ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെടാൻ സൗദിക്കകത്തുള്ള സ്വദേശികൾക്കും വിദേശികൾക്കും അപേക്ഷിക്കുന്നതിനുള്ള ഇലക്രോണിക് വെബ് പോർട്ടൽ നിലവിൽ വന്നു.
https://localhaj.haj.gov.sa/LHB എന്ന ലിങ്ക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജൂൺ 23 ബുധനാഴ്ച രാത്രി 10 വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടാകും.
ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക മുൻഗണനയൊന്നും ഉണ്ടാകില്ല. 18നും 65 വയസ്സിനും ഇടയിൽ പ്രായമുള്ള കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിൽ ഹജ്ജ് നിർവഹിക്കാത്തവരായിരിക്കണം. വിട്ടുമാറാത്ത രോഗങ്ങളിൽനിന്ന് മുക്തമായിരിക്കണം.
കോവിഡിനെതിരെ രോഗപ്രതിരോധം നേടിയവരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർ ജൂൺ 25 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ വീണ്ടും മന്ത്രാലയത്തിൻെറ വെബ്സൈറ്റ് സന്ദർശിച്ച് തങ്ങൾക്കനുയോജ്യമായ ഹജ്ജ് പാക്കേജ് തെരഞ്ഞെടുത്ത് വീണ്ടും ബുക്ക് ചെയ്യേണ്ടിവരും.
മൂന്ന് വിഭാഗം ഹജ്ജ് പാക്കേജുകളും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. മിനായിലെ ടവർ ബിൽഡിങ്ങിൽ താമസസൗകര്യമുള്ള പാക്കേജിന് 16,560.50 റിയാൽ ആണ് നിരക്ക്. മിനായിലെ തമ്പുകളിൽ താമസ സൗകര്യമുള്ള രണ്ട് പാക്കേജുകളുണ്ട്. ഇതിൽ ഒന്നാം പാക്കേജിന് 14,381.95 റിയാലും രണ്ടാം പാക്കേജിന് 12,113.95 റിയാലുമാണ് നിരക്കുകൾ. 15 ശതമാനം നികുതി ഉൾപ്പെടാതെയുള്ള നിരക്കുകളാണിത്. നികുതി കൂടി ഉൾപ്പെടുത്തുമ്പോൾ പാക്കേജുകളുടെ നിരക്കുകൾ യഥാക്രമം 19,044.57, 16,539.24, 13,931.04 എന്നിങ്ങനെയാണ്.
ഹജ്ജിന് തെരഞ്ഞെടുക്കുന്നവർ തീർത്ഥാടകരുടെ യാത്രകലുടനീളം കൃത്യമായ കോവിഡ് മുൻകരുതലുകൾ പാലിച്ചുകൊണ്ട് ബസിലായിരിക്കും. ട്രെയിൻ സർവീസ് ഉണ്ടായിരിക്കില്ല. തീർത്ഥാടകരുടെ ശരീരോഷ്മാവ് നിരന്തരം പരിശോധിക്കാനായി മിനായിൽ മെഡിക്കൽ സംഘം ക്യാമ്പ് ചെയ്യും. പുണ്യനഗരിയിലുള്ള മൂന്ന് അടക്കം 13 ആശുപത്രികളാണ് തീർത്ഥാടകർക്കായി സജ്ജീകരിക്കുക.
അപേക്ഷിക്കേണ്ട നടപടി ക്രമങ്ങൾ ലളിതമായി പരിചയപ്പെടാം.
1. രണ്ടു സൈറ്റുകളിൽ ഏതെങ്കിലും ഒന്നു വഴി ഹജ്ജിന് രജിസ്റ്റർ ചെയ്യാം. ലിങ്ക് ഒന്ന്: https://localhaj.haj.gov.sa/, ലിങ്ക് രണ്ട്: https://www.haj.gov.sa/ar/Services/Details/28
2. ഇഖാമ വിശദാംശങ്ങൾ, പേര്, ജനന തിയതി (ഇഖാമയിലുള്ളത്), തവക്കൽനയുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പർ, ഇഖാമ കാലാവധി, ഇഖാമ ഇഷ്യു ചെയ്ത സ്ഥലം എന്നിവയാണ് സൈറ്റിൽ ആദ്യം ചേർക്കേണ്ടത് 3.
ഇതിന് ശേഷം ഒടിപി മൊബൈൽ നമ്പറിൽ വരും. ഇത് ചേർക്കുക. ഏതെങ്കിലും തെറ്റുകളുണ്ടെങ്കിൽ അത് സൈറ്റിൽ എഴുതി കാണിക്കും. ഇവ തിരുത്തുകയും വേണം.
ഹജ്ജിനായി അപേക്ഷിക്കുന്നവർക്ക് നിബന്ധനകളുണ്ട്. മന്ത്രാലയം ഇത്തവണ തീരുമാനിച്ച പ്രധാന പ്രോട്ടോകോൾ ഇവയാണ്:
1. കോവിഡ് സാഹചര്യത്തിൽ ഇത്തവണയും ഹജിന് സൗദിക്ക് അകത്തുള്ളവർക്ക് മാത്രമാണ് അനുമതി. രാജ്യത്തിനകത്തു നിന്നുള്ള സ്വദേശികൾക്കും നിയമാനുസൃതം സൗദിയിൽ കഴിയുന്ന വിദേശികൾക്കും ഹജ്ജ് ചെയ്യാം.
2. അറുപതിനായിരം പേർക്കാണ് ഹജ്ജിന് അനുമതി നൽകുക. ഇതിൽ സ്വദേശികളും വിദേശികളും എത്ര എന്നുള്ളത് പിന്നീട് പ്രഖ്യാപിക്കും.
3. ഹജ്ജിനെത്തുന്നവർക്ക് പ്രമേഹം, രക്തസമ്മർദം, വൃക്കരോഗം, ഹൃദ്രോഗം പോലെ വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടാകരുത്. ഏതെങ്കിലും കാരണത്താൽ കോവിഡ് സാഹചര്യത്തിൽ പിന്നീട് പ്രയാസങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഈ തീരുമാനം.
4. പതിനെട്ട് മുതൽ 65 വരെ വയസ് പ്രായമുള്ളവർക്കാണ് വ്യവസ്ഥകൾക്ക് വിധേയമായി ഹജ്ജിന് അനുമതി നൽകുക.
5. രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർ, ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ച് പതിനാലു ദിവസം പിന്നിട്ടവർ, രോഗമുക്തി നേടി പ്രതിരോധ ശേഷി ആർജിച്ചവർ എന്നീ വിഭാഗങ്ങളിൽ പെട്ടവർക്കു മാത്രമാണ് അവസരം. കോവിഡ് സാഹചര്യം മുൻ നിർത്തി വൻ ആരോഗ്യ വിഭാഗ സന്നാഹം മക്കയിലുണ്ടാകും. ഹജ്ജിനുള്ള പാക്കേജുകളിൽ ഏറ്റവും കുറഞ്ഞത് പന്ത്രണ്ടായിരം റിയാലിൽ ആണ് തുടങ്ങുന്നത്. ഈ വിഭാഗത്തിൽ മിനായിലെ ടെന്റുകളിലായിരിക്കും താമസം. പിന്നീടുള്ള രണ്ട് വിഭാഗം പാക്കേജുകൾക്ക് തുകയേറും. ഇവർക്ക് മിനായിലെ ടവറുകളിലായിരിക്കും താമസം. വിശദാംശങ്ങൾ പിന്നീട് പുറത്തിറക്കും.
0 Comments