Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ വാർത്തകൾ

🇸🇦കൊവിഡ്: സൗദിയില്‍ പ്രതിദിന രോഗമുക്തി ഉയര്‍ന്നു.

🇦🇪യുഎഇയില്‍ 1,547 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം.

🇶🇦ഖത്തര്‍ വഴി സൗദിയിലേക്ക് പോകാനെത്തിയ നിരവധി പേര്‍ ഹമദ് വിമാനത്താവളത്തില്‍ കുടുങ്ങി.

🇸🇦സൗദിയിലെ സ്ഥാപനങ്ങളില്‍ ഓഗസ്റ്റ് മുതല്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം.

🇰🇼കുവൈറ്റ് മുസാഫിർ ആപ്പിലെ രജിസ്‌ട്രേഷൻ തുടരുമെന്ന് DGCA.

🇦🇪മറ്റു എമിറേറ്റുകളിലൂടെ പ്രവേശിക്കുന്ന അബുദാബിയിലേക്കുള്ള യാത്രികർക്ക് സേവനങ്ങൾ നൽകുന്നതിനായി ഒരു പ്രത്യേക സേവനകേന്ദ്രം ആരംഭിച്ചു.

🇶🇦പെരുന്നാളിന് ശേഷം ഖത്തറില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു; നൂറിലേറെ സമ്പര്‍ക്ക കേസുകള്‍.

🇦🇪യു എ ഇ: കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് COVID-19 PCR നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാണെന്ന് എയർ ഇന്ത്യ.


വാർത്തകൾ വിശദമായി

🇸🇦കൊവിഡ്: സൗദിയില്‍ പ്രതിദിന രോഗമുക്തി ഉയര്‍ന്നു.

✒️സൗദി അറേബ്യയില്‍ കൊവിഡ് ബാധയില്‍ നിന്ന് സുഖം പ്രാപിക്കുന്നവരുടെ പ്രതിദിന എണ്ണത്തില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,386 പേരാണ് രോഗമുക്തി നേടിയത്. അതെസമയം പുതുതായി 1,162 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് 15 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

24 മണിക്കൂറിനിടെ രാജ്യമാകെ 81,506 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 514,1446 ആയി. 495,650 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,130 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 285, മക്ക 211, കിഴക്കന്‍ പ്രവിശ്യ 158, അസീര്‍ 131, അല്‍ഖസീം 96, ജീസാന്‍ 72, മദീന 57, നജ്‌റാന്‍ 56, ഹായില്‍ 44, അല്‍ബാഹ 18, തബൂക്ക് 16, വടക്കന്‍ അതിര്‍ത്തി മേഖല 14, അല്‍ജൗഫ് 4. കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 23,426,175 ഡോസായി.

🇦🇪യുഎഇയില്‍ 1,547 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം.

✒️യുഎഇയില്‍ 1,547 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,519 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന്പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 1,64,110 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,67,080 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,44,753 പേര്‍ രോഗമുക്തരാവുകയും 1,910 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,417 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇸🇦സൗദിയിലെ സ്ഥാപനങ്ങളില്‍ ഓഗസ്റ്റ് മുതല്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം.

✒️2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ പൊതു ഇടങ്ങളിലേക്കും, സ്വകാര്യ സ്ഥാപനങ്ങളിലേക്കും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമാണ് പ്രവേശനം നൽകുന്നതെന്ന് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങ് അറിയിച്ചു. ജൂലൈ 20-ന് രാത്രിയാണ് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് അനുസരിച്ച്, സൗദി അറേബ്യ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ മുഴുവൻ ഡോസ് കുത്തിവെപ്പുകളും പൂർത്തിയാക്കിയവർക്കും, COVID-19 രോഗമുക്തി നേടിയവർക്കുമാണ് ഓഗസ്റ്റ് 1 മുതൽ പൊതു ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. വാണിജ്യ കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ, ചില്ലറ വില്പനശാലകൾ, പൊതു മാർക്കറ്റുകൾ, റെസ്റ്ററന്റുകൾ, കഫേ, ബാർബർ ഷോപ്പ്, ബ്യൂട്ടി സലൂൺ മുതലായവ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഓഗസ്റ്റ് 1 മുതൽ വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.

2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലേക്കും, മാളുകളിലേക്കുമുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 1 മുതൽ വാണിജ്യ പ്രവർത്തനങ്ങൾ, സാംസ്‌കാരിക പരിപാടികൾ, വിനോദപരിപാടികൾ, കായികവിനോദ വേദികൾ മുതലായ ഇടങ്ങളിലെല്ലാം പ്രവേശനം ലഭിക്കുന്നതിന് സൗദി COVID-19 വാക്സിൻ നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായി വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ‘Tawakkalna’ ആപ്പ് ഉപയോഗപ്പെടുത്തുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

🇰🇼കുവൈറ്റ് മുസാഫിർ ആപ്പിലെ രജിസ്‌ട്രേഷൻ തുടരുമെന്ന് DGCA.

✒️കുവൈറ്റ് മുസാഫിർ ആപ്പിന്റെ ഉപയോഗം സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിപ്പ് പുറത്തിറക്കി. വിദേശത്ത് നിന്നെത്തുന്ന യാത്രികർക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഈ ആപ്പിലൂടെയുള്ള രജിസ്‌ട്രേഷൻ തുടരുമെന്നാണ് കുവൈറ്റ് DGCA അറിയിച്ചിട്ടുള്ളത്.

ജൂലൈ 21-ന് വൈകീട്ടാണ് കുവൈറ്റ് DGCA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവർ, യാത്ര പുറപ്പെടുന്നതിന് ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും മുൻപായി കുവൈറ്റ് മുസാഫിർ ആപ്പിലെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണെന്ന് DGCA മെയ് 31-ന് അറിയിച്ചിരുന്നു.

കുവൈറ്റിന് പുറത്തുള്ളവർ, യാത്ര ചെയ്യുന്നതിനായി കുവൈറ്റ് മുസാഫിർ ആപ്പ് ഉപയോഗിക്കുന്ന അവസരത്തിൽ അനുഭവപ്പെടുന്ന വിവിധ ബുദ്ധിമുട്ടുകൾ വിശകലനം ചെയ്തതായും കുവൈറ്റ് DGCA വ്യക്തമാക്കി. നിലവിൽ കുവൈറ്റിന് പുറത്തുള്ളവർക്ക് കുവൈറ്റ് മുസാഫിർ ആപ്പിലൂടെ രജിസ്റ്റർ ചെയ്യുന്നതിലും, ഉപയോഗിക്കുന്നതിലും തടസം നേരിടുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇത് മൂലം കുവൈറ്റിലേക്കുള്ള യാത്രകൾ മുടങ്ങിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ ഈ ആപ്പിലൂടെയുള്ള രജിസ്‌ട്രേഷൻ ഒഴിവാക്കാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും, ഈ ആപ്പിലൂടെയുള്ള രജിസ്‌ട്രേഷൻ കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിർബന്ധമാണെന്നും DGCA വ്യക്തമാക്കി. കൂടുതൽ മികച്ച ഒരു ആപ്പ് കണ്ടെത്തുന്ന സാഹചര്യത്തിൽ കുവൈറ്റ് മുസാഫിർ ആപ്പ് ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും DGCA കൂട്ടിച്ചേർത്തു.

കുവൈറ്റിലേക്കുള്ള യാത്രാ നടപടികൾ കൂടുതൽ സുഗമമാക്കുന്നതിനായാണ് DGCA കുവൈറ്റ് മുസാഫിർ ആപ്പ് പുറത്തിറക്കിയത്. വിമാന യാത്രകൾ സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനും, മെഡിക്കൽ സംബന്ധമായ വിവരങ്ങൾ മുൻകൂട്ടി നൽകുന്നതിനും, ആരോഗ്യ സുരക്ഷ സംബന്ധമായ നടപടികൾ പൂർത്തിയാക്കുന്നതിനും യാത്രികർക്ക് ഈ ആപ്പിലെ രജിസ്ട്രേഷനിലൂടെ സാധിക്കുന്നതാണ്.

യാത്രികർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി ഈ ആപ്പിൽ യാത്രികരുടെ ഭാഗത്ത് നിന്ന് നൽകേണ്ടതായ വിവരങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടതായി DGCA നേരത്തെ സൂചിപ്പിച്ചിരുന്നു. യാത്ര പുറപ്പെടുന്നതിന് ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും മുൻപായി കുവൈറ്റ് മുസാഫിർ ആപ്പിലെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നത്, യാത്ര പുറപ്പെടുന്ന രാജ്യങ്ങളിലെ വിമാനത്താവളത്തിലെ ചെക്ക്-ഇൻ കൗണ്ടറുകളിൽ നേരിടാവുന്ന പ്രതിബന്ധങ്ങൾ ഒഴിവാക്കുന്നതിന് ഏറെ സഹായകമാകുമെന്നും DGCA നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

🇦🇪മറ്റു എമിറേറ്റുകളിലൂടെ പ്രവേശിക്കുന്ന അബുദാബിയിലേക്കുള്ള യാത്രികർക്ക് സേവനങ്ങൾ നൽകുന്നതിനായി ഒരു പ്രത്യേക സേവനകേന്ദ്രം ആരംഭിച്ചു.

✒️യു എ ഇയിലെ മറ്റു എമിറേറ്റുകളിലുള്ള വിമാനത്താവളങ്ങളിലൂടെ പ്രവേശിക്കുന്ന അബുദാബിയിലേക്കുള്ള യാത്രികർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനായി ഗന്തൂത് അതിർത്തിയിൽ ഒരു പ്രത്യേക സേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. ഈ കേന്ദ്രത്തിൽ നിന്ന് നൽകുന്ന സേവനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഒരു വീഡിയോ ദൃശ്യം അബുദാബി മീഡിയ ഓഫീസ് ജൂലൈ 21-ന് ട്വിറ്ററിൽ പങ്ക് വെച്ചിട്ടുണ്ട്.

ഇന്റർനാഷണൽ പാസഞ്ചർ സെന്റർ എന്ന പേരിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. ഈ കേന്ദ്രത്തിലെത്തുന്ന യാത്രികർ ഓരോ അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകേണ്ടതാണ്. റെസിഡൻസി വിസകളിലുള്ളവർക്കും, ടൂറിസ്റ്റുകൾക്കും ഈ നടപടി ബാധകമാണ്.

ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. abu-dhabi-updates-green-list-of-covid-19-safe-countries-from-july-13-2021/ എന്ന വിലാസത്തിൽ 2021 ജൂലൈ 13-ന് അബുദാബി പുറത്തിറക്കിയിട്ടുള്ള COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടിക ലഭ്യമാണ്. മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ, കൈകളിൽ ധരിക്കുന്ന ട്രാക്കിംഗ് ഉപകരണം എന്നിവ നിർബന്ധമാണ്.

വിദേശത്ത് നിന്നെത്തുന്നവർക്ക് അബുദാബി നിലവിൽ ബാധകമാക്കിയിട്ടുള്ള ക്വാറന്റീൻ, PCR മാനദണ്ഡങ്ങൾ:

2021 ജൂലൈ 19 മുതൽ വിദേശത്ത് നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്കേർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങൾ പ്രകാരം, COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള, ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ല. ഇവർക്ക് അബുദാബിയിലെത്തിയ ഉടനെയും, എമിറേറ്റിലെത്തിയ ശേഷം ആറാം ദിനത്തിലും COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്.

COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർ, ഗ്രീൻ പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഏഴു ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്. ഇവർക്ക് അബുദാബിയിലെത്തിയ ഉടനെയും, എമിറേറ്റിലെത്തിയ ശേഷം ആറാം ദിനത്തിലും COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്.

COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാതെ, ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ല. ഇവർക്ക് അബുദാബിയിലെത്തിയ ഉടനെയും, എമിറേറ്റിലെത്തിയ ശേഷം ആറാം ദിനത്തിലും, പന്ത്രണ്ടാം ദിനത്തിലും COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്.

COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാത്തവർ ഗ്രീൻ പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ പന്ത്രണ്ട് ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്. ഇവർക്ക് അബുദാബിയിലെത്തിയ ഉടനെയും, എമിറേറ്റിലെത്തിയ ശേഷം പതിനൊന്നാം ദിനത്തിലും COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്.

🇶🇦പെരുന്നാളിന് ശേഷം ഖത്തറില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു; നൂറിലേറെ സമ്പര്‍ക്ക കേസുകള്‍.

✒️പെരുന്നാള്‍ ആഘോഷത്തിനിടെ ഖത്തറില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി സൂചന. ആഴ്ച്ചകളായി 100 മുതല്‍ 150 വരെയായിരുന്നു ഖത്തറില്‍ കോവിഡ് കേസുകളെങ്കില്‍ 24 മണിക്കൂറിനിടെ 196 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 122 പേരാണ് രോഗമുക്തി നേടിയത്. 106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 90 പേര്‍. 1,634 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഖത്തറില്‍ ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 600. രാജ്യത്ത് ഇതുവരെ 2,22,600 പേര്‍ രോഗമുക്തി നേടി. ഇന്ന് 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 62 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 27,128 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 36,14,811 ആയി. വാക്‌സിനേഷന് യോഗ്യരായ 78.9 ശതമാനം പേര്‍ക്ക് ഇതിനകം ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു.

🇦🇪യു എ ഇ: കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് COVID-19 PCR നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാണെന്ന് എയർ ഇന്ത്യ.

✒️യു എ ഇയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന യാത്രികർക്ക്, യാത്ര പുറപ്പെടുന്നതിന് മുൻപ് COVID-19 PCR നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാണെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർക്കും ഈ നിബന്ധന ബാധകമാണ്.

കേരളം ഉൾപ്പടെയുള്ള ഏതാനം സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുന്ന വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് PCR പരിശോധന ഒഴിവാക്കിയതായുള്ള വാർത്തകൾ പ്രചരിച്ചിരുന്ന സാഹചര്യത്തിലാണ് എയർ ഇന്ത്യ ഇത്തരം ഒരു അറിയിപ്പ് നൽകിയത്. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് PCR പരിശോധന ഒഴിവാക്കുന്നതിനുള്ള തീരുമാനം ആഭ്യന്തര വിമാനസർവീസുകൾക്ക് മാത്രമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് എയർ ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന സാഹചര്യങ്ങളിലാണ് ഏതാനം സംസ്ഥാനങ്ങൾ ഈ ഇളവ് നൽകിയിരിക്കുന്നത്.

🇶🇦ഖത്തര്‍ വഴി സൗദിയിലേക്ക് പോകാനെത്തിയ നിരവധി പേര്‍ ഹമദ് വിമാനത്താവളത്തില്‍ കുടുങ്ങി.

✒️ഖത്തര്‍ വഴി സൗദിയിലേക്ക് പോകാന്‍ എത്തിയ നിരവധി യാത്രക്കാര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇന്ന് രാവിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിവയരാണ് കൈയില്‍ ആവശ്യത്തിന് പണമില്ലാത്തതിനാല്‍ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലായത്. 5000 റിയാല്‍ കൈവശമുള്ളവരെ മാത്രമേ പുറത്തേക്ക് പോകാന്‍ അനുവദിക്കൂ എന്നാണ് എമിഗ്രെഷന്‍ അധികൃതരുടെ വിശദീകരണമെന്ന് യാത്രക്കാര്‍ പറയുന്നു.

സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തുന്നവര്‍ 5000 റിയാല്‍ കരുതണമെന്ന നേരത്തെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും കര്‍ശനമായി നടപ്പിലാക്കിയിരുന്നില്ല. ദോഹയില്‍ കഴിയാനാവശ്യമായ ചെലവുകള്‍ക്കുള്ള പണം കയ്യിലുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. 5000 റിയാലോ തത്തുല്യമായ തുകയുള്ള ബാങ്ക് കാര്‍ഡോ കൈയില്‍ ഉണ്ടായിരിക്കണമെന്നാണു നിബന്ധന.

സൗദിയിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് വിലക്കുള്ളതിനാലാണ് പ്രവാസികള്‍ ഖത്തര്‍ വഴി തിരഞ്ഞെടുക്കുന്നത്. വിസിറ്റ് വിസയില്‍ വന്ന് ഖത്തറില്‍ 14 ദിവസം തങ്ങിയ ശേഷം സൗദിയിലേക്ക് പറക്കുകയാണ് ലക്ഷ്യം. ഓണ്‍ അറൈവല്‍ വിസ ഉപയോഗിച്ചാണ് മിക്കവരും വരുന്നത്.

Post a Comment

0 Comments