വിസ്മയ കേസ് പ്രതി കിരൺകുമാറിൻ്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.
വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കറും പൊലീസ് സീൽ ചെയ്തു. കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന കിരണിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അപേക്ഷ പൊലീസ് ഉടൻ കോടതിയിൽ നൽകും.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടാണ് കിരൺകുമാർ വിസ്മയയെ പീഡിപ്പിച്ചിരുന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രതിയുടെ മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. വിവാഹ സമ്മാനമായി വിസ്മയക്ക് നൽകിയ 80 പവൻ സ്വർണം സൂക്ഷിക്കാൻ കിരൺ തൻ്റെ പേരിൽ പോരുവഴിയിലെ ബാങ്കിൽ തുറന്ന ലോക്കറാണ് സീൽ ചെയ്തത്. ഈ സ്വർണത്തിനൊപ്പം വിവാഹ സമ്മാനമായി നൽകിയ ഈ കാറും കേസിൽ തൊണ്ടിമുതലാകും. വിസ്മയയുടെ വീട്ടിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലും, വനിത കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈനും സന്ദർശനം നടത്തി.
ഐ പി .സി. 498 ഏ ,304 ബി വകുപ്പുകൾ ആണ് കിരണിനെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻമേലുള്ള വിശകലനങ്ങൾ പൂർത്തിയായ ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
അതിനിടെ, ചടയമംഗലം പോലീസ് ഒത്തുതീർപ്പാക്കിയ കിരൺകുമാറിനെതിരേയുള്ള കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം വ്യാഴാഴ്ച രേഖാമൂലം പരാതി നൽകും.
കേസ് പുനരന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസം വിസ്മയയുടെ വീട്ടിലെത്തിയ ഐ.ജി. ഹർഷിത അത്തല്ലൂരി ഉറപ്പുനൽകിയിരുന്നു. എന്നാൽ, പുനരന്വേഷണം നടത്തണമെങ്കിൽ രേഖാമൂലമുള്ള പരാതി കൂടി നൽകണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു.
0 Comments