ഖത്തറില്‍ ജൂലൈ 12 ന് പ്രാബല്യത്തില്‍ വന്ന പുതിയ ട്രാവല്‍ നയമനുസരിച്ച് ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ഖത്തറിലേക്ക് ഫാമിലി വിസിറ്റ്, ടൂറിസ്റ്റ്, ബിസിനസ് വിസകള്‍ ലഭിക്കുകയുള്ളൂ. ഇനി എന്തെങ്കിലും കാരണവശാല്‍ വിസ ലഭിച്ചാലും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുളളൂവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് 2021 ജൂലൈ 12 മുതൽ Ehteraz വെബ്‌സൈറ്റിൽ മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയതായി ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (GCO) അറിയിച്ചു. https://www.ehteraz.gov.qa/ എന്ന വിലാസത്തിൽ ഈ വെബ്സൈറ്റ് ലഭ്യമാണ്.
ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് മടങ്ങുന്നവർക്കും, യാത്രചെയ്യുന്നവർക്കും ജൂലൈ 12 മുതൽ ഈ പുതിയ യാത്രാ നിബന്ധന ബാധകമാക്കിയിട്ടുണ്ട്.
Ehteraz വെബ്‌സൈറ്റിലെ ‘Pre-Registration System’ രാജ്യത്തേക്ക് മടങ്ങിയെത്തുന്നവരുടെ ആരോഗ്യ സ്റ്റാറ്റസ് സംബന്ധമായ വിവരങ്ങൾ പരിശോധിക്കുന്നതിനും, ക്വാറന്റീൻ നടപടികൾ, ക്വാറന്റീൻ ഇളവുകൾ സംബന്ധിച്ച മുൻകൂർ അനുമതികൾ തുടങ്ങിയ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുമായാണ് ആരംഭിച്ചിരിക്കുന്നത്. രാജ്യത്തേക്ക് കര, കടൽ, വ്യോമ അതിർത്തികളിലൂടെ പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഈ മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.
യാത്രികർ ഈ വെബ്‌സൈറ്റിൽ ഒരു അക്കൗണ്ട് നിർമ്മിച്ച ശേഷം, തങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ആരോഗ്യ വിവരങ്ങൾ മുതലായവ നൽകേണ്ടതാണ്. രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് 12 മുതൽ 72 മണിക്കൂർ മുൻപായി ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
ഖത്തർ പൗരന്മാർ, പ്രവാസികൾ എന്നിവർ തങ്ങളുടെ ഐഡി നമ്പർ നൽകേണ്ടതാണ്. ജിസിസി പൗരന്മാർക്ക് തങ്ങളുടെ പാസ്പ്പോർട്ട് നമ്പർ ഉപയോഗിച്ചും, സന്ദർശകർക്ക് തങ്ങളുടെ പാസ്പ്പോർട്ട് നമ്പർ, വിസ നമ്പർ എന്നിവ ഉപയോഗിച്ചും ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. യാത്രികർ തങ്ങളുടെ വാക്സിനേഷൻ സംബന്ധമായ വിവരങ്ങൾ, രോഗബാധ സംബന്ധമായ വിവരങ്ങൾ മുതലായവ ഈ വെബ്‌സൈറ്റിൽ നൽകേണ്ടതാണ്.
‘Pre-Registration System’ എന്ന ഈ സേവനം ഖത്തർ തങ്ങളുടെ COVID-19 കോൺടാക്ട് ട്രേസിങ്ങ് ആപ്പായ Ehteraz-ൽ ജൂലൈ ആദ്യ വാരത്തിൽ ഉൾപ്പെടുത്തിയിരുന്നു. ആ സന്ദർഭത്തിൽ ഈ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരുന്നില്ല.
0 Comments