🇸🇦സൗദിയില്‍ കൊവിഡ് ബാധിച്ച് 11 മരണം കൂടി.
🛫പ്രവാസികള്‍ക്ക് ആശങ്ക; ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നത് നീട്ടിയതായി എമിറേറ്റ്‌സ്.
🇰🇼വ്യാജ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി; ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 3 നഴ്‍സുമാര്‍ കുവൈത്തില്‍ അറസ്റ്റില്‍.
🇴🇲ഒമാനില്‍ 518 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് 14 മരണം.
🇦🇪ഗോള്‍ഡന്‍ വിസ; ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് യുഎഇ.
🇶🇦ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 91 പേര്‍ക്കെതിരെ നടപടി.
🇶🇦ഖത്തറില്‍ 70 ശതമാനത്തോളം പേരും കൊവിഡ് വാക്സിനെടുത്തതായി ആരോഗ്യ മന്ത്രാലയം.
🇰🇼വാക്സിനെടുക്കാത്ത സ്വദേശികള്‍ക്ക് കുവൈത്തില്‍ നിന്ന് യാത്ര ചെയ്യാന്‍ വിലക്ക്.
🇦🇪യുഎഇയില്‍ ഇന്ത്യക്കാരന്റെ കടയില്‍ നിന്ന് 86 ഐഫോണുകള്‍ മോഷ്‍ടിച്ച പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു.
🇰🇼കോവിഡ് ബാധിച്ച് മരിച്ച കുവൈത്തിലെ ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് ലക്ഷം രൂപ സഹായം.
🇸🇦സൗദി: നിറഞ്ഞ് കവിയുന്ന താഴ്‌വരകൾ വാഹനങ്ങളിൽ മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തും.
🇰🇼കുവൈറ്റ്: വിദേശത്ത് നിന്നെത്തുന്ന വാക്സിൻ സ്വീകരിച്ചിട്ടുള്ള യാത്രികർക്ക് PCR ഫീ ഒഴിവാക്കുമെന്ന് DGCA.
🇶🇦ഖത്തറില്‍ 200 കടന്ന് പുതിയ കോവിഡ് കേസുകള്‍; സമ്പര്‍ക്കത്തിലൂടെ മാത്രം 117 രോഗബാധ.
🇶🇦ഖത്തറിലേക്ക് ഫാമിലി വിസിറ്റ് വിസ ലഭിക്കാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വേണം.
വാർത്തകൾ വിശദമായി
🇸🇦സൗദിയില്‍ കൊവിഡ് ബാധിച്ച് 11 മരണം കൂടി.
✒️സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 11 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 8,200 ആയി ഉയര്‍ന്നു. 1,334 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും 1,079 അസുഖ ബാധിതര്‍ സുഖം പ്രാപിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യമാകെ ഇന്ന് 108,462 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,22,108 ആയി. ഇതില്‍ 5,02,528 പേര്‍ രോഗമുക്തരായി.
ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,380 ആയി ഉയര്‍ന്നു. ഇതില്‍ 1,409 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: കിഴക്കന്‍ പ്രവിശ്യ 271, റിയാദ് 260, മക്ക 239, അസീര്‍ 127, അല്‍ഖസീം 86, ജീസാന്‍ 82, മദീന 67, ഹായില്‍ 59, നജ്‌റാന്‍ 41, അല്‍ബാഹ 33, വടക്കന്‍ അതിര്‍ത്തി മേഖല 32, തബൂക്ക് 25, അല്‍ജൗഫ് 12. കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 25,526,563 ഡോസായി.
🛫പ്രവാസികള്‍ക്ക് ആശങ്ക; ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നത് നീട്ടിയതായി എമിറേറ്റ്‌സ്.
✒️ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് ഏഴു വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. വെബ്‌സൈറ്റ് വഴിയാണ് എമിറേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും യുഎഇയിലേക്ക് ഓഗസ്റ്റ് ഏഴു വരെ സര്‍വീസുകള്‍ ഉണ്ടാകില്ല.
ജൂലൈ 31 വരെ സര്‍വീസ് നിര്‍ത്തിവെച്ചതായാണ് എമിറേറ്റ്‌സ് നേരത്തെ അറിയിച്ചരുന്നത്. ഇതാണ് ഇപ്പോള്‍ നീട്ടിയത്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് രണ്ട് വരെ സര്‍വീസ് ഉണ്ടാവില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്‍സും അറിയിച്ചിട്ടുണ്ട്. ഇതോടെ ഓഗസ്റ്റ് ആദ്യം മുതലെങ്കിലും സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രവാസികളുടെ യാത്ര വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
🇰🇼വ്യാജ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി; ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 3 നഴ്‍സുമാര്‍ കുവൈത്തില്‍ അറസ്റ്റില്‍.
✒️വ്യാജ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മൂന്ന് നഴ്‍സുമാരെ കുവൈത്തില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. വാക്സിന്‍ എടുക്കാത്തവര്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 250 മുതല്‍ 300 ദിനാര്‍ വരെ ഓരോരുത്തരില്‍ നിന്നു ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റിനായി ഈടാക്കുകയും ചെയ്‍തു.
ജഹ്റ ആശുപത്രിയില്‍ ജോലി ചെയ്‍തിരുന്ന നഴ്‍സുമാരാണ് പിടിയിലായത്. ഒരാള്‍ ഇന്ത്യക്കാരനും മറ്റ് രണ്ട് പേര്‍ ഈജിപ്‍ത് സ്വദേശികളുമാണ്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. ഇവരില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച നാല് പേര്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ നഴ്‍സുമാരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
🇴🇲ഒമാനില്‍ 518 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് 14 മരണം.
✒️ഒമാനില്‍ 518 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവന വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2,95,535ഉം ആകെ മരണസംഖ്യ 3802ഉം ആയി.
ഇതുവരെ 2,77,632 കൊവിഡ് രോഗികളാണ് ഒമാനില്‍ രോഗമുക്തരായത്. നിലവില്‍ 93.9 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63 രോഗികളെ രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 641 ആയി. ഇവരില്‍ 272 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
🇦🇪ഗോള്‍ഡന്‍ വിസ; ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് യുഎഇ.
✒️ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനായി ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് യുഎഇ. മുന്നണിപ്പോരാളികളായ ഡോക്ടര്‍മാരുടെ പരിശ്രമങ്ങള്‍ക്കും സമര്‍പ്പണത്തിനുമുള്ള ആദരവായാണ് ഗോള്‍ഡന്‍ വിസ നല്‍കുന്നതെന്ന് യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കി. ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ഡോക്ടര്‍മാര്‍ക്കും കുടുംബത്തിനും 10 വര്‍ഷത്തെ റെസിഡന്‍സി ലഭിക്കും.
യുഎഇ ആരോഗ്യ വകുപ്പിന്റെ ലൈസന്‍സുള്ള എല്ലാ ഡോക്ടര്‍മാര്‍ക്കും ഈ മാസം മുതല്‍ 2022 സെപ്തംബര്‍ വരെ ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാമെന്ന് യുഎഇ സര്‍ക്കാരിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. smartservices.ica.gov.ae. എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ദുബൈ ലൈസന്‍സുള്ള ഡോക്ടര്‍മാര്‍ smart.gdrfad.gov.ae. എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
വിസയ്ക്കായി അപേക്ഷ നല്‍കാന്‍ താല്‍പ്പര്യമുള്ള ഡോക്ടര്‍മാര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് യുഎഇയില്‍ ഏഴ് കേന്ദ്രങ്ങള്‍ ആരംഭിക്കും. ശാസ്ത്രീയമായ കഴിവും വൈദഗ്ധ്യവുമുള്ളവര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കാനുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിസ അനുവദിക്കുന്നത്. ഇതുവഴി ആരോഗ്യ രംഗത്തേക്ക് വിദഗ്ധരെ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. നിക്ഷേപകര്‍, സംരംഭകര്‍, കലാകാരന്മാര്‍ എന്നീ വിഭാഗങ്ങള്‍ക്കും യുഎഇയില്‍ അഞ്ചോ പത്തോ വര്‍ഷത്തെ ദീര്‍ഘകാല റെസിഡന്‍സി വിസകള്‍ അനുവദിക്കാറുണ്ട്.
🇶🇦ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 91 പേര്‍ക്കെതിരെ നടപടി.
✒️ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം 91 പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിയമ ലംഘനങ്ങള്‍ക്ക് പിടികൂടിയതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
പിടിയിലായവരില്‍ 85 പേരും പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാതിരുന്നതിന് 6 പേരെ പിടികൂടി. മൊബൈല്‍ ഫോണുകളില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യത്തവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കാറുണ്ട്. പിടിയിലാവുന്നവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് ചെയ്യുന്നത്. ഇതുവരെ ഇത്തരത്തില്‍ കൊവിഡ് നിയമലംഘനങ്ങളുടെ പേരില്‍ ആയിരക്കണക്കിന് പേരെ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
🇶🇦ഖത്തറില്‍ 70 ശതമാനത്തോളം പേരും കൊവിഡ് വാക്സിനെടുത്തതായി ആരോഗ്യ മന്ത്രാലയം.
✒️ഖത്തറിലെ കൊവിഡ് വാക്സിനേഷന്‍ നിര്‍ണായകമായ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടു. രാജ്യത്ത് 20 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് വാക്സിന്റെ ഒരു ഡോസ് എങ്കിലും ഇതിനോടകം എടുത്ത് കഴിഞ്ഞതായി പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 20,13,080 പേര്‍ കൊവിഡ് വാക്സിന്റെ ഒരു ഡോസ് എങ്കിലും എടുത്തവരാണ്. ആകെ 37,08,551 ഡോസുകളാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. 16,95,471 പേര്‍ രണ്ട് ഡോസ് വാക്സിനും എടുത്തവരാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ഓരോരുത്തരും അവരവരുടെ അവസരമെത്തുമ്പോള്‍ വാക്സിനെടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‍തു. 24 മണിക്കൂറിനിടെ 22,960 ഡോസ് വാക്സിനാണ് നല്‍കിയത്.
രാജ്യത്ത് വാക്സിനെടുക്കാന്‍ സാധിക്കുന്നവരുടെ ജനസംഖ്യയില്‍ 81 ശതമാനം പേരും ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുണ്ട്. 60 വയസിന് മുകളിലുള്ളവരില്‍ ഇത് 98.6 ശതമാനമാണ്. ഈ വിഭാഗത്തില്‍ 93.5 ശതമാനം പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 16 വയസിന് മുകളിലുള്ളവരില്‍ 81 ശതമാനം പേര്‍ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുണ്ട്. 68.6 ശതമാനം പേരാണ് രണ്ട് ഡോസ് വാക്സിനുമെടുത്തത്.
🇰🇼വാക്സിനെടുക്കാത്ത സ്വദേശികള്‍ക്ക് കുവൈത്തില്‍ നിന്ന് യാത്ര ചെയ്യാന്‍ വിലക്ക്.
✒️വാക്സിനെടുക്കാത്ത സ്വദേശികള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യാനാവില്ല. അടുത്ത മാസം മുതല്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും വാക്സിനേഷനില്‍ നിയമപരമായ ഇളവുകളുള്ളവര്‍ക്കും മാത്രമാണ് വിദേശ യാത്രകള്‍ക്ക് അനുമതി ലഭിക്കുക.
16 വയസിന് താഴെയുള്ള കുട്ടികള്‍, വാക്സിനെടുക്കാനാകാത്ത ആരോഗ്യ പ്രശ്നമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പുതിയ നിയന്ത്രണത്തില്‍ ഇളവ് ലഭിക്കും. ഇതിന് പുറമെ കുവൈത്തിലേക്ക് വരുന്ന എല്ലാവരും വിമാനത്തില്‍ കയറുന്നതിന് മുമ്പ് തന്നെ പി.സി.ആര്‍ പരിശോധന നടത്തിയിരിക്കണമെന്നും കൊവിഡ് രോഗലക്ഷണങ്ങളുണ്ടാവരുതെന്നും അറിയിച്ചിട്ടുണ്ട്.
കുവൈത്തിലെത്തുന്നവര്‍ ഏഴ് ദിവസമോ അല്ലെങ്കില്‍ രാജ്യത്ത് എത്തിയ ശേഷം നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം ലഭിക്കുന്നതു വരെയോ ക്വാറന്റീനില്‍ കഴിയണം. ഇക്കഴിഞ്ഞ തിങ്കളാഴ്‍ച മുതല്‍ കുവൈത്തിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഭാഗികമായ ചില ഇളവുകള്‍ അധികൃതര്‍ അനുവദിച്ചിട്ടുണ്ട്.
🇦🇪യുഎഇയില്‍ ഇന്ത്യക്കാരന്റെ കടയില്‍ നിന്ന് 86 ഐഫോണുകള്‍ മോഷ്‍ടിച്ച പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു.
✒️രാത്രിയില്‍ കട കുത്തിത്തുറന്ന് 86 ഐഫോണുകള്‍ മോഷ്‍ടിച്ച മൂന്നംഗ സംഘത്തിന് ദുബൈ പ്രാഥമിക കോടതി ശിക്ഷ വിധിച്ചു. ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള കടയില്‍ നിന്ന് 3,55,000 ദിര്‍ഹം വിലയുള്ള ഫോണുകളാണ് പ്രതികള്‍ മോഷ്‍ടിച്ചത്. മൂന്ന് പേര്‍ക്കും ആറ് മാസം വീതം ജയില്‍ ശിക്ഷയും 3,69,090 ദിര്‍ഹം പിഴയുമാണ് വിധിച്ചത്.
കാമറൂണ്‍ സ്വദേശികളാണ് ദുബൈ നൈഫിലെ കടയില്‍ മോഷണം നടത്തിയത്. പല മോഡലുകളിലുള്ള 86 ഐഫോണുകള്‍ക്ക് പുറമെ ഡ്രോയറില്‍ സൂക്ഷിച്ചിരുന്ന 14,735 ദിര്‍ഹവും പ്രതികള്‍ മോഷ്‍ടിച്ചു. കടയുടെ ഡോര്‍ തകര്‍ക്കുകയും നിരീക്ഷണ ക്യാമറകള്‍ നശിപ്പിക്കുകയും ചെയ്‍തു. മോഷണം നടന്നത് സംബന്ധിച്ച് തനിക്ക് പുലര്‍ച്ചെ നാല് മണിക്കാണ് വിവരം ലഭിച്ചതെന്ന് കടയുടമ മൊഴി നല്‍കി.
സമീപത്തുണ്ടായിരുന്ന മറ്റ് സിസിടിവി ക്യാമറകളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവരെ പിടികൂടുകയും ചെയ്‍തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. മോഷ്‍ടിച്ച ഫോണുകള്‍ ഇവര്‍ മറ്റൊരാളെ ഏല്‍പ്പിച്ചിരുന്നു. ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്‍തു. മൂന്ന് പ്രതികള്‍ക്കെതിരെ മോഷണത്തിനും കടകള്‍ക്ക് നാശനഷ്‍ടമുണ്ടാക്കിയതിനുമാണ് കുറ്റം ചുമത്തിയിരുന്നത്. നാലാമനെതിരായ വിചാരണാ നടപടികള്‍ തുടരുകയാണ്.
🇰🇼കോവിഡ് ബാധിച്ച് മരിച്ച കുവൈത്തിലെ ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് ലക്ഷം രൂപ സഹായം.
✒️കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച നിര്‍ധനരായ ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ സഹായം. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ആണ് പ്രവാസ ലോകത്തിന്റെ മുഴുവന്‍ പ്രശംസ നേടിയ പ്രഖ്യാപനം നടത്തിയത്.
120 ദീനാറില്‍ കുറവ് ശമ്പളമുള്ളവര്‍ക്കാണ് ഇന്ത്യന്‍ കമ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ച് സഹായധനം ലഭ്യമാക്കുക. ബുധനാഴ്ച വൈകീട്ട് നടന്ന എംബസി ഓപണ്‍ ഹൗസിലാണ് അംബാസഡര്‍ ഈ പ്രഖ്യാപനം നടത്തിയത്.
ജനപ്രിയ ഇടപെടലുകളുമായി മുന്നോട്ടുപോകുന്ന കുവൈത്തിലെ മലയാളി അംബാസഡര്‍ സിബി ജോര്‍ജിന്റെ പല ഇടപെടലുകളും വലിയ തോതില്‍ അംഗീകാരം നേടുന്നുണ്ട്. വിഭവ സമാഹരണത്തിനായി വ്യക്തികളുടെയും വ്യവസായികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടും. നേരത്തെ ഇന്ത്യന്‍ കമ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കര്‍ഫ്യൂ കാലത്ത് ഭക്ഷ്യ കിറ്റ് വിതരണം ഉള്‍പ്പെടെ നടത്തിയിരുന്നു. നീറ്റ് പരീക്ഷാ സെന്റര്‍ കുവൈത്തില്‍ അനുവദിപ്പിക്കുന്നതിലും എംബസി ഇടപെടല്‍ നിര്‍ണായകമായിരുന്നു.
🇸🇦സൗദി: നിറഞ്ഞ് കവിയുന്ന താഴ്‌വരകൾ വാഹനങ്ങളിൽ മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തും.
✒️കനത്ത മഴയിൽ നിറഞ്ഞ് കവിയുന്ന രാജ്യത്തെ താഴ്‌വരകൾ വാഹനങ്ങളിൽ മുറിച്ച് കടക്കാൻ ശ്രമിക്കുന്ന പ്രവർത്തികൾ ട്രാഫിക് നിയമലംഘനമായി കണക്കാക്കുമെന്ന് സൗദി ട്രാഫിക് ഡിപ്പാർട്മെന്റ് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തികൾക്ക് 10000 റിയാൽ വരെ പിഴ ചുമത്താമെന്നും അധികൃതർ ജനങ്ങളെ ഓർമ്മപ്പെടുത്തി.
വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യങ്ങളിൽ രാജ്യത്തെ താഴ്‌വരകൾ, മലയിടുക്കുകൾ എന്നിവ മുറിച്ച് കടക്കാൻ ശ്രമിക്കുന്ന പ്രവർത്തികൾ അത്യന്തം ഗൗരവകരമായ അപകടങ്ങളിലേക്ക് നയിക്കാവുന്നതാണെന്ന് ട്രാഫിക് ഡിപ്പാർട്മെന്റ് വ്യക്തമാക്കി. ഇത്തരം പ്രവർത്തികൾ രാജ്യത്ത് നിയമലംഘനമായി കണക്കാക്കുന്നതും, 5000 മുതൽ 10000 റിയാൽ വരെ പിഴ ചുമത്താവുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
സൗദിയിൽ വിവിധ ഇടങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരം ഒരു മുന്നറിയിപ്പ്. രാജ്യത്തിന്റെ തെക്ക്പടിഞ്ഞാറൻ മേഖലകളായ ജസാൻ, അസിർ മുതലായ ഇടങ്ങളിൽ താഴ്‌വരകൾ നിറഞ്ഞ് കവിയുന്ന രീതിയിലുള്ള മഴയ്ക്ക് സാധ്യതയുള്ളതായി സൗദി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകിയിട്ടുണ്ട്.
🇰🇼കുവൈറ്റ്: വിദേശത്ത് നിന്നെത്തുന്ന വാക്സിൻ സ്വീകരിച്ചിട്ടുള്ള യാത്രികർക്ക് PCR ഫീ ഒഴിവാക്കുമെന്ന് DGCA.
✒️വിദേശത്ത് നിന്നെത്തുന്ന, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള, യാത്രികർക്ക് കുവൈറ്റ് മുസാഫർ ആപ്പിലൂടെ PCR പരിശോധനാ ഫീ നൽകുന്നത് ഒഴിവാക്കുമെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിലവിൽ ഇത്തരം യാത്രികർ കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി കുവൈറ്റ് മുസാഫർ ആപ്പിലൂടെ PCR പരിശോധനാ ഫീസായി 20 ദിനാർ നൽകേണ്ടതാണ്. എന്നാൽ 2021 ഓഗസ്റ്റ് 1 മുതൽ ഈ നടപടിയിൽ DGCA മാറ്റം വരുത്തുമെന്നാണ് കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഓഗസ്റ്റ് 1 മുതൽ ഇത്തരം യാത്രികർ തങ്ങളുടെ ഒരാഴ്ച്ചത്തെ ഹോം ക്വാറന്റീൻ അവസാനിപ്പിക്കുന്ന അവസരത്തിൽ മാത്രമാണ് PCR പരിശോധന നടത്തേണ്ടതും, അതിന്റെ ഫീ നൽകേണ്ടതുമെന്നാണ് DGCA അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്നെത്തുന്ന, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള മുഴുവൻ കുവൈറ്റ് പൗരന്മാർക്കും, പ്രവാസികൾക്കും ഈ തീരുമാനം ബാധകമാണ്. ഒരാഴ്ച്ചയ്ക്ക് ശേഷം നടത്തുന്ന PCR പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.
🇶🇦ഖത്തറില്‍ 200 കടന്ന് പുതിയ കോവിഡ് കേസുകള്‍; സമ്പര്‍ക്കത്തിലൂടെ മാത്രം 117 രോഗബാധ.
✒️ഖത്തറില്‍ ആഴ്ച്ചകള്‍ക്കു ശേഷം പുതിയ കോവിഡ് കേസുകള്‍ 200 കടന്നു. ഇന്ന് 235 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 117 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 166 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,23,376 ആയി.
അതേസമയം, രാജ്യത്ത് ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണ നിരക്ക് 601 ആയി. 1770 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 27 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 77 പേരാണ് നിലവില്‍ ആശുപത്രിയില്‍ ഉള്ളത്.
24 മണിക്കൂറിനിടെ 22,305 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 37,30,856 ആയി. രാജ്യത്ത് വാക്‌സിനേഷന് യോഗ്യരായ 81.9 ശതമാനം പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു.
🇶🇦ഖത്തറിലേക്ക് ഫാമിലി വിസിറ്റ് വിസ ലഭിക്കാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വേണം.
✒️ഖത്തറില്‍ ഫാമിലി സന്ദര്‍ശക വിസ ലഭിക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന് അധികൃതര്‍. കുടുംബം ഖത്തറില്‍ താമസിക്കുന്ന അത്രയും കാലത്തേക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സാണ് വേണ്ടതെന്ന് ഇത് സംബന്ധമായ നിബന്ധനകളില്‍ പറയുന്നു.
തൊഴില്‍ കരാറില്‍ 5000 റിയാല്‍ പ്രതിമാസ ശമ്പളവും ഫാമിലി അക്കോമഡേഷനും ഉള്ളവര്‍ക്കാണ് ഫാമിലി വിസിറ്റ് വിസകള്‍ അനുവദിക്കുന്നത്. ഇതിന് തൊഴില്‍ കരാറും വീടിന്റെ റെന്റല്‍ എഗ്രിമെന്റും അറ്റസ്റ്റ് ചെയ്തിരിക്കണം. കണ്‍ഫേം ചെയ്ത റിട്ടേണ്‍ ടിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ വിസിറ്റ് വിസയില്‍ വരാനാകൂ. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനെടുത്ത് 14 ദിവസം പൂര്‍ത്തിയാക്കിയിരിക്കണം.
ഖത്തറില്‍ റെസിഡന്‍സ് വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനുള്ള പദ്ധതി കഴിഞ്ഞ ഫെബ്രുവരിയില്‍ ഖത്തര്‍ മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അടുത്ത വര്‍ഷം മുതല്‍ ഇത് നടപ്പാക്കി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
0 Comments