Ticker

6/recent/ticker-posts

Header Ads Widget

മാരക്കാനയിലെ സ്വപ്ന ഫൈനലിലേക്ക് മണിക്കൂറുകൾ മാത്രം

മാരക്കാന: ഫുട്ബോൾ ലോകം കാത്തിരുന്ന സ്വപ്ന ഫൈനലിന്റെ കിക്കോഫിന് മണിക്കൂറുകൾ മാത്രം.

കോപ്പ അമേരിക്ക ഫുട്ബോളില്‍ ബ്രസീല്‍ അര്‍ജന്‍റീന സ്വപ്ന ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം. വര്‍ത്തമാന ഫുട്ബോളിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളായ ലയണല്‍ മെസിയും നെയ്മറും നേര്‍ക്കുനേര്‍ വരുന്ന മത്സരത്തിനായി കായിക ലോകം വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30ന് ബ്രസീലിലെ വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തിലാണ് മത്സരം. 

കാല്‍പ്പന്തുകളിയുടെ ആത്മാവിനെയും ഹൃദയത്തെയും കല്‍പാന്ത കാലവും കയ്യടക്കി വെച്ച രണ്ട് നാട്ടുകാര്‍. കളിക്കമ്പക്കാരുടെ ചങ്ക് പറിച്ചെടുത്ത് രണ്ടായി പകുത്ത് കണങ്കാലിനടിയില്‍ കാത്തുസൂക്ഷിക്കുന്നവര്‍. അര്‍ജന്‍റീനയും ബ്രസീലും കോപ്പയുടെ മഹാമൈതാനത്തെ കലാശപ്പോരാട്ടത്തില്‍ കണ്ടുമുട്ടുന്നതിനപ്പുറം സമ്മോഹനമായ മറ്റൊരു കാഴ്ച കാല്‍പ്പന്ത് പ്രേമിക്കുണ്ടാവാനിടയില്ല. ഓരോ കോപ്പ വരുമ്പോഴും അങ്ങനെയൊരു സ്വപ്ന ഫൈനലിനായി നോമ്പും നോറ്റവര്‍ കാത്തിരിക്കും. 

കലാശക്കൊട്ടിലേക്കുള്ള വഴികളിലെവിടെയെങ്കിലും ആരെങ്കിലുമൊരാള്‍ വീണു പോകും. പിന്നെയും കാത്തിരിപ്പാണ്. നീണ്ട ഒന്നരപതിറ്റാണ്ടിനൊടുക്കം ആ നേര്‍ച്ചക്ക് വീണ്ടും അറുതിയാകുന്നു. വശ്യചാരുതയാര്‍ന്നൊരാ തൊണ്ണൂറ് മിനുട്ടുകളെ കുറിച്ച് വര്‍ണനകളാകാം, കവിതകളാകാം. പക്ഷെ പ്രവചനങ്ങള്‍ക്കിടമില്ല, കണക്കുകൂട്ടലുകള്‍ക്ക് സ്ഥാനമില്ല.

തന്‍റേതായ നിമിഷങ്ങളില്‍ ഫുട്ബോളിന്‍റെ ശാസ്ത്രവും രസതന്ത്രവും തിരുത്തിയെഴുതിക്കൊണ്ടേയിരിക്കുന്ന ലയണല്‍ മെസിയും ലോകത്തെ ഏറ്റവും അപകടകാരിയായ മുന്നേറ്റനിരക്കാരന്‍ നെയ്മറും നൈലോണ്‍ വലകളിലേക്ക് തലങ്ങും വിലങ്ങും വില്ലുകുലയ്ക്കുന്നൊരു കുരുക്ഷേത്ര ഭൂമിയെ കുറിച്ച് ആര്‍ക്കാണ് പ്രവചനം നടത്താന്‍ ധൈര്യമുണ്ടാവുക. 

പെനാല്‍ട്ടി ബോക്സിന്‍റെ മരണ വായ്ക്കപ്പുറത്ത് മെസിയെ വരിഞ്ഞുകെട്ടാന്‍ ടിറ്റെയും കസമിറോയും ഒരുക്കിവെക്കുന്ന കെണികളെന്തൊക്കെയായിരിക്കും. അങ്ങനെയൊരു വഴിയടഞ്ഞാല്‍ പകരം തുറക്കാവുന്ന മറ്റൊരു വഴി അര്‍ജന്‍റീനിയന്‍ കോച്ച് സ്കലോണി ഒളിച്ചുവെച്ചിട്ടുണ്ടാകുമോ? ക്രിസ്റ്റ്യന്‍ റൊമേറോ തിരിച്ചുവന്നത് കൊണ്ട് മാത്രം നെയ്മറുടെ കൊള്ളിയാന്‍ മിന്നലാട്ടങ്ങള്‍ക്ക് തടയിടാന്‍ അര്‍ജന്‍റീനിയന്‍ പ്രതിരോധ നിരയ്ക്കാകുമോ? 

മുഴുവന്‍ സമയവും കഴിഞ്ഞ് ടൈബ്രേക്കറിലേക്കെങ്ങാനും അങ്കം നീണ്ടുപോയാല്‍ ഗോള്‍ബാറിന് കീഴിലെ അവസാനച്ചിരി എഡേഴ്സണ്‍ മൊറായസിന്‍റെതാകുമോ അതോ എമിലിയാനോ മാര്‍ട്ടിനെസിന്‍റെതാകുമോ? ഒന്നിലും ഒരുറപ്പില്ലാതെ ഒരായിരം ചോദ്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന കളിയാരാധകന് ഒറ്റക്കാര്യത്തില്‍ മാത്രം ഉറപ്പു നല്‍കാം. നാളെയുടെ പുലരിയില്‍ നിങ്ങളനുഭവിക്കാന്‍ പോകുന്നത് ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്‍റെ മൂര്‍ത്തസുന്ദര മുഹൂര്‍ത്തങ്ങളാണ്

നിലനിർത്താൻ ബ്രസീൽ

സ്വന്തം മണ്ണിൽ ഒരിക്കൽകൂടി കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ബ്രസീൽ വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. 2019-ൽ സ്വന്തം ഗ്രൗണ്ടിൽ പെറുവിനെ തോൽപ്പിച്ചാണ് ബ്രസീൽ കിരീടം തിരിച്ചുപിടിച്ചത്.

2004-ലും 2017-ലും ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ചാണ് ബ്രസീൽ കിരീടമുയർത്തിയത്. ചരിത്രം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് നെയ്മറും സംഘവും. ഇത്തവണ ജയിച്ചാൽ ബ്രസീലിന് പത്താം കിരീടം സ്വന്തമാകും.

മറുവശത്ത് 1993-നുശേഷം കിരീടമെന്ന മോഹവുമായാണ് അർജന്റീന ഇറങ്ങുന്നത്. 15-ാം കിരീടമാണ് ടീം ലക്ഷ്യമിടുന്നത്. കപ്പുയർത്തിയാൽ കോപ്പയിൽ ഏറ്റവും കൂടുതൽ കിരീടം നേടിയെന്ന ഉറുഗ്വായുടെ റെക്കോഡിനൊപ്പമെത്താൻ ടീമിനാകും. ബ്രസീലിനെ അവരുടെ മണ്ണിൽ തോൽപ്പിച്ച് കിരീടം നേടിയാൽ ടീമിന് ഇരട്ടിമധുരമാകും.

ടീം ലൈനപ്പ്

സസ്പെൻഷനിലുള്ള ഗബ്രിയേൽ ജെസ്യൂസ് ബ്രസീൽ നിരയിലുണ്ടാകില്ല. 4-2-3-1 ശൈലിയിലാകും ബ്രസീൽ കളിക്കുന്നത്. ഗോൾകീപ്പറായി എഡേഴ്സൻ തുടരും. പ്രതിരോധത്തിൽ ഡാനിലോ- മാർക്വിനോസ്, തിയാഗോ സിൽവ, അലക്സ് സാൻഡ്രോ എന്നിവർ കളിക്കും. ഡിഫൻസീവ് മിഡ്ഫീൽഡിൽ കാസെമിറോയും ഫ്രെഡും ഇറങ്ങും. അറ്റാക്കിങ് മിഡ്ഫീൽഡറുടെ റോളിൽ ലൂക്കാസ് പക്വേറ്റയാകും. റിച്ചാലിസനും എവർട്ടണും വിങ്ങർമാർ. നെയ്മർ സ്ട്രൈക്കർ റോളിൽ.

അർജന്റീന 4-3-3 ശൈലിയിൽ കളിക്കും. സെമിഫൈനലിൽ ടീമിന്റെ രക്ഷകനായ എമിലിയാനോ മാർട്ടിനെസ് തന്നെ ഗോൾകീപ്പറാകും. നഹ്യുൽ മോളിന, ജെർമൻ പെസ്സെല്ല, നിക്കോളസ് ഒട്ടാമെൻഡി, നിക്കോളോ ടാഗ്ലിയാഫിക്കോ എന്നിവർ പ്രതിരോധത്തിലുണ്ടാകും. റോഡ്രിഗോ ഡി പോൾ, ലിയനാർഡോ പാരഡെസ്, ജിയോവാനി ലോസെൽസോ എന്നിവർ മധ്യനിരയിലുണ്ടാകും. നായകൻ ലയണൽ മെസ്സിക്കൊപ്പം ലൗട്ടാറോ മാർട്ടിനെസും നിക്കോളാസ് ഗോൺസാലസുമാകും മുന്നേറ്റനിരയിൽ.

ഞായറാഴ്ച ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബോളിലെ ബ്രസീൽ-അർജന്റീന സ്വപ്ന ഫൈനൽ കാണാൻ പരിമിതമായ അളവിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന് റിയോ ഡി ജനീറോ മേയറുടെ ഓഫീസ് അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയങ്ങളിലൊന്നായ മാറക്കാന സ്റ്റേഡിയത്തിന്റെ ശേഷിയുടെ പത്തു ശതമാനത്തോളം കാണികളെയാകും പ്രവേശിപ്പിക്കുക.

ഏകദേശം 6500 പേർക്ക് ഇതോടെ മത്സരം നേരിൽക്കാണാൻ അവസരം ലഭിക്കും. എന്നാൽ മത്സരം കണാനെത്തുന്നവർ കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന നിബന്ധനയുണ്ട്. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ഫുട്ബോൾ കൂട്ടായ്മയായ കോൺമിബോളിന്റെ ക്ഷണം ലഭിച്ചവർക്ക് മാത്രമെ സ്റ്റേഡിയത്തിൽ പ്രവേശിക്കാനാകു.

Post a Comment

0 Comments