Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദി അറേബ്യയിൽ ഇന്ന് 1,338 പേര്‍ക്ക് കൂടി കൊവിഡ്; 16 മരണം.

🇦🇪യുഎഇയില്‍ 1663 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ആറ് മരണം.

🇧🇭പതിനഞ്ചുകാരനില്‍ നിന്ന് കൊവിഡ് ബാധിച്ചത് എട്ടുപേര്‍ക്ക്; സ്ഥിരീകരിച്ച് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം.

🇦🇪യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വൈകും; ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സര്‍വീസില്ലെന്ന് എമിറേറ്റ്സ്.

🇦🇪യുഎഇ പൗരന്മാര്‍ക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി.

🇰🇼കുവൈറ്റ്: വാക്സിനെടുത്ത പൗരന്മാർക്ക് ദിനവും 12 മണിക്കൂർ വീതം രാജ്യത്തിന്റെ കര, കടൽ അതിർത്തികളിലൂടെ സഞ്ചരിക്കാൻ അനുമതി നൽകി.

🇰🇼കുവൈറ്റ്: 12 രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിച്ചു.

🛫ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ 2021 ജൂലൈ അവസാനം വരെ നീട്ടി.

🇦🇪അബുദാബി: വാഹന റജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഡാർബ് ടോൾ തുകകൾ നിർബന്ധമായും അടച്ച് തീർക്കേണ്ടതാണ്.

🇦🇪യു എ ഇ: ഗോൾഡൻ റെസിഡൻസി ഉടമകൾക്കുള്ള വർക്ക് പെർമിറ്റുകൾ അനുവദിച്ച് തുടങ്ങി.

🇶🇦ഖത്തറില്‍ ഇന്ന് രോഗമുക്തിയേക്കേള്‍ കൂടുതല്‍ പുതിയ രോഗികള്‍.

🇴🇲ഒമാനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഒത്തുകൂടിയ സ്വദേശികൾ അറസ്റ്റില്‍.

വാർത്തകൾ വിശദമായി 

🇸🇦സൗദി അറേബ്യയിൽ ഇന്ന് 1,338 പേര്‍ക്ക് കൂടി കൊവിഡ്; 16 മരണം.

✒️സൗദി അറേബ്യയിൽ ഇന്ന് 1,208 പേർ കൊവിഡ് ബാധയിൽ നിന്ന് മുക്തരായി. 1,338 പേർക്ക് പുതിയതായി രോഗ ബാധ സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്നവരിൽ 16 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,90,464 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,70,328 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,848 ആയി. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: കിഴക്കൻ പ്രവിശ്യ 327, റിയാദ് 279, മക്ക 208, അസീർ 127, അൽഖസീം 115, മദീന 109, ജീസാൻ 55, വടക്കൻ അതിർത്തി മേഖല 37, അൽബാഹ 29, തബൂക്ക് 21, നജ്റാൻ 16, ഹായിൽ 13, അൽജൗഫ് 2. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 18,070,785 ഡോസ് ആയി.

🇦🇪യുഎഇയില്‍ 1663 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ആറ് മരണം.

✒️യുഎഇയില്‍ 1663 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1638 പേര്‍ സുഖം പ്രാപിക്കുകയും ആറ് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,83,661 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,36,245 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,14,636 പേര്‍ രോഗമുക്തരാവുകയും 1,825 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,784 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇧🇭പതിനഞ്ചുകാരനില്‍ നിന്ന് കൊവിഡ് ബാധിച്ചത് എട്ടുപേര്‍ക്ക്; സ്ഥിരീകരിച്ച് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം.

✒️ബഹ്റൈനില്‍ കൊവിഡ് പോസിറ്റീവായ 15കാരനില്‍ നിന്ന് രോഗം ബാധിച്ചത് എട്ട് കുടുംബാംഗങ്ങള്‍ക്ക്. ഇതില്‍ നാലുപേര്‍ 10 വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. 

കൊവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിന്‍റെ ഭാഗമായി ആരോഗ്യ മന്ത്രാലയമാണ് ഇന്നലെ രാത്രി ഈ വിവരം പുറത്തുവിട്ടത്. അതേസമയം കഴിഞ്ഞ ആഴ്ചയില്‍ ശരാശരി പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 246 ആയി കുറഞ്ഞു. ഇതിന് മുമ്പത്തെ ആഴ്ച 450 ആയിരുന്നു. ആകെ 1,720 കേസുകളാണ് കഴിഞ്ഞ ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 914 പേര്‍ പ്രവാസികളും 806പേര്‍ സ്വദേശികളുമാണ്.

🇦🇪യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വൈകും; ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സര്‍വീസില്ലെന്ന് എമിറേറ്റ്സ്.

✒️യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വൈകും. ജൂലൈ ഏഴിന് സർവീസ് പുനഃരാരംഭിക്കുമെന്ന് അറിയിച്ചിരുന്ന എമിറേറ്റസും യാത്ര നീട്ടിവച്ചു. ഇതോടെ അവധിക്ക് നാട്ടിലെത്തി കുടുങ്ങിയ പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയിലായി. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് തങ്ങളുടെ പൗരന്മാര്‍ക്ക് യുഎഇയും വിലക്കേര്‍പ്പെടുത്തി.

ജൂലൈ ഏഴുമുതല്‍  സര്‍വീസ് നടത്തുമെന്ന് അറിയിച്ചിരുന്ന എമിറേറ്റ്സും യാത്ര ഒഴിവാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് നടത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ചവർക്കും യുഎഇയിലേക്ക് വരാൻ കഴിയില്ല.ഇത്തിഹാദും എയർ ഇന്ത്യയും ജൂലൈ മാസം 21വരെ ഇന്ത്യയിൽ  നിന്ന് യുഎഇയിലേക്ക്  സർവീസ് നടത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

https://www.emirates.com/ae/english/help/travel-updates/#4424 എന്ന വിലാസത്തിൽ ഈ അറിയിപ്പ് ലഭ്യമാണ്. “ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്നുള്ള എമിറേറ്റ്സിന്റെ മുഴുവൻ യാത്രാ വിമാനസർവീസുകളും നിർത്തിവെച്ചിരിക്കുന്നു. ഇതിനുപുറമെ,14 ദിവസങ്ങൾക്കിടയിൽ ഇന്ത്യ സന്ദർശിച്ചിട്ടുള്ള യാത്രികർക്ക് മറ്റിടങ്ങളിൽ നിന്ന് യു എ ഇയിലേക്ക് ഞങ്ങൾ യാത്രാ സേവനങ്ങൾ അനുവദിക്കുന്നതല്ല.”, എമിറേറ്റ്സ് വ്യക്തമാക്കി.

കൊവിഡ് വ്യാപിച്ച പശ്ചാത്തലത്തിൽ ഏപ്രിൽ 25മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക് യുഎഇ യാത്ര വിലക്ക് ഏർപ്പെടുത്തിയത്.  വിമാനസര്‍വീസുകള്‍ വൈകുന്നതോടെ അവധിക്ക് നാട്ടില്‍ പോയി തിരികെ ജോലിയില്‍ പ്രവേശിക്കാനാവാത്തവരില്‍ പലരും തൊഴില്‍ നഷ്ട ഭീതിയിലാണ്. അര്‍മേനിയ ഉസ്‍ബക്കിസ്ഥാന്‍ രാജ്യങ്ങളില്‍ രണ്ടാഴ്ചത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമേ നിലവില്‍ യുഎഇയിലേക്ക് മടങ്ങാന്‍ അവസരമുള്ളൂ. 

യുഎഇയില്‍ സ്കൂളുകള്‍ക്ക് വേനലവധി തുടങ്ങിയെങ്കിലും യാത്രാവിലക്കു നീളുന്നതിനാല്‍ ഇത്തവണ കുടുംബസമേതം നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കിയിരിക്കുകയാണ് പ്രവാസികള്‍.  അതേസമയം ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് യുഎഇ തങ്ങളുടെ പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. യുഎഇ വിദേശകാര്യ - അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയവും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റിയുമാണ് വിലക്കേര്‍പ്പെടുത്തിയത്.

🇦🇪യുഎഇ പൗരന്മാര്‍ക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി.

✒️ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് യുഎഇ യുഎഇ പൗരന്മാര്‍ക്ക് വിലക്ക്. യുഎഇ വിദേശകാര്യ - അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയവും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റിയുമാണ് വിലക്കേര്‍പ്പെടുത്തിയത്.

യുഎഇ അടുത്തിടെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നാണ് സ്വദേശികളെ തടയുന്നത്. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‍നാം, നമീബിയ, സാമ്പിയ, കോംഗോ, ഉഗാണ്ട, സിയറ ലിയോണ്‍, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളാണ് വിലക്കുള്ള പട്ടികയിലുള്ളത്. ഈ രാജ്യങ്ങളിലെ യുഎഇ നയതന്ത്ര കാര്യാലയങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും അത്യാവശ്യ ചികിത്സാ ആവശ്യങ്ങള്‍ക്കും ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍ക്കും നേരത്തെ അംഗീകാരം ലഭിച്ച ബിസിനസ്, സാങ്കേതിക സംബന്ധമായ യാത്രകള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

യുഎഇയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും കൊവിഡ് മഹാമാരി കാരണം ലോകം കടന്നുപോകുന്ന അസാധാരണമായ സാഹചര്യവും പരിഗണിച്ചാണ് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. വിലക്കേര്‍പ്പെടുത്തിയിട്ടില്ലാത്ത മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവരും എല്ലാ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും പാലിക്കണം. യാത്രയ്‍ക്കിടയില്‍ കൊവിഡ് സ്ഥിരീകരിച്ചാല്‍ ക്വാറന്റീനില്‍ പോകണമെന്നും അതത് സ്ഥലങ്ങളിലെ നിബന്ധനകള്‍ പാലിക്കുന്നതിനൊപ്പം ആ രാജ്യങ്ങളിലെ യുഎഇ എംബസിയില്‍ വിവരമറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച യുഎഇ സ്വദേശികളെ എല്ലാ മുന്‍കരുലുകളും പാലിച്ചുകൊണ്ട് രാജ്യത്തേക്ക് മടങ്ങിവരാന്‍ അനുവദിക്കുമെന്നും പ്രസ്‍താവനയില്‍ പറയുന്നു.

🇰🇼കുവൈറ്റ്: വാക്സിനെടുത്ത പൗരന്മാർക്ക് ദിനവും 12 മണിക്കൂർ വീതം രാജ്യത്തിന്റെ കര, കടൽ അതിർത്തികളിലൂടെ സഞ്ചരിക്കാൻ അനുമതി നൽകി.

✒️COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള പൗരന്മാർക്ക് 2021 ജൂലൈ 1 മുതൽ ദിനവും 12 മണിക്കൂർ വീതം രാജ്യത്തിന്റെ കര, കടൽ അതിർത്തികളിലൂടെ സഞ്ചരിക്കാൻ അനുമതി നൽകിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാക്സിനെടുത്ത കുവൈറ്റ് പൗരന്മാർ, അവരുടെ അടുത്ത ബന്ധുക്കൾ, അവരുടെ ഗാർഹിക ജീവനക്കാർ എന്നീ വിഭാഗങ്ങൾക്കാണ് ഈ അനുമതി നൽകിയിരിക്കുന്നത്.

2021 ജൂലൈ 1 മുതൽ ദിനവും ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 12 മണിവരെയാണ് ഇത്തരത്തിൽ കര, കടൽ അതിർത്തികൾ തുറന്ന് കൊടുക്കുന്നത്. കുവൈറ്റ് അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുള്ള കുവൈറ്റ് പൗരന്മാർ, അവരുടെ അടുത്ത ബന്ധുക്കൾ, അവരുടെ ഗാർഹിക ജീവനക്കാർ എന്നീ വിഭാഗങ്ങൾക്ക് ഇത്തരത്തിൽ യാത്രാനുമതി നൽകുന്നതിനായുള്ള കുവൈറ്റ് ക്യാബിനറ്റിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

അതേസമയം പ്രവാസികൾ ഉൾപ്പടെ, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ മുഴുവൻ പേർക്കും 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തിന്റെ കര, കടൽ അതിർത്തികൾ തുറന്ന് കൊടുക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്.

🇰🇼കുവൈറ്റ്: 12 രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിച്ചു.

✒️2021 ജൂലൈ 1 മുതൽ കുവൈറ്റിൽ നിന്ന് 12 രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ പുനരാരംഭിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. COVID-19 വ്യാപനം തടയുന്നതിനായി നിർത്തലാക്കിയിരുന്ന വിമാനസർവീസുകളാണ് ഇത്തരത്തിൽ പുനരാരംഭിച്ചിരിക്കുന്നത്.

ബോസ്നിയ ആൻഡ് ഹെർസെഗോവിന, ബ്രിട്ടൺ, സ്പെയിൻ, യു എസ് എ, നെതർലൻഡ്‌സ്‌, ഇറ്റലി, ഓസ്ട്രിയ, ഫ്രാൻസ്, കിർഗിസ്ഥാൻ, ജർമ്മനി, ഗ്രീസ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് കുവൈറ്റിൽ നിന്ന് ജൂലൈ 1 മുതൽ വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നത്. ഈ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ പുനരാരംഭിക്കാൻ കുവൈറ്റ് പ്രധാനമന്ത്രി H.H. ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബായുടെ നേതൃത്വത്തിൽ ജൂൺ 28-ന് ചേർന്ന ക്യാബിനറ്റ് യോഗത്തിൽ തീരുമാനിച്ചിരുന്നു.

രാജ്യത്തെ ആരോഗ്യ മേഖലയിൽ നിന്നുള്ള നിർദ്ദേശങ്ങൾ പ്രകാരമാണ് ഇത്തരത്തിൽ ഓരോ രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

🛫ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ 2021 ജൂലൈ അവസാനം വരെ നീട്ടി.

✒️ഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വ്യോമയാന സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും ഖത്തറും തമ്മിൽ ഏർപ്പെട്ടിരിക്കുന്ന പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ കാലാവധി 2021 ജൂലൈ അവസാനം വരെ നീട്ടാൻ ധാരണയായതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ജൂലൈ 1-നാണ് ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇരു രാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങൾ ഒപ്പുവെച്ച ഈ കരാർ പ്രകാരം, 2021 ജൂൺ 30 വരെയായിരുന്നു ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികൾക്ക് ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും, തിരികെയും പ്രത്യേക സർവീസുകൾ നടത്താൻ അനുമതി നൽകിയിരുന്നത്. ഈ കരാറാണ് ഇപ്പോൾ ഇരു രാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങൾ കൂടിയാലോചിച്ച് 2021 ജൂലൈ അവസാനം വരെ തുടരാൻ തീരുമാനിച്ചിട്ടുള്ളത്.

🇦🇪അബുദാബി: വാഹന റജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഡാർബ് ടോൾ തുകകൾ നിർബന്ധമായും അടച്ച് തീർക്കേണ്ടതാണ്.

✒️എമിറേറ്റിലെ ഡാർബ് ടോൾ സംവിധാനത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷൻ പുതുക്കുന്നതും, വാഹനം മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്നതും ഉൾപ്പടെയുള്ള പ്രവർത്തികൾ നടത്തുന്നതിന് മുൻപായി, ഇത്തരം വാഹനങ്ങൾക്ക് ചുമത്തിയിട്ടുള്ള ഡാർബ് ടോൾ തുകകൾ നിർബന്ധമായും അടച്ച് തീർക്കേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കി. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്ററാണ് (ITC) ജൂലൈ 1-ന് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ITC-യും, അബുദാബി പോലീസും സംയുക്തമായി നടപ്പിലാക്കുന്ന ട്രാഫിക് ഫൈൻ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.

അബുദാബിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള, ഡാർബ് ടോൾ പിഴ തുകകൾ (വാഹനം ടോൾ ഗേറ്റിലൂടെ കടന്ന് പോകുന്ന സമയത്ത് ഉപയോക്താക്കളുടെ അക്കൗണ്ടിൽ ആവശ്യമായ തുക ഇല്ലെങ്കിൽ പിഴ ചുമത്തുന്നതാണ്) കൊടുത്ത് തീർക്കാനുള്ള വാഹനങ്ങൾക്ക്, റജിസ്‌ട്രേഷൻ പുതുക്കൽ, ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യൽ തുടങ്ങിയ വിവിധ ഇടപാടുകൾ നടത്തുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതല്ല. ഇത്തരം ഇടപാടുകൾക്ക് മുൻപായി പിഴ തുകകൾ കൊടുത്ത് തീർക്കേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കി. https://darb.itc.gov.ae എന്ന വെബ്സൈറ്റിലൂടെയോ, ‘DARB’ ആപ്പിലൂടെയോ ഈ തുകകൾ അടയ്ക്കാവുന്നതാണ്.

അബുദാബിയിൽ ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, അൽ മഖ്ത പാലം, മുസഫ പാലം എന്നിവിടങ്ങളിൽ ഇരുവശങ്ങളിലേക്കുമുള്ള ടോൾ ഗേറ്റുകളിലാണ് നിലവിൽ ടോൾ നടപ്പിലാക്കിയിട്ടുള്ളത്. ആഴ്ച്ച തോറും, ശനിയാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെ, വാഹനഗതാഗതം ഏറ്റവും കൂടുതലുള്ള മണിക്കൂറുകളിൽ (കാലത്ത് 7 മുതൽ 9 മണിവരെയും വൈകുന്നേരം 5 മുതൽ 7 മണിവരെയും), 4 ദിർഹം ആണ് ഓരോ തവണ ടോൾഗേറ്റിലൂടെ കടന്നു പോകുന്നതിനും ടോൾ തുകയായി ഈടാക്കുന്നത്. ഓരോ തവണ വാഹനങ്ങൾ ടോൾ ഗേറ്റിലൂടെ കടന്ന് പോകുമ്പോളും ഉപയോക്താക്കളുടെ അക്കൗണ്ടിൽ റീചാർജ് ചെയ്തിട്ടുള്ള തുകയിൽ നിന്ന് ടോൾ സ്വയമേവ ഈടാക്കുന്നതാണ്.

🇦🇪യു എ ഇ: ഗോൾഡൻ റെസിഡൻസി ഉടമകൾക്കുള്ള വർക്ക് പെർമിറ്റുകൾ അനുവദിച്ച് തുടങ്ങി.

✒️ഗോൾഡൻ റെസിഡൻസി ഉടമകൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു. ഗോൾഡൻ റെസിഡൻസി ഉടമകൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്ന കാബിനറ്റ് പ്രമേയം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം.

താഴെ പറയുന്ന മൂന്ന് സാഹചര്യങ്ങളിൽ ഗോൾഡൻ റെസിഡൻസി ഉടമകൾക്ക് വർക്ക് പെർമിറ്റ് ആവശ്യമാണ്:
ഗോൾഡൻ റെസിഡൻസി ലഭിച്ച അവസരത്തിൽ തൊഴിൽരഹിതരായിരുന്നവർ, ഒരു പ്രത്യേക തൊഴിലുടമയ്ക്ക് വേണ്ടി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ.
പുതിയ ഒരു തൊഴിലുടമയ്ക്ക് കീഴിൽ ജോലിചെയ്യാൻ ആഗ്രഹിക്കുന്ന ഗോൾഡൻ റെസിഡൻസി ഉടമകൾക്ക്.
നിലവിലുള്ള തൊഴിലുടമ ഗോൾഡൻ റെസിഡൻസി ഉടമയുടെ വർക്ക് പെർമിറ്റും കരാറും പുതുക്കാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ.
ഗോൾഡൻ റെസിഡൻസി ഉടമകൾ വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്ന അവസരത്തിൽ, രാജ്യത്തെ ജോലി പെർമിറ്റുകളും കരാറുകളും നൽകുന്നതുമായി ബന്ധപ്പെട്ട അതേ നിയമങ്ങളും, നടപടിക്രമങ്ങളും മാതാപിതാക്കളുടെ റെസിഡൻസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആശ്രിതർക്കും ബാധകമാണ്. ഗോൾഡൻ റെസിഡൻസി ലഭിക്കുന്ന തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള വർക്ക് പെർമിറ്റുകളും കരാറുകളും സാധുവായി തുടരും, ഒപ്പം ബാധകമായ എല്ലാ യുഎഇ നിയമങ്ങൾക്കും വിധേയമായിരിക്കും.

രാജ്യത്തിന് പുറത്തുള്ളവർക്ക് വർക്ക് പെർമിറ്റിനായി നിശ്ചയിച്ചിട്ടുള്ളതും ബാധകമായതുമായ ഫീസ്, അതുപോലെ തന്നെ വർക്ക് പെർമിറ്റുകളും കരാറുകളും പുതുക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനുമുള്ള ഫീസ് എന്നിവയും ഗോൾഡൻ റെസിഡൻസി ഉടമകൾക്ക് ബാധകമാകുന്നതാണ്.

🇶🇦ഖത്തറില്‍ ഇന്ന് രോഗമുക്തിയേക്കേള്‍ കൂടുതല്‍ പുതിയ രോഗികള്‍.

✒️ഖത്തറില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 115 പേരാണ് രോഗമുക്തി നേടിയത്. 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 69 പേര്‍. 1,659 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഖത്തറില്‍ ഇന്നു കോവിഡ് മരണമില്ല. ആകെ മരണം 591. രാജ്യത്ത് ഇതുവരെ 2,20,100 പേര്‍ രോഗമുക്തി നേടി. ഇന്ന് 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 86 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 33,493 ഡോസ് വാക്സിന്‍ നല്‍കി. ആകെ നല്‍കിയ വാക്സിന്‍ ഡോസുകളുടെ എണ്ണം 32,11,237 ആയി.

🇴🇲ഒമാനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഒത്തുകൂടിയ സ്വദേശികൾ അറസ്റ്റില്‍.

✒️ഒമാനിൽ കൊവിഡ് പ്രോട്ടോക്കോൾ  ലംഘിച്ച് ഒത്തുചേര്‍ന്ന സ്വദേശികളുടെ സംഘത്തെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് പ്രതിരോധത്തിനായി ഒമാൻ സുപ്രീം കമ്മിറ്റി നടപ്പിലാക്കിയിരിക്കുന്ന നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഒരു സംഘം സ്വദേശികളെ നിസ്‌വേയിലെ ഒരു വിശ്രമ കേന്ദ്രത്തിൽ നിന്നും ദാഖിലിയ പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തുവെന്നാണ്  റോയൽ ഒമാൻ പോലീസിന്റെ ഓൺലൈൻ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. സുപ്രീം കമ്മിറ്റിയുടെ നിർദേശങ്ങൾ ലംഘിച്ചതിന് ഇവർക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും പോലീസിന്റെ അറിയിപ്പിൽ പറയുന്നു.

Post a Comment

0 Comments