Ticker

6/recent/ticker-posts

Header Ads Widget

ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രി, സത്യപ്രതിജ്ഞ നാളെ

ബംഗലൂരു: കർണാടകയുടെ പുതിയ മുഖ്യന്ത്രിയായി ബസവരാജ് ബൊമ്മെയെ തിരഞ്ഞെടുത്തു. ബംഗലൂരുവിൽ ബി.ജെ.പിയുടെ നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. സത്യപ്രതിജ്ഞ നാളെ നടക്കും.

നിലവിൽ യെദ്യൂരപ്പ സർക്കാരിലെ ആഭ്യന്തര മന്ത്രിയാണ് രാജിവെച്ച മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വിശ്വസ്തനായ ബസവരാജ് ബൊമ്മെ. കർണാടക മുൻ മന്ത്രി എസ്.ആർ ബൊമ്മെയുടെ മകനാണ് ബസവരാജ്. ജനദാദൾ നേതാവായിരുന്ന ബസവരാജ് ബൊമ്മെ 2008ലാണ് ബി.ജെ.പിയിൽ ചേർന്നത്. ഹൂബ്ലി മേഖലയിൽ നിന്നുള്ള ലിംഗായത്ത് നേതാവ് കൂടിയാണ് ബസവരാജ് ബൊമ്മെ.

പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ എം.എൽ.എമാരുടെ അഭിപ്രായമറിയാൻ ഇന്ന് വൈകുന്നേരം ബി.ജെ.പി നിയമസഭാ കക്ഷിയോഗം ബംഗലൂരുവിൽ ചേർന്നിരുന്നു. പാർട്ടിയുടെ കർണാടകയിലെ കേന്ദ്രനിരീക്ഷകനും കേന്ദ്രമന്ത്രിയുമായ കിഷൻ റെഡ്ഡി ബംഗലൂരുവിൽ എത്തിയിരുന്നു. യോഗത്തിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രഥാൻ, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് എന്നിവരും പങ്കെടുത്തു. ഈ യോഗത്തിലാണ് തീരുമാനമുണ്ടായത്.

സംസ്ഥാനത്ത് വലിയ സ്വാധീനമുള്ള നേതാവ് എന്ന നിലയിൽ യെദ്യൂരപ്പയുമായി നേതാക്കൾ ആശയവിനിമയം നടത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ വിശ്വസ്തനായ ബൊമ്മെയെ തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ദക്ഷിണേന്ത്യയിലെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയെന്ന നിലയിൽ തന്റെ പിൻഗാമിക്ക് യെദ്യൂരപ്പയുടെ മുഴുവൻ പിന്തുണയും വേണമെന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ചിരുന്നു. ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ സമുദായത്തിൽ ഉയർന്നുവന്ന എതിർപ്പും ഇല്ലാതാകുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.

ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ തന്റെ സർക്കാരിന്റെ രണ്ടാം വാർഷികദിനത്തിലാണ് യെദ്യൂരപ്പ രാജിവെച്ചത്. തിങ്കളാഴ്ച ഗവർണർക്ക് അദ്ദേഹം രാജിക്കത്ത് സമർപ്പിക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments