🇸🇦സൗദി അറേബ്യയിൽ 1,251 പേർക്ക് കൂടി കൊവിഡ്; ഇന്ന് 15 മരണം.
🇦🇪യുഎഇയില്‍ 1968 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് നാല് മരണം.
🇴🇲ഒമാനിൽ തുടർച്ചയായ രണ്ടാം ദിവസവും ആയിരത്തിലധികം പേർക്ക് കൊവിഡ്.
🛫കൊവിഡ് പ്രതിസന്ധിക്കാലത്ത് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ടിക്കറ്റ് റദ്ദാക്കിയവര്‍ക്ക് പണം തിരികെ നൽകും.
🇸🇦നാട്ടിൽ നിന്ന് വാക്‌സിൻ ആദ്യ ഡോസ് എടുത്തവർക്ക് അപ്‌ഡേറ്റ് ചെയ്യാൻ പുതിയ സംവിധാനമൊരുക്കി സഊദി ആരോഗ്യ മന്ത്രാലയം.
🛫നേരിട്ട് വിമാന സർവ്വീസ്: സഊദി വിദേശകാര്യ മന്ത്രാലയവുമായി ചർച്ച ചെയ്ത് ഇന്ത്യൻ എംബസി.
🇦🇪ദുബൈയിൽ വാക്സിൻ ലഭിക്കാൻ വാട്ട്സ്ആപ്പ് ബുക്കിങ്ങ് സംവിധാനം.
🇰🇼കുവൈത്തിൽ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ഇനി 'സനദ്' മറുപടി നല്‍കും.
🇦🇪ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതാ മത്സരം: കാണികളെ പ്രവേശിപ്പിക്കാൻ യു.എ.ഇ തീരുമാനം.
🇶🇦ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന നാലുപേര്‍ കൂടി മരിച്ചു; ഇന്ന് 230 പേര്‍ക്ക് രോഗബാധ.
🇰🇼വിദേശത്ത് നിന്നെത്തുന്ന യാത്രികർ ചുരുങ്ങിയത് 24 മണിക്കൂർ മുൻപെങ്കിലും കുവൈറ്റ് മുസാഫിർ ആപ്പിലെ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
🇴🇲ഒമാൻ: പുതിയ തൊഴിൽ നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും; പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീയിൽ മാറ്റം.
🇸🇦സൗദി: രാജ്യത്തേക്ക് പ്രവേശിക്കുന്ന വാക്സിനെടുത്ത യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കിയതായി ഗാക്ക.
വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യയിൽ 1,251 പേർക്ക് കൂടി കൊവിഡ്; ഇന്ന് 15 മരണം.
✒️സൗദി അറേബ്യയിൽ 1,251 പേരിൽ കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ചികിത്സയിലുള്ളവരിൽ 1,026 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 15 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,51,687 ആയി ഉയർന്നു. ഇതിൽ 4,34,439 പേർ രോഗമുക്തരായി.
രാജ്യത്ത് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം 9,871 ആയി കുറഞ്ഞു. ഇവരിൽ 1,443 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്തെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം: മക്ക 367, റിയാദ് 349, കിഴക്കൻ പ്രവിശ്യ 148, അസീർ 88, മദീന 87, ജീസാൻ 55, അൽഖസീം 44, നജ്റാൻ 30, തബൂക്ക് 26, ഹായിൽ 22, അൽബാഹ 20, വടക്കൻ അതിർത്തിമേഖല 11, അൽജൗഫ് 4. രാജ്യത്ത് ഇതുവരെ 14,206,439 ഡോസ് കോവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തി.
🇦🇪യുഎഇയില്‍ 1968 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് നാല് മരണം.
✒️യുഎഇയില്‍ 1,968 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു ചികിത്സയിലായിരുന്ന 1954 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്‍തു.
പുതിയതായി നടത്തിയ 2,15,689 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,72,804 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,52,479 പേര്‍ രോഗമുക്തരാവുകയും 1684 പേര്‍ മരണപ്പെടുകയും ചെയ്‍തു. നിലവില്‍ 18,641 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇴🇲ഒമാനിൽ തുടർച്ചയായ രണ്ടാം ദിവസവും ആയിരത്തിലധികം പേർക്ക് കൊവിഡ്.
✒️ഒമാനിൽ തുടർച്ചയായ രണ്ടാം ദിവസവും ആയിരത്തിലധികം പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം ക്രമാതീതമായി വർദ്ധിക്കുന്നെവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. കൊവിഡ് ചികിത്സക്കായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1047 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. ഇതോടെ ഇതിനകം 2,18,271 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 2,00,421 പേർ ഇതിനോടകം രോഗം രോഗമുക്തരായി. നിലവില്‍ 91.8 ശതമാനമാണ് രാജ്യത്ത് കൊവിഡ് മുക്തി നിരക്ക്. കഴിഞ്ഞ ദിവസം മരണപ്പെട്ട പതിനൊന്നു പേരുൾപ്പടെ ഇതുവരെ 2,356 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. നിലവില്‍ 802 പേര്‍ ഇപ്പോള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 257 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
🛫കൊവിഡ് പ്രതിസന്ധിക്കാലത്ത് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ടിക്കറ്റ് റദ്ദാക്കിയവര്‍ക്ക് പണം തിരികെ നൽകും.
✒️കൊവിഡ് പ്രതിസന്ധി കാരണം എയര്‍ ഇന്ത്യ എക്സ്‍പ്രസില്‍ ടിക്കറ്റുകള്‍ റദ്ദാക്കിയവര്‍ക്ക് പണം തിരികെ ലഭിക്കും. റദ്ദാക്കിയ ടിക്കറ്റുകളുടെ തുക പ്രത്യേക വൗച്ചറുകളായി മാറ്റുകയായിരുന്നു നേരത്തെ ചെയ്‍തത്. ഇതിന് പകരം പണം തിരികെ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിമാനക്കമ്പനി ട്രാവല്‍ ഏജന്‍സികളെ അറിയിച്ചു.
വിമാന ടിക്കറ്റ് റദ്ദാക്കിയ ശേഷം പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരും ട്രാവല്‍ ഏജന്‍സികളും പരാതികള്‍ ഉന്നയിച്ചിരുന്നു. പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് ടിക്കറ്റ് തുക തിരികെ നല്‍കണമെന്ന് കോടതി വിധിയുണ്ടായെങ്കിലും പലര്‍ക്കും ഇനിയും പണം ലഭ്യമായിട്ടില്ല.
റദ്ദാക്കിയ ടിക്കറ്റുകളുടെ പണം തിരികെ നല്‍കുന്നതിന് പകരം മറ്റൊരു യാത്രയ്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിക്കാവുന്ന വൗച്ചറുകളായി മാറ്റുകയാണ് കമ്പനി നേരത്തെ ചെയ്‍തത്. 2021 ഡിസംബര്‍ 31നകം ഇവ ഉപയോഗിക്കണമെന്നായിരുന്നു നിബന്ധന. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷം പേര്‍ക്കും ഈ വൗച്ചര്‍ ഉപയോഗിക്കാന്‍ കഴിയാതെ പണം നഷ്‍ടമാവുമെന്ന സാഹചര്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പണം തിരികെ ലഭിക്കണമെന്ന ആവശ്യത്തിനാണ് ഇപ്പോള്‍ പരിഹാരമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
🇸🇦നാട്ടിൽ നിന്ന് വാക്‌സിൻ ആദ്യ ഡോസ് എടുത്തവർക്ക് അപ്‌ഡേറ്റ് ചെയ്യാൻ പുതിയ സംവിധാനമൊരുക്കി സഊദി ആരോഗ്യ മന്ത്രാലയം.
✒️വിദേശങ്ങളിൽ നിന്ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് അത് രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം സജ്ജമായി. ആസ്ത്രസെനിക പോലെ രണ്ടു ഡോസ് നിർബന്ധമുള്ള വാക്‌സിന് ഒരു ഡോസ് എടുത്താൽ പോലും രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമാണ് സഊദി ആരോഗ്യ മന്ത്രാലയം സജ്ജീകരിച്ചിരിക്കുന്നത്. വിദേശങ്ങളിൽ ഉള്ളവർക്ക് ഏറെ ആശ്വാസമാകുന്നതാണ് പുതിയ സംവിധാനം.
ഇതോടെ വിദേശങ്ങളിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് അത് സൈറ്റിൽ അപ്ലോഡ് ചെയ്‌തു തവക്കൽനയിൽ അപ്‌ഡേറ്റ് ചെയ്യാൻ സാധിച്ചേക്കും. സൈറ്റിൽ ആവശ്യപ്പെടുന്ന കാര്യങ്ങൾ പൂർണ്ണമായും അപ്‌ഡേറ്റ് ചെയ്ത ശേഷം അത് പരിശോധന നടത്തിയ ശേഷമായിരിക്കും ആരോഗ്യ മന്ത്രാലയം അപ്രൂവൽ നൽകുക. അപ്രൂവൽ ലഭിക്കുന്നതോടെ ഇത് തവക്കൽനയിൽ അപ്‌ഡേറ്റ് ചെയ്യപ്പെടുകയും ഒറ്റ ഡോസ് ലഭിച്ചവർക്ക് പോലും സഊദിയിലേക്ക് പ്രവേശിക്കുമ്പോൾ ക്വാറന്റൈൻ ഒഴിവാക്കപ്പെടുകയും ചെയ്യുമെന്നാണ് കരുതുന്നത്.
https://eservices.moh.gov.sa/CoronaVaccineRegistration എന്ന സൈറ്റിൽ കയറിയ ശേഷമാണു രജിസ്‌ട്രേഷൻ പൂർത്തീകരിക്കേണ്ടത്. ഇഖാമ നമ്പർ, ഇഖാമ കാലാവധി, കാണിച്ചിരിക്കുന്ന പ്രതേക നമ്പർ എന്നിവ നൽകുമ്പോൾ ഇഖാമയിലെ വിവരങ്ങൾ പേജിൽ പ്രത്യക്ഷപ്പെടുകയും അതിൽ പിന്നീട് മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ എന്റർ ചെയ്തു വെരിഫൈ ചെയ്തതിന് ശേഷമാണ് നടപടികൾ പൂർത്തീകരിക്കേണ്ടത്. മൊബൈലിലോ കൊടുത്തിരിക്കുന്ന മെയിലിലോ വെരിഫിക്കേഷൻ നമ്പർ ലഭിക്കും.
തുടർന്ന് വാക്‌സിൻ ആസ്‌ത്രസൈനിക സിംഗിൾ ഡോസ് സെലെക്റ്റ് ചെയ്യാനുള്ള സംവിധാനമുണ്ട്. വാക്‌സിൻ സ്വീകരിച്ച രാജ്യം, ഡോസുകൾ സ്വീകരിച്ച തിയ്യതി എന്നിവ തിരഞ്ഞെടുക്കുകയും പാസ്സ്‌പോർട്ട് കോപ്പി, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, മറ്റു രേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യുകയും വേണം. സഊദി ആരോഗ്യ മന്ത്രാലയം ഇക്കാര്യങ്ങൾ പരിശോധിച്ച് നമ്മുടെ തവക്കൽനയിൽ അപ്‌ഡേറ്റ് ചെയ്യും. അഞ്ചു ദിവസത്തിനുള്ളിൽ ഇത് പരിശോധന നടത്തി മറുപടി ലഭ്യമാകുന്നെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
നൽകുന്ന സർട്ടിഫിക്കറ്റുകൾ അറബി, ഇംഗ്ളീഷ്, ഫ്രഞ്ച് ഭാഷകളിലോ അല്ലാത്തവ അറബിയിലേക്ക് ട്രാൻസലേറ്റ് ചെയ്തിട്ടോ ആയിരിക്കണം അപ്‌ലോഡ് ചെയ്യേണ്ടതെന്നും വ്യക്തമാക്കുന്നു.
അതേസമയം സഊദിയിലേക്ക് ആദ്യമായി വരുന്നവരും ഇഖാമ ഇല്ലാത്തവരും മുഖീമിന്റെ https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിലാണ് രജിസ്‌ട്രേഷൻ പൂർത്തീകരിക്കേണ്ടത്.
🛫നേരിട്ട് വിമാന സർവ്വീസ്: സഊദി വിദേശകാര്യ മന്ത്രാലയവുമായി ചർച്ച ചെയ്ത് ഇന്ത്യൻ എംബസി.
✒️സഊദി പ്രവാസികൾക്ക് വീണ്ടും പ്രതീക്ഷയെകി റിയാദിലെ ഇന്ത്യൻ എംബസി. സഊദി വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ അഫയേഴ്‌സ് ഡെപ്യൂട്ടി മന്ത്രി തമീം അൽ ദോസരിയുമായി റിയാദിലെ ഇന്ത്യൻ അംബാസിഡർ ഡോ: ഔസാഫ് സഈദ് ആണ് ഇന്ന് നേരിട്ട് കൂടിക്കാഴ്ച നടത്തിയത്. കൂടികാഴ്ചയിൽ ഏറെ പ്രതീക്ഷ നൽകുന്ന കാര്യങ്ങൾ ചർച്ച ചെയ്തതായി എംബസി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
സഊദിയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരും ഗൗരവമായി ചർച്ച ചെയ്തതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വീണ്ടും ആരംഭിക്കുന്നത് ചർച്ച ചെയ്തിട്ടുണ്ട്. ബഹ്‌റൈൻ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ യാത്ര സുഗമമാക്കുക, കൊവിഷീൽഡ് വാക്‌സിൻ അംഗീകാരം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ അംബാസഡർ ചർച്ച ചെയ്തതതായി ഇന്ത്യൻ എംബസി അറിയിച്ചു.
🇦🇪ദുബൈയിൽ വാക്സിൻ ലഭിക്കാൻ വാട്ട്സ്ആപ്പ് ബുക്കിങ്ങ് സംവിധാനം.
തങ്ങളുടെ കീഴിലുള്ള ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് COVID-19 വാക്സിൻ ലഭിക്കുന്നതിനുള്ള മുൻകൂർ അനുമതികൾ വാട്സാപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്നതിന് സഹായിക്കുന്ന ഒരു സംവിധാനം ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. DHA-യുടെ കേന്ദ്രങ്ങളിൽ നിന്ന് COVID-19 വാക്സിൻ ബുക്ക് ചെയ്യുന്നതിനായി ഈ വാട്സാപ്പ് സംവിധാനം ഉപയോഗിക്കാവുന്നതാണ്.
COVID-19 വാക്സിൻ ബുക്ക് ചെയ്യുന്നതിനായി DHA-യുടെ വാട്സാപ്പ് സംവിധാനം താഴെ പറയുന്ന രീതിയിൽ ഉപയോഗിക്കാവുന്നതാണ്:
800 342 എന്ന നമ്പർ നിങ്ങളുടെ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുക.
തുടർന്ന് വാട്സാപ്പ് ഉപയോഗിച്ച് കൊണ്ട് ഈ നമ്പറിലേക്ക് ‘Hi’ എന്ന സന്ദേശം അയക്കുക.
തുടർന്ന് വാട്സാപ്പ് ചാറ്റിൽ ഉപഭോക്താവ് നൽകുന്ന സന്ദേശങ്ങളിലൂടെ ഈ സേവനം ഉപയോഗിക്കുന്നതിനുള്ള ഭാഷ, തിരഞ്ഞെടുക്കാവുന്നതാണ്.
ഇതിന് ശേഷം ‘Book COVID-19 Vaccine Appointment’ എന്ന സംവിധാനം തിരഞ്ഞെടുക്കാവുന്നതാണ്.
വാക്സിൻ ബുക്ക് ചെയ്യുന്നതിന് വ്യക്തികളുടെ മെഡിക്കൽ റെക്കോർഡ് നമ്പർ (MRN) നിർബന്ധമാണ്. ഇത് സംബന്ധിച്ച നടപടികൾ പൂർത്തിയാക്കിയ ശേഷം, ഉപഭോക്താക്കൾക്ക് ഈ സംവിധാനത്തിലൂടെ വാക്സിൻ ബുക്ക് ചെയ്യാവുന്നതാണ്.
ഈ സംവിധാനത്തിലൂടെ ഉപഭോക്താവിന് സൗകര്യപ്രദമായ വാക്സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്.
ബുക്കിംഗ് സ്ഥിരീകരിച്ചാൽ വാക്സിനേഷൻ കേന്ദ്രത്തിന്റെ പേര്, തീയതി, സമയം എന്നിവ ഉൾക്കൊള്ളുന്ന സന്ദേശം ലഭിക്കുന്നതാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ വാക്സിൻ ബുക്കിംഗ് എളുപ്പത്തിൽ പൂർത്തിയാക്കാവുന്നതാണ്. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഈ സൗജന്യ സേവനം, മഹാമാരിയുടെ ആദ്യ നാളുകളിൽ പൊതുസമൂഹത്തിന് രോഗസംബന്ധമായ കൃത്യമായ വിവരങ്ങൾ നൽകുന്നതിനായാണ് DHA ഉപയോഗിച്ചിരുന്നത്.
🇰🇼കുവൈത്തിൽ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ഇനി 'സനദ്' മറുപടി നല്‍കും.
✒️കുവൈത്തിൽ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട അന്വേഷങ്ങൾക്ക് ഓട്ടോ ആൻസറിങ് സംവിധാനം ആരംഭിച്ചു. മന്ത്രാലയത്തിലെ ഇലക്ട്രോണിക് സേവനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കാണ് 'സനദ്' എന്ന് പേരിട്ട വാട്സാപ്പ് സർവീസിലൂടെ മറുപടി നൽകുക. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും അന്വേഷണങ്ങൾക്കും, വ്യക്തിഗത ഇടപാടുകൾക്കും സനദ് പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താം. മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സനദ് വാട്സാപ്പ് ഓട്ടോ ആൻസറിങ് സംവിധാനം ഒരുക്കിയതെന്നു പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു.
വിവിധ സർവീസുകൾ സൂചിപ്പിക്കുന്ന അക്കങ്ങളും അക്ഷരങ്ങളും ഉപയോഗിച്ച് സനദുമായി സംവദിക്കുന്നവർക്കു പെട്ടെന്ന് തന്നെ മറുപടി ലഭ്യമാകും. 24349191 എന്നതാണ് സനദ് വാട്‌സാപ്പ് നമ്പര്‍. ഇലക്ട്രോണിക് സര്‍വീസുകള്‍ക്ക് S എന്ന അക്ഷരവും, ഇടപാടുകള്‍ക്ക് T യും, പൊതു അന്വേഷണങ്ങള്‍ക്ക് I എന്നുമാണ് ടൈപ്പ് ചെയ്യേണ്ടത്. നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കൽ, ഇഖാമയുമായി ബന്ധപ്പെട്ട സേവനങ്ങൾ, ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട സർവീസുകൾ, അപ്പോയിന്‍മെന്‍റ് പ്ലാറ്റ് ഫോം, ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്‍മെന്‍റ്, വ്യക്തിഗത അന്വേഷണങ്ങള്‍, റിമൈന്‍റ് മി സർവീസ് എന്നിങ്ങനെ ഒന്നു മുതൽ ഏഴുവരെ അക്കങ്ങൾ ഉപയോഗിച്ച് വിവിധ സേവനങ്ങൾ തെരഞ്ഞെടുക്കാനുള്ള സൗകര്യവും സനദ് സർവീസിൽ ഒരുക്കിയിട്ടുണ്ട്.
🇦🇪ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതാ മത്സരം: കാണികളെ പ്രവേശിപ്പിക്കാൻ യു.എ.ഇ തീരുമാനം.
✒️ഫുട്ബോള്‍ ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതാ മത്സര വേദികളിൽ കാണികളെ പ്രവേശിപ്പിക്കാൻ യു.എ.ഇ യുടെ തീരുമാനം. 30 ശതമാനം കാണികളെയാണ് പ്രവേശിപ്പിക്കുക. അതും കോവിഡ് വാക്‌സിനെടുത്തവര്‍ക്ക്. വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുന്ന ഗ്രൂപ്പ് ജി മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിക്കും. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് യുഎഇയിലെ ഒരു കായിക വേദിയിലേക്ക് കാണികള്‍ക്ക് അവസരം ലഭിക്കുന്നത്.
🇶🇦ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന നാലുപേര്‍ കൂടി മരിച്ചു; ഇന്ന് 230 പേര്‍ക്ക് രോഗബാധ.
✒️ഖത്തറില്‍ ഇന്ന 230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 296 പേരാണ് രോഗമുക്തി നേടിയത്. 140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 90 പേര്‍. 3,497 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഇന്ന് ഖത്തറില്‍ നാലുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 32, 47, 61, 68 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 560. രാജ്യത്ത് ഇതുവരെ 2,13,632 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,17,668. ഇന്ന് 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 206 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 29,499 ഡോസ് വാക്സിന്‍ നല്‍കി. ആകെ 25,74,692 ഡോസ് വാക്സിനുകളാണ് ഇതിനകം നല്‍കിയത്.
🇰🇼വിദേശത്ത് നിന്നെത്തുന്ന യാത്രികർ ചുരുങ്ങിയത് 24 മണിക്കൂർ മുൻപെങ്കിലും കുവൈറ്റ് മുസാഫിർ ആപ്പിലെ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
✒️വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവർ, യാത്ര പുറപ്പെടുന്നതിന് ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും മുൻപായി കുവൈറ്റ് മുസാഫിർ ആപ്പിലെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. മെയ് 31-ന് രാത്രിയാണ് കുവൈറ്റ് DGCA ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
നിലവിൽ കുവൈറ്റിന് പുറത്തുള്ളവർ, യാത്ര ചെയ്യുന്നതിനായി കുവൈറ്റ് മുസാഫിർ ആപ്പ് ഉപയോഗിക്കുന്ന അവസരത്തിൽ അനുഭവപ്പെടുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച് വിശകലനം ചെയ്ത ശേഷമാണ് കുവൈറ്റ് DGCA ഇക്കാര്യം അറിയിച്ചത്. യാത്രികർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി ഈ ആപ്പിൽ യാത്രികരുടെ ഭാഗത്ത് നിന്ന് നൽകേണ്ടതായ വിവരങ്ങൾ ലഘൂകരിക്കുന്നതിനും DGCA നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
യാത്ര പുറപ്പെടുന്നതിന് ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും മുൻപായി കുവൈറ്റ് മുസാഫിർ ആപ്പിലെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നത്, യാത്ര പുറപ്പെടുന്ന രാജ്യങ്ങളിലെ വിമാനത്താവളത്തിലെ ചെക്ക്-ഇൻ കൗണ്ടറുകളിൽ നേരിടാവുന്ന പ്രതിബന്ധങ്ങൾ ഒഴിവാക്കുന്നതിന് ഏറെ സഹായകമാകുമെന്നും DGCA ചൂണ്ടിക്കാട്ടി.
🇴🇲ഒമാൻ: പുതിയ തൊഴിൽ നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും; പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീയിൽ മാറ്റം.
✒️രാജ്യത്തെ സ്വദേശിവത്കരണ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം തയ്യാറാക്കിയിട്ടുള്ള പുതിയ തൊഴിൽ നിയമങ്ങൾ ഇന്ന് (ജൂൺ 1, 2021, ചൊവ്വാഴ്ച്ച) മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഒമാൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, തൊഴിൽ നൈപുണ്യമുള്ള പ്രവാസികളെ രാജ്യത്ത് നിലനിർത്തുന്നതിനും ലക്ഷ്യമിട്ടാണ് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ ഈ പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി 2021 ജൂൺ 1 മുതൽ പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ പ്രാബല്യത്തിൽ വരുന്നതാണ്. ഇതോടെ ഒമാനിൽ പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റിനായി ഈ പുതുക്കിയ ഫീ നൽകേണ്ടിവരുന്നതാണ്.
2021 ജനുവരിയിലാണ് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീ ഉയർത്താനുള്ള തീരുമാനം ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചത്. ഉയർന്ന തസ്തികകളിലേക്കും, സാങ്കേതിക തൊഴിലുകളിലേക്കും പ്രവാസികളെ നിയമിക്കുന്നതിനുള്ള പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിന് ഈ പുതുക്കിയ ഫീ ജൂൺ 1 മുതൽ ഇടാക്കിത്തുടങ്ങുമെന്ന് മന്ത്രാലയം ജനുവരിയിൽ അറിയിച്ചിരുന്നു. ഒമാൻ പൗരന്മാർക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലുകൾ ലഭ്യമാക്കുന്നതിനായുള്ള സ്വദേശിവത്കരണ നടപടികളുടെ ഭാഗമായാണ് ’12/2021′ എന്ന മന്ത്രിസഭാ തീരുമാനപ്രകാരം പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീ ഉയർത്തുന്നത്.
പുതുക്കിയ വർക്ക് പെർമിറ്റ് ഫീ പ്രകാരം ജൂൺ 1 മുതൽ ഉയർന്ന തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 2001 റിയാൽ ഈടാക്കുന്നതാണ്. മിഡ് ലെവൽ തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 1001 റിയാലും, ടെക്‌നിക്കൽ തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 601 റിയാലും വർക്ക് പെർമിറ്റ് ഫീ ആയി ഈടാക്കുന്നതാണ്. മത്സ്യബന്ധനമേഖലയിൽ പ്രവാസികളെ നിയമിക്കുന്നതിന് 361 റിയാൽ വർക്ക് പെർമിറ്റ് ഫീ ഇനത്തിൽ ഈടാക്കുന്നതാണ്. ജൂൺ 1 മുതൽ വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനായി നൽകുന്ന പുതിയ അപേക്ഷകൾക്കും, ഇതുവരെ ഫീ അടച്ചിട്ടില്ലാത്ത നിലവിൽ നൽകിയിട്ടുള്ള അപേക്ഷകൾക്കും ഈ തീരുമാനം ബാധകമാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
എന്നാൽ സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തിക ഉത്തേജനം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ പ്രത്യേക ഇളവുകൾ അനുവദിക്കുന്നതിനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനപ്രകാരം ഒമാൻ പൗരന്മാരെ ജീവനക്കാരായി നിയമിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് ഫീസിൽ 25 ശതമാനം ഇളവ് നൽകുന്നതാണ്. സ്വദേശിവത്കരണ നിബന്ധനകൾ പൂർണ്ണമായും നടപ്പിലാക്കിയിട്ടുള്ള സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് ഫീസിൽ 50 ശതമാനം ഇളവ് നൽകുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
🇸🇦സൗദി: രാജ്യത്തേക്ക് പ്രവേശിക്കുന്ന വാക്സിനെടുത്ത യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കിയതായി ഗാക്ക.
✒️വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർക്ക്, രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ നടപടികൾ ഒഴിവാക്കിയതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു. COVID-19 വാക്സിനിന്റെ എല്ലാ ഡോസുകളും പൂർത്തിയാക്കിയ യാത്രികർക്കാണ് ഈ ഇളവ് അനുവദിക്കുന്നത്.
ക്വാറന്റീൻ ഇളവ് നേടുന്നതിനായി ഇവർ യാത്ര പുറപ്പെടുന്ന രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുളള വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർക്ക് സൗദിയിൽ പ്രവേശിച്ച ശേഷം ഏഴു ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.
താഴെ പറയുന്ന COVID-19 വാക്സിനുകളാണ് ഇതിനായി സൗദി അംഗീകരിച്ചിരിക്കുന്നത്:
ഫൈസർ ബയോഎൻടെക്.
മോഡർന.
ഓക്സ്ഫോർഡ് ആസ്ട്രസെനേക.
ജോൺസൻ ആൻഡ് ജോൺസൻ.
0 Comments