ഒരു നാട് മുഴുവന്‍ തിരഞ്ഞ വിഷു ബംപര്‍ ലോട്ടറി നറുക്കെടുപ്പിലെ ഭാഗ്യശാലിയെ കണ്ടെത്തി. വടകര തിരുവള്ളൂര്‍ സ്വദേശി തറവപ്പൊയില്‍ ഷിജുവിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ അടിച്ചത്. കെട്ടിടനിര്‍മാണ തൊഴിലാളിയാണ് ഷിജു.
സമ്മാനാര്‍ഹമായ എല്‍ബി 430240 എന്ന നമ്പറിലുള്ള ടിക്കറ്റ് ഷിജു കനറാ ബാങ്ക് വടകര ശാഖയില്‍ ഏല്‍പ്പിച്ചതായാണു വിവരം. ഇക്കാര്യം ഷിജുവിനു ടിക്കറ്റ് വിറ്റ വടകര മണിയൂര്‍ സ്വദേശി രാജന്‍ സ്ഥിരീകരിച്ചു. വടകര ബികെ ഏജന്‍സീസില്‍നിന്നു വാങ്ങിയാണു രാജന്‍ ടിക്കറ്റ് വിറ്റത്.
ജൂലൈ 22നായിരുന്നു വിഷു ബംപര്‍ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് നടന്നത്. മേയ് 23നു നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് കോവിഡ് രണ്ടാം തരംഗം കാരണം നീട്ടിവയ്ക്കുകയായിരുന്നു. പച്ചക്കറി കച്ചവടക്കാരനും തിരുവള്ളൂര്‍ സ്വദേശിയുമായ ഷിബിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് വ്യാപക പ്രചാരണം നടന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഷിബിന്‍ നിഷേധിച്ചിരുന്നു.
ലോട്ടറി അടിച്ചെന്ന വാര്‍ത്ത പരന്നതില്‍പിന്നെ നിരന്തരം ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും നാട്ടില്‍ ഇറങ്ങാനാവാത്ത അവസ്ഥയിലാണെന്നും ഷിബിന്‍ പറഞ്ഞിരുന്നു. ബാങ്കുകളില്‍ നിന്നടക്കം നിരവധി കോളുകളാണ് തനിക്ക് വരുന്നതെന്നും തനിക്ക് ലോട്ടറിയടിച്ചിട്ടില്ലെന്നും ഷിബിന്‍ പറഞ്ഞു.
ഈ പ്രചാരണത്തിനു പിന്നില്‍ സുഹൃത്തുക്കളായിരിക്കുമെന്നും യഥാര്‍ത്ഥത്തില്‍ ലോട്ടറിയടിച്ച ആള്‍ വരുമ്പോഴെങ്കിലും സത്യം അറിയുമല്ലോ എന്നും അന്ന് ഷിബിന്‍ പറഞ്ഞിരുന്നു.
വിഷുബംബറിന്റെ ഒന്നാം സമ്മാനം തിരുവള്ളൂരിലാണെന്ന് നേരത്തെതന്നെ വ്യക്തമായിരുന്നെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ഷിജു ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചത്. ചൊവ്വാഴ്ച വിവരം പുറത്താവുകയുംചെയ്തു.
സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്നയാളാണ് ബംപര്‍ വിജയിയായ ഷിജു. നേരത്തെ ചെറിയ സമ്മാനങ്ങള്‍ മാത്രമാണ് ലഭിച്ചത്.
രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ എറണാകുളത്ത് വിറ്റ ടിക്കറ്റിനാണു ലഭിച്ചത്. ഇബി 324372 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. 12 പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതമാണു മൂന്നാം സമ്മാനം.
0 Comments