Ticker

6/recent/ticker-posts

Header Ads Widget

ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് തിരി തെളിയും

ടോക്യോ ഒളിമ്പിക്‌സിന് (Tokyo Olympics) ഇന്ന് ആരംഭം. ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. നാളെ മുതല്‍ മെഡല്‍ പോരാട്ടങ്ങള്‍ ആരംഭിക്കും.

ടോക്കിയോ രണ്ടാം തവണയാണ് ഒളിമ്പിക്സ് വേദിയാകുന്നത്. ഈ വർഷം സ്കേറ്റ്ബോർഡിംഗ്, കരാട്ടെ, സർഫിംഗ്, സ്പോർട്ട് ക്ലൈംബിംഗ് തുടങ്ങിയ മത്സര ഇനങ്ങളും ഒളിമ്പിക്സിന്റെ ഭാഗമാണ്. ഈ തവണ 42 വേദികളിലായി 33 കായിക ഇനങ്ങളിൽ 339 മത്സരങ്ങളാണ് നടക്കുക.

2016ല്‍ റിയോയില്‍ തുടക്കമിട്ട കാത്തിരിപ്പാണ് അവസാനിക്കുന്നത്. ആ കാത്തിരിപ്പിനെ കൊവിഡ് മഹാമാരി ഒരാണ്ട് കൂടി വൈകിപ്പിച്ചു. എല്ലാ അനിശ്ചിതത്വങ്ങള്‍ക്കും ശേഷം കായിക മാമാങ്കത്തിന് ഇന്ന് ടോക്യോയില്‍ കൊടി ഉയരുകയാണ്.

കാണികളില്ലാതെ ആരവമില്ലാതെയാണ് വിശ്വമേള നടക്കുന്നത്. പതിവായി കെങ്കേമമാക്കുന്ന ഉദ്ഘാടന ചടങ്ങിലും ഗ്യാലറികള്‍ ഒഴിഞ്ഞു കിടക്കും. രാഷ്ട്രത്തലവന്‍മാരും പ്രതിനിധികളും സ്‌പോണ്‍സര്‍മാരും ഒളിമ്പിക് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ ആയിരത്തില്‍ താഴെ ആളുകള്‍ക്കാണ് പ്രവേശനം. അറുപതിനായിരത്തോളം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഷിന്‍ജുകുവിലെ ന്യൂ നാഷണല്‍ സ്റ്റേഡിയത്തില്‍ ശൂന്യത നിഴലിക്കുമെന്നുറപ്പാണ്. എന്നിരുന്നാലും പതിവ് ചടങ്ങുകള്‍ക്കൊപ്പം ജപ്പാന്റെ സാംസ്‌കാരിക തനിമ പ്രകടമാക്കുന്നതാകും ഉദ്ഘാടനത്തിലെ കലാപരിപാടികള്‍.

ടോക്യോയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, മംഗോളിയയുടെ പ്രധാനമന്ത്രി എര്‍ഡേന്‍, അമേരിക്കയുടെ പ്രഥമ വനിത ജില്‍ ബൈഡന്‍ തുടങ്ങി പ്രമുഖരുടെ നീണ്ട നിരയെ പ്രതീക്ഷിക്കാം. നാല് മണിക്കൂര്‍ നീളുന്നതാണ് ഉദ്ഘാടന ചടങ്ങ്.

ഗ്രീക്ക് ടീമില്‍ തുടങ്ങി ആതിഥേയരായ ജപ്പാന്റെ സംഘത്തില്‍ എത്തുന്ന മാര്‍ച്ച് പാസ്റ്റില്‍ ഇരുപത്തൊന്നാമതായാണ് ഇന്ത്യ എത്തുന്നത്. ബോക്‌സിംഗ് താരം മേരി കോമും ഹോക്കി ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗും നയിക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ 28 പേര്‍ മാത്രമെ അണിനിരക്കൂ. കൊവിഡ് വ്യാപനത്തിനിടെയിലെ ഒളിമ്പിക്‌സ് നടത്തിപ്പില്‍ രാജ്യമെങ്ങും പ്രതിഷേധം തുടരുകയാണ്. അതേസമയം അമ്പെയ്ത്ത് വനിതാ സിംഗിള്‍ യോഗ്യത മത്സരത്തില്‍ ഇന്ത്യയുടെ ദീപിക കുമാരിയുടെ മത്സരംനടന്നു. ഒന്‍പതാമതായി അവര്‍ ഫിനിഷ് ചെയ്തു.

അതേസമയം ഒളിമ്പിക്സ് ജേതാക്കൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ രംഗത്തെത്തി. സ്വർണ മെഡൽ ജേതാക്കൾക്ക് 75 ലക്ഷം രൂപ വീതവും വെള്ളിമെഡൽ ജേതാക്കൾക്ക് 40 ലക്ഷം രൂപ വീതവും വെങ്കല മെഡൽ നേടുന്നവർക്ക് 25 ലക്ഷം രൂപ വീതവും ലഭിക്കും. ഇത് കൂടാതെ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ലക്ഷം രൂപ വീതവും നൽകും.

മനുഭേക്കർ/ സൗരഭ് ചൗധരി (ഷൂട്ടിങ്)

10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിൽ മനുഭേക്കർ-സൗരഭ് ചൗധരി സഖ്യം സുവർണ പ്രതീക്ഷയാണ്. 2019 മുതൽ സഖ്യം മികച്ച പ്രകടനം നടത്തുന്നു. മനു-സൗരഭ് സഖ്യം അഞ്ച് ഷൂട്ടിങ് ലോകകപ്പുകളിൽ സ്വർണം നേടി. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ എളവേണിൽ വാളറിവനും സ്വർണ പ്രതീക്ഷയാണ്.

മേരികോം, അമിത് പംഗൽ (ബോക്സിങ്)

ബോക്സിങ്ങിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ് ആറ് വട്ടം ലോകചാമ്പ്യനായ മേരികോം. 2012 ഒളിമ്പിക്സിൽ വെങ്കലം നേടിയ മേരികോം ഇത്തവണയും മെഡൽ പ്രതീക്ഷയിലാണ്.

പുരുഷവിഭാഗത്തിൽ അമിത് പംഗലിലും ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ട്. 52 കിലോഗ്രാം വിഭാഗത്തിൽ 2019-ൽ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിരുന്നു. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. വനിതകളിൽ ലൗലിന ബോർഗോഹെയ്ൻ, പൂജറാണി, പുരുഷൻമാരിൽ വികാസ് കൃഷൻ, മനീഷ് കൗശിക് എന്നിവരിലും പ്രതീക്ഷ വെക്കാം.

പി.വി. സിന്ധു (ബാഡ്മിന്റൺ)

വനിതാ വിഭാഗത്തിൽ ഏഴാം നമ്പർ താരമായ സിന്ധു കഴിഞ്ഞ ഒളിമ്പിക്സിൽ വെള്ളി നേടി. ഇക്കുറിയും പ്രതീക്ഷയുണ്ട്. ലോക 2019 ലോകചാമ്പ്യൻഷിപ്പിൽ കിരീടം നേടി. പുരുഷ വിഭാഗത്തിൽ ബി. സായ് പ്രണീതാണ് മത്സരിക്കുന്നത്. സൈന നേവാളും കിഡംബി ശ്രീകാന്തും മത്സരിക്കാനില്ല.

ദീപികാ കുമാരി, അതാനു ദാസ് (അമ്പെയ്ത്ത്)

ദീപികാ കുമാരിക്ക് വനിതാ വിഭാഗത്തിലും മിക്സഡ് ഇനത്തിൽ ഭർത്താവ് അതാനുദാസിനൊപ്പവും മെഡൽ സാധ്യതയുണ്ട്. ഈ വർഷം നടന്ന ലോകകപ്പിൽ വ്യക്തിഗത വിഭാഗത്തിലും മിക്സഡ് വിഭാഗത്തിലും ദീപിക സ്വർണം നേടി. പുരുഷ റിക്കർവ് ടീമിനും മെഡൽ സാധ്യതയുണ്ട്.

ബജ്രംഗ്, വിനേഷ് ഫോഗട്ട് (ഗുസ്തി)

പുരുഷ വിഭാഗത്തിൽ ബജ്രംഗ് പുണിയയും വനിതകളിൽ വിനേഷ് ഫോഗട്ടും മെഡൽ പ്രതീക്ഷയിലാണ്.

65 കിലോഗ്രാം വിഭാഗത്തിൽ മികച്ച ഫോമിലാണ് ബജ്റംഗ്. റോമിൽ നടന്ന റാങ്കിങ് സീരീസിൽ സ്വർണം നേടി. 2019-ൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ ആത്മവിശ്വാസത്തിലാണ് വിനേഷ്. പുരുഷൻമാരിൽ ദീപക് പുണിയയും സാധ്യതയിലുണ്ട്.

മീരാഭായ് ചാനു (ഭാരോദ്വഹനം)

വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവിൽ മെഡൽ ഉറപ്പിക്കുന്നുണ്ട്.

ഈ വിഭാഗത്തിൽ മെഡൽ സാധ്യതയുണ്ടായിരുന്ന വടക്കൻ കൊറിയ പങ്കെടുക്കാത്തതും ഇന്ത്യൻ താരത്തിന് ഗുണകരമാകും. 2020 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിട്ടുണ്ട്.

ഹോക്കി

സമീപകാലത്ത് ഇന്ത്യൻ പുരുഷ-വനിത ഹോക്കി ടീമുകൾ സ്ഥിരതയോടെ കളിക്കുന്നു. പുരുഷ ടീമിന് തികഞ്ഞ മെഡൽ പ്രതീക്ഷയുണ്ട്. മലയാളിതാരം പി.ആർ. ശ്രീജേഷാണ് ഗോൾകീപ്പർ.

നീരജ് ചോപ്ര (അത്ലറ്റിക്സ്)

ജാവലിനിൽ നീരജ് ചോപ്രയിലാണ് ഇന്ത്യൻ പ്രതീക്ഷ. 88.07 മീറ്റർ ഏറിഞ്ഞ താരം സീസണിൽ ലോകത്തെ മികച്ച നാലാം മികച്ച ദൂരത്തിനുടമയാണ്. 96.29 മീറ്റർ ദൂരം കണ്ടെത്തിയ ജർമനിയുടെ ജോഹന്നാസ് വെറ്ററാണ് ഒന്നാം സ്ഥാനത്തുള്ളത്.

Post a Comment

0 Comments