കാസര്‍കോട്: ഉത്തര മലബാറിലെ പ്രമുഖ മത പണ്ഡിതനും നീലേശ്വരം- പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന ഇ.കെ മഹമൂദ് മുസ്‌ലിയാര്‍ അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറാ അംഗം, സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി, നീലേശ്വരം മര്‍കസ് ദഅ്‌വാ കോളജ് രക്ഷാധികാരി തുടങ്ങിയ ഒട്ടനേകം പദവികള്‍ വഹിച്ചു വരികയായിരുന്നു. നീലേശ്വരം കോട്ടപ്പുറം സ്വദേശിയായ ഇദ്ദേഹം നിലവില്‍ ചെറുവത്തൂര്‍ തുരുത്തിയിലാണ് താമസം.
നിരവധി മഹല്ലുകളില്‍ മുദരിസായി സേവനം ചെയ്ത മഹമൂദ് മുസ്‌ലിയാര്‍ 35 വര്‍ഷമായി നീലേശ്വരം ഖാസിയായി സേവനം ചെയ്തുവരുന്നു. പള്ളിക്കര ഖാസി, നീലേശ്വരം മര്‍കസ് ദഅവാ കോളജ് രക്ഷാധികാരി തുടങ്ങിയ ഒട്ടനേകം പദവികള്‍ വഹിച്ചുവരികയായിരുന്നു. നീലേശ്വരം കോട്ടപ്പുറം മുണ്ടക്കുണ്ട് മുഹമ്മദിന്റെയും ബീഫാതിമയുടെയും മകനായി ജനിച്ച ഇദ്ദേഹം ശൈഖ് അബൂബക്കര്‍ ഹസ്‌റത്തിന്റെ കീഴില്‍ പഠനം നടത്തി. വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്ന് ബാഖവി ബിരുദം നേടിയ ശേഷം ഖത്തീബും മുദരിസുമായി പ്രവര്‍ത്തിച്ചു. നിരവധി ശിഷ്യഗണങ്ങളുണ്ട്. കണ്ണിയത്ത് അഹമദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
ഭാര്യ: എ.സി മറിയുമ്മ. മക്കള്‍: ശരീഫ, മിസ്‌രിയ, അശ്‌റഫ് (അബൂദാബി). മരുമക്കള്‍: റഫീഖ് ഹാജി തുരുത്തി, ശാദുലി പളളിക്കര, ജുവൈരിയ നീലേശ്വരം.
മയ്യത്ത് ഉച്ചക്ക് രണ്ടു മണിയോടെ ചെറുവത്തൂര്‍ തുരുത്തിയിലെ മകളുടെ വസതിയിലെത്തിച്ച ശേഷം നാലു മണിയോടെ നീലേശ്വരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും
0 Comments