കോവിഡ് പ്രോട്ടോക്കോളും വാരാന്ത്യ ലോക്ഡൗണും ലംഘിച്ച് കൊച്ചിയിൽ ചേർന്ന ഐ.എൻ.എൽ. സെക്രട്ടേറിയേറ്റ് യോഗത്തിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മന്ത്രി അഹമ്മദ് ദേവർകോവിലിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് യോഗം ഉപേക്ഷിച്ചു.
സംഘർഷത്തെ തുടർന്ന് ഹോട്ടലിൽ കുടുങ്ങിയ മന്ത്രിയെ പോലീസ് എത്തിയാണ് പുറത്തിറക്കിയത്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നടത്തിയ യോഗത്തിൽ മന്ത്രി തന്നെ പങ്കെടുത്തത് വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. പാർട്ടി പ്രതിരോധത്തിലായ പി.എസ്.സി. അംഗത്വ വിവാദം ഉൾപ്പെടെ ചർച്ച ചെയ്യാനാണ് ഇന്ന് നേതൃയോഗം ചേർന്നത്
കൊച്ചിയില്‍ ഐഎന്‍എല്‍ നേതാക്കള്‍ തമ്മിലടിച്ച് പിരിഞ്ഞു. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ സാന്നിധ്യത്തിലായിരുന്നു സംഘര്‍ഷം. യോഗം പിരിച്ചുവിട്ടെന്ന് പ്രസിഡന്‍റ് അബ്ദുള്‍ വഹാബ് അറിയിച്ചതിന് പിന്നാലെ ഹോട്ടലിന് പുറത്ത് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. പിന്നാലെ അബ്ദുള്‍ വഹാബും മറ്റ് ചില നേതാക്കളും ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോയി. ഹോട്ടലില്‍ തുടര്‍ന്ന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂരിനും, മന്ത്രി അഹമ്മദ് ദേവർകോവിലിനും എതിരെ ചീത്ത വിളികളും പ്രതിഷേധങ്ങളും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉയര്‍ത്തി.
ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ യോഗത്തിന്‍റെ തുടക്കം മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് പ്രസിഡന്‍റ് അബ്ദുള്‍ വഹാബ് പറഞ്ഞു. രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളയുര്‍ത്തിയ സംസ്ഥാന സെക്രട്ടറിയോട് കാസിം ഇരിക്കൂര്‍ മോശമായി പ്രതികരിച്ചെന്നും അബ്ദുള്‍ വഹാബ് ആരോപിച്ചു. ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ പ്രതികരണങ്ങള്‍ ഉണ്ടായപ്പോള്‍ യോഗത്തില്‍ വലിയ തോതില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി. ഇതിന് പിന്നാലെയാണ് യോഗം നിര്‍ത്തിവെച്ചതായി താന്‍ അറിയിച്ചതെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.
എന്നാല്‍ പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലെന്നും തമ്മില്‍ അടിക്കുന്നവരല്ല പ്രവര്‍ത്തകരെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. അച്ചടക്ക ലംഘനം നടത്തിയവര്‍ക്ക് എതിരെ നടപടിയുണ്ടാവും. വൈകുന്നേരം നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ എല്ലാം വിശദീകരിക്കുമെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. അതേസമയം സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ദിവസമാണ് കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് ഐഎന്‍എല്‍ ഹോട്ടലില്‍ നേതൃയോഗം ചേര്‍ന്നത്. ഹോട്ടലിന് എതിരെ കൊവിഡ് നിരോധന നിയമപ്രകാരം കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
സംഘർഷം ഹോട്ടലിന് പുറത്തേക്ക് നീണ്ടതോടെ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. അസിസ്റ്റന്റ് കമ്മിഷണർ എത്തിയ ശേഷമാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ പുറത്തിറങ്ങാൻ തയ്യാറായത്. യോഗം പിരിച്ചുവിട്ടു എന്നല്ലാതെ മറ്റൊന്നും പറയാൻ മന്ത്രി തയ്യാറായില്ല.
0 Comments