ജൂലായ് 20 മുതൽ നടക്കാനിരിക്കുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ മെയിൻ (ജെ.ഇ.ഇ മെയിൻ) ഏപ്രിൽ സെഷൻ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ).
ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി jeemain.nta.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
ജൂലായ് 20,22,25,27 തീയതികളിലാകും ഏപ്രിൽ സെഷൻ പരീക്ഷ നടക്കുക. നേരത്തെ ജൂലായ് 20 മുതൽ 25 വരെ പരീക്ഷ നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷ.
ജൂലായ് 27 മുതൽ ആഗസ്റ്റ് 2 വരെയാകും മേയ് സെഷൻ. എൻജിനിയറിങ്ങിന് പുറമേ പ്ലാനിങ്, ആർക്കിടെക്ചർ പ്രവേശനത്തിനുള്ള പരീക്ഷയും മേയ് സെഷനിൽ നടക്കും. 2021 ഏപ്രിൽ മേയ് മാസങ്ങളിൽ നടത്താനിരുന്ന പരീക്ഷകളാണ് കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചത്.
ആകെ 7,09,519 വിദ്യാർഥികളാണ് ഏപ്രിൽ സെഷൻ പരീക്ഷയെഴുതുന്നത്. രാജ്യത്തിനകത്തും പുറത്തുമായി 334 പരീക്ഷാകേന്ദ്രങ്ങളിലാണ് പരീക്ഷ. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
0 Comments