ഇന്ത്യയടക്കം കോവിഡ് ഡെൽറ്റ വകഭേദം വ്യാപിച്ച രാജ്യങ്ങളിലെ യാത്രക്കാർക്കുള്ള വിലക്ക് ജർമനി നീക്കി.
ഇന്ത്യയെ കൂടാതെ പോർച്ചുഗൽ, ബ്രിട്ടൻ, വടക്കൻ അയർലൻഡ്, റഷ്യ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ യാത്രക്കാർക്കുള്ള വിലക്കും നീക്കിയിട്ടുണ്ട്. ബുധനാഴ്ച മുതൽ ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് നീക്കുമെന്ന് ജർമൻ ആരോഗ്യ അതോറിറ്റി അറിയിച്ചു.
യാത്രാ വിലക്ക് നീക്കുമെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്റീനടക്കം പാലിക്കേണ്ടി വരും. വൈറസ് വകഭേദമുള്ള രാജ്യങ്ങളുടെ ലിസ്റ്റിൽ നിന്ന് മാറ്റിയ രാജ്യങ്ങളെ 'ഹൈ ഇൻസിഡൻസ്' എന്ന പട്ടികയിലേക്കാണ് മാറ്റിയിരിക്കുന്നത്. ഈ പട്ടികയിലെ രാജ്യങ്ങളിൽ നിന്നെത്തുന്ന പൂർണ്ണമായും വാക്സിനേഷൻ ചെയ്തവർക്കും കോവിഡ് മുക്തി നേടിയവർക്കും ക്വാറന്റീനിൽ പ്രവേശിക്കേണ്ടതില്ല. ഇവർ ജർമനിയിലേക്ക് വിമാനം കയറുന്നതിന് മുമ്പായി വാക്സിനേഷൻ അല്ലെങ്കിൽ കോവിഡ് മുക്തി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്സിനേഷൻ ചെയ്യാത്ത ആളുകൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവർ ജർമനിയിൽ എത്തി കഴിഞ്ഞാൽ പത്ത് ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം. അഞ്ചു ദിവസത്തിന് ശേഷം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലും ക്വാറന്റീൻ അവസാനിപ്പിക്കാം.
കോവിഡ് ബാധിത രാജ്യങ്ങളെ ജർമനി മൂന്നായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. വൈറസ് വകഭേദം, ഹൈ ഇൻസിഡൻസ്, ബേസിക് റിസ്ക് മേഖല എന്നിങ്ങനെയാണ്. ഏപ്രിൽ അവസാനത്തോടെയാണ് ഇന്ത്യ ആദ്യ പട്ടികയിൽ ഇടംപിടിച്ചത്. മെയ് മാസത്തിൽ നേപ്പാളും യുകെയും ജൂണിൽ റഷ്യയേയും പോർച്ചുഗലിനേയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
0 Comments