌ട്രേഷൻ അനുമതിയുള്ളത്. പൊതുസമൂഹത്തിന്റെയും, തീർത്ഥാടകരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇത് തുടർച്ചയായി രണ്ടാമത്തെ വർഷമാണ് ഹജ്ജ് രജിസ്‌ട്രേഷൻ ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്.
വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് കർശനമായ ആരോഗ്യ സുരക്ഷാ നിബന്ധനകൾക്ക് വിധേയമായി ഈ വർഷം ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുവാദം നൽകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.എന്നാൽ നിലവിലെ കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്തും, വിവിധ രാജ്യങ്ങളിൽ വൈറസിന്റെ വകഭേദങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ കണക്കിലെടുത്തുമാണ് ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമായി ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി നൽകാൻ മന്ത്രാലയം തീരുമാനിച്ചത്.
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം സംബന്ധിച്ച നടപടിക്രമങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് സൗദി വാണിജ്യവകുപ്പ് മന്ത്രിയും, മീഡിയ വകുപ്പിന്റെ താത്കാലിക ചുമതലയുമുള്ള മന്ത്രിയുമായ ഡോ. മജീദ് അൽ ഖസാബി ജൂൺ 6-ന് റിയാദിൽ വെച്ച് നടന്ന ഒരു പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു.
🇶🇦ഖത്തർ: അബു സമ്ര അതിർത്തിയിലൂടെ പ്രവേശിക്കുന്നവർക്കായി ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ആരംഭിച്ചു.
✒️അബു സമ്ര അതിർത്തിയിലൂടെ പ്രവേശിക്കുന്നവരുടെ യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് പ്രത്യേക ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ആരംഭിച്ചതായി ഖത്തർ അറിയിച്ചു. ഈ അതിർത്തിവഴി രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് നടപടിക്രമങ്ങൾ സംബന്ധിച്ച കാലതാമസം ഒഴിവാക്കുന്നതിന് ഈ രജിസ്ട്രേഷൻ സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
https://www.ehteraz.gov.qa/ എന്ന വിലാസത്തിൽ ഈ രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. അബു സമ്ര അതിർത്തിയിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് ഏറ്റവും ചുരുങ്ങിയത് ആറ് മണിക്കൂർ മുൻപെങ്കിലും ഈ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് വരെ ഇത്തരം രജിസ്ട്രേഷൻ അനുവദിക്കുന്നതാണ്.
ഈ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനായി ഓൺലൈൻ സംവിധാനത്തിൽ പുതിയ യൂസർ അക്കൗണ്ട് നിർമ്മിക്കുകയും, അതിൽ ലോഗ് ഇൻ ചെയ്യുകയും ചെയ്യേണ്ടതാണ്. ഇതിന് ശേഷം, ‘Submit new application’ എന്ന ലിങ്ക് ഉപയോഗിച്ച് ഈ രജിസ്ട്രേഷൻ അപേക്ഷ നൽകാവുന്നതാണ്. യാത്ര ചെയ്യുന്ന തീയതി, യാത്രികരുടെ എണ്ണം മുതലായ വിവരങ്ങൾ ഈ ഓൺലൈൻ ഫോമിൽ നൽകേണ്ടതാണ്. ഖത്തർ പൗരന്മാർ, ഖത്തർ റെസിഡൻസി വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾ തങ്ങളുടെ ഖത്തർ ഐഡി നമ്പർ നൽകേണ്ടതാണ്. ജി സി സി പൗരന്മാർ തങ്ങളുടെ പാസ്പോർട്ട് നമ്പറും, സന്ദർശകർ തങ്ങളുടെ പാസ്പോർട്ട് നമ്പർ, വിസ നമ്പർ എന്നിവയും ഈ അപേക്ഷയിൽ നൽകേണ്ടതാണ്.
ഇതിന് പുറമെ വാക്സിൻ സംബന്ധമായ വിവരങ്ങളും ഈ ഓൺലൈൻ സംവിധാനത്തിൽ നൽകേണ്ടതാണ്. COVID-19 വാക്സിൻ വിവരങ്ങൾ, അവസാന ഡോസ് സ്വീകരിച്ച തീയതി, COVID-19 രോഗമുക്തി നേടിയവർ തങ്ങൾ രോഗമുക്തരായ തീയതി എന്നിവ നൽകേണ്ടതാണ്. പാസ്‌പോർട്ടിന്റെ കോപ്പി, വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പി, PCR നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ കോപ്പി, ഹോട്ടൽ ക്വാറന്റീൻ സംബന്ധമായ വിവരങ്ങൾ (രോഗസാധ്യത കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ, വാക്സിനെടുക്കാത്തവർ എന്നിവർക്ക് ബാധകം) എന്നിവ അപ്പ്‌ലോഡ് ചെയ്ത ശേഷം ഈ രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.
അബു സമ്ര അതിർത്തി കവാടത്തിലൂടെ 2021 ജനുവരി ആദ്യവാരം മുതൽ സൗദിയിൽ നിന്ന് ഖത്തറിലേക്കും, തിരികെ സൗദിയിലേക്കും യാത്രകൾ അനുവദിച്ചിട്ടുണ്ട്.
🕋ഇപ്രാവശ്യത്തെ ഹജ്ജിന് മൂന്ന് പാക്കേജുകൾ; യാത്ര മുഴുവൻ ബസിൽ.
✒️ഇപ്രാവശ്യത്തെ ഹജ്ജിന് തീർത്ഥാടർക്ക് മൂന്ന് താമസ പാക്കേജുകളായിരിക്കും ഉണ്ടാവുക എന്ന് അൽഅറബിയ ചാനൽ റിപ്പോർട്ട് ചെയ്തു. മിനായിലെ ടവർ കെട്ടിടങ്ങളിൽ രണ്ടെണ്ണവും മറ്റൊന്ന് മിനായിലെ തമ്പുകളിലുമായിരിക്കും. യാത്രകൾ ഉടനീളം കൃത്യമായ കോവിഡ് മുൻകരുതലുകൾ പാലിച്ചുകൊണ്ട് ബസിലായിരിക്കും. ട്രെയിൻ സർവീസ് ഉണ്ടായിരിക്കില്ല.
തീർത്ഥാടകരുടെ ശരീരോഷ്മാവ് നിരന്തരം പരിശോധിക്കാനായി മിനായിൽ മെഡിക്കൽ സംഘം ക്യാമ്പ് ചെയ്യും. പുണ്യനഗരിയിൽ മൂന്ന് അടക്കം 13 ആശുപത്രികളാണ് തീർത്ഥാടകർക്കായി സജ്ജീകരിക്കുക. ഇത്തവണത്തെ ഹജ്ജിന് തെരഞ്ഞെടുക്കാൻ സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നും നിശ്ചിത ശതമാനം എന്ന നിബന്ധന ഇപ്പോൾ തീരുമാനിച്ചിട്ടില്ല, എന്നാൽ അപേക്ഷകരിൽ നിന്നും ഹജ്ജിനായി തെരഞ്ഞെടുക്കപ്പെടാൻ കൃത്യമായ മാനദണ്ഡം ഉണ്ടായിരിക്കുമെന്നും ചാനൽ റിപ്പോർട്ട് ചെയ്തു.
🇴🇲ഒമാൻ: പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ സംബന്ധിച്ച് റിയാദ ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി.
✒️ഒമാൻ തൊഴിൽ മന്ത്രലയത്തിന്റെ തീരുമാനത്തെത്തുടർന്ന് രാജ്യത്ത് നിലവിൽ വന്നിട്ടുള്ള പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ സംബന്ധിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസന ചുമതലയുള്ള റിയാദ (ഒമാൻ അതോറിറ്റി ഓഫ് സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡെവലപ്മെന്റ്) ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ ഈ തീരുമാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തത നൽകുന്നതിനായാണ് ഈ അറിയിപ്പ്.
ജൂൺ 11-ന് രാത്രിയാണ് അധികൃതർ ഈ അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ മുഴുവൻ ചെറുകിട, ഇടത്തരം സംരംഭങ്ങളിലും, വളരെ ചെറിയ സ്ഥാപനങ്ങളിലും (റിയാദയിൽ നിന്നുള്ള സംരംഭകത്വ കാർഡ് ഉള്ള സ്ഥാപനങ്ങൾക്കാണ് ഈ ഇളവ് ബാധകമാകുന്നത്) പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്നതിനുള്ള ഫീ താഴെ പറയുന്ന പ്രകാരമായിരിക്കും കണക്കാക്കുന്നത്:
ഒന്ന് മുതൽ അഞ്ച് വരെ പ്രവാസി തൊഴിലാളികളെ എടുക്കുന്നതിന് 101 റിയാൽ.
ആറ് മുതൽ പത്ത് പ്രവാസികളെ വരെ ഇത്തരം സ്ഥാപനങ്ങളിൽ നിയമിക്കുന്നതിന് 151 റിയാൽ. ഇത്തരം സാഹചര്യത്തിൽ നിർബന്ധമായും ഏറ്റവും ചുരുങ്ങിയത് ഒരു ഒമാനി പൗരനെ നിയമിക്കേണ്ടതാണ്.
സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമുള്ള പദവികളിലേക്ക് തൊഴിലാളികളെ നിയമിക്കുന്നതിനായുള്ള ലൈസൻസിന് 1001 റിയാൽ. സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കിയ സ്ഥാപനങ്ങൾക്ക് ഈ നിരക്കിൽ 50 ശതമാനം ഇളവ് നൽകുന്നതാണ്. ഒരു ഒമാൻ പൗരനെയെങ്കിലും നിയമിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് ഫീസിൽ 25 ശതമാനം ഇളവ് അനുവദിക്കും.
പുതിയ ലൈസൻസുകൾ അനുവദിക്കുന്നതിനും, നിലവിലെ ലൈസൻസുകൾ പുതുക്കുന്നതിനും ഈ നിരക്കുകൾ ഇടാക്കുമെന്ന് റിയാദ വ്യക്തമാക്കി. റിയാദയിൽ നിന്നുള്ള സംരംഭകത്വ കാർഡ് ഉള്ള സ്ഥാപനങ്ങൾക്ക് മാത്രമാണ് ഈ തീരുമാനം ബാധകമാകുന്നത്.
2021 ജൂൺ 1 മുതൽ ഒമാനിൽ പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഉയർന്ന തസ്തികകളിലേക്കും, സാങ്കേതിക തൊഴിലുകളിലേക്കും പ്രവാസികളെ നിയമിക്കുന്നതിനുള്ള പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിനും, നിലവിലെ പെർമിറ്റുകൾ പുതുക്കുന്നതിനും ഈ പുതുക്കിയ ഫീ ജൂൺ 1 മുതൽ ഇടാക്കിത്തുടങ്ങിയിട്ടുണ്ട്.
സ്ഥാപനങ്ങളിലെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ, സി ഇ ഓ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ, എക്സിക്യൂട്ടീവ് ഡയറക്ടർ, കോളേജ് ഡീൻ, ലീഗൽ അഡ്വൈസർ, എഡിറ്റർ ഇൻ ചീഫ്, ഫിനാൻഷ്യൽ കൺസൾറ്റൻറ്, ടാക്സ് കൺസൾറ്റൻറ് തുടങ്ങി 30-ൽ പരം ഉയർന്ന തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് പുതുക്കിയ ഫീ ആയ 2001 റിയാൽ ഈടാക്കുന്നതാണ്. അറുപതിൽ പരം മിഡ് ലെവൽ തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 1001 റിയാലും, 622 ടെക്‌നിക്കൽ തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 601 റിയാലും വർക്ക് പെർമിറ്റ് ഫീ ആയി ഈടാക്കുന്നതാണ്.
🇴🇲ഒമാൻ: മസ്‌കറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് നിലവിൽ രണ്ടാം ഡോസ് കുത്തിവെപ്പുകൾ മാത്രമാണ് നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.
✒️മസ്‌കറ്റ് ഗവർണറേറ്റിലെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് നിലവിൽ രണ്ടാം ഡോസ് കുത്തിവെപ്പിന് അർഹരായവർക്ക് മാത്രമാണ് വാക്സിൻ നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ജൂൺ 11-ന് രാത്രിയാണ് മസ്‌കറ്റ് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസ് ഇക്കാര്യം അറിയിച്ചത്.
സർക്കാർ മേഖലയിലെ ജീവനക്കാർക്ക് മാത്രമാണ് നിലവിൽ ആദ്യ ഡോസ് നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി. മുൻഗണനാ ക്രമപ്രകാരം, പൊതുജനങ്ങളിൽ രണ്ടാം ഡോസിന് അർഹരായവർക്കാണ് കുത്തിവെപ്പ് നൽകുന്നത്. മറ്റു വിഭാഗങ്ങൾക്ക് ആദ്യ ഡോസ് കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് അധികൃതർ പിന്നീട് നൽകുന്നതാണ്.
രാജ്യത്തെ 45 വയസ്സിന് മുകളിൽ പ്രായമുള്ള നിവാസികൾക്ക് 2021 ജൂൺ 21 മുതൽ COVID-19 വാക്സിൻ നൽകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
🇸🇦സൗദി: ജൂൺ 15 മുതൽ പുറം തൊഴിലിടങ്ങളിൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കും.
✒️രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2021 ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു. ജൂൺ 11, വെള്ളിയാഴ്ച്ചയാണ് HRSD ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2021 ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിലാണ് സൗദിയിലെ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ വരുന്ന തൊഴിലിടങ്ങളിലെ ജീവനക്കാർക്ക് മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നത്. ഈ കാലയളവിൽ ഇത്തരം തൊഴിലിടങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 3 മണിവരെ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണ്.
കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പോലുള്ള രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തുന്നത്.
2021 ജൂൺ 15 മുതൽ യു എ ഇയിലും മദ്ധ്യാഹ്ന ഇടവേള പ്രാബല്യത്തിൽ വരുന്നതാണ്. കുവൈറ്റ്, ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽ 2021 ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 150ല്‍ താഴെ; ഭൂരിഭാഗവും യാത്രക്കാര്‍.
✒️ഖത്തറില്‍ ഇന്ന് 147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 215 പേരാണ് രോഗമുക്തി നേടിയത്. 70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 77 പേര്‍. 2,339 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഇന്ന് ഖത്തറില്‍ രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 44, 51 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 576. രാജ്യത്ത് ഇതുവരെ 2,16,698 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,19,613. ഇന്ന് 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 165 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 12,888 ഡോസ് വാക്സിന്‍ നല്‍കി. ആകെ 27,80,916 ഡോസ് വാക്സിനുകളാണ് ഇതിനകം നല്‍കിയത്.
🕋സഊദിയിൽ ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ.
✒️ഈ വർഷത്തെ ഹാജിമാർക്കായുള്ള ബുക്കിംഗ് നാളെ മുതൽ ആരംഭിക്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒരു മണി മുതൽ ബുധനാഴ്ച വൈകുന്നേരം പത്ത് മണി വരെയാണ് ഹജ്ജ് രജിസ്ട്രേഷൻ ഉണ്ടാകുക. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ നാളെ വൈകുന്നേരം മുതൽ പ്രവർത്തന ക്ഷമമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, നേരത്തെ രജിസ്റ്റർ ചെയ്‌തെന്ന് കരുതി മുൻഗണന സമ്പ്രദായം ഉണ്ടാകുകയില്ലെന്ന് മന്ത്രാലയം അറിയിച്ച. പാക്കേജുകൾ ബുക്കിംഗും വാങ്ങലും ദുൽഖഅദ പതിനഞ്ച് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ ആയിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
🇴🇲ഒമാനിലെ അമ്ബലങ്ങളും ക്രിസ്ത്യന്‍ പള്ളികളും വീണ്ടും തുറക്കുന്നു.
✒️ദാര്‍സൈറ്റിലെ ശ്രീകൃഷ്ണ ക്ഷേത്രവും, മസ്‌കറ്റിലെ ശിവ ക്ഷേത്രവും ശനിയാഴ്ച മുതല്‍ (ജൂണ്‍ 12 ) തുറക്കും. മാസ്ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ ഉള്‍പ്പെടെയുള്ള കര്‍ശനമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചു മാത്രമേ ആളുകളെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയൂള്ളൂ. ക്രിസ്തീയ ദേവാലയങ്ങള്‍ ഞായറാഴ്ച്ച (ജൂണ്‍ 13 ഞായര്‍) മുതല്‍ വീണ്ടും തുറക്കുമെന്ന് സെന്‍റ് പീറ്റര്‍ & പോള്‍ കാത്തലിക് ചര്‍ച്ചും അറിയിച്ചു. എന്നാല്‍, ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ മാത്രമേ നിശ്ചിത ആളുകള്‍ക്ക് പള്ളി മാനേജുമെന്റ് പ്രവേശനം അനുവദിക്കുകയുള്ളൂ. കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 3 ന് രണ്ട് ക്ഷേത്രങ്ങളും പള്ളികളും അടച്ചിരുന്നു.
🇰🇼കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; കുവൈത്തില്‍ മ്യൂസിയങ്ങളും കള്‍ചറല്‍ സെന്ററുകളും ഞായറാഴ്ച മുതല്‍ തുറക്കും.
✒️കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ മ്യൂസിയങ്ങളും കള്‍ചറല്‍ സെന്ററുകളും ഞായറാഴ്ച മുതല്‍ തുറക്കും.സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെ ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് മ്യൂസിയങ്ങളും കള്‍ച്ചറല്‍ സെന്ററുകളും തുറക്കാന്‍ അനുവദിക്കുന്നത്.
അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഒരുമാസമായി 1000ത്തിനും 1500നും ഇടയില്‍ തുടരുകയാണ്. വര്‍ധനയില്ലാതെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞുവെന്ന ആശ്വാസമാണ് അധികൃതര്‍ക്കുള്ളത്.ടെസ്റ്റ് പോസിറ്റിവിറ്റി പത്തിനും 13നും ഇടയില്‍ ശതമാനമായി തുടരുന്നു.
📲'തവക്കൽന' ആപ്പ് ഇന്ത്യ അടക്കം 75 രാജ്യങ്ങളിൽ ഉപയോഗിക്കാം.
കൊവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി സൗദിയിൽ പൊതുജന സേവനത്തിന് ഏർപ്പെടുത്തിയ 'തവക്കൽന' മൊബൈൽ ആപ്പിെൻറ മുഴുവൻ സേവനങ്ങളും ഇനി മുതൽ ഇന്ത്യ ഉൾപ്പെടെ 75 വിദേശ രാജ്യങ്ങളിലും ലഭിക്കും. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സ്ഥിതിവിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ വേണ്ടി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നിലവിൽ വന്ന തവക്കൽന ആപ്പ് രാജ്യത്തിന് പുറത്തു പോയാലും ഇനി മുതൽ ഉപയോഗിക്കാൻ സാധിക്കും. ഗൾഫ് രാജ്യങ്ങൾ മുഴുവനും ഭൂരിപക്ഷം അറബ് രാജ്യങ്ങളിലും വിവിധ യൂറോപ്പ്യൻ രാജ്യങ്ങളിലും ഇനി മുതൽ തവക്കൽന ആപ്പ് പ്രവർത്തിക്കുകയും ഇതിൽ നിന്നുള്ള വിവിധ സേവനങ്ങൾ ഉപയോഗപ്പെടുത്താനും കഴിയും.
സൗദിയിൽ നിന്നും അവധിക്കായി വിവിധ രാജ്യങ്ങളിലേക്ക് പോയ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണിത്. സൗദിയിൽ നിന്നും വാക്സിൻ എടുത്തവരുടെ വിവരങ്ങൾ അപ്ഡേറ്റ് ആയി ലഭിക്കുന്ന ഏക ആപ്പാണിത്. രണ്ട് വാക്സിനും സ്വീകരിച്ചവരോ ഒരു വാക്സിൻ എടുത്ത് 14 ദിവസങ്ങൾ കഴിഞ്ഞവരോ, നേരത്തെ കോവിഡ് രോഗം ബാധിച്ച് ഭേദമായവരോ ആയവരുടെ ആരോഗ്യ സ്ഥിതി കടും പച്ച നിറത്തിലാണ് തവക്കൽന ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടാവുക.
സൗദിയിലേക്ക് യാത്ര ചെയ്യുന്നവരുടെ തവക്കൽന ആപ്പ് സ്റ്റാറ്റസ് കടും പച്ച നിറത്തിലാണെങ്കിൽ അവർക്ക് രാജ്യത്ത് പ്രവേശിച്ചാൽ നിർബന്ധിത ഇന്സ്ടിട്യൂഷനൽ ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ ഇത് യാത്ര പുറപ്പെടും മുമ്പ് അതാത് വിമാനകമ്പനികളെ ബോധ്യപ്പെടുത്തിയാൽ മാത്രമേ അവർക്ക് ആ ആനുകൂല്യം ലഭിക്കുമായിരുന്നുള്ളൂ. തവക്കൽന ആപ്പ് സൗദിക്ക് പുറത്ത് അപ്ഡേറ്റ് ആയി പ്രവർത്തിക്കാതിരുന്നതിനാൽ നിരവധി ആളുകൾക്ക് ഈ ആനുകൂല്യം നഷ്ടപ്പെട്ടിരുന്നു. ആപ്പ് ഇനി മുതൽ നാട്ടിലും പ്രവർത്തിക്കും എന്നതിനാൽ ഈ പ്രശ്നത്തിന് പരിഹാരം ആയേക്കും.
0 Comments