പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്‌സീനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍
പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയിലേക്ക് യാത്ര ചെയ്യാനുള്ള ആറ് നിബന്ധനകള്‍ ഇങ്ങനെ
സൗദി അറേബ്യയിൽ ഇന്ന് 1,153 പേര്‍ക്ക് കൊവിഡ്; 13 മരണം
ഖത്തറില്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ആന്റിജന്‍ പരിശോധന നടത്താമെന്ന് ആരോഗ്യ മന്ത്രാലയം
യുഎഇയില്‍ രണ്ടായിരം കടന്ന് പുതിയ കൊവിഡ് കേസുകള്‍, അഞ്ച് മരണം
കൊവിഡ്: ഒമാനില്‍ വീണ്ടും രാത്രി യാത്രാവിലക്ക്
ഇഖാമ പുതുക്കൽ: കുത്തിവെപ്പ് നിർബന്ധമാക്കാൻ ആലോചന
കുവൈറ്റ്: വാക്സിനെടുക്കാത്ത ഗാർഹിക ജീവനക്കാർ മടങ്ങിയെത്തുന്ന അവസരത്തിൽ 14 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഏർപ്പെടുത്തും
ഒമാൻ: COVID-19 വാക്സിൻ ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ 12500-ൽ പരം ആളുകൾ രജിസ്റ്റർ ചെയ്തു.
ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 184 പേര്‍ക്ക് കൂടി കൊവിഡ്
വാർത്തകൾ വിശദമായി
വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്‌സീനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ചേര്‍ക്കും. ചില വിദേശ രാജ്യങ്ങള്‍ വാക്‌സിനെടുത്ത തീയതിയും വാക്‌സീന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഇവകൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. അടുത്ത ദിവസം മുതല്‍ തന്നെ ബാച്ച് നമ്പരും തീയതിയും ചേര്‍ത്ത പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പരും തീയതിയും ആവശ്യമുള്ളവര്‍ക്ക് അവകൂടി ചേര്‍ത്ത് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എങ്ങനെ ലഭിക്കും?
തീയതിയും ബാച്ച് നമ്പരും കൂടി ആവശ്യമുള്ള നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്തവര്‍ സംസ്ഥാന സര്‍ക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന പോര്‍ട്ടലില്‍ പ്രവേശിച്ച് ലഭിച്ച പഴയ സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍ ചെയ്തിട്ട് വേണം പുതിയതിന് അപേക്ഷിക്കേണ്ടത്. ശേഷം, മുമ്പ് ബാച്ച് നമ്പരും തീയതിയുമുള്ള കോവിന്‍ (COWIN) സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ അത് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. കോവിന്‍ പോര്‍ട്ടലില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ വാക്‌സിന്‍ എടുത്ത കേന്ദ്രത്തില്‍ നിന്നും ബാച്ച് നമ്പരും തീയതിയും കൂടി എഴുതി വാങ്ങിയ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്. സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ പരിശോധിച്ച് തീയതിയും ബാച്ച് നമ്പരുമുള്ള പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. അപേക്ഷിച്ചവര്‍ക്ക് തന്നെ പിന്നീട് സര്‍ട്ടിഫിക്കറ്റ് ഈ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഇപ്പോള്‍, വാക്‌സിന്‍ എടുത്ത് വിദേശത്ത് പോകുന്നവര്‍ക്ക് ഉടന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ പോര്‍ട്ടലില്‍ വരുത്തിയിട്ടുണ്ട്. വാക്‌സിന്‍ നല്‍കി കഴിയുമ്പോള്‍ വ്യക്തിയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍, സര്‍ട്ടിഫിക്കറ്റ് നമ്പര്‍ അടങ്ങിയ എസ്എംഎസ് ലഭിക്കും. ഉടന്‍ തന്നെ അവര്‍ക്ക് പോര്‍ട്ടലില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണ്. കൂടുതല്‍ സംശയങ്ങള്‍ക്ക് ദിശ 1056, 104 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയിലേക്ക് യാത്ര ചെയ്യാനുള്ള ആറ് നിബന്ധനകള്‍ ഇങ്ങനെ
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില്‍ ഭാഗിക ഇളവ് അനുവദിച്ചത് പ്രവാസികള്‍ക്ക് ആശ്വാസകരമാണ്. ദുബൈ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റിയാണ് ശനിയാഴ്‍ച ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി പ്രവേശന അനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ജൂണ്‍ 23ന് ഇത് പ്രാബല്യത്തില്‍ വരും. വിലക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യത്തിലും ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.
ഇന്ത്യയില്‍ നിന്നുള്ള താമസ വിസക്കാര്‍ക്ക് ദുബൈയിലേക്ക് യാത്ര ചെയ്യാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ആറ് നിബന്ധനകള്‍ ഇവയാണ്:
യുഎഇ അംഗീകരിച്ച കൊവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിരിക്കണം. നിലവില്‍ സിനോഫാം, ഫൈസര്‍ - ബയോഎന്‍ടെക്, സ്‍പുട്‍നിക്, ആസ്‍ട്രസെനിക എന്നിവയാണ് യുഎഇ അംഗീകരിച്ച വാക്സിനുകള്‍.
യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനകമുള്ള നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. ഇതില്‍ യുഎഇ സ്വദേശികള്‍ക്ക് ഇളവുണ്ട്.
ക്യു.ആര്‍ കോഡ് ഉള്‍പ്പെടുത്തിയിട്ടുള്ള പരിശോധനാ ഫലങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.
യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് എല്ലാ യാത്രക്കാരും റാപ്പിഡ് പി.സി.ആര്‍ പരിശോധന നടത്തണം.
ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ ശേഷം യാത്രക്കാര്‍ വീണ്ടും പി.സി.ആര്‍ പരിശോധനക്ക് വിധേയമാവണം.
പി.സി.ആര്‍ പരിശോധനയുടെ ഫലം വരുന്നത് വരെ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. 24 മണിക്കൂറിനകം പരിശോധനാ ഫലം ലഭ്യമാകുമെന്നാണ് കരുതുന്നത്. യുഎഇ സ്വദേശികള്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും ഈ നിബന്ധനയിലും ഇളവുണ്ട്.
സൗദി അറേബ്യയിൽ ഇന്ന് 1,153 പേര്‍ക്ക് കൊവിഡ്; 13 മരണം
സൗദി അറേബ്യയിൽ ഇന്ന് 1,153 പേർക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 1,145 പേർ സുഖം പ്രാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,73,112 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,54,404 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,663 ആയി.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11,045 ആയി ഉയർന്നു. ഇതിൽ 1,496 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 335, റിയാദ് 266, കിഴക്കൻ പ്രവിശ്യ 148, അസീർ 119, ജീസാൻ 84, മദീന 63, അൽഖസീം 45, നജ്റാൻ 27, തബൂക്ക് 23, ഹായിൽ 17, അൽബാഹ 12, വടക്കൻ അതിർത്തി മേഖല 10, അൽജൗഫ് 4. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ കുത്തിവെപ്പ് 16,436,128 ഡോസ് ആയി.
ഖത്തറില്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ആന്റിജന്‍ പരിശോധന നടത്താമെന്ന് ആരോഗ്യ മന്ത്രാലയം
ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന് വെള്ളിയാഴ്‍ച തുടക്കമായിരിക്കെ, വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ആഴ്‍ചയിലൊരിക്കല്‍ റാപ്പിഡ് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കി. ആന്റിജന്‍ പരിശോധന നടത്തേണ്ടവര്‍ക്ക് ഇതിനായി രാജ്യത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ സമീപിക്കാമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
മൂക്കില്‍ നിന്നുള്ള സ്രവമെടുത്ത് നടത്തുന്ന ആന്റിജന്‍ പരിശോധനയുടെ ഫലം 15 മിനിറ്റിനുള്ളില്‍ ലഭ്യമാവും. പരിശോധന നടത്തേണ്ടവര്‍ ഇതിനായി അടുത്തുള്ള സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആഴ്‍ചയിലൊരിക്കല്‍ അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന് കൊവിഡ് ആന്റിജന്‍ പരിശോധന നടത്തേണ്ടത് നിര്‍ബന്ധമാണെന്ന് ക്യാബിനറ്റ് അറിയിച്ചിരുന്നു. കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിട്ടില്ലാത്തവര്‍ക്കാണ് ഇത് ബാധകം. രണ്ട് ഡോസ് വാക്സിനെടുത്തവര്‍, കൊവിഡ് രോഗം ബാധിച്ച ശേഷം ഭേദമായവര്‍, ആരോഗ്യ കാരണങ്ങള്‍ കൊണ്ട് വാക്സിനെടുക്കാന്‍ സാധിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുള്ളവര്‍ എന്നിവര്‍ക്ക് ആഴ്‍ചതോറുമുള്ള പരിശോധനയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
യുഎഇയില്‍ രണ്ടായിരം കടന്ന് പുതിയ കൊവിഡ് കേസുകള്‍, അഞ്ച് മരണം
യുഎഇയില്‍ 2,109 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,075 പേര്‍ സുഖം പ്രാപിക്കുകയും അഞ്ചുപേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,67,968 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,10,179 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,89,235 പേര്‍ രോഗമുക്തരാവുകയും 1,752 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,192 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
കൊവിഡ്: ഒമാനില്‍ വീണ്ടും രാത്രി യാത്രാവിലക്ക്
ഒമാനില്‍ വീണ്ടും രാത്രി യാത്രാ വിലക്ക്. ജൂണ്‍ 20 ഞായറാഴ്ച മുതല്‍ യാത്ര വിലക്ക് പ്രാബല്യത്തില്‍ വരും. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികളെന്നും ഒമാന്‍ സുപ്രിം കമ്മറ്റി അറിയിച്ചു. ഒമാനില്‍ വര്‍ധിച്ചു വരുന്ന കൊവിഡ് വ്യാപനം കണക്കിലെടുത്താണ് സുപ്രിം കമ്മറ്റിയുടെ ഈ തീരുമാനം .
ജൂണ്‍ 20 ഞായറാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് സഞ്ചാരവിലക്ക് നിലവിലുണ്ടാവുക. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെയായിരിക്കും യാത്രാ വിലക്ക്. ഈ സമയങ്ങളില്‍ ജനങ്ങള്‍ വീടിനുള്ളില്‍ കഴിയണമെന്നാണ് ഒമാന്‍ സുപ്രിം കമ്മറ്റിയുടെ നിര്‍ദേശം.
ഇഖാമ പുതുക്കൽ: കുത്തിവെപ്പ് നിർബന്ധമാക്കാൻ ആലോചന
കുവൈത്തിൽ വിദേശികളുടെ വിസ പുതുക്കലിന് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാക്കാൻ നീക്കം. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിരവധിപേർ ഇനിയും കുത്തിവെപ്പിന് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് കർശനനിലപാടിലേക്ക് നീങ്ങാൻ അധികൃതർ ആലോചിക്കുന്നത്. കുവൈത്തികളിലും നിരവധിപേർ കുത്തിവെപ്പ് എടുക്കാത്തവരായി ഉണ്ട്. 45,000 കുവൈത്തികൾ രജിസ്റ്റർ ചെയ്തശേഷം അപ്പോയിൻറ്മെൻറ് തീയതിയിൽ വാക്സിൻ സ്വീകരിക്കാൻ എത്തിയില്ല.
ആദ്യ ഡോസ് പോലും സ്വീകരിക്കാത്തവരാണിവർ. രജിസ്ട്രേഷൻ പോലും നടത്താത്തവരുണ്ട്. വാക്സിനേഷൻ രാജ്യത്ത് നിയമംമൂലം നിർബന്ധമാക്കിയിട്ടില്ല. അതേസമയം, വിവിധ ആവശ്യങ്ങൾക്ക് കുത്തിവെപ്പ് നിർബന്ധമാക്കി സമ്മർദം ശക്തിപ്പെടുത്തുകയാണ് അധികൃതർ. കുവൈത്തികൾക്ക് വിദേശയാത്രക്ക് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. സലൂണുകൾ, 6000 ചതുരശ്ര മീറ്ററിന് മുകളിൽ വിസ്തൃതിയുള്ള മാളുകൾ, കഫേകൾ, ഹെൽത് ക്ലബുകൾ എന്നിവിടങ്ങളിലെ പ്രവേശനത്തിനും കുത്തിവെപ്പ് മാനദണ്ഡമാക്കി വ്യാഴാഴ്ച മന്ത്രിസഭ തീരുമാനമെടുത്തു.
ഭൂരിഭാഗംപേരും വാക്സിൻ സ്വീകരിച്ചാലേ സാമൂഹിക പ്രതിരോധ ശേഷി കൈവരൂ എന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് പരമാവധിപേരെ പ്രേരിപ്പിക്കാൻ വിവിധ സമ്മർദ നടപടികൾ സ്വീകരിക്കുന്നത്. സെപ്റ്റംബറോടെ ഭൂരിഭാഗംപേർക്കും വാക്സിൻ നൽകാനാണ് നീക്കം. കുത്തിവെപ്പ് നടപടികൾ സുഗമമായി പുരോഗമിക്കുന്നുണ്ട്.
കുവൈറ്റ്: വാക്സിനെടുക്കാത്ത ഗാർഹിക ജീവനക്കാർ മടങ്ങിയെത്തുന്ന അവസരത്തിൽ 14 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഏർപ്പെടുത്തും
രാജ്യത്തേക്ക് മടങ്ങിയെത്തുന്ന വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത ഗാർഹിക ജീവനക്കാർക്ക് 14 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
വിദേശരാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക ജീവനക്കാർക്ക് കുവൈറ്റിലേക്ക് തിരികെ പ്രവേശനം അനുവദിക്കുന്നതിനുള്ള ക്യാബിനറ്റ് തീരുമാനം രാജ്യത്തെ ആരോഗ്യ സുരക്ഷാ നിബന്ധനകൾക്ക് വിധേയമായാണ് നടപ്പിലാക്കുന്നതെന്ന് DGCA വ്യക്തമാക്കി. ഇത്തരം ഗാർഹിക ജീവനക്കാർ കുവൈറ്റിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ വിമാനത്താവളത്തിൽ വെച്ച് COVID-19 പരിശോധനകൾക്കായുള്ള സ്രവം സ്വീകരിക്കുമെന്നും DGCA അറിയിച്ചിട്ടുണ്ട്.
ഇത്തരം ഗാർഹിക ജീവനക്കാർക്ക് നിർബന്ധമാക്കിയിട്ടുള്ള ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനുമായി ബന്ധപ്പെട്ട മുൻകൂർ ഹോട്ടൽ ബുക്കിംഗ് ഇവരുടെ സ്‌പോൺസർമാർ പൂർത്തിയാക്കേണ്ടതാണ്. വാക്സിനെടുക്കാത്ത ഗാർഹിക ജീവനക്കാർക്കുള്ള ക്വാറന്റീൻ ഒഴിവാക്കിയതായുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് DGCA വ്യക്തമാക്കി.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകാൻ കുവൈറ്റ് ക്യാബിനറ്റ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്കാണ് ഇത്തരത്തിൽ പ്രവേശനാനുമതി നൽകുന്നത്. ഇതിന്റെ ഭാഗമായാണ് ഗാർഹിക ജീവനക്കാർക്ക് മടങ്ങിയെത്താൻ അനുമതി നൽകിയത്. എന്നാൽ ഗാർഹിക ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമല്ലെന്നും, വാക്സിനെടുക്കാത്ത ഗാർഹിക ജീവനക്കാർക്ക് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുമെന്നും ഡൊമസ്റ്റിക് ലേബർ ഓഫീസ് വ്യക്തമാക്കിയിരുന്നു.
ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക, മോഡർന എന്നീ വാക്സിനുകളുടെ രണ്ട് ഡോസ് കുത്തിവെപ്പ് എടുത്തവർ, അല്ലെങ്കിൽ ജോൺസൻ ആൻഡ് ജോൺസൻ COVID-19 വാക്സിനിന്റെ ഒരു ഡോസ് കുത്തിവെപ്പ് എടുത്തവർ എന്നീ വിഭാഗങ്ങളിലുള്ള സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്ക് ഓഗസ്റ്റ് 1 മുതൽ കുവൈറ്റിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായി സർക്കാർ വക്താവ് താരീഖ് അൽ മെസ്‌രമാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.
ഒമാൻ: COVID-19 വാക്സിൻ ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ 12500-ൽ പരം ആളുകൾ രജിസ്റ്റർ ചെയ്തു.
COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്കായി ആരംഭിച്ചിട്ടുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ 12500-ൽ പരം ആളുകൾ രജിസ്റ്റർ ചെയ്തതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂൺ 18-ന് വൈകീട്ട് 6.30 വരെ ആകെ 12863 പേർ ഈ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായാണ് മന്ത്രാലയം അറിയിച്ചത്.
ഒമാനിലെ വിപുലീകരിച്ച ദേശീയ വാക്സിനേഷൻ പദ്ധതിയുടെ കീഴിൽ രാജ്യത്തെ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2021 ജൂൺ 20 മുതൽ ആരംഭിക്കുമെന്ന് ജൂൺ 17-ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക്, ഇതിനായി മുൻകൂർ അനുമതികൾ നേടുന്നതിനായുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനം ജൂൺ 17 മുതൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
https://covid19.moh.gov.om/ എന്ന വിലാസത്തിൽ ഈ ഓൺലൈൻ ബുക്കിംഗ് സംവിധാനം ലഭ്യമാണ്. ‘Tarassud Plus’ ആപ്പിലൂടെയും ബുക്കിംഗ് നേടാവുന്നതാണ്. 45 വയസിന് മുകളിൽ പ്രായമുള്ളവരോട് വാക്സിനേഷൻ കേന്ദ്രത്തിലെത്തുന്നതിന് മുൻപായി ഈ ഓൺലൈൻ രെജിസ്ട്രേഷൻ പൂർത്തിയാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ 45 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾ, പൗരന്മാർ എന്നിവർക്ക് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ കേന്ദ്രത്തിൽ നിന്ന് സൗജന്യമായി വാക്സിൻ കുത്തിവെപ്പ് നൽകുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്ന് ഞായർ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണിവരെയും, വൈകീട്ട് 3 മുതൽ രാത്രി 9 വരെയും കുത്തിവെപ്പ് ലഭിക്കുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ ഈ കേന്ദ്രത്തിൽ നിന്ന് രാവിലെ 9 മുതൽ വൈകീട്ട് 4 മണിവരെ സേവനങ്ങൾ ലഭിക്കുന്നതാണ്.
2021 ജൂൺ 20 മുതൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ (OCEC) വാക്സിനേഷൻ കേന്ദ്രം ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 184 പേര്‍ക്ക് കൂടി കൊവിഡ്
ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 184 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 93 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 197 പേര്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 218,098 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
0 Comments