Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദി അറേബ്യയിൽ ഇന്ന് 1,389 പേർക്ക് രോഗമുക്തി; 24 മണിക്കൂറിനിടെ 13 കൊവിഡ് മരണം.

🇶🇦ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 170 പേര്‍ക്കെതിരെ നടപടി.

🇸🇦പ്രവാസികൾ ആറ് തൊഴിൽ മേഖലകളിൽ നിന്ന് കൂടി പുറത്താവും.

🇦🇪കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു, പൊലീസുകാരെ ആക്രമിച്ചു; യുഎഇയില്‍ രണ്ട് വിദേശികള്‍ക്ക് ശിക്ഷ.

🇦🇪മഹ്‌സൂസിന്റെ 32-ാമത് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് രണ്ട് ഭാഗ്യശാലികള്‍.

🇴🇲ഒമാനില്‍ 4,662 പേര്‍ക്ക് കൂടി കൊവിഡ്, 143 മരണം.

🇦🇪യുഎഇയില്‍ 1,599 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

🕋ഹജ്ജിന് ബുക്ക് ചെയ്തത് റദ്ദാക്കാന്‍ വേണ്ട നടപടികള്‍ പ്രഖ്യാപിച്ചു.

🛬യുഎഇ, എത്യോപ്യ വഴി എത്തുന്നവർക്ക് സൗദിയുടെ വിലക്ക്; പൗരന്മാരെ എത്തിക്കാൻ പ്രത്യേക വിമാന സർവീസ്.

🇰🇼കുവൈറ്റ്: വാക്സിനെടുത്ത പ്രവാസികൾക്ക് ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് DGCA.

🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് ഇരുപതിനായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു.

🇴🇲ഒമാൻ: 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ജൂലൈ 4 മുതൽ COVID-19 വാക്സിൻ നൽകും.

🇸🇦സൗദി: രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവരെ സഹായിക്കുന്നത് വലിയ കുറ്റകൃത്യമാണെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

🇶🇦ഖത്തറിലേക്കു വരുന്നവര്‍ക്ക് ഇഹ്തിറാസ് ആപ്പില്‍ പുതിയ രജിസ്‌ട്രേഷന്‍ സംവിധാനം.

🇸🇦സൗദിയില്‍ നാല്‍പ്പത് വയസ്സിന് മുകളില്‍ രണ്ടാം ഡോസ് വാക്‌സിന്‍.

🇶🇦ഖത്തറില്‍ ഇന്നും കോവിഡ് മരണമില്ല; 121 പേര്‍ക്ക് രോഗബാധ.

വാർത്തകൾ വിശദനായി 

🇸🇦സൗദി അറേബ്യയിൽ ഇന്ന് 1,389 പേർക്ക് രോഗമുക്തി; 24 മണിക്കൂറിനിടെ 13 കൊവിഡ് മരണം.

✒️സൗദി അറേബ്യയിൽ കൊവിഡ് ബാധിതരായി ചികിത്സയിലിരുന്നവരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,389 പേർ സുഖം പ്രാപിച്ചു. 1,173 പേർക്ക് കൂടി പുതുതായി കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 13 മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,92,785 ആയി. ഇവരിൽ 4,72,939 പേർ ഇതുവരെ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,876 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.9 ശതമാനമായി കുറഞ്ഞു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: കിഴക്കൻ പ്രവിശ്യ 273, റിയാദ് 227, മക്ക 222, അൽഖസീം 115, മദീന 45, അസീർ 77, വടക്കൻ അതിർത്തി മേഖല 40, അൽബാഹ 39, ജീസാൻ 32, നജ്റാൻ 18, തബൂക്ക് 18, ഹായിൽ 14, അൽജൗഫ് 8. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 18,326,022 ഡോസ് ആയി.

🇶🇦ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 170 പേര്‍ക്കെതിരെ നടപടി.

✒️ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. നിയമലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം 170 പേര്‍ക്കെതിരെയാണ് നടപടിയെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. ഇവരില്‍ 161 പേരും പൊതുസ്ഥലത്ത് മാസ്‍ക് ധരിക്കാത്തതിനാണ് പിടിയിലായത്.

സുരക്ഷിതമായ സമൂഹിക അകലം പാലിക്കാത്തതിന് കഴിഞ്ഞ ദിവസം ഒന്‍പത് പേര്‍ നടപടി നേരിട്ടു. പിടിയിലാവുന്നവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ ചെയ്യുന്നത്. ഇതുവരെ ഇത്തരത്തില്‍ ആയിരക്കണക്കിന് പേര്‍ക്കെതിരെ നിയമലംഘനങ്ങള്‍ക്ക് നടപടി സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്.

🇸🇦പ്രവാസികൾ ആറ് തൊഴിൽ മേഖലകളിൽ നിന്ന് കൂടി പുറത്താവും.

✒️സൗദി അറേബ്യയിൽ ആറ് തൊഴിൽ മേഖലകളിൽ നിന്ന് കൂടി വിദേശ തൊഴിലാളികൾ പുറത്താകും. ലോ-കൺസൾട്ടിങ്, ലോയേഴ്‍സ് ഓഫീസ്, കസ്റ്റംസ് ക്ലിയറൻസ്, റിയൽ എസ്റ്റേറ്റ്, സിനിമ, ഡ്രൈവിങ് സ്കൂളുകൾ എന്നിവയിലെയും സാങ്കേതിക, എൻജിനീയറിങ് മേഖലയിലേയും തൊഴിലുകളിലാണ് പുതുതായി സ്വദേശിവത്കരണം നടപ്പാക്കുന്നത്. 

രാജ്യത്തെ പൗരന്മാരായ യുവതീയുവാക്കൾക്കായി ഈ തൊഴിലുകളിൽ വലിയൊരു പങ്ക് സംവരണം ചെയ്യും. ഇങ്ങനെ പൗരന്മാർക്ക് പുതുതായി 40,000 ലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതിയെന്ന് തൊഴിൽ മന്ത്രി എഞ്ചി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹി അറിയിച്ചു. നിലവിൽ ഈ രംഗങ്ങളിൽ തൊഴിലെടുക്കുന്ന നിരവധി പ്രവാസികൾക്ക് ജോലി നഷ്ടപ്പെടുമെന്ന് മാത്രമല്ല, സൗദി അറേബ്യയിൽ ഉപജീവനം തേടാനാഗ്രഹിക്കുന്ന വിദേശരാജ്യങ്ങളിലെ പുതിയ ഭാഗ്യാന്വേഷികൾക്ക് തിരിച്ചടിയുമാകും.

🇦🇪കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു, പൊലീസുകാരെ ആക്രമിച്ചു; യുഎഇയില്‍ രണ്ട് വിദേശികള്‍ക്ക് ശിക്ഷ.

✒️പൊലീസ് ഉദ്യോഗസ്ഥരെ ഉപദ്രവിച്ച രണ്ട് വിദേശികള്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. അറബ് വംശജരായ രണ്ട് പ്രതികളെയും ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും ശിക്ഷാ വിധിയിലുണ്ട്.

32ഉം 46ഉം വയസുള്ള വിദേശികള്‍ക്ക് മാസ്‍ക് ധരിക്കാത്തതിനും മറ്റ് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും പൊലീസ് പിഴ ചുമത്തുകയായിരുന്നുവെന്ന് കേസ് രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇവരിലൊരാള്‍ പൊലീസിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്‍തു. ഇതേസമയം രണ്ടാമന്‍ സംഭവങ്ങള്‍ മുഴുവന്‍ തന്റെ മൊബൈല്‍ ഫോണിലെ ക്യാമറയില്‍ പകര്‍ത്തി. ഇയാളോട് പൊലീസ് ഉദ്യോഗസ്ഥര്‍ ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിക്കുകയും പൊലീസുകാരെ അസഭ്യം പറയുകയും ചെയ്‍തു. ഒരു പൊലീസുകാരനെ ഇയാള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‍തുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

🇦🇪മഹ്‌സൂസിന്റെ 32-ാമത് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് രണ്ട് ഭാഗ്യശാലികള്‍.

✒️യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന  32-ാമത് തത്സമയ പ്രതിവാര നറുക്കെടുപ്പില്‍ രണ്ട് ഭാഗ്യശാലികള്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. രണ്ടാം സമ്മാനം നേടിയ രണ്ടുപേരും നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്നവരാണ്. ഇവര്‍ 500,000 ദിര്‍ഹം വീതം സ്വന്തമാക്കി. ഇതിനുപുറമെ 65 വിജയികള്‍ 1,000 ദിര്‍ഹം വീതവും 1,576 പേര്‍ 35 ദിര്‍ഹം വീതവും സമ്മാനം നേടി. കഴിഞ്ഞ നറുക്കെടുപ്പില്‍ ആകെ 1,120,160 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിച്ചത്. 2, 33, 35, 36, 40, 47 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2021 ജൂലൈ 10 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

'മഹ്‌സൂസ്' എന്നാല്‍ അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജിസിസിയിലെ ഒരേയൊരു പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്,  ആഴ്ചതോറും നല്‍കുന്ന ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളിലൂടെ ജീവിതം മാറ്റിമറിക്കാനുള്ള അവസരമാണൊരുക്കുന്നത്. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹ്‌സൂസ്. ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. നറുക്കെടുപ്പ് മഹ്‌സൂസ് സ്റ്റുഡിയോയില്‍ നിന്ന് എല്ലാ ശനിയാഴ്ചയും www.mahzooz.ae എന്ന വെബ്‌സൈറ്റ് വഴിയും @MyMahzooz ഫേസ്ബുക്ക്, യുട്യൂബ് പേജുകള്‍ വഴിയും തത്സമയം സംപ്രേക്ഷണം ചെയ്യും. ലെബനീസ് ടെലിവിഷന്‍ അവതാരകന്‍ വിസാം ബ്രെയ്ഡിയും മലയാളി മോഡലും അവതാരകയും സംരംഭകയുമായ ഐശ്വര്യ അജിതുമാണ് ലൈവ് നറുക്കെടുപ്പിന്റെ അവതാരകര്‍.

🇴🇲ഒമാനില്‍ 4,662 പേര്‍ക്ക് കൂടി കൊവിഡ്, 143 മരണം.

✒️ഒമാനില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ  4,662 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. 143 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍  കൊവിഡ് രോഗം മൂലം മൂന്നു ദിവസത്തിനിടെ മരണപ്പെട്ടത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2,75,166 ആയി.

ഇവരില്‍ 2,42,874  പേരാണ് രോഗമുക്തരായത്. ഇപ്പോള്‍ 88.3% ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതിനകം  3,283 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 171 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1589 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 532 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

🇦🇪യുഎഇയില്‍ 1,599 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

✒️യുഎഇയില്‍  1,599 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,570 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,54,639 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  6,39,476 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  6,17,767 പേര്‍ രോഗമുക്തരാവുകയും 1,834 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,875 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🕋ഹജ്ജിന് ബുക്ക് ചെയ്തത് റദ്ദാക്കാന്‍ വേണ്ട നടപടികള്‍ പ്രഖ്യാപിച്ചു.

✒️ഈ വര്‍ഷത്തെ ഹജ്ജിന് ബുക്ക് ചെയ്തത് റദ്ദാക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. പണമടച്ച ശേഷം ഹജ്ജ് പെര്‍മിറ്റ് ഇഷ്യു ചെയ്യുന്നതിനു മുമ്പായി ബുക്കിംഗ് റദ്ദാക്കാന്‍ ഇ-ട്രാക്കില്‍ പ്രവേശിച്ച് ആദ്യ പേജിലെ മെയിന്‍ ലിസ്റ്റില്‍ നിന്ന് ബുക്കിംഗ് റദ്ദാക്കല്‍ ഐക്കണ്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. തുടര്‍ന്ന് ബുക്കിംഗ് നമ്പറോ തിരിച്ചറിയല്‍ കാര്‍ഡ്, ഇഖാമ നമ്പറുകളോ നല്‍കണം. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ നല്‍കുകയാണ് മൂന്നാമത്തെ നടപടി. 

ഇതോടെ ബുക്കിംഗ് വിശദാംശങ്ങള്‍ പ്രത്യക്ഷപ്പെടും. ബുക്കിംഗ് റദ്ദാക്കല്‍ ഐക്കണ്‍ വഴി ബുക്കിംഗ് പൂര്‍ണമായോ കൂട്ടത്തില്‍പെട്ട ഒരാളെ മാത്രമായോ റദ്ദാക്കാന്‍ സാധിക്കും. പണമടച്ച് ഹജ്ജ് പെര്‍മിറ്റ് ഇഷ്യു ചെയ്ത ശേഷം ബുക്കിംഗ് റദ്ദാക്കാന്‍ അഞ്ചു നടപടികള്‍ പൂര്‍ത്തിയാക്കണം. ഇ-ട്രാക്കില്‍ പ്രവേശിച്ച് ഖിദ്മാത്തീ ഐക്കണില്‍ നിന്ന് അബ്ശിര്‍ പ്ലാറ്റ്‌ഫോമിലൂടെയുള്ള പെര്‍മിറ്റ് റദ്ദാക്കല്‍ സേവനം തെരഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടത്. ഇതോടെ ആദ്യ പേജിലെ മെയിന്‍ ലിസ്റ്റില്‍ ബുക്കിംഗ് റദ്ദാക്കല്‍ ഐക്കണ്‍ കാണാന്‍ കഴിയും. ശേഷം ബുക്കിംഗ് നമ്പറോ തിരിച്ചറിയല്‍ കാര്‍ഡ്, ഇഖാമ നമ്പറുകളോ നല്‍കണം. ഇതോടെ മൊബൈല്‍ ഫോണില്‍ ഒ.ടി.പി നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ നല്‍കുന്നതോടെ ബുക്കിംഗ് വിശദാംശങ്ങള്‍ പ്രത്യക്ഷപ്പെടുകയും ബുക്കിംഗ് റദ്ദാക്കല്‍ ഐക്കണ്‍ വഴി ബുക്കിംഗ് പൂര്‍ണമായോ കൂട്ടത്തില്‍പെട്ട ഒരാളെ മാത്രമായോ റദ്ദാക്കാന്‍ സാധിക്കുമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

🛬യുഎഇ, എത്യോപ്യ വഴി എത്തുന്നവർക്ക് സൗദിയുടെ വിലക്ക്; പൗരന്മാരെ എത്തിക്കാൻ പ്രത്യേക വിമാന സർവീസ്.

✒️യുഎഇ, എത്യോപ്യ, അഫ്ഗാനിസ്ഥാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് സൗദി അറേബ്യ ഏർപ്പെടുത്തിയ വിലക്ക് ഇന്ന് രാത്രി മുതൽ പ്രാബല്യത്തിലാകും. യുഎഇയിൽ കുടുങ്ങിയ സൗദി പൗരന്മാരെ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ ഇന്നുണ്ടായിരുന്നു. ഇതിനിടെ എത്യോപ്യയിൽ നിരവധി മലയാളികൾ കുടുങ്ങിയിട്ടുണ്ട്.

കോവിഡിന്‍റെ ജനിതക മാറ്റം സംഭവിച്ച വകഭേദം വർധിക്കുന്ന സാഹര്യത്തിലാണ് സൗദി തീരുമാനം വന്നത്. ഇതു പ്രകാരം ഇന്നു മുതുൽ യുഎഇ, എത്യോപ്യ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് വീണ്ടും പ്രവേശന വിലക്കാണ്. ഇതുവഴി വരുന്ന യാത്രക്കാർക്ക് സൗദിയിലേക്ക് പ്രവേശനമുണ്ടാകില്ല. ഈ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് സൗദി പൗരന്മാർക്കും വിലക്കേർപ്പെടുത്തിട്ടുണ്ട്. ഇന്ന് വിലക്ക് വരാനിരിക്കെ പ്രത്യേക വിമാനങ്ങളിൽ കൂടുതൽ സർവീസുകൾ ഈ രാജ്യങ്ങളിൽ നിന്നുണ്ടായിരുന്നു. പൗരന്മാർക്ക് സൗദിയിലേക്ക് പ്രവേശിക്കാനായിരുന്നു ഇത്.

എത്യോപ്യിയിൽ നിന്നും മലയാളികളും സൗദിയിൽ എത്തിയിട്ടുണ്ട്. എന്നാൽ നാളെ മുതൽ എത്തേണ്ട മലയാളികൾ ഇവിടെ കുടുങ്ങി. പുതിയ തീരുമാനത്തോടെ നിലവിൽ ഈ രാജ്യങ്ങളിലുള്ള സൗദി പ്രവാസികൾക്ക് ഈ രാജ്യങ്ങളിൽ നിന്നും പുറത്തു പോയി മറ്റൊരു രാജ്യത്ത് 14 ദിവസം കഴിയണം. ഇതിന് ശേഷം ഉപാധികളോടെ മാത്രമേ സൗദിയിലേക്ക് പ്രവേശനമുണ്ടാകൂ. ഫലത്തിൽ രണ്ടു ലക്ഷം രൂപയോളം ചിലവഴിച്ച് പോകാമായിരുന്ന വഴികളും സൗദി പ്രവാസികൾക്ക് മുന്നിൽ അടഞ്ഞു. ഇനിയുള്ള റഷ്യ, അർമേനിയ എന്നീ വഴികൾ വഴി വിസ ലഭിക്കലും യാത്രാ ചെലവും ഏറെ വർധിക്കും.

🇰🇼കുവൈറ്റ്: വാക്സിനെടുത്ത പ്രവാസികൾക്ക് ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് DGCA.

✒️2021 ഓഗസ്റ്റ് 1 മുതൽ നിബന്ധനകൾക്ക് വിധേയമായി പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഔദ്യോഗിക വക്താവ് സഈദ് അൽ ഒതായിബി വ്യക്തമാക്കി. COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകാൻ കുവൈറ്റ് ക്യാബിനറ്റ് ജൂൺ 17-ന് തീരുമാനിച്ചിരുന്നു.

സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്കാണ് ഇത്തരത്തിൽ പ്രവേശനാനുമതി നൽകുന്നതെന്നാണ് ക്യാബിനറ്റ് അന്ന് അറിയിച്ചിരുന്നത്. ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക, മോഡർന എന്നീ വാക്സിനുകളുടെ രണ്ട് ഡോസ് കുത്തിവെപ്പ് എടുത്തവർ, അല്ലെങ്കിൽ ജോൺസൻ ആൻഡ് ജോൺസൻ COVID-19 വാക്സിനിന്റെ ഒരു ഡോസ് കുത്തിവെപ്പ് എടുത്തവർ എന്നീ വിഭാഗങ്ങളിലുള്ള പ്രവാസികൾക്ക് ഓഗസ്റ്റ് 1 മുതൽ കുവൈറ്റിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് സഈദ് അൽ ഒതായിബി വ്യക്തമാക്കി.

ഇത്തരം യാത്രികർ, കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇത്തരത്തിൽ കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് രാജ്യത്തെത്തിയ ശേഷം 7 ദിവസം ക്വാറന്റീൻ നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റിലേക്ക് പ്രവേശിക്കുന്ന വിമാന സർവീസുകളിൽ ദിനവും 3500 സഞ്ചാരികൾക്ക് സേവനം നൽകുന്ന രീതിയിലാണ് കുവൈറ്റ് ഇന്റർനാഷ്ണൽ എയർപോർട്ട് നിലവിൽ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് ഇരുപതിനായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു.

✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് ഇരുപതിനായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2021 ജൂൺ 24 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും 19812 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിൽ 8570 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 947 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 10295 പേരെയാണ് അറസ്റ്റ് ചെയ്തത്.

അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 224 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 47 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 43 ശതമാനം പേർ യെമൻ പൗരന്മാരും, 5 ശതമാനം പേർ സോമാലി പൗരന്മാരും, 5 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം ഏതാനം ദിവസങ്ങൾക്ക് മുൻപ് രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ പരം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

🇴🇲ഒമാൻ: 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ജൂലൈ 4 മുതൽ COVID-19 വാക്സിൻ നൽകും.

✒️രാജ്യത്തെ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകുന്നതിനുള്ള നടപടികൾക്ക് 2021 ജൂലൈ 4 മുതൽ തുടക്കമാകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദേശീയ വാക്സിനേഷൻ യത്നം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഇത്തരത്തിൽ വാക്സിൻ ലഭിക്കുന്നതിന് മുൻ‌കൂർ ബുക്കിങ്ങ് നിർബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ പ്രായവിഭാഗങ്ങളിലുള്ളവർക്ക് https://covid19.moh.gov.om എന്ന വിലാസത്തിലൂടെയോ ‘Tarassud+’ ആപ്പിലൂടെയോ ഈ ബുക്കിങ്ങ് പൂർത്തിയാക്കാവുന്നതാണ്.

ഈ പ്രായവിഭാഗങ്ങളിലുള്ളവർ വാക്സിനെടുക്കുന്നതിനായി രാജ്യത്തെ വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നതിന് മുൻപായി ഈ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ‌കൂർ ബുക്കിങ്ങ് പൂർത്തിയാക്കുന്നവർക്ക് ഇത് സംബന്ധിച്ച സ്ഥിരീകരണം SMS മുഖേന ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ സന്ദേശം ലഭിക്കുന്നവർ വാക്സിനേഷൻ കേന്ദ്രത്തിൽ ഹാജരായ ശേഷം പരിശോധനകൾക്കായി ഈ സന്ദേശത്തിലെ ബാർകോഡ് പങ്ക് വെക്കേണ്ടതാണ്.

🇸🇦സൗദി: രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവരെ സഹായിക്കുന്നത് വലിയ കുറ്റകൃത്യമാണെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

✒️രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് വലിയ കുറ്റകൃത്യമാണെന്ന് സൗദി ആഭ്യന്തര വകുപ്പ് മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നൈഫ് മുന്നറിയിപ്പ് നൽകി. ഇത്തരക്കാർക്ക് വിവിധ സഹായങ്ങൾ നൽകുന്നതും, ഇവർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതും, വിവിധ സേവനങ്ങൾ നൽകുന്നതും ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“നുഴഞ്ഞ്കയറ്റക്കാർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുന്നത് രാജ്യത്തെ നിയമങ്ങളുടെയും, ചട്ടങ്ങളുടെയും ലംഘനമാണ്. ഇത്തരം പ്രവർത്തനങ്ങൾ ഗുരുതര കുറ്റകൃത്യങ്ങളായി കണക്കാക്കുന്നതാണ്.”, അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം പ്രവർത്തികളെ കർശനമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാരെയും, നുഴഞ്ഞുകയറ്റക്കാരെയും പ്രോത്സാഹിപ്പിക്കുകയും, അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികളുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരക്കാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുക, യാത്രാ സഹായങ്ങൾ നൽകുക, താമസസൗകര്യങ്ങൾ ഒരുക്കുക, മറ്റു സേവനങ്ങൾ നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് 15 വർഷം വരെ തടവും, ഒരു മില്യൺ റിയാൽ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഈ ശിക്ഷാനടപടികൾക്ക് പുറമെ, ഇത്തരത്തിൽ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുന്നവരെ സഹായിക്കാനുപയോഗിച്ച വാഹനങ്ങൾ, ഇവർക്ക് താമസസൗകര്യങ്ങൾ ഒരുക്കിയ പാർപ്പിടങ്ങൾ എന്നിവ അധികൃതർ പിടിച്ചെടുക്കുന്നതാണ്. റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടു. തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിബന്ധനകളിലെ വീഴ്ച്ചകളും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് ഇരുപതിനായിരത്തോളം പേരെയാണ് ജൂൺ 24 മുതൽ ജൂൺ 30 വരെയുള്ള ഒരാഴ്ച്ചയ്ക്കിടയിൽ സൗദി അധികൃതർ അറസ്റ്റ് ചെയ്തത്.

🇶🇦ഖത്തറിലേക്കു വരുന്നവര്‍ക്ക് ഇഹ്തിറാസ് ആപ്പില്‍ പുതിയ രജിസ്‌ട്രേഷന്‍ സംവിധാനം.

✒️ഖത്തറിലേക്ക് വരുന്നവര്‍ക്കായി ഇഹ്തിറാസ് ആപ്പില്‍ പ്രീ-രജിസ്‌ട്രേഷന്‍ സംവിധാനം ആരംഭിച്ചു. ആപ്പിന്റെ ഏറ്റവും മുകളില്‍ കാണുന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്താല്‍ യാത്രയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ കരമാര്‍ഗം ഖത്തറിലേക്ക് വരുന്നവര്‍ക്ക് മാത്രമാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നത്.

ഖത്തറിലേക്ക് വരുമ്പോഴുള്ള ആരോഗ്യപരമായ നിബന്ധനകള്‍, ക്വാറന്റീന്‍ ആവശ്യമാണോ അല്ലയോ തുടങ്ങിയ കാര്യങ്ങള്‍ മൂന്‍കൂട്ടി മനസ്സിലാക്കാന്‍ രജിസ്‌ട്രേഷന്‍ വഴി സാധിക്കും. നിലവില്‍ ഇതിലൂടെയുള്ള രജിസ്ട്രഷന്‍ നിര്‍ബന്ധമല്ലെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കുമ്പോഴുള്ള നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാനും മണിക്കൂറുകളോളം കാത്തുനില്‍ക്കുന്നത് ഒഴിവാക്കാനും സഹായിക്കുമെന്ന് ആപ്പിലെ വിശദീകരണത്തില്‍ പറയുന്നു.

ഇമെയില്‍ വിലാസവും പാസ്‌വേര്‍ഡും ഉപയോഗിച്ചാണ് ആപ്പിലെ പ്രീ-രജിസ്‌ട്രേഷന്‍ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇമെയില്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റ് വിവരങ്ങള്‍ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഒരേ വിമാനത്തില്‍ വരുന്ന കുടുംബാംഗങ്ങള്‍ക്കും ഇതിലൂടെ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍, ഓരോരുത്തരുടെയും രേഖകള്‍ പ്രകാരം പ്രത്യേകമായി ആയിരിക്കും ഇവരുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.

പൗരന്മാരും ഖത്തര്‍ റെസിഡന്റ് വിസയുള്ളവരും ഖത്തര്‍ ഐഡി നമ്പര്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജസിസി പൗരന്മാര്‍ പാസ്‌പോര്‍ട്ട് നമ്പറും നാഷനാലിറ്റിയും സന്ദര്‍ശകര്‍ വിസാ നമ്പറും നല്‍കണം.

*സമര്‍പ്പിക്കേണ്ട രേഖകള്‍*

1. പാസ്‌പോര്‍ട്ട് കോപ്പി (ഗള്‍ഫ് പൗരന്മാര്‍)
2. 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം
3. പുറപ്പെടുന്ന രാജ്യത്ത് നിന്നെടുത്ത വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്
4. ഡിസ്‌കവര്‍ ഖത്തര്‍ വഴിയുള്ള ഹോട്ടല്‍ ബുക്കിങ്(ഹോട്ടല്‍ ക്വാറന്റീന്‍ ആവശ്യമായവര്‍ക്ക്)
5. ഒമ്പത് മാസത്തിനുള്ളില്‍ കോവിഡ് രോഗം വന്ന് ഭേദമായതിനുള്ള സര്‍ട്ടിഫിക്കറ്റ്‌.

🇸🇦സൗദിയില്‍ നാല്‍പ്പത് വയസ്സിന് മുകളില്‍ രണ്ടാം ഡോസ് വാക്‌സിന്‍.

✒️നാല്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം. വാക്സിന്‍ ലഭിക്കാന്‍ സിഹതീ ആപ്പ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. സൗദിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ ഏറ്റക്കുറച്ചിലുകളുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി പറഞ്ഞു.

എന്നാല്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ സ്ഥിരതയുണ്ട്. ഇത് സന്തോഷകരമായ കാര്യമാണ്.
മഹാമാരിയില്‍ നിന്ന് പുറത്തുകടക്കാനുള്ള ദിശയില്‍ ലോകം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലോകത്ത് ഇതിനകം മുന്നൂറു കോടിയിലേറെ ഡോസ് വാക്സിന്‍ വിതരണം ചെയ്തിട്ടുണ്ട്. ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച് രണ്ടാഴ്ചക്കു ശേഷം തന്നെ പ്രതിരോധ ശേഷി രൂപപ്പെടും. ബൂസ്റ്റര്‍ എന്നോണമാണ് രണ്ടാം ഡോസ് വാക്സിന്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

🇶🇦ഖത്തറില്‍ ഇന്നും കോവിഡ് മരണമില്ല; 121 പേര്‍ക്ക് രോഗബാധ.

✒️ഖത്തറില്‍ ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 189 പേരാണ് രോഗമുക്തി നേടിയത്. 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 57 പേര്‍. 1,533 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഖത്തറില്‍ ഇന്നു കോവിഡ് മരണമില്ല. ആകെ മരണം 591. രാജ്യത്ത് ഇതുവരെ 2,20,449 പേര്‍ രോഗമുക്തി നേടി. ഇന്ന് 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 85 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 22,957 ഡോസ് വാക്സിന്‍ നല്‍കി. ആകെ നല്‍കിയ വാക്സിന്‍ ഡോസുകളുടെ എണ്ണം 32,49,265 ആയി.

Post a Comment

0 Comments