Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ഗൾഫ് വാർത്തകൾ

🇸🇦സൗദി അറേബ്യയിൽ കൊവിഡ് വാക്സിനേഷൻ ഒന്നരക്കോടി ഡോസ് കവിഞ്ഞു.

🇦🇪യുഎഇയില്‍ 1,968 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് മൂന്ന് മരണം.

🇴🇲ഒമാനിൽ ഇന്നും ആയിരത്തിനു മുകളിൽ പുതിയ കൊവിഡ് കേസുകള്‍; തീവ്രപരിചരണ വിഭാഗങ്ങളിലുള്ളത് മുന്നൂറോളം പേർ.

🇸🇦സഊദിയിൽ ഇന്ന് 1,216 കൊവിഡ് രോഗമുക്തിയും 1,161 പുതിയ കേസുകളും

🛫വിദേശ യാത്രക്കാർക്ക് വാക്സിൻ സ്വീകരിക്കേണ്ട ഇടവേളയിൽ ഇളവ്.

🛫വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികളുടെയും അത്‌ലറ്റുകളുടെയും പാസ്‌പോര്‍ട്ടുകള്‍ വാക്സിനേഷന്‍ രേഖയുമായി ബന്ധിപ്പിക്കണം.

🇶🇦ഖത്തറില്‍ ഇന്ന് കോവിഡ് മരണമില്ല; 171 പുതിയ കേസുകള്‍.

🇰🇼കുവൈത്തിലേക്കുള്ള പ്രവാസികളുടെ തിരിച്ച് വരവ്; മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് വ്യോമയാന വകുപ്പ്.

🛫സൗദിയില്‍ ആഭ്യന്തര യാത്രകള്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം.

🇦🇪പഴകിയ ടയറുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

🇸🇦സൗദി: 2021-ലെ ഹജ്ജ് തീർത്ഥാടനം സംബന്ധിച്ച നടപടിക്രമങ്ങൾ താമസിയാതെ പ്രഖ്യാപിക്കും.

🇴🇲ഒമാൻ: സ്വദേശിവത്കരണത്തിന്റെ ഭാഗമായി പ്രവാസികൾക്ക് ഇലെക്ട്രിക്കൽ വയറിങ്ങ് ലൈസൻസ് അനുവദിക്കുന്നത് നിർത്തലാക്കുന്നു.

🇦🇪അബുദാബി: വിസ സംബന്ധമായ മെഡിക്കൽ പരിശോധനകൾക്കെത്തുന്നവർക്ക് ജൂൺ 7 മുതൽ PCR റിസൾട്ട് നിർബന്ധമാക്കുന്നു.

വാർത്തകൾ വിശദമായി

🇸🇦സൗദി അറേബ്യയിൽ കൊവിഡ് വാക്സിനേഷൻ ഒന്നരക്കോടി ഡോസ് കവിഞ്ഞു.

✒️സൗദി അറേബ്യയിൽ കൊവിഡ് വാക്സിനേഷൻ ഒന്നര കോടി ഡോസ് കവിഞ്ഞു. തിങ്കളാഴ്ചയോടെ 15,000,679 ഡോസ് കുത്തിവെപ്പാണ് രാജ്യവ്യാപകമായി 587 വാക്സിനേഷൻ കേന്ദ്രങ്ങളിലൂടെ നടത്തിയത്. അതേസമയം പുതുതായി 1,161 കോവിഡ് കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. 

പ്രതിദിന രോഗമുക്തരുടെ എണ്ണം 1,216 ആണ്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 15 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 4,58,707 ആയി. ഇവരിൽ രോഗമുക്തി നേടിയവരുടെ എണ്ണം 4,41,860 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,471 ആയി. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 9,376 പേരാണ്. ഇതിൽ 1,579 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 438, റിയാദ് 204, കിഴക്കൻ പ്രവിശ്യ 178, മദീന 81, അസീർ 81, ജീസാൻ 63, അൽഖസീം 45, ഹായിൽ 21, തബൂക്ക് 20, നജ്റാൻ 13, അൽബാഹ 9, വടക്കൻ അതിർത്തി മേഖല 6, അൽജൗഫ് 2.

🇦🇪യുഎഇയില്‍ 1,968 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് മൂന്ന് മരണം.

✒️യുഎഇയില്‍ 1,968 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,933 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു. 

പുതിയതായി നടത്തിയ  2,08,090  പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,85,039 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,64,509 പേര്‍ രോഗമുക്തരാവുകയും  1,702 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,828 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇴🇲ഒമാനിൽ ഇന്നും ആയിരത്തിനു മുകളിൽ പുതിയ കൊവിഡ് കേസുകള്‍; തീവ്രപരിചരണ വിഭാഗങ്ങളിലുള്ളത് മുന്നൂറോളം പേർ.

✒️ഒമാനിൽ 1216 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്ന് 11 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കൊവിഡ്  രോഗികളുടെ എണ്ണം ഇപ്പോൾ 2,25,095 ആയി. 2,424 മരണങ്ങളാണ് ഇതുവരെ കൊവിഡ് കാരണമായുണ്ടായത്. 2,05,305 പേർക്ക് രോഗം  ഭേദമായിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിൽ  കൊവിഡ് രോഗം പിടിപെട്ട  114 പേരെ രാജ്യത്തൊട്ടാകെയുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ  ചികിത്സയിൽ കഴിയുന്ന  297 പേർ ഉൾപ്പെടെ, ഇപ്പോൾ  966 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

🇸🇦സഊദിയിൽ ഇന്ന് 1,216 കൊവിഡ് രോഗമുക്തിയും 1,161 പുതിയ കേസുകളും.

✒️സൗദിയിൽ ഇന്ന് പുതുതായി 1,161 കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ 438 പേരും ജിദ്ദ ഉൾപ്പെടുന്ന മക്ക പ്രവിശ്യയിലാണ്. ജിദ്ദയിൽ മാത്രം ഇന്ന് 200 പുതിയ രോഗികൾ ഉണ്ട്. ഇന്ന് രോഗമുക്തരാവയവരുടെ എണ്ണം 1,216 ആണ്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,58,707 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,41,860 ഉം ആയി. ഇന്ന് 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,471 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 9,376 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,579 പേരുടെ നില ഗുരുതരമാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.32 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 438, റിയാദ് 204, കിഴക്കൻ പ്രവിശ്യ 178, മദീന 81, അസീർ 81, ജീസാൻ 63, അൽ ഖസീം 45, ഹാഇൽ 21, തബൂക്ക് 20, നജ്റാൻ 13, അൽബാഹ 9, വടക്കൻ അതിർത്തി മേഖല 6, അൽ ജൗഫ് 2. ഇതുവരെ രാജ്യത്ത് 587 കേന്ദ്രങ്ങളിലൂടെ ഒന്നര കോടി വാക്സിൻ വിതരണം പൂർത്തിയാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

🛫വിദേശ യാത്രക്കാർക്ക് വാക്സിൻ സ്വീകരിക്കേണ്ട ഇടവേളയിൽ ഇളവ്.

✒️വിദേശത്ത് പോകേണ്ടവർക്ക് കൊവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിലെ ഇടവേളയിൽ ഇളവ്. ഇവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്നാണ് പുതിയ നിർദേശം. സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം ഇത് സബന്ധിച്ച് നിർദേശം നൽകി.

ടോക്കിയോ ഒളിമ്പിക്കിൽ പങ്കെടുക്കുന്നവർക്കും, ജോലി, പഠനം എന്നീ ആവശ്യങ്ങൾക്കായി പോകുന്നവർക്കുമാണ് ഇളവ്. ഇവർ കോവിൻ സർട്ടിഫിക്കറ്റ് പാസ്പോർട്ടിൽ ഉൾപ്പെടുത്തണം. ഓ​ഗസ്റ്റ് 31 വരെയാണ് ഈ ഇളവ്.

വിദേശത്തേക്ക് പോകുന്നവർക്ക് കൊവിഷീൽഡ് വാക്സിൻ സർട്ടിഫിക്കേറ്റ് പര്യാപ്തമാണെന്നും മറ്റ് യോ​ഗ്യതാ സർട്ടിഫിക്കേറ്റുകൾ ആവശ്യമില്ലെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു. ലോകാരോ​ഗ്യ സംഘടന അം​ഗീകരിച്ച വാക്സിനാണ് കൊവിഷീൽഡെന്നും ആരോ​ഗ്യ മന്ത്രാലയം ചൂണ്ടാക്കാട്ടി.

അതിനിടെ, പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചു. സംസ്ഥാനങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകുമെന്നും മോദി അറിയിച്ചു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്സിനിൽ 75 ശതമാനം വാക്സിൻ കേന്ദ്രം സംഭരിക്കും. സ്വകാര്യ ആശുപത്രികൾക്ക് 25 % വാക്സിൻ വാങ്ങാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

🛫വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികളുടെയും അത്‌ലറ്റുകളുടെയും പാസ്‌പോര്‍ട്ടുകള്‍ വാക്സിനേഷന്‍ രേഖയുമായി ബന്ധിപ്പിക്കണം.

✒️വിദ്യാഭ്യാസ, ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്കു പോകുന്നവരുടെ പാസ്‌പോര്‍ട്ട് വാക്‌സിനേഷന്‍ രേഖയുമായി ബന്ധിപ്പിക്കേണ്ടിവരും. ടോക്യോ ഒളിംപിക്‌സിന് തിരിക്കുന്ന ഇന്ത്യന്‍ സംഘത്തിന്റെ പാസ്‌പോര്‍ട്ടുകളും കോവിന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധിപ്പിക്കാന്‍ നിര്‍ദേശമിറങ്ങിയിട്ടുണ്ട്. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ മൂന്നു വിഭാഗങ്ങളില്‍ വരുന്നവര്‍ക്കും വാക്‌സിന്‍ ആദ്യ ഡോസ് എടുത്ത് 28 ദിവസങ്ങള്‍ക്കുശേഷം രണ്ടാം ഡോസ് എടുക്കാം. ഓഗസ്റ്റ് 31 വരെ മേല്‍ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാകും. വിദേശയാത്രയ്ക്ക് കോവിഷീല്‍ഡ് തന്നെ മതിയാകുമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രാസെനെക്കയും വികസിപ്പിച്ച വാക്‌സിന്‍ മാത്രമേ വിദേശത്തേക്ക് പോകുന്നവര്‍ക്ക് അംഗീകരിക്കൂവെന്ന ആശങ്കകള്‍ക്കു മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിക്കുകയും ഡിസിജിഐ അംഗീകരിക്കുകയും ചെയ്ത കോവിഷീല്‍ഡിന് ഡബ്ല്യുഎച്ച്ഒ അംഗീകരിച്ച വാക്‌സിനാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ സൂചിപ്പിക്കുന്നു. കോവിഷീല്‍ഡ് രണ്ടാം ഡോസിന്റെ വിതരണത്തിനായി ഓരോ ജില്ലകളിലും പ്രത്യേക അതോറിറ്റിയെ ചുമതലപ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

🇶🇦ഖത്തറില്‍ ഇന്ന് കോവിഡ് മരണമില്ല; 171 പുതിയ കേസുകള്‍.

✒️ഖത്തറില്‍ ഇന്ന് 171 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 341 പേരാണ് രോഗമുക്തി നേടിയത്. 100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 71 പേര്‍. 2,594 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഇന്ന് ഖത്തറില്‍ കോവിഡ് മരണമില്ല. ആകെ മരണം 569. രാജ്യത്ത് ഇതുവരെ 2,15,635 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,18,798. ഇന്ന് 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 178 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 24,703 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ 27,00,042 ഡോസ് വാക്‌സിനുകളാണ് ഇതിനകം നല്‍കിയത്.

🇰🇼കുവൈത്തിലേക്കുള്ള പ്രവാസികളുടെ തിരിച്ച് വരവ്; മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് വ്യോമയാന വകുപ്പ്.

✒️കുവൈത്തിലേക്ക് പ്രവാസികളുടെ തിരിച്ചുവരവ് സംബന്ധിച്ച് വ്യോമയാന വകുപ്പ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് അധികൃതര്‍ ചര്‍ച്ച നടത്തിവരികയാണ്.

യാത്രക്കാരുടെ തിരിച്ചുവരവ് ക്വാട്ട അടിസ്ഥാനത്തിലാക്കുക, വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം നിലവിലെ 10 ശതമാനത്തില്‍നിന്ന് 30 ശതമാനമായി വര്‍ധിപ്പിക്കുക, കുവൈത്ത് അംഗീകൃത വാക്‌സിന്‍ സ്വീകരിച്ചവരും ഇഖാമ കാലാവധിയുള്ളതുമായ വിദേശികള്‍ക്കു മാത്രം പ്രവേശനം അനുവദിക്കുക, രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ രാജ്യത്ത് എത്തി മൂന്നു ദിവസങ്ങള്‍ക്കകം നടത്തുന്ന പിസിആര്‍ പരിശോധനയില്‍ കോവിഡ് മുക്തനാണെന്ന് കണ്ടാല്‍ ക്വാറന്റീന്‍ ഒഴിവാക്കുക, ഒരു ഡോസ് വാക്‌സിന്‍ മാത്രം സ്വീകരിച്ചവര്‍ക്ക് ഒരാഴ്ച ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനും രണ്ടാമത്തെ ആഴ്ച ഹോം ക്വാറന്റീനും ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് വ്യോമയാന വകുപ്പ് സമര്‍പ്പിച്ചിട്ടുള്ളത്.

നിലവില്‍ ഫൈസര്‍ ബയോണ്‍ടെക്, ഓക്‌സ്ഫഡ് ആസ്ട്രസെനക, മോഡേണ, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ എന്നീ വാക്‌സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് ഇളവുകള്‍ ബാധകമാവും.

🛫സൗദിയില്‍ ആഭ്യന്തര യാത്രകള്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം.

✒️സൗദിയില്‍ ആഭ്യന്തര യാത്രകള്‍ക്കുള്ള കോവിഡ് മാനദണ്ഡങ്ങള്‍ വിശദീകരിച്ച് മന്ത്രാലയം. യാത്രകള്‍ക്ക് കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. വാക്‌സിന്‍ സ്വകരിക്കാത്തവര്‍ക്ക് രാജ്യത്തിനകത്ത് യാത്ര ചെയ്യുന്നതിന് തടസ്സങ്ങളില്ലെന്ന് വ്യക്തമാക്കുന്നതാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. ആഭ്യന്തര യാത്രകള്‍ നടത്തുന്നതിന് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന നിബന്ധനയില്ലെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി വിഭാഗവും വ്യക്തമാക്കി. എന്നാല്‍ വ്യക്തികളുടെ ആരോഗ്യ നില തെളിയിക്കുന്ന തവക്കല്‍ന ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് പച്ചയായിരിക്കണമെന്ന നിബന്ധന നിര്‍ബന്ധമാണെന്നും അതോറിറ്റി വിശദീകരിച്ചു.

🇦🇪പഴകിയ ടയറുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

✒️എമിറേറ്റിൽ കേടുപാടുകളുള്ള ടയറുകൾ ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും, വാഹനങ്ങൾ 7 ദിവസം പിടിച്ച് വെക്കുമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഇത് കൂടാതെ, ഇത്തരം നിയമലംഘനങ്ങൾക്ക് പിടിക്കപെടുന്നവർക്ക് 4 ബ്ലാക്ക് പോയിന്റ് ചുമത്തുന്നതാണ്.

വാഹനങ്ങളിൽ പഴകിയതും, തേയ്മാനം സംഭവിച്ചതുമായ ടയറുകൾ ഉപയോഗിക്കുന്നത് ഡ്രൈവർമാരുടെയും, റോഡിലെ മറ്റു യാത്രികരുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതായി അബുദാബി പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരം ടയറുകൾ വലിയ അപകടങ്ങൾക്ക് കരണമാകാമെന്ന് അധികൃതർ പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. ഇത് സംബന്ധിച്ച പ്രചാരണ പരിപാടിയുടെ ഭാഗമായി ഇത്തരം കാലാവധി അവസാനിച്ച ടയറുകൾ ഉപയോഗിക്കുന്നത് മൂലം റോഡിൽ അപകടങ്ങൾ സംഭവിക്കുന്നതിന്റെ ഒരു വിഡീയോ ദൃശ്യം അധികൃതർ പങ്ക് വെച്ചിട്ടുണ്ട്.

തേയ്മാനം വന്നതും, കേടുപാടുകൾ ഉള്ളതുമായ ടയറുകൾ വേനൽ ചൂടിൽ അപകടങ്ങൾക്ക് വളരെയധികം കരണാമാകാറുണ്ടെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടി. യു എ ഇയിലെ വേനലിൽ, അന്തരീക്ഷ താപനില 45 ഡിഗ്രിയിൽ കൂടുതൽ ആകുമ്പോൾ ഇത്തരം ടയറുകളുടെ ഉപയോഗം സ്വാഭാവികമായും അപകടങ്ങൾ വിളിച്ച് വരുത്തുന്നതാണ്. സ്വന്തം സുരക്ഷയ്ക്കും, റോഡിലെ മറ്റു വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും ഭീഷണിയാകുന്ന ഈ പ്രവർത്തി ഒഴിവാക്കാൻ ജനങ്ങളോട് അധികൃതർ ആഹ്വാനം ചെയ്തു.

അപകടങ്ങൾ ഒഴിവാക്കുന്നതിനായി, വാഹനങ്ങളിൽ ഉപയോഗിക്കുന്ന ടയറുകൾ പഴകിയതും, കേടുപാടുകൾ ഉള്ളതും അല്ലെന്ന് ഉറപ്പിക്കാനും, കൃത്യമായ അളവിൽ കാറ്റ് നിറച്ചിട്ടുണ്ടെന്ന് നിരന്തരം പരിശോധിച്ചുറപ്പിക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ വാഹനങ്ങൾക്കും അനുയോജ്യമായ അംഗീകൃത വലിപ്പത്തിലുള്ള ടയറുകൾ ഉപയോഗിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. കേടുപാടുകളുള്ളതും, വാഹനങ്ങൾക്ക് ചേരാത്തതുമായ ടയറുകളുടെ ഉപയോഗം വാഹനങ്ങൾ മറിയുന്നതിന് കരണമാകാവുന്നതാണ്.

🇸🇦സൗദി: 2021-ലെ ഹജ്ജ് തീർത്ഥാടനം സംബന്ധിച്ച നടപടിക്രമങ്ങൾ താമസിയാതെ പ്രഖ്യാപിക്കും.

✒️ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം സംബന്ധിച്ച നടപടിക്രമങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് സൗദി വാണിജ്യവകുപ്പ് മന്ത്രിയും, മീഡിയ വകുപ്പിന്റെ താത്കാലിക ചുമതലയുമുള്ള മന്ത്രിയുമായ ഡോ. മജീദ് അൽ ഖസാബി അറിയിച്ചു. രാജ്യത്തെ നിലവിലെ COVID-19 സാഹചര്യങ്ങൾ അധികൃതർ വിശകലനം ചെയ്ത് വരികയാണെന്നും, ഇതിന് ശേഷം ഹജ്ജ് തീർത്ഥാടനം സംബന്ധിച്ച നടപടിക്രമങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂൺ 6-ന് റിയാദിൽ വെച്ച് നടന്ന ഒരു പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച ശേഷം സൗദി ഹജ്ജ്, ഉംറ മന്ത്രാലയം, സൗദി ആരോഗ്യ മന്ത്രാലയം എന്നിവർ ഇത് സംബന്ധമായ അറിയിപ്പ് നൽകുമെന്നാണ് അദ്ദേഹം അറിയിച്ചത്.

കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ നിലവിലെ രോഗവ്യാപനത്തിന്റെ വിവിധ വശങ്ങൾ സമഗ്രമായി പരിശോധിക്കേണ്ടത് വളരെയധികം പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹജ്ജ് തീർത്ഥാടനം മൂലം രോഗവ്യാപനത്തിനിടയാകുന്നതിനുള്ള ചെറിയ സാധ്യത പോലും കണ്ടെത്തി ഇല്ലാതാക്കുകയാണ് മന്ത്രാലയം ലക്ഷ്യം വെക്കുന്നത്.

സാങ്കേതിക വിദ്യകളുടെ ഉപയോഗത്താലും, അന്താരാഷ്ട്ര നിലവാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ തയ്യാറാക്കിയുമാണ് കഴിഞ്ഞ വർഷത്തെ ഹജ്ജ് തീർത്ഥാടനം, തുടർന്നുള്ള ഉംറ എന്നിവ നടപ്പിലാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീർത്ഥാടനം സുഗമമാക്കുന്നതിനും, സുരക്ഷിതമാക്കുന്നതിനുമായി പുറത്തിറക്കിയ ‘Eatmarna’ പോലുള്ള ആപ്പുകൾ വളരെയധികം പ്രയോജനം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. 20 ദശലക്ഷത്തിലധികം പേർ ഈ ആപ്പ് ഉപയോഗപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

COVID-19 വാക്സിനുകളുടെ പ്രാധാന്യത്തെപ്പറ്റിയും അദ്ദേഹം പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. സൗദിയിൽ വാക്സിൻ നിർബന്ധമാക്കിയിട്ടില്ലെങ്കിലും, സമൂഹത്തിൽ സുരക്ഷിതമായുളള സഹവര്‍ത്തിത്വത്തിന് വാക്സിനേഷൻ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ ഏതാണ്ട് 40 ശതമാനത്തോളം പേർ വാക്സിനെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

🇴🇲ഒമാൻ: സ്വദേശിവത്കരണത്തിന്റെ ഭാഗമായി പ്രവാസികൾക്ക് ഇലെക്ട്രിക്കൽ വയറിങ്ങ് ലൈസൻസ് അനുവദിക്കുന്നത് നിർത്തലാക്കുന്നു.

✒️സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രവാസികൾക്ക് ഇലെക്ട്രിക്കൽ വയറിങ്ങ് ലൈസൻസ് അനുവദിക്കുന്നത് നിർത്തലാക്കാൻ തീരുമാനിച്ചതായി ഒമാൻ അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ അറിയിച്ചു. ഇത്തരം പുതിയ ലൈസൻസുകൾ പ്രവാസികൾക്ക് അനുവദിക്കില്ലെന്നും, നിലവിലുള്ള ഇത്തരം ലൈസൻസുകൾ പുതുക്കി നൽകില്ലെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ജൂൺ 6-ന് വൈകീട്ടാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്. ഇലെക്ട്രിക്കൽ വയറിങ്ങ് തൊഴിലുകൾ ഒമാൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയതായും അതോറിറ്റി വ്യക്തമാക്കി.

വൈദ്യുതി മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസി കോൺട്രാക്ടർമാരെ ഒഴിവാക്കുന്നതിനും, ഒമാൻ പൗരന്മാർക്കായി പുതിയ 800 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ടാണ് അതോറിറ്റി ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. വൈദ്യുതി മേഖലയിലെ സ്വദേശിവത്കരണ നടപടികൾ ഊർജ്ജിതപ്പെടുത്താനുള്ള അതോറിറ്റിയുടെ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

ഇത്തരം ഒരു തീരുമാനത്തെക്കുറിച്ച് അതോറിറ്റി 2021 മാർച്ച് മാസത്തിൽ സൂചന നൽകിയിരുന്നു. 2021 ജൂലൈ മാസത്തോടെ ഒമാനിലെ ഇലെക്ട്രിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഈ തീരുമാനം നടപ്പിലാക്കുന്നതിനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.

🇦🇪അബുദാബി: വിസ സംബന്ധമായ മെഡിക്കൽ പരിശോധനകൾക്കെത്തുന്നവർക്ക് ജൂൺ 7 മുതൽ PCR റിസൾട്ട് നിർബന്ധമാക്കുന്നു.

✒️എമിറേറ്റിലെ ക്ലിനിക്കുകളിൽ വിസ സംബന്ധമായ മെഡിക്കൽ പരിശോധനകൾക്കെത്തുന്നവർക്ക് 2021 ജൂൺ 7, തിങ്കളാഴ്ച്ച മുതൽ COVID-19 നെഗറ്റീവ് PCR റിസൾട്ട് നിർബന്ധമാണെന്ന് അബുദാബി ആംബുലറ്റോറി ഹെൽത്ത്കെയർ സർവീസ് അറിയിച്ചു. ഇത്തരം കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർ 72 മണിക്കൂറിനിടയിൽ നേടിയ നെഗറ്റീവ് PCR റിസൾട്ടാണ് ഹാജരാകേണ്ടത്.

ജൂൺ ആറിന് വൈകീട്ടാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഇത്തരം സന്ദർശകർ 72 മണിക്കൂറിനിടയിൽ നേടിയ നെഗറ്റീവ് PCR റിസൾട്ട് ‘Al Hosn’ ആപ്പിലാണ് ഹാജരാക്കേണ്ടത്.

അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിലുള്ള ഡിസീസ് പ്രീവെൻഷൻ ആൻഡ് സ്ക്രീനിംഗ് കേന്ദ്രങ്ങളിലാണ് ഈ നിബന്ധന ഏർപ്പെടുത്തുന്നത്.

Post a Comment

0 Comments