ഏകദേശം ഒന്നരയോടെ കിന്നൗറിലുണ്ടായ ഉരുള്‍പൊട്ടലിലെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ യാത്ര ചെയ്തിരുന്ന വാഹനത്തില്‍ വലിയ പാറ പതിച്ചുണ്ടായ അപകടത്തില്‍ ഡോക്ടര്‍ ദീപ ഉള്‍പ്പെടെ ഒന്‍പത് പേരാണ് മരിച്ചത്.
ഉച്ചയ്ക്ക് 12.59 നാണ് ഡോക്ടര്‍ ദീപയുടെ അവസാന ട്വീറ്റ്. നാഗസ്തി പോസ്റ്റില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ അപ്പുറം ചൈന അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന ടിബറ്റിന്റെ അതിര്‍ത്തിയാണെന്നും ട്വീറ്റിലുണ്ട്. ട്വിറ്ററിലെ ബയോ പ്രകാരം ആയുര്‍വേദ ഡോക്ടറായ ദീപ ഒരു ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റും എഴുത്തുകാരിയുമാണ്. കൂടാതെ ഫോട്ടോഗ്രഫി ഏറെ ഇഷ്ടപ്പെട്ടിരുന്ന, യാത്രകളോട് പ്രണയമുണ്ടായിരുന്ന, പുതിയ പുതിയ ആളുകളെ കണ്ടുമുട്ടാന്‍ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നുവെന്ന് ദീപയുടെ ട്വീറ്റുകളില്‍ നിന്ന് മനസിലാക്കാം.
ഡോക്ടര്‍ ദീപ വിവിധ സന്നദ്ധസംഘടനകളുമായി ചേര്‍ന്ന് സാമൂഹികപ്രവര്‍ത്തനവും നടത്തി വന്നിരുന്നു. തങ്ങളുടെ അവകാശങ്ങളെ കുറിച്ച് ധാരണയില്ലാത്ത സ്ത്രീകളെ അക്കാര്യത്തെ കുറിച്ചും സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചും ബോധവതികളാക്കിയതായും കോവിഡ് കാലത്ത് സര്‍ക്കാരിന്റേയും സന്നദ്ധസംഘടനകളുടേയും സഹായത്തോടെ നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷണവും മരുന്നുമെത്തിക്കുകയും സ്ത്രീശുചിത്വത്തിനാവശ്യമായ സൗകര്യമൊരുക്കുകയും ചെയ്തതായി ഡോക്ടര്‍ ദീപ എഴുതിയിട്ടുണ്ട്. അപകടത്തിന് ഒരു ദിവസം മുമ്പ് ഹിമാചലില്‍ നിന്നുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് 'പ്രകൃതിയില്ലെങ്കില്‍ ജീവിതമില്ല' എന്നും ഈ മുപ്പത്തിനാലുകാരി കുറിച്ചിരുന്നു.
സ്ത്രീകളുടെ ഉന്നമനത്തിനായിട്ടുള്ളതായിരുന്നു ഡോക്ടര്‍ ദീപയുടെ പ്രവര്‍ത്തനങ്ങളിലധികവും. 'ഞാനൊരു ഐഎഎസ്/ഐപിഎസ്, ഐഐഎം, ഐവി ലീഗ് സ്‌കൂള്‍ പാസ്സ് ഔട്ടല്ല, ഒരു സെലിബ്രിറ്റിയോ രാഷ്ട്രീയ പ്രവര്‍ത്തകയോ അല്ല, എങ്കിലും, അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കിടെ എന്റെ നല്ല പ്രവൃത്തികളും ഡോക്ടറെന്ന നിലയില്‍ രാജ്യത്തിന് നല്‍കുന്ന സേവനങ്ങളും എല്ലാവരും അറിയുകയും അംഗീകരിക്കുകയും ചെയ്യുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്'. ദീപയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പിന്‍ടോപ്പ് ചെയ്തിരിക്കുന്ന 2020 ഓഗസ്റ്റിലെ ട്വീറ്റാണിത്. കുറേ കാലമൊന്നും വേണ്ടി വന്നില്ല, ഡോക്ടര്‍ ദീപയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്ന നിരവധി പേരുണ്ടെന്ന് ഫോളേവേഴ്‌സിന്റെ എണ്ണം സൂചിപ്പിക്കുന്നു.
ജീവനോടെയില്ലെങ്കിലും ഡോക്ടറുടെ ആഗ്രഹം പോലെ ഇപ്പോള്‍ കൂടുതല്‍ പേര്‍ ജയ്പുര്‍ സ്വദേശിയായ ദീപയെ അറിയുന്നു, അവരുടെ പ്രവൃത്തികളെ അംഗീകരിക്കുന്നു.
ചിത്കുലയില്‍ നിന്ന് സംഗ് ലയിലേക്ക് പോകുകയായിരുന്ന ടെംപോ ട്രാവലറിന്റെ മുകളിലേക്ക് മലയിടിച്ചിലിനെ തുടര്‍ന്നുണ്ടായ പാറക്കഷണമാണ് പതിച്ചത്. ഡോക്ടര്‍ ദീപയുള്‍പ്പെടെ എട്ട് പേര്‍ അപകടസ്ഥലത്ത് തന്നെ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് തുടരുന്ന കനത്ത മഴ മൂലം വിവിധയിടങ്ങളില്‍ ഉരുള്‍ പൊട്ടലുണ്ടായി. പാറയിടിഞ്ഞ് വീണ് ഒരു ഇരുമ്പുപാലവും തകര്‍ന്നിട്ടുണ്ട്.
0 Comments