Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇦🇪യുഎഇയില്‍ 1537 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ആറ് മരണം.

🇸🇦സൗദി അറേബ്യയിൽ പ്രതിദിന കൊവിഡ് കണക്ക് ഏറ്റക്കുറച്ചിലില്ലാതെ തുടരുന്നു.

🇴🇲ഒമാനില്‍ ഓഗസ്റ്റിലെ ഇന്ധന വില പ്രഖ്യാപിച്ചു.

🇰🇼യാത്രാ നിയന്ത്രണം; കുവൈത്തിലേക്ക് മടങ്ങാനാകാതെ രണ്ടര ലക്ഷത്തിലധികം പ്രവാസികള്‍.

🇰🇼കുവൈത്തിലേക്ക് വിദേശികളുടെ പ്രവേശന വിലക്ക് ഇന്ന് അവസാനിക്കും.

🇶🇦ഖത്തർ: ഓഗസ്റ്റ് 2 മുതൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്കേർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു.

🇸🇦സൗദിയിലേക്ക് യാത്രാവിലക്കില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്സിനെടുത്ത വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് GACA.

🇰🇼കുവൈറ്റ്: യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ അനുവദിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നു.

🇴🇲ഒമാനിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവീസുകൾ ഓഗസ്റ്റ് 11 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ.

🇰🇼കുവൈറ്റ്: യാത്രാ സംബന്ധമായ വിവരങ്ങൾ വ്യക്തമാകുന്നതുവരെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് ഒഴിവാക്കാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.

🇶🇦ഖത്തറില്‍ ഇന്ന് 162 പേര്‍ക്ക് കോവിഡ്; 141 രോഗമുക്തി.

🇶🇦ഖത്തറിന് ആദ്യ ഒളിമ്പിക്സ് സ്വര്‍ണം, നേട്ടം ഭാരോദ്വഹനത്തില്‍ ഫാരിസ് ഇബ്രാഹീമിലൂടെ.

🇧🇭ബഹ്റൈനില്‍ ഡെലിവറി ജീവനക്കാരെ കബളിപ്പിച്ച് സാധനങ്ങള്‍ കവര്‍ന്ന യുവാവ് അറസ്റ്റില്‍.


വാർത്തകൾ വിശദമായി

🇦🇪യുഎഇയില്‍ 1537 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ആറ് മരണം.

✒️യുഎഇയില്‍ 1,537 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,518 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു. 

പുതിയതായി നടത്തിയ  3,00,617  കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,80,858 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,58,198 പേര്‍ രോഗമുക്തരാവുകയും 1,949 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,711 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇸🇦സൗദി അറേബ്യയിൽ പ്രതിദിന കൊവിഡ് കണക്ക് ഏറ്റക്കുറച്ചിലില്ലാതെ തുടരുന്നു.

✒️സൗദി അറേബ്യയിൽ കൊവിഡ് പ്രതിദിന കണക്കിൽ ഏറ്റക്കുറച്ചിലുകളില്ലാതെ തുടരുന്നു. പുതിയ രോഗബാധിതരുടെയും രോഗമുക്തരുടെയും എണ്ണം ഒപ്പത്തിനൊപ്പമാണ്. ഇന്ന് 1,146 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോൾ 1,086 പേർ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 11 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 

രാജ്യമാകെ ഇന്ന് 1,13,300 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,25,730 ആയി. ഇതിൽ 5,06,089 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,237 ആണ്. ചികിത്സയിൽ 11,404 പേരുണ്ട്. ഇതിൽ 1,377 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 243, കിഴക്കൻ പ്രവിശ്യ 209, മക്ക 196, അസീർ 84, ജീസാൻ 79, അൽഖസീം 68, മദീന 64, ഹായിൽ 56, നജ്റാൻ 53, അൽബാഹ 34, വടക്കൻ അതിർത്തി മേഖല 33, തബൂക്ക് 19, അൽജൗഫ് 8. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 26,625,085 ഡോസായി.

🇴🇲ഒമാനില്‍ ഓഗസ്റ്റിലെ ഇന്ധന വില പ്രഖ്യാപിച്ചു.

✒️ഒമാനില്‍ 2021 ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില ദേശീയ സബ്സിഡി കാര്യാലയം പ്രഖ്യാപിച്ചു. ജൂലൈ മാസത്തിലെ വില തന്നെ തുടരും.എം 91 പെട്രോളിന് 227 ബൈസയും,  എം 95 പെട്രോളിന് 237  ബൈസയുമാണ്  ലിറ്ററിന് വില. ഡീസല്‍ വില  ലിറ്ററിന് 247  ബൈസയുമായിരിക്കും ഓഗസ്റ്റ് മാസത്തെ വില.

🇰🇼യാത്രാ നിയന്ത്രണം; കുവൈത്തിലേക്ക് മടങ്ങാനാകാതെ രണ്ടര ലക്ഷത്തിലധികം പ്രവാസികള്‍.

✒️കൊവിഡ് പശ്ചാത്തലത്തിലുള്ള യാത്രാ നിയന്ത്രണങ്ങള്‍ മൂലം കുവൈത്തിലേക്ക് മടങ്ങാനാകാതെ നാട്ടില്‍ കുടുങ്ങിയത് 2,80,000  വിദേശികള്‍. അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളാണ് യാത്രാ നിയന്ത്രണങ്ങള്‍ മൂലം സ്വന്തം നാടുകളില്‍ കുടുങ്ങിയത്. പ്രാദേശിക മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡിന് മുമ്പ് നാട്ടില്‍ അവധിക്ക് പോയവരും കൊവിഡ് കാലത്ത് വിവിധ സമയങ്ങളിലായി നാട്ടിലെത്തിയവരും ഇതില്‍പ്പെടുന്നു. യഥാസമയം പുതുക്കാത്തതിനാല്‍ രണ്ടര ലക്ഷത്തോളം വിദേശികളുടെ താമസാനുമതി കാലാവധി കഴിഞ്ഞതായും താമസകാര്യ വകുപ്പിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു. നാട്ടില്‍ പോയി തിരികെ മടങ്ങാനാകാത്തവര്‍ക്ക് ഓണ്‍ലൈനായി ഇഖാമ പുതുക്കാനുള്ള അവസരവുമുണ്ട്.

🇰🇼കുവൈത്തിലേക്ക് വിദേശികളുടെ പ്രവേശന വിലക്ക് ഇന്ന് അവസാനിക്കും.

✒️കുവൈത്തിലേക്ക് വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് ഇന്ന് അവസാനിക്കും. കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ കുവൈത്തിലേക്ക് വരാന്‍ അനുമതിയുണ്ട്. 

കുവൈത്തില്‍ ഇഖാമയുള്ളവര്‍ക്കും അംഗീകൃത വാക്‌സിന്റെ രണ്ട് ഡോസ് എടുത്തവര്‍ക്കുമാണ് പ്രവേശനാനുമതിയുള്ളത്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് കൊവിഡ് പിസിആര്‍ പരിശോധനയ്ക്ക് വിധേയരായിരിക്കണം. ഫൈസര്‍, മൊഡേണ, ഓക്‌സ്ഫഡ് ആസ്ട്രസെനക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകളാണ് കുവൈത്തില്‍ അംഗീകരിച്ചിട്ടുള്ളത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ ഒറ്റ ഡോസ് മാത്രമാണുള്ളത്. രാജ്യത്ത് പ്രവേശിക്കുന്ന പ്രവാസികള്‍ ഏഴ് ദിവസം താമസ സ്ഥലങ്ങളില്‍ ക്വാറന്റീനില്‍ കഴിയണം. തുടര്‍ന്ന് നടത്തുന്ന പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം. ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസിന് ഇനിയും കാത്തിരിക്കേണ്ടി വരും.

🇶🇦ഖത്തർ: ഓഗസ്റ്റ് 2 മുതൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്കേർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു.

✒️2021 ഓഗസ്റ്റ് 2 മുതൽ ഇന്ത്യ ഉൾപ്പടെ ഏതാനം രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് തിരികെ മടങ്ങുന്നവർക്കും, യാത്രചെയ്യുന്നവർക്കും ബാധകമാക്കിയിട്ടുള്ള യാത്രാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 30-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ തീരുമാനം 2021 ഓഗസ്റ്റ് 2, തിങ്കളാഴ്ച്ച ഉച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് യാത്രചെയ്യുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിലാണ് മാറ്റം വരുത്തുന്നത്.

*2021 ഓഗസ്റ്റ് 2 മുതൽ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏർപ്പെടുത്തുന്ന നിബന്ധനകൾ:*

ഖത്തറിൽ നിന്ന് COVID-19 വാക്സിൻ സ്വീകരിച്ചവരോ, ഖത്തറിൽ വെച്ച് COVID-19 രോഗബാധിതരായ ശേഷം രോഗമുക്തരായവരോ ആയ യാത്രികർ മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ 2 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ഏർപ്പെടുത്തുന്നതാണ്. രണ്ടാം ദിനം PCR ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ഈ ക്വാറന്റീൻ അവസാനിക്കുന്നതാണ്.
ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന മറ്റുള്ള എല്ലാ യാത്രികർക്കും 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കുന്നതാണ്.
ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്കായി ഹോട്ടൽ ക്വാറന്റീൻ ബുക്കിംഗ് ആരംഭിച്ചതായി ഡിസ്കവർ ഖത്തർ അറിയിച്ചിട്ടുണ്ട്.

ലോകരാജ്യങ്ങളെ COVID-19 സാഹചര്യങ്ങൾക്കനുസരിച്ച് ഗ്രീൻ, യെല്ലോ, റെഡ് എന്നിങ്ങനെ തരാം തിരിച്ചിട്ടുള്ള പട്ടികയിലും ഖത്തർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പുതുക്കിയ ഈ പട്ടിക താഴെ പറയുന്ന വിലാസങ്ങളിൽ ലഭ്യമാണ്.

ഗ്രീൻ പട്ടിക – https://covid19.moph.gov.qa/EN/Documents/PDFs/GREEN-COUNTRIES-ENG.pdf

യെല്ലോ പട്ടിക – https://covid19.moph.gov.qa/EN/Documents/PDFs/YELLOW-COUNTRIES-ENG.pdf

റെഡ് പട്ടിക – https://covid19.moph.gov.qa/EN/Documents/PDFs/RED-COUNTRIES-ENG.pdf

🇸🇦സൗദിയിലേക്ക് യാത്രാവിലക്കില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്സിനെടുത്ത വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് GACA.

✒️സൗദിയിലേക്ക് നിലവിൽ പ്രവേശന വിലക്കില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിനോദസഞ്ചാരികൾക്ക് 2021 ഓഗസ്റ്റ് 1, ഞായറാഴ്ച്ച മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി വ്യോമയാന വകുപ്പ് (GACA) വ്യക്തമാക്കി. ഇത്തരം വിനോദസഞ്ചാരികൾക്ക് ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാനുള്ള സൗദി ടൂറിസം മന്ത്രാലയത്തിന്റെ തീരുമാനത്തെത്തുടർന്നാണ് സൗദി GACA ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നൽകിയത്.

ജൂലൈ 30-ന് രാത്രിയാണ് സൗദി GACA ഈ അറിയിപ്പ് നൽകിയത്. COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിനോദസഞ്ചാരികൾക്ക് ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം ജൂലൈ 29-ന് അറിയിച്ചിരുന്നു.

ഈ തീരുമാനം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം രാജ്യത്ത് പ്രവർത്തിക്കുന്ന മുഴുവൻ വ്യോമയാന കമ്പനികൾക്കും സൗദി GACA നൽകിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം, സൗദി യാത്രാവിലക്കേർപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള, സാധുതയുള്ള സൗദി ടൂറിസം വിസകളുള്ള യാത്രികർക്ക് സൗദിയിലേക്ക് യാത്രാ സേവനങ്ങൾ നൽകാൻ മുഴുവൻ കമ്പനികളോടും GACA നിർദ്ദേശിച്ചിട്ടുണ്ട്.

വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിനോദസഞ്ചാരികൾക്ക് നെഗറ്റീവ് PCR റിസൾട്ട്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ച് കൊണ്ട് പ്രവേശനം അനുവദിക്കുമെന്നും, ഇത്തരം സഞ്ചാരികൾക്ക് സൗദിയിലെത്തിയ ശേഷം ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഉണ്ടായിരിക്കില്ലെന്നും സൗദി ടൂറിസം മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം, ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, തുർക്കി, അർജന്റീന, ബ്രസീൽ, സൗത്ത് ആഫ്രിക്ക, യു എ ഇ, എത്യോപ്യ, വിയറ്റ്നാം, അഫ്ഘാനിസ്ഥാൻ, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്ന് നേരിട്ട് സൗദിയിലേക്കുള്ള വിമാനസർവീസുകൾക്കുള്ള പ്രവേശന വിലക്കുകൾ തുടരുന്നതിനാൽ, ഈ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ഈ പ്രവേശനാനുമതി ലഭിക്കുന്നതല്ല.

താഴെ പറയുന്ന നിർദ്ദേശങ്ങൾ പ്രകാരമാണ് ഓഗസ്റ്റ് 1 മുതൽ സൗദിയിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശനം നൽകുന്നത്:

സാധുതയുള്ള സൗദി ടൂറിസം വിസ ഉണ്ടായിരിക്കണം.
യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ നെഗറ്റീവ് PCR റിസൾട്ട് നിർബന്ധമാണ്.
ഇത്തരം വിനോദസഞ്ചാരികൾ സൗദി അംഗീകരിച്ചിട്ടുള്ള വാക്സിനുകളുടെ മുഴുവൻ ഡോസുകളും സ്വീകരിച്ചവരായിരിക്കണം. ഫൈസർ, ആസ്ട്രസെനേക, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ COVID-19 വാക്സിനുകൾക്ക് സൗദി അംഗീകാരം നൽകിയിട്ടുണ്ട്. ഈ വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് മതിയായ രേഖകളുണ്ടെങ്കിൽ സൗദി പ്രവേശനം അനുവദിക്കുന്നതാണ്.
ഇത്തരം വിനോദസഞ്ചാരികൾ തങ്ങളുടെ വാക്സിനേഷൻ വിവരങ്ങൾ https://muqeem.sa/#/vaccine-registration/home എന്ന ഓൺലൈൻ പോർട്ടലിൽ നൽകേണ്ടതാണ്. ഇത് സൗദിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിലെ നടപടിക്രമങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നതാണ്.
ഇവർക്ക് ‘Tawakkalna’ ആപ്പ് ഉപയോഗപ്പെടുത്തിക്കൊണ്ട് സൗദിയിലെത്തിയ ശേഷം വിവിധ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിനായി തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കാവുന്നതാണ്.

https://www.visitsaudi.com/en എന്ന വെബ്സൈറ്റിലൂടെ ടൂറിസ്റ്റ് വിസകൾക്ക് അപേക്ഷിക്കാവുന്നതാണ്. വിദേശത്ത് നിന്നുള്ള വിനോദസഞ്ചാരികളെ വരവേൽക്കാൻ സൗദി ഒരുങ്ങിയതായി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ ഖതീബ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

🇰🇼കുവൈറ്റ്: യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ അനുവദിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നു.

✒️നിലവിൽ കുവൈറ്റിലേക്ക് നേരിട്ടുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ അനുവദിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ച് വരുന്നതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഡയറക്ടർ യൗസേഫ് ഫവാസാൻ വ്യക്തമാക്കി. ഇന്ത്യ ഉൾപ്പടെ അഞ്ച് രാജ്യങ്ങൾക്കാണ് കുവൈറ്റ് നേരിട്ടുള്ള വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകാനുള്ള കുവൈറ്റ് ക്യാബിനറ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 1 മുതൽ യാത്രാ വിലക്കുകൾ നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസുകൾ അനുവദിക്കാൻ ഈ ഘട്ടത്തിൽ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് കുവൈറ്റ് പഠിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഓഗസ്റ്റ് 1 മുതൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ നിബന്ധനകളോടെ സ്വീകരിക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ കുവൈറ്റ് എയർപോർട്ട് പൂർത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു. കുവൈറ്റിൽ സാധുതയുള്ള റെസിഡൻസി വിസകളിലുള്ള, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്കാണ് ഓഗസ്റ്റ് 1 മുതൽ പ്രവേശനാനുമതി നൽകുന്നത്. ഇതിനായി ഇവർ കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.

2021 ഓഗസ്റ്റ് 1 മുതൽ വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന പ്രവാസികൾക്ക് ബാധകമാക്കുന്ന ആരോഗ്യ സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച് കുവൈറ്റ് DGCA കഴിഞ്ഞ ദിവസം അറിയിപ്പ് പുറത്തിറക്കിയിരുന്നു. ഈ അറിയിപ്പ് പ്രകാരം, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള പ്രവാസികൾ തങ്ങളുടെ വിവരങ്ങൾ ‘Shlonik’ ആപ്പിലൂടെയും, ‘Kuwait Mosafer’ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയും രജിസ്റ്റർ ചെയ്യേണ്ടതാണ്. കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്കും, കുവൈറ്റിൽ നിന്ന് യാത്ര ചെയ്യുന്നവർക്കും ഈ നടപടികൾ ബാധകമാണ്.

🇴🇲ഒമാനിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവീസുകൾ ഓഗസ്റ്റ് 11 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ.

✒️2021 ഓഗസ്റ്റ് 11 മുതൽ ഒമാനിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ യാത്രികർക്ക് സൗദിയിലെത്തിയ ശേഷം ക്വാറന്റീൻ നടപടികൾ ആവശ്യമില്ലെന്നും ഒമാൻ എയർ വ്യക്തമാക്കിയിട്ടുണ്ട്.

സൗദിയിലേക്ക് നിലവിൽ പ്രവേശന വിലക്കില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിനോദസഞ്ചാരികൾക്ക് 2021 ഓഗസ്റ്റ് 1, ഞായറാഴ്ച്ച മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്നുള്ള സൗദി വ്യോമയാന വകുപ്പിന്റെ (GACA) തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഒമാൻ എയർ ഈ അറിയിപ്പ് നൽകിയത്. ജിദ്ദയിലേക്കുള്ള വിമാനസർവീസുകൾ ഓഗസ്റ്റ് 11 മുതൽ പുനരാരംഭിക്കുമെന്നും, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് (രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയവർക്ക്) ക്വാറന്റീൻ ആവശ്യമില്ലെന്നും ഒമാൻ എയർ അറിയിച്ചു.

https://www.omanair.com/in/en എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും, ടിക്കറ്റുകളും ലഭ്യമാണെന്നും ഒമാൻ എയർ കൂട്ടിച്ചേർത്തു.

🇰🇼കുവൈറ്റ്: യാത്രാ സംബന്ധമായ വിവരങ്ങൾ വ്യക്തമാകുന്നതുവരെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് ഒഴിവാക്കാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.

✒️ഇന്ത്യയിൽ നിന്ന് മറ്റു രാജ്യങ്ങളിലൂടെ കുവൈറ്റിലേക്ക് യാത്രാ ചെയ്യാൻ ഉദ്ദേശിക്കുന്നവർ, യാത്രാ നിബന്ധനകൾ സംബന്ധിച്ച വ്യക്തത ലഭിക്കുന്നത് വരെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് ഒഴിവാക്കാൻ കുവൈറ്റിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. എംബസിയുടെ ഓപ്പൺ ഹൗസ് ചടങ്ങിലാണ് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ H.E. സിബി ജോർജ് ഇക്കാര്യം അറിയിച്ചത്.

കുവൈറ്റ് അധികൃതരിൽ നിന്ന് നിലവിൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, വാക്സിനെടുത്തിട്ടുള്ള പ്രവാസികൾക്ക് ഓഗസ്റ്റ് 1 മുതൽ കുവൈറ്റിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് അനുമതി നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റു രാജ്യങ്ങളിലൂടെ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ കുവൈറ്റിലേക്ക് പ്രവേശിച്ച ശേഷമുള്ള PCR പരിശോധന സംബന്ധിച്ചും, കുവൈറ്റിലെത്തിയ ശേഷമുള്ള ക്വാറന്റീൻ നടപടികളിൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ചും കൃത്യമായ സ്ഥിരീകരണം ഔദ്യോഗികമായി ലഭിക്കുന്നത് വരെ ഇത്തരം ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് അഭികാമ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന കോവിഷീൽഡ് വാക്സിൻ കുവൈറ്റിൽ അംഗീകാരമുള്ള ആസ്ട്ര സെനേക വാക്സിൻ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിനേഷൻ സർട്ടിഫിക്കറ്റ് QR കോഡ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ യാത്രാ സംബന്ധമായ അനുമതികൾ നേടുന്നതിന് ആവശ്യമായ സഹായങ്ങൾ എംബസിയുടെ ഓൺലൈൻ പോർട്ടലിലൂടെയും, എംബസിയുടെ റാപിഡ് റെസ്പോൺസ് വിഭാഗത്തിൽ നിന്നും ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.

നിലവിൽ കുവൈറ്റിലേക്ക് നേരിട്ടുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ള ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ അനുവദിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ച് വരുന്നതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഡയറക്ടർ യൗസേഫ് ഫവാസാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യാത്രാ വിലക്കുകൾ നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഓഗസ്റ്റ് 1 മുതൽ നേരിട്ടുള്ള വിമാനസർവീസുകൾ അനുവദിക്കാൻ ഈ ഘട്ടത്തിൽ തീരുമാനിച്ചിട്ടില്ലെന്നും, ഇതിന്റെ വിവിധ വശങ്ങൾ പഠിച്ച് വരുന്നതായും അദ്ദേഹം അറിയിക്കുകയുണ്ടായി.

🇶🇦ഖത്തറില്‍ ഇന്ന് 162 പേര്‍ക്ക് കോവിഡ്; 141 രോഗമുക്തി.

✒️ഖത്തറില്‍ ഇന്ന് 162 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 70 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 92 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 141 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,23,732 ആയി.

അതേസമയം, രാജ്യത്ത് ഇന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ മരണം 601 ആണ്. 1,906 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. ഇന്ന് 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 74 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,908 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാക്‌സിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 37,80,468 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.

🇶🇦ഖത്തറിന് ആദ്യ ഒളിമ്പിക്സ് സ്വര്‍ണം, നേട്ടം ഭാരോദ്വഹനത്തില്‍ ഫാരിസ് ഇബ്രാഹീമിലൂടെ.

✒️ഒളിമ്പിക്സില്‍ ചരിത്രം രചിച്ച് ഖത്തര്‍. ടോക്യോ ഒളിമ്പിക്സില്‍ ഭോരോദ്വഹനത്തില്‍ സ്വര്‍ണം നേടി ഫാരിസ് ഇബ്രാഹീം ഖത്തറിന്‍റെ ആദ്യ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ നേട്ടക്കാരനെന്ന ചരിത്ര നേട്ടം സ്വന്തമാക്കി. ഭാരോദ്വഹനം 96 കിലോഗ്രാം വിഭാഗത്തില്‍ ഒളിമ്പിക്സ് റെക്കോര്‍ഡ് കുറിച്ചാണ് ഫാരിസിന്‍റെ നേട്ടമെന്നതും ശ്രദ്ധേയമാണ്. മൊത്തം 402 കിലോയാണ് ഫാരിസ് ഉയര‍്ത്തിയത്. 2016 ഒളിമ്പിക്സില്‍ ഹൈജംപില്‍ മുതാസ് ബര്‍ഷിം നേടിയ വെള്ളി മെഡലായിരുന്നു ഇതുവരെ ഖത്തറിന്‍റെ ഏറ്റവും വലിയ നേട്ടം.

Post a Comment

0 Comments