Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദി അറേബ്യയിൽ കൊവിഡ് കേസുകള്‍ കുത്തനെ ഉയർന്നു.

🇦🇪അബുദാബിയില്‍ ഇനി സന്ദര്‍ശക വിസക്കാര്‍ക്കും കൊവിഡ് വാക്സിന്‍.

🇴🇲പ്രവാസികളെ ഒഴിവാക്കുന്നു; സീബ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വ്യാപാര പ്രവർത്തനങ്ങൾ സ്വദേശികൾക്ക് മാത്രം.

🇦🇪യുഎഇയില്‍ 2167 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് നാല് മരണം.

🇴🇲ആശങ്ക ഒഴിയാതെ ഒമാന്‍; ഇന്നും കൊവിഡ് കേസുകളില്‍ വര്‍ധന.

🇸🇦വിസ, തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് ഇതുവരെ പിടിയിലായത് 56 ലക്ഷം വിദേശികള്‍.

🇰🇼കുവൈറ്റ്: വിദേശയാത്രയ്ക്കിടയിൽ രോഗബാധിതരായ വാക്സിനെടുത്ത ഗാർഹിക ജീവനക്കാർക്ക് തിരികെ പ്രവേശിക്കുന്നതിന് അനുമതി നൽകില്ല.

🇸🇦സൗദി: അനധികൃത കുടിയേറ്റക്കാരെയും, തൊഴിലാളികളെയും കണ്ടെത്തുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കി ആഭ്യന്തര മന്ത്രാലയം.

🇶🇦ഖത്തർ: ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി PHCC.

🇶🇦ഖത്തർ: റാപിഡ് ആന്റിജൻ COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളുടെ പട്ടിക.

🇧🇭ബഹ്‌റൈൻ: അമ്പത് വയസിന് മുകളിൽ പ്രായമുള്ളവരോട് COVID-19 ബൂസ്റ്റർ ഡോസ് രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ നിർദ്ദേശം.

🇶🇦ഖത്തറില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ്; 84 യാത്രക്കാര്‍.

🛫പ്രവാസികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് നോര്‍ക്ക സഹായം.

🇦🇪യുഎഇയുടെ സ്വന്തം ഹയാത്ത് വാക്‌സിന്‍ തയ്യാര്‍; 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബുക്ക് ചെയ്യാം.

വാർത്തകൾ വിശദമായി

🇸🇦സൗദി അറേബ്യയിൽ കൊവിഡ് കേസുകള്‍ കുത്തനെ ഉയർന്നു.

✒️സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകൾ അപ്രതീക്ഷിതമായി കുത്തനെ ഉയർന്നു. 24 മണിക്കൂറിനിടെ 1,479 പേർക്കാണ് പുതിതായി രോഗം സ്ഥിരീകരിച്ചത്. രോഗമുക്തി കുത്തനെ കുറയുകയും ചെയ്തു. ചികിത്സയിലുള്ളവരിൽ 920 പേരാണ് സുഖം പ്രാപിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 12 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,76,882 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,58,048 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,703 ആയി. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11,131 ആയി കുറഞ്ഞു. ഇതിൽ 1,487 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 431, കിഴക്കൻ പ്രവിശ്യ 280, റിയാദ് 256, അസീർ 149, ജീസാൻ 99, അൽഖസീം 71, മദീന 65, നജ്റാൻ 36, തബൂക്ക് 26, അൽബാഹ 26, ഹായിൽ 24, വടക്കൻ അതിർത്തി മേഖല 11, അൽജൗഫ് 5. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 16,730,397 ഡോസ് ആയി.

🇦🇪അബുദാബിയില്‍ ഇനി സന്ദര്‍ശക വിസക്കാര്‍ക്കും കൊവിഡ് വാക്സിന്‍.

✒️സന്ദര്‍ശക വിസക്കാര്‍ക്കും അബുദാബിയില്‍ ഇനി സൗജന്യമായി കൊവിഡ് വാക്സിനെടുക്കാം. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. അബുദാബിയില്‍ ഇഷ്യു ചെയ്‍ത സന്ദര്‍ശക വിസയുള്ളവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

സേഹയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സന്ദര്‍ശക വിസയിലുള്ളവര്‍ക്കും വാക്സിനേഷന്‍ ബുക്ക് ചെയ്യാം. വിസയിലുള്ള യൂനിഫൈഡ് ഐ.ഡി നമ്പര്‍ ഉപയോഗിച്ചാണ് ബുക്ക് ചെയ്യേണ്ടത്. 800 50 എന്ന നമ്പറില്‍ വിളിച്ചും വാക്സിനേഷന്‍ ബുക്ക് ചെയ്യാം. സിനോഫാം അല്ലെങ്കില്‍ ഫൈസര്‍ വാക്സിനുകളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനും അവസരമുണ്ടാകും. കാലാവധി കഴിഞ്ഞ വിസക്കാര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് നേരത്തെ അബുദാബി അധികൃതര്‍ അറിയിച്ചിരുന്നു. വാക്സിനെടുക്കാവുന്ന ആളുകളുടെ ആകെ ജനസംഖ്യയുടെ 87 ശതമാനത്തിലധികം പേര്‍ക്കും യുഎഇയില്‍ ഇതിനോടകം വാക്സിന്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

🇴🇲പ്രവാസികളെ ഒഴിവാക്കുന്നു; സീബ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വ്യാപാര പ്രവർത്തനങ്ങൾ സ്വദേശികൾക്ക് മാത്രം.

✒️ഒമാനിലെ സീബ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വ്യാപാര പ്രവർത്തനങ്ങൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു.  ഇത് സംബന്ധിച്ച് മസ്‍കത്ത് നഗരസഭ പ്രസ്‍താവന പുറത്തിറക്കി. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടി. പ്രവാസി  ജീവനക്കാർക്കാരെ ഒഴിവാക്കി, സ്വദേശികൾക്ക് പരിശീലനം നൽകികൊണ്ട് ഇതിനായുള്ള നടപടികളില്‍ പുരോഗമിച്ചുവരികയാണ്. 2022 ജനുവരി 1  മുതലായിരിക്കും സീബ് സൂക്കിലെ വ്യാപാര പ്രവർത്തനങ്ങൾ പൂർണമായും സ്വദേശികളിൽ മാത്രം പരിമിതപ്പെടുത്തുന്ന നടപടി പ്രാബല്യത്തില്‍ വരുന്നത്.

🇦🇪യുഎഇയില്‍ 2167 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് നാല് മരണം.

✒️യുഎഇയില്‍ 2,167 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,102 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,74,675 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,16,160 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,95,086 പേര്‍ രോഗമുക്തരാവുകയും 1,767 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,307 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇴🇲ആശങ്ക ഒഴിയാതെ ഒമാന്‍; ഇന്നും കൊവിഡ് കേസുകളില്‍ വര്‍ധന.

✒️ഒമാനില്‍ ഇന്ന് 2,037 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 41 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.  

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2,52,609 ആയി. ഇവരില്‍ 2,21,250 പേരാണ് രോഗമുക്തരായത്.
ഇപ്പോള്‍ 87.6  ശതമാനമാണ് രോഗമുക്തി നിരക്ക്. 2,782 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 209 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1,517 ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 443 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

🇸🇦വിസ, തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് ഇതുവരെ പിടിയിലായത് 56 ലക്ഷം വിദേശികള്‍.

✒️സൗദി അറേബ്യയില്‍ വിസ, തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് കഴിഞ്ഞ നാലുവര്‍ഷത്തിനിടെ പിടിയിലായത് 56 ലക്ഷത്തിലധികം വിദേശികളെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. 'നിയമലംഘകരില്ലാത്ത രാജ്യം' എന്ന പേരില്‍ 2017 മുതല്‍ ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ക്യാമ്പയിനിലൂടെയാണ് ഇത്രയും പേര്‍ പിടിയിലായത്. ക്യാമ്പയിന്‍ തുടങ്ങിയ 2017 നവംബര്‍ 15 മുതല്‍ 2021 ജൂണ്‍ 16 വരെയുള്ള കാലയളവിലാണ്  5,615,884 നിയമലംഘകര്‍ പിടിയിലായത്. 

ഇതില്‍ 4,304,206 പേര്‍ താമസരേഖ നിയമങ്ങള്‍ ലംഘിച്ചതിനാണ് പിടിയിലാത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 802,125 പേരും അതിര്‍ത്തി ലംഘനങ്ങള്‍ക്ക് 509,553 പേരും പിടിയിലായി. അതിര്‍ത്തി ലംഘിച്ച് രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 116,908 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 43 ശതമാനം പേരും യെമന്‍ സ്വദേശികളാണ്. 54 ശതമാനം ആളുകള്‍ എത്യോപ്യക്കാരും മൂന്നുശതമാനം പേര്‍ മറ്റ് രാജ്യക്കാരുമാണ്. അടുത്ത രാജ്യങ്ങളിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 9,508 പേരെയും നിയമലംഘകരെ അതിര്‍ത്തി കടത്താന്‍ ശ്രമിച്ച 8,222 പേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. 714,208 നിയമലംഘകര്‍ക്കെതിരെ നടപടിയെടുത്തു. 901,700 പേരെ യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതിനായി അതത് എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും കൈമാറി. 1,553,667 പേരെ നാടുകടത്തി. 

🇰🇼കുവൈറ്റ്: വിദേശയാത്രയ്ക്കിടയിൽ രോഗബാധിതരായ വാക്സിനെടുത്ത ഗാർഹിക ജീവനക്കാർക്ക് തിരികെ പ്രവേശിക്കുന്നതിന് അനുമതി നൽകില്ല.

✒️COVID-19 വാക്സിനെടുത്ത ഗാർഹിക ജീവനക്കാർ വിദേശയാത്രയ്ക്കിടയിൽ രോഗബാധിതരാകുന്ന സാഹചര്യത്തിൽ അവർക്ക് കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കുന്നതിന് അനുമതി നൽകില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുവൈറ്റിൽ നിന്ന് ഒരു ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച ശേഷം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത്, വിദേശത്ത് വെച്ച് COVID-19 രോഗബാധിതരാകുന്നവർക്കാണ് ഈ തീരുമാനം ബാധകമാക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഓഗസ്റ്റ് 1 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് അറിയാൻ കഴിയുന്നത്. വിവിധ വകുപ്പുകളിലെ സ്രോതസുകൾ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കുവൈറ്റിൽ നിന്ന് ഫൈസർ COVID-19 വാക്സിനിന്റെ ഒരു ഡോസ് കുത്തിവെപ്പ് സ്വീകരിക്കുന്ന ഗാർഹിക ജീവനക്കാർ രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് 10 ആഴ്ച്ച കാത്തിരിക്കണമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ഓക്സ്ഫോർഡ് വാക്സിൻ സ്വീകരിക്കുന്നവർ രണ്ടാം ഡോസ് 16 ആഴ്ച്ചകൾക്ക് ശേഷമാണ് സ്വീകരിക്കേണ്ടതെന്നും ഈ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകാൻ കുവൈറ്റ് ക്യാബിനറ്റ് ജൂൺ 17-ന് തീരുമാനിച്ചിരുന്നു. സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്കാണ് ഇത്തരത്തിൽ പ്രവേശനാനുമതി നൽകുന്നത്.

ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക, മോഡർന എന്നീ വാക്സിനുകളുടെ രണ്ട് ഡോസ് കുത്തിവെപ്പ് എടുത്തവർ, അല്ലെങ്കിൽ ജോൺസൻ ആൻഡ് ജോൺസൻ COVID-19 വാക്സിനിന്റെ ഒരു ഡോസ് കുത്തിവെപ്പ് എടുത്തവർ എന്നീ വിഭാഗങ്ങളിലുള്ള പ്രവാസികൾക്ക് ഓഗസ്റ്റ് 1 മുതൽ കുവൈറ്റിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായി സർക്കാർ വക്താവ് താരീഖ് അൽ മെസ്‌രമാണ് അറിയിച്ചത്. ഇത്തരം യാത്രികർ, കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇത്തരത്തിൽ കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് രാജ്യത്തെത്തിയ ശേഷം 7 ദിവസം ക്വാറന്റീൻ നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🇸🇦സൗദി: അനധികൃത കുടിയേറ്റക്കാരെയും, തൊഴിലാളികളെയും കണ്ടെത്തുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കി ആഭ്യന്തര മന്ത്രാലയം.

✒️റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടു. തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിബന്ധനകളിലെ വീഴ്ച്ചകളും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

രാജ്യത്ത് അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാരെയും, നുഴഞ്ഞുകയറ്റക്കാരെയും പ്രോത്സാഹിപ്പിക്കുകയും, അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികളുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് 15 വർഷം വരെ തടവും, ഒരു മില്യൺ റിയാൽ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.

ഈ ശിക്ഷാനടപടികൾക്ക് പുറമെ, ഇത്തരത്തിൽ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുന്നവരെ സഹായിക്കാനുപയോഗിച്ച വാഹനങ്ങൾ അധികൃതർ പിടിച്ചെടുക്കുന്നതാണ്. ഇവർക്ക് താമസസൗകര്യങ്ങൾ ഒരുക്കിയ പാർപ്പിടങ്ങളും ഇത്തരത്തിൽ അധികൃതർ പിടിച്ചെടുക്കുന്നതാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ഇത്തരം നിയമലംഘനങ്ങൾക്ക് പിടിക്കപ്പെടുന്നവരുടെ വിവരങ്ങൾ മാധ്യമങ്ങളിൽ പങ്ക് വെക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

🇶🇦ഖത്തർ: ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി PHCC.

✒️രാജ്യത്തെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനു (PHCC) കീഴിലുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുമുള്ള ഡ്രൈവ്-ത്രൂ COVID-19 പരിശോധനകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. പുതിയ സമയക്രമമനുസരിച്ച്, ഈ കേന്ദ്രങ്ങളിൽ നിന്നുള്ള ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സേവനങ്ങൾ ദിനവും വൈകീട്ട് 4 മണി മുതൽ രാത്രി 11 മണിവരെയായിരിക്കുമെന്ന് PHCC വ്യക്തമാക്കിയിട്ടുണ്ട്.

ജൂൺ 21-നാണ് PHCC ഈ അറിയിപ്പ് നൽകിയത്. ഈ പുതിയ സമയക്രമം ജൂൺ 18 മുതൽ പ്രാബല്യത്തിൽ വന്നതായും PHCC അറിയിച്ചിട്ടുണ്ട്.

ഈ പരിശോധനാ കേന്ദ്രങ്ങളിൽ ദിനവും വൈകീട്ട് 4 മുതൽ രാത്രി 11 വരെ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സേവനങ്ങൾ നൽകുന്നതാണെന്നും, രാത്രി 10 മണിവരെയാണ് ഈ കേന്ദ്രത്തിലേക്ക് ആളുകൾക്ക് പ്രവേശനം നൽകുന്നതെന്നും PHCC പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. വേനൽ കനത്തതോടെ പകൽ സമയങ്ങളിൽ അനുഭവപ്പെടുന്ന അതികഠിനമായ ചൂട് കണക്കിലെടുത്താണ് ഈ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുന്നത്.

വേനൽ ചൂട് കണക്കിലെടുത്ത് ലുസൈലിലും, അൽ വഖ്‌റയിലും പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയങ്ങളിൽ ജൂൺ 13 മുതൽ ഖത്തർ ആരോഗ്യ മന്ത്രാലയം മാറ്റങ്ങൾ വരുത്തിയിരുന്നു. ജൂൺ 13 മുതൽ ഈ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾ ദിനവും വൈകീട്ട് 4 മണി മുതൽ രാത്രി 12 മണിവരെയാണ് നൽകുന്നത്.

🇶🇦ഖത്തർ: റാപിഡ് ആന്റിജൻ COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളുടെ പട്ടിക.

✒️രാജ്യത്ത് റാപിഡ് ആന്റിജൻ COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളുടെ പട്ടിക സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. ജൂൺ 21-ന് വൈകീട്ടാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഈ പട്ടിക പ്രഖ്യാപിച്ചത്.

ഈ അറിയിപ്പ് പ്രകാരം, രാജ്യത്തെ 42 സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് റാപിഡ് ആന്റിജൻ COVID-19 ടെസ്റ്റുകൾ നടത്താവുന്നതാണ്. ഖത്തറിൽ 2021 ജൂൺ 18 മുതൽ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും മുഴുവൻ ജീവനക്കാർക്കും ആഴ്ച്ച തോറും റാപിഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്.

COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയവർ, രോഗമുക്തി നേടിയവർ, ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കാൻ സാധിക്കാത്തവർ (ഇത് തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ റിപ്പോർട്ട് നിർബന്ധം) എന്നീ വിഭാഗങ്ങൾ ഒഴികെയുള്ള ജീവനക്കാർക്കാണ് ആഴ്ച്ച തോറും ഇത്തരം പരിശോധന നിർബന്ധമാക്കിയിട്ടുള്ളത്. ഇത്തരത്തിൽ റാപിഡ് ആന്റിജൻ പരിശോധന ആവശ്യമായി വരുന്നവർക്ക് സ്വകാര്യ ആരോഗ്യ പരിചരണകേന്ദ്രങ്ങളിൽ നിന്ന് ഇവ നേടാവുന്നതാണെന്ന് ജൂൺ 19-ന് മന്ത്രാലയം അറിയിച്ചിരുന്നു.

മൂക്കിൽ നിന്നുള്ള സ്രവം പരിശോധിച്ച് നടത്തുന്ന ഈ ടെസ്റ്റിൽ സാധാരണ സാഹചര്യത്തിൽ കേവലം പതിനഞ്ച് മിനിറ്റിനിടയിൽ പരിശോധനാ ഫലം ലഭിക്കുന്നതാണ്.

🇧🇭ബഹ്‌റൈൻ: അമ്പത് വയസിന് മുകളിൽ പ്രായമുള്ളവരോട് COVID-19 ബൂസ്റ്റർ ഡോസ് രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ നിർദ്ദേശം.

✒️സിനോഫാം COVID-19 വാക്സിനിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് 3 മാസം പൂർത്തിയാക്കിയ, അമ്പത് വയസിന് മുകളിൽ പ്രായമുള്ളവരോട് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. ഇവർക്ക് ബഹ്‌റൈനിൽ മൂന്നാമതൊരു ബൂസ്റ്റർ ഡോസ് എന്ന രീതിയിൽ ഫൈസർ ബയോഎൻടെക് വാക്സിനാണ് നൽകുന്നത്.

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി രണ്ട് ഡോസ് സിനോഫാം വാക്സിനെടുത്തവർക്ക് മൂന്നാമതൊരു ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം മെയ് 18-ന് അറിയിച്ചിരുന്നു. COVID-19 വാക്സിൻ ബൂസ്റ്റർ ഡോസിനുള്ള രജിസ്‌ട്രേഷൻ ‘BeAware Bahrain’ ആപ്പിലൂടെ പൂർത്തിയാക്കാവുന്നതാണ്.

സിനോഫാം COVID-19 വാക്സിനിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് 3 മാസം പൂർത്തിയാക്കിയവരുടെ ‘BeAware’ ആപ്പിലെ ലോഗോ സ്വയമേവ മഞ്ഞ നിറത്തിലേക്ക് മാറുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് എടുക്കുന്നതിനെക്കുറിച്ച് വ്യക്തികളെ ഓർമ്മപ്പെടുത്തുന്നതിനായാണിത്. ബൂസ്റ്റർ കുത്തിവെപ്പെടുക്കുന്നതോടെ ഈ ലോഗോ പച്ചനിറത്തിലേക്ക് മാറുന്നതാണ്.

🇶🇦ഖത്തറില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ്; 84 യാത്രക്കാര്‍.

✒️ഖത്തറില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 149 പേരാണ് രോഗമുക്തി നേടിയത്. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 84 പേര്‍. 1,951 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഇന്ന് ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 51 വയസ്സുകാരനാണ് മരിച്ചത്. ആകെ മരണം 584. രാജ്യത്ത് ഇതുവരെ 2,18,584 പേര്‍ രോഗമുക്തി നേടി. ഇന്ന് 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 129 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 10,149 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 29,08,963 ആയി.

🛫പ്രവാസികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് നോര്‍ക്ക സഹായം.

✒️പ്രവാസി മലയാളികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പ്രവാസി തണല്‍ പദ്ധതി നിലവില്‍ വന്നു. കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെയും വിദേശത്ത് നിന്ന് മടങ്ങി വന്നവരുടെയും അവിവാഹിതരായ പെണ്‍മക്കള്‍ക്കാണ് സഹായം കിട്ടുക.

25,000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്. വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍.പി. ഫൗണ്ടേഷന്‍ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്. www.norkaroots.org ല്‍ പ്രവാസി തണല്‍ എന്ന ലിങ്കില്‍ New registration ഓപ്ഷനില്‍ നാളെ (23/6/2021) അപേക്ഷിക്കാമെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു. വിവരങ്ങള്‍ norkaroots.org ല്‍ ലഭിക്കും.

🇦🇪യുഎഇയുടെ സ്വന്തം ഹയാത്ത് വാക്‌സിന്‍ തയ്യാര്‍; 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബുക്ക് ചെയ്യാം.

✒️ലോകത്തിലെ പ്രമുഖ മരുന്ന് കമ്പനിയായ സിനോഫാമുമായി ചേര്‍ന്ന് യുഎഇ സ്വന്തമായി വികസിപ്പിച്ച ഹയാത്ത് വാക്‌സിന്‍ വിതരണത്തിന് തയ്യാറായി. യുഎഇയിലെ താമസക്കാരായ 18 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് ഈ വാക്‌സിന് വേണ്ടി ബുക്ക് ചെയ്യാവുന്നതാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് -19 യുഎഇ ആപ്ലിക്കേഷന്‍ വഴിയാണ് ബുക്ക് ചെയ്യേണ്ടത്.

സിലോഫാം, അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാങ്കേതിക കമ്പനിയായ ജി 42 എന്നിവ സംയുക്തമായാണ് മേഖലയിലെ ആദ്യത്തെ തദ്ദേശീയ കോവിഡ് വാക്‌സിനായ ഹയാത്ത്-വാക്‌സ് നിര്‍മിച്ചത്. റാസല്‍ഖൈമയിലെ മരുന്ന് കമ്പനിയായ ജുള്‍ഫാര്‍ ആണ് ഇത് നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യുഎഇ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച സിനോഫാം വാക്‌സിന്റെ അതേ സാങ്കേതിക വിദ്യയാണ് ഈ വാക്‌സിനിലും ഉള്ളത്.

അതേ സമയം, 12 വയസ്സും അതിന് മുകളിലും ഉള്ളവര്‍ക്ക് ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്‍ ബുക്ക് ചെയ്യാവുന്നതാണ്.

Post a Comment

0 Comments