Ticker

6/recent/ticker-posts

Header Ads Widget

കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം

ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടപോരാട്ടം തുടങ്ങുന്നു. ടെസ്റ്റ് റാങ്കിൽ ഒന്നാം സ്ഥാനത്തുള്ള ന്യുസീലൻഡും രണ്ടാമതുള്ള ഇന്ത്യയും കലാശപ്പോരാട്ടത്തിനിറങ്ങുമ്പോൾ ആവേശത്തിന് ഒട്ടും കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. വൈകീട്ട് മൂന്നരയ്ക്ക് മത്സരം തുടങ്ങും.

ക്രിക്കറ്റിന്റെ ചരിത്രം പേറുന്ന വെള്ളക്കുപ്പായത്തിന്റെ അധിപര്‍ ആരെന്നറിയാനുള്ള പോരാട്ടത്തിന് സതാംപ്ടണില്‍ ഇന്നു തുടക്കം. പോരാട്ട വീര്യത്തിന്റെ അവസാന വാക്കായ വിരാട് കോഹ്ലി. ഏത് സാഹചര്യത്തേയും ലളിതമായി കാണുന്ന കെയിന്‍ വില്യംസണ്‍. ഇരുവരും ഏറ്റുമുട്ടുമ്പോള്‍ മറ്റൊരു ആവേശപ്പോരാട്ടത്തിന് തിരി തെളിയും.

ടോസ് നേടുക എന്നത് ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഏറെ നിര്‍ണായകമാണ്. ബോളിങ്ങിന് അനുകൂലമായ പിച്ചില്‍ ടോസ് നേടിയാല്‍ ബാറ്റിങ് തിരഞ്ഞെടുക്കുന്നതാണ് ഉത്തമമെന്ന് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു. ന്യൂസിലന്‍ഡിനെതിരെ കോഹ്ലിപ്പട ടോസ് നേടിയ മത്സരങ്ങളെല്ലാം ജയിച്ചിട്ടുണ്ട് എന്നതും വസ്തുതയാണ്.

പ്രതിഭാധനരായ ന്യൂസിലന്‍ഡ് ടീമിന് ഇതുവരെ ഒരു ഐ.സി.സി ട്രോഫി പോലും നേടാനായിട്ടില്ല. ഇംഗ്ലണ്ടിന്റെ മണ്ണില്‍ 2019 ലോകകപ്പ് നഷ്ടപ്പെട്ടതിന്റെ മുറിവുകള്‍ ഇന്നും അവശേഷിക്കുന്നുണ്ട്. ആദ്യമായൊരു അന്താരാഷ്ട്ര കിരീടം നേടുക എന്ന ഭാരം വില്യംസണിന് മുകളിലുണ്ട്. എക്കാലത്തെയും മികച്ച ഇന്ത്യയുടെ ബോളിങ് നിരയെ മറികടക്കുക എന്നതാണ് പ്രധാന കടമ്പ.

ഇന്ത്യയുടെ ബാറ്റിങ് നിരയും ന്യൂസിലന്‍ഡ് പേസ് നിരയും തമ്മിലുള്ള പോരാട്ടത്തിനാകും സതാംപ്ടണ്‍ വേദിയാകുക. അണ്ടര്‍ 19 ലോകകപ്പ് മുതല്‍ കോഹ്ലിയും ടിം സൗത്തിയും തുടങ്ങിയ പോരാട്ടം ഇന്നും തുടരുന്നു. പതിറ്റാണ്ട് പിന്നിടുമ്പോള്‍ കോഹ്ലിയുടെ ബാറ്റിന്റെ ചൂട് സൗത്തി ഒരുപാട് അറിഞ്ഞു. എന്നാല്‍ കോഹ്ലിയെ വീഴ്ത്താന്‍ സൗത്തിയോളം മിടുക്കന്‍ ന്യൂസിലന്‍ഡ് നിരയില്‍ ആരെന്ന ചോദ്യത്തിന് ഉത്തരമില്ല.

ഇതിനോടകം തന്നെ ക്രിക്കറ്റ് നിരീക്ഷകര്‍ക്കിടയിലെ ചര്‍ച്ച രോഹിത് ശര്‍മയും ട്രെന്റ് ബോള്‍ട്ടും തമ്മിലുള്ള മത്സരമാണ്. ഇരുവരും മുംബൈ ഇന്ത്യന്‍സിനായി ഐ.പി.എല്ലില്‍ ഒരുമിച്ചു കളിച്ച പരിചയവും ഉണ്ട്. പരിശീലനത്തിനിടെ ബോള്‍ട്ടിന്റെ പന്ത് രോഹിതിന്റെ സ്റ്റമ്പ് തെറിപ്പിച്ചിരുന്നു. ബോള്‍ട്ടിന്റെ ഇന്‍ സ്വിങ്ങിനെ പ്രതിരോധിക്കാനായാല്‍ രോഹിതിന് ഫൈനലില്‍ തിളങ്ങാം.

വില്യംസണും – ബുംറയും. കളിയിലെ ആവേശമല്ല, തന്ത്രങ്ങളാണ് ഇരുവരുടേയും കരുത്ത്. വില്യംസണും ബുംറയും തമ്മിലുള്ള പോരാട്ടവും കാണികളുടെ ശ്രദ്ധയാകര്‍ഷിക്കുമെന്നതില്‍ തര്‍ക്കമില്ല.

ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി (C), രോഹിത് ശര്‍മ, ഷുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (VC), റിഷഭ് പന്ത് (WK), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുംറ.

ലോക ടെസ്റ്റ് ചൈമ്പ്യന്‍ഷിപ്പ് ഫൈനല്‍ സമയം?

ഇന്ത്യന്‍ സമയം വൈകുന്നേരം 3.30 നാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനലിന് തുടക്കമാകുക.

ലോക ടെസ്റ്റ് ചൈമ്പ്യന്‍ഷിപ്പ് ഫൈനല്‍ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സംപ്രേക്ഷണം ചെയ്യുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

ഡിസ്നി+ഹോട്സ്റ്റാര്‍ ആപ്ലിക്കേഷനില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും.

Post a Comment

0 Comments