സൗദിയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി നിരവധി വിഭാഗങ്ങള്‍ക്ക് ജോലിക്കു പോകുന്നതിന് വിലക്ക്. ജോലിക്കു ഹാജരാകാന്‍ പാടില്ലാത്തവരുടെ പട്ടിക മാനവവിഭവസാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കി. പട്ടികയില്‍ പറയുന്നവര്‍ പൊതു-സ്വകാര്യ-ലാഭരഹിത സ്ഥാപനങ്ങളില്‍ ഹാജരാകരുത്.
60 വയസ്സിന് മുകളിലുള്ളവര്‍, വിട്ടുമാറാത്ത ശ്വാസകോശ രോഗമോ കടുത്ത ശ്വാസതടസ്സമോ മൂലം കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതമുണ്ടായവര്‍, പാരമ്പര്യമായി അനീമിയ രോഗം മൂലം ബുദ്ധിമുട്ടുന്നവര്‍, രോഗപ്രതിരോധ ശേഷി തീരെയില്ലാത്തവര്‍, അവയവമാറ്റ ശസ്ത്രക്രിയക്കു വിധേയമായവര്‍, രോഗപ്രതിരോധത്തിനും ക്യാന്‍സറിനും സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍, 40 വയസ്സ് കഴിഞ്ഞ അമിതവണ്ണമുള്ളവര്‍, അനിയന്ത്രിതമായ പ്രമേഹമോ മറ്റു വിട്ടുമാറാത്ത രോഗാവസ്ഥകളോ കാരണം ബുദ്ധിമുട്ടുന്നവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാരണം കഴിഞ്ഞ ആറുമാസത്തില്‍ ഒരു തവണയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍, വൃക്കരോഗികള്‍, ഭിന്നശേഷിക്കാര്‍, വൈകല്യങ്ങള്‍ കാരണം കോവിഡ് പ്രതിരോധ നടപടികള്‍ മനസിലാക്കാനോ പ്രയോഗത്തില്‍ വരുത്താനോ കഴിയാത്ത പ്രത്യേക വിഭാഗക്കാര്‍ എന്നിവരാണു പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
പൂര്‍ണമായി വാക്‌സിനേഷന്‍ നേടിയാല്‍ ഇവര്‍ക്ക് ജോലിക്ക് പോകാമെന്ന് മന്ത്രാലയം വ്യക്തമാക്കി. വാക്‌സിനേഷന്‍ സ്റ്റാറ്റസ് തവക്കല്‍ന ആപ്ലിക്കേഷനില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. ഇതില്‍ അഞ്ചു വിഭാഗങ്ങള്‍ക്കു മാത്രമാണ് ഇപ്പോള്‍ സൗദിയില്‍ രണ്ടാമത്തെ വാക്സിന്‍ നല്‍കിത്തുടങ്ങിയിട്ടുള്ളത്. ഡയാലിസിസിന് വിധേയമാകുന്ന വൃക്ക രോഗികള്‍, കാന്‍സര്‍ രോഗികള്‍, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍, അമിതവണ്ണമുള്ളവര്‍, 60 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് നിലവില്‍ രണ്ടാമത്തെ ഡോസ് നല്‍കുന്നത്
0 Comments