നിലവിൽ ഖത്തർ- ഇന്ത്യ വ്യോമയാന മന്ത്രാലയത്തിൻെറ എയർ ബബ്ൾ കരാറിൻെറ അടിസ്ഥാനത്തിൽ ഖത്തർ എയർവേസ്, എയർ ഇന്ത്യ, ഇൻഡിഗോ എയർലൈൻസുകളാണ് ഇന്ത്യയിൽ നിന്നും ദോഹയിലേക്ക് സർവിസ് നടത്തുന്നത്. വരും ദിവസങ്ങളിൽ കൊച്ചി,കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് ദോഹയിലേക്ക് ടിക്കറ്റ് ബുക്കിങ് പോലും ലഭ്യമല്ലെന്ന് ട്രാവൽ മേഖലയിലുള്ളവർ പറഞ്ഞു. കേരളത്തിന് പുറത്തു നിന്ന് മുംബൈ, ന്യൂഡൽഹി എന്നിവടങ്ങളിൽ നിന്നും ഇതു തന്നെയാണ് അവസ്ഥ. നേരത്തെ 400 റിയാൽ മാത്രമുണ്ടായിരുന്നു മുംബൈ-ദോഹ നിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ 900 റിയാലിന് മുകളിലെത്തി.
31ന് കൊച്ചിയിൽ നിന്നും ദോഹയിലേക്കുള്ള ഇൻഡിഗോ എയർലൈൻസിന് 1950 റിയാലിനാണ് തിങ്കളാഴ്ച ടിക്കറ്റ് ബുക്കിങ് നടന്നത്. അതേസമയം, ചൊവ്വാഴ്ച മുതൽ നിരക്ക് 2000 റിയാലിന് മുകളിലാവുകയും ചെയ്തു. സാധാരണ 500 - 700 റിയാൽ നിരക്കിലുള്ള വിമാന ടിക്കറ്റുകളാണ് ഇരട്ടിയിലേറെയായി വർധിച്ചത്. ആഗസ്റ്റ് ആദ്യ വാരത്തിൽ എയർഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ വലിയ തോതിലാണ് വർധിക്കുന്നത്.
യു.എ.ഇ, സൗദി, ഒമാൻ എന്നിവിടങ്ങളിലേക്ക് മടങ്ങാൻ ലക്ഷ്യമിട്ട് നിരവധി പ്രവാസികൾ ഖത്തറിലേക്ക് പുറപ്പെട്ടതോടെ യാത്രക്കാരുടെ ബാഹുല്യം മനസ്സിലാക്കി ആഗസ്റ്റ് ഒന്ന് മുതൽ എയർ ഇന്ത്യ അധിക സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി, ഹൈദരാബാദ്, മുംബൈ എന്നീ നഗരങ്ങളിൽ നിന്നായി ആഴ്ചയിൽ രണ്ട് അധിക സർവീസുകളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഈ വിമാനങ്ങളുടെ ടിക്കറ്റ് ബുക്കിങ്ങും കഴിഞ്ഞ ദിവസം ആരംഭിച്ചു കഴിഞ്ഞു. ദോഹയിൽ നിന്നും കൊച്ചിയിലേക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളിലും, കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് ബുധൻ, വെള്ളി ദിവസങ്ങളിലുമാണ് യാത്ര.
ഗൾഫ് രാജ്യങ്ങൾക്ക് പുറമെ, കാനഡയിലേക്കുള്ള യാത്രക്കാരും ട്രാൻസിറ്റ് പോയൻറായി ഖത്തറിനെയാണ് ആശ്രയിക്കുന്നത്. ഇതിനു പുറമെയാണ് ആഗസ്റ്റ് ഒന്ന് മുതൽ കുവൈത്തിലേക്കും യാത്ര സാധ്യമാവുമെന്ന റിപ്പോർട്ടുകൾ വരുന്നത്. ഇന്ത്യക്കാർക്ക് അനുമതിയുണ്ടാവുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ലെങ്കിലും ദോഹ വഴി സഞ്ചരിക്കാനാവും എന്ന പ്രതീക്ഷയിൽ കുറെ പേർ ഇതിനകം ദോഹയിലെത്തിയിട്ടുണ്ട്.
14 ദിവസം ഖത്തറിൽ തങ്ങിയാൽ സൗദിയിലേക്ക് പോകാമെങ്കിൽ, കാനഡ യാത്രക്കാർക്ക് ഖത്തറിലെത്തി രണ്ട്, മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ലക്ഷ്യത്തിലേക്ക് പറക്കാം. ന്യൂഡൽഹി, മുംബൈ എന്നിവടങ്ങളിൽ നിന്നാണ് കാനഡ യാത്രക്കാർ ഏറെയുമുള്ളത്.
0 Comments