Ticker

6/recent/ticker-posts

Header Ads Widget

കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണത്തിൽ ഇളവ് വരുത്തി കർണാടകം; അതിർത്തികളിൽ പരിശോധന ശക്തമാക്കും

കേരളത്തിൽനിന്നും കർണാടകയിലേക്ക് വരുന്നവർക്കുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധനയിൽ ഇളവു വരുത്തി കർണാടക സർക്കാർ.

സംസ്ഥാനത്തേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിൻ എടുത്ത രേഖയോ നിർബന്ധമാണെന്ന് കർണാടകം അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് കാണിച്ചുകൊണ്ട് കർണാടകയിലെത്താം. വാക്സിൻ എടുക്കാത്തവർക്ക് നിലവിലുള്ളതുപോലെ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഒരു ഡോസ് വാക്സിൻ എടുത്തവരെ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധനയിൽനിന്നും ഒഴിവാക്കിയിട്ടില്ല.

വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച പുതിയ ഉത്തരവ് കർണാടക സർക്കാർ പുറത്തിറക്കിയത്. വിമാനം, ബസ്, ട്രെയിൻ, ടാക്സി, സ്വകാര്യ വാഹനങ്ങൾ എന്നിവയിൽ കേരളത്തിൽനിന്നും കർണാടകയിലേക്ക് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന തുടരുമെന്നും എന്നാൽ, രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതിയെന്നുമാണ് ഉത്തരവ്. വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, ജില്ല അതിർത്തികൾ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും പരിശോധന കർശനമാക്കാനും അതാത് ജില്ല ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. കഴിഞ്ഞ ദിവസം മുതൽ ദക്ഷിണ കന്നട, കുടക്, ചാമരാജ് നഗർ തുടങ്ങിയ ജില്ലാ അതിർത്തികളിൽ പരിശോധന കർശനമാക്കിയിരുന്നു.

കർണാടകയിൽ ദിവേസന വിദ്യാഭ്യാസ കാര്യങ്ങൾക്ക് വരുന്ന വിദ്യാർഥികൾക്കും േജാലി ആവശ്യത്തിന് വരുന്നവർക്കും രണ്ടാഴ്ചയിലൊരിക്കൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പുറമെ ആരോഗ്യപ്രവർത്തകർക്കും രണ്ടു വയസിന് താഴെയുള്ള കുട്ടികൾക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. അതുപോലെ മരണം, ചികിത്സ തുടങ്ങിയ അടിയന്തര സാഹചര്യത്തിൽ കേരളത്തിൽനിന്നും കർണാടകയിലേക്ക് വരുന്നവർക്ക് ഇവിടെ എത്തിയശേഷം സാമ്പിൾ ശേഖരിക്കും. ഇവരുടെ ഫോൺ നമ്പറും വിലാസവും ശേഖരിക്കും. തുടർന്ന് ആർ.ടി.പി.സി.ആർ പരിശോധന ഫലം വന്നശേഷം തുടർ നടപടികൾ സ്വീകരിക്കും.

നിയമം ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി പി. രവികുമാർ ഇറക്കിയ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽനിന്നും വരുന്നവർക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിൻ എടുത്തതിൻെറ സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ മതിയെന്ന രീതിയിൽ യാത്ര നിബന്ധനയിൽ കർണാടക സർക്കാർ ഇളവ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിൽനിന്നുള്ള രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കിയത്.

Post a Comment

0 Comments