തിരുവനന്തപുരം: തനിക്ക് പോലീസിൽനിന്ന് ആദരവ് ലഭിക്കുന്നില്ലെന്ന തൃശ്ശൂർ മേയറുടെ പരാതി തിരികൊളുത്തിയത് സല്യൂട്ട് വിവാദത്തിന്. ആഗ്രഹിക്കുന്ന എല്ലാവർക്കും സല്യൂട്ട് നൽകുന്നത് പോലീസിന്റെ പണിയല്ലെന്ന് കേരള പോലീസ് അസോസിയേഷൻ മറുപടിനൽകിയതോടെ ആർക്കൊക്കെയാണ് സല്യൂട്ടിന് അർഹതയെന്ന ചോദ്യം ചർച്ചയാവുകയാണ്.
പ്രോട്ടോകോൾ പ്രകാരം ഗവർണർക്കും മുഖ്യമന്ത്രിക്കും തൊട്ടുതാഴെയാണ് മേയറുടെ സ്ഥാനം. എന്നിട്ടും തന്റെ ഔദ്യോഗികവാഹനം കടന്നുപോകുമ്പോൾ തൃശ്ശൂരിലെ പോലീസ് കണ്ടില്ലെന്ന് നടിച്ച് ഒഴിഞ്ഞുമാറുകയാണെന്നാണ് തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഡി.ജി.പി.ക്ക് പരാതിനൽകിയത്. താങ്കളുടെ കീഴ്ജീവനക്കാരോട് സംസ്ഥാന പ്രോട്ടോകോൾ ഓഫീസറുടെ ഉത്തരവിന് വിധേയമായി ആദരം സമർപ്പിക്കുന്നതിന് നിർദേശിക്കണമെന്നും മേയർ ഡി.ജി.പി.യോട് ആവശ്യപ്പെട്ടിരുന്നു. പലവട്ടം പരാതിപ്പെട്ടിട്ടും ഇത്തരമൊരു ആദരം കിട്ടാത്തതിന്റെ പരിഭവും മേയർ ഡി.ജി.പി.യെ അറിയിച്ചു.
ഇതിന് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു കടുത്തഭാഷയിൽ മറുപടിനൽകിയത്. സല്യൂട്ട് എന്നത് പലരും കരുതിയിരിക്കുന്നതുപോലെ താഴ്ന്ന പദവിയിലുള്ളവർ ഉയർന്ന പദവിയിലുള്ളവർക്ക് നൽകുന്ന ഏകപക്ഷീയ ആചാരമല്ല. പരസ്പര ബഹുമാനത്തിന്റെ പ്രകടനമാണ്. സർക്കാർ പരിപാടികളിൽ ജനപ്രതിനിധികൾക്ക് നൽകേണ്ട സ്ഥാനമെന്തെന്നാണ് പ്രോട്ടോകോളിൽ പറയുന്നത്. അത് സർക്കാർ പരിപാടികൾക്ക് മാത്രമാണ് ബാധകം. സേനാംഗങ്ങൾ വലിയ മൂല്യം കല്പിക്കുന്ന ആചാരമാണ് സല്യൂട്ട്. അത് നിയമാനുസരണം അർഹതപ്പെട്ടവർക്കേ നൽകാനാവൂ. ആഗ്രഹിക്കുന്നവർക്കെല്ലാം സല്യൂട്ടില്ല -ജനറൽ സെക്രട്ടറി വ്യക്തമാക്കി.
യൂണിഫോമിൽ പോലീസ് ഉദ്യോഗസ്ഥനെക്കണ്ടാൽ ഒരു സല്യൂട്ട് തനിക്കും കിട്ടണമെന്ന് മോഹിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, അതിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പരാതിയയക്കുന്നത് ആശ്ചര്യകരമാണ്. കേരളത്തിലെ തെരുവോരങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിട്ട് നിൽക്കുന്നത് ആരെയെങ്കിലും സല്യൂട്ട് ചെയ്യാനല്ല. ട്രാഫിക് നിയന്ത്രണം ഉൾപ്പടെയുള്ള ജോലിചെയ്യാനാണവർ നിൽക്കുന്നത്. അന്നേരം സല്യൂട്ട് ആചാരം നിർവഹിക്കുകയല്ല, ജോലി ഭംഗിയായി ചെയ്യുകയാണ് വേണ്ടതെന്നും അസോസിയേഷൻ സേനാംഗങ്ങളെ ഓർമിപ്പിക്കുന്നുണ്ട്.
0 Comments