Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦കൊവിഡ്: സൗദിയില്‍ ആക്ടീവ് കേസുകള്‍ വീണ്ടും കുറഞ്ഞു.

🎙️ഓണം കെങ്കേമമാക്കാന്‍ ലുലു; ഉപഭോക്താക്കള്‍ക്കായി ഓണച്ചന്ത സജീവം.

🇦🇪അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഗനിക്കും കുടുംബത്തിനും യുഎഇ അഭയം നല്‍കി.

🇦🇪ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് മടങ്ങുന്നവര്‍ക്ക് റാപിഡ് ടെസ്റ്റ് നിബന്ധനയില്‍ മാറ്റം.

🇦🇪യുഎഇയില്‍ 1,089 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം.

🇴🇲ഒമാനില്‍ 147 പേര്‍ക്ക് കൂടി കൊവിഡ്, ആറു മരണം.

🇶🇦കോവിഡ് നിയമലംഘനം; ഖത്തറിൽ 160 പേർ അറസ്റ്റിൽ.

🇶🇦ഖത്തറില്‍ ഇന്ന് 218 പേര്‍ക്ക് കോവിഡ്; 173 രോഗമുക്തി.

🇰🇼കുവൈത്തില്‍ കൂടുതല്‍ വിദേശ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം.


വാർത്തകൾ വിശദമായി

🇸🇦കൊവിഡ്: സൗദിയില്‍ ആക്ടീവ് കേസുകള്‍ വീണ്ടും കുറഞ്ഞു.

✒️സൗദി അറേബ്യയില്‍ ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം പിന്നെയും കുറഞ്ഞു. പുതുതായി 546 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുകയും 794 പേര്‍ സുഖം പ്രാപിക്കുകയും ചെയ്ത കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രോഗം ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 6,246 ആയി കുറഞ്ഞു. ഇതില്‍ 1,273 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണത്തില്‍ കഴിയുന്നത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കൊവിഡ് മൂലം എട്ട് പേരാണ് രാജ്യത്ത് മരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് ഇന്ന് 72,968 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,40,244 ആയി. ഇതില്‍ 5,25,559 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,439 ആണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.3 ശതമാനമായി ഉയര്‍ന്നു.  മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 159, മക്ക 88, കിഴക്കന്‍ പ്രവിശ്യ 56, ജീസാന്‍ 46, അല്‍ഖസീം 41, അസീര്‍ 41, മദീന 30, നജ്‌റാന്‍ 24, ഹായില്‍ 16, തബൂക്ക് 14, വടക്കന്‍ അതിര്‍ത്തി മേഖല 12, അല്‍ജൗഫ് 10, അല്‍ബാഹ 9. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 32,606,992 ഡോസ് ആയി ഉയര്‍ന്നു.

🎙️ഓണം കെങ്കേമമാക്കാന്‍ ലുലു; ഉപഭോക്താക്കള്‍ക്കായി ഓണച്ചന്ത സജീവം.

✒️കേരളത്തില്‍ നിന്നുള്ള ഓണവിഭവങ്ങളുടെ നിരയൊരുക്കി യുഎഇയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഓണച്ചന്ത സജീവം. സദ്യവട്ടങ്ങള്‍ക്കായുള്ള പച്ചക്കറികളും പഴങ്ങളുമുള്‍പ്പെടെയുള്ളവയും തൂശനില തൊട്ട് രണ്ടുകൂട്ടം പായസമടങ്ങുന്ന റെഡിമെയ്ഡ് ഓണസദ്യയുമെല്ലാം ലുലു ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത ഓണക്കോടികളുടെ വലിയ ശേഖരമാണ് ആഘോഷങ്ങളുടെ ഭാഗമായി എത്തിച്ചിരിക്കുന്നത്. കൈത്തറിയുടെയും ഖാദിയുടെയും തുണിത്തരങ്ങളും പാട്ടുപാവാടയുമെല്ലാം ഓണത്തിന്റെ ഓര്‍മ്മകള്‍ പകരുന്നവയാണ്.

ശനിയാഴ്ച വരെ നടക്കുന്ന ഓണച്ചന്തയില്‍ ഇവയെല്ലാം മിതമായ നിരക്കിലാണ് ലഭ്യമാക്കിയിരിക്കുന്നത്. 20 പച്ചക്കറി വിഭവങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഓണസദ്യ ഓണ്‍ലൈനായും ബുക്കുചെയ്യാന്‍ അവസരമുണ്ട്. ബാച്ചിലര്‍ മുറികളില്‍ ഭക്ഷണം പാകം ചെയ്ത് ശീലമില്ലാത്തവര്‍ക്കുപോലും എളുപ്പത്തില്‍ ഉണ്ടാക്കാനാവും വിധം പ്രത്യേകം തയ്യാര്‍ ചെയ്ത ഓണക്കിറ്റ് ലുലുവില്‍ ലഭ്യമാണ്.

ആളുകളുടെ എണ്ണത്തിനനുസരിച്ച് സജ്ജമാക്കിയ കിറ്റിലെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പാകം ചെയ്താല്‍ ആര്‍ക്കും എളുപ്പത്തില്‍ ഓണസദ്യ തയാറാക്കാന്‍ കഴിയുമെന്ന് ലുലു പ്രതിനിധികള്‍ അറിയിച്ചു. വ്യത്യസ്തയിനം പായസങ്ങളുടെ വിപണിയും ഇതോടൊന്നിച്ചുണ്ട്. ലുലുവിന്റെ 57000 ജീവനക്കാരും ഹൃദയം നിറഞ്ഞ ഓണം ആശംസിക്കുന്നതായി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ.അഷ്റഫ് അലി പറഞ്ഞു.

🇦🇪അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഗനിക്കും കുടുംബത്തിനും യുഎഇ അഭയം നല്‍കി.

✒️അഫ്ഗാനിസ്ഥാന്‍ വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനിക്കും കുടുംബത്തിനും യുഎഇ അഭയം നല്‍കി. മാനുഷിക പരിഗണന മുന്‍നിര്‍ത്തി അഷ്‌റഫ് ഗനിയെയും കുടുംബത്തെയും സ്വാഗതം ചെയ്തതായി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം സ്ഥിരീകരിച്ചു. ഞായറാഴ്ച അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ പ്രവേശിച്ചതിന് പിന്നാലെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിടുകയായിരുന്നു.

🇦🇪ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് മടങ്ങുന്നവര്‍ക്ക് റാപിഡ് ടെസ്റ്റ് നിബന്ധനയില്‍ മാറ്റം.

✒️ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ നാല് മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് റാപിഡ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണമെന്ന നിബന്ധനയില്‍ മാറ്റം. ആറ് മണിക്കൂറിനുള്ളിലെടുത്ത പരിശോധനയുടെ ഫലം മതിയെന്ന് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ട്രാവല്‍ ഏജന്‍സികള്‍ക്ക് ലഭിച്ചു. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്ന് ദുബൈയിലേക്ക് മടങ്ങുന്നവര്‍ക്കും ആറ് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പരിശോധനാ ഫലം ഹാജരാക്കിയാല്‍ മതിയാകും. ഫ്‌ലൈ ദുബൈ അധികൃതരും പുതിയ അറിയിപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

🇦🇪യുഎഇയില്‍ 1,089 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം.

✒️യുഎഇയില്‍ 1,089 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,605 പേര്‍ സുഖം പ്രാപിക്കുകയും മൂന്നുപേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 3,27,616 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  7,05,089 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,84,414 പേര്‍ രോഗമുക്തരാവുകയും 2,009 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,666 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇴🇲ഒമാനില്‍ 147 പേര്‍ക്ക് കൂടി കൊവിഡ്, ആറു മരണം.

✒️ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 147 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ചികിത്സയിലായിരുന്ന ആറുപേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 3,00,728ഉം ആകെ മരണസംഖ്യ 4,013ഉം ആയി.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 2,89,130 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 96.1 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22 രോഗികളെ മാത്രമാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ 222 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 95 പേര്‍ക്ക് തീവ്ര പരിചരണ വിഭാഗങ്ങളില്‍ ചികിത്സ നല്‍കിവരികയാണ്.

🇶🇦കോവിഡ് നിയമലംഘനം; ഖത്തറിൽ 160 പേർ അറസ്റ്റിൽ.

✒️രാജ്യത്ത് കോവിഡ് മുൻകരുതലുകൾ ലംഘിക്കുന്ന വ്യക്തികൾക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമങ്ങൾ ആഭ്യന്തര മന്ത്രാലയം ഊർജിതമാക്കി. ഇന്ന് രാജ്യത്ത് 160 നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 153 പേർക്കും സുരക്ഷിതമായ ശാരീരിക അകലം പാലിക്കാത്തതിന് 5 പേർക്കുമെതിരെ കേസെടുത്തു. ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാത്തതിന് 2 പേരും കസ്റ്റഡിയിലായിട്ടുണ്ട്. നിയമലംഘനങ്ങൾക്ക് ഉദ്യോഗസ്ഥർ അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് ഇതുവരെ കോവിഡ് -19 മുൻകരുതൽ നടപടികൾ ലംഘിച്ചതിന് ആയിരക്കണക്കിന് ആളുകളെയാണ് മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കോവിഡ് -19 പാൻഡെമിക്കിനെതിരെ പോരാടുന്നതിന് വാഹനങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്ന് പൊതുജനങ്ങളും ആരോഗ്യ അധികാരികളും തുടർച്ചയായി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.

🇶🇦ഖത്തറില്‍ ഇന്ന് 218 പേര്‍ക്ക് കോവിഡ്; 173 രോഗമുക്തി.

✒️ഖത്തറില്‍ ഇന്ന് 218 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. ഇതില്‍ 81 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 173 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,26,562 ആയി. രാജ്യത്ത് ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ കോവിഡ് മരണം 601 ആണ്.

2,752 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 24 പേര്‍ ഐ.സി.യുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 84 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,591 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 41,79,382 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 79.2 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തു.

🇰🇼കുവൈത്തില്‍ കൂടുതല്‍ വിദേശ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം.

✒️വിദേശരാജ്യങ്ങളിലെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകുന്ന നടപടി പുരോഗമിക്കുകയാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇതുവരെ 91,805 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകൾക്കാണ് ഇത്തരത്തിൽ അംഗീകാരം നൽകിയത്. ഇന്ത്യയിൽനിന്നുള്ള കോവിഷീൽഡ് വാക്സിൻ സർട്ടിഫിക്കറ്റിന് മാത്രമാണ് കുവൈത്തിൽ അംഗീകാരമുള്ളത്. ആഗസ്റ്റ് 15 വരെയുള്ള കണക്കുപ്രകാരം കുവൈത്തിന് പുറത്തുവെച്ച് വാക്സിൻ സ്വീകരിച്ച സ്വദേശികളും വിദേശികളുമായി 165,145 പേരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 91,805 പേരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിലെ ടെക്നിക്കൽ ടീം അംഗീകാരം നൽകി. 52,964 സര്‍ട്ടിഫിക്കറ്റുകള്‍ നിരസിച്ചു. ബാക്കിയുള്ളവ പരിശോധനാ ഘട്ടത്തിലാണ്. സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്നത് ഇതിനായി തയാറാക്കിയ ഒാൺലൈൻ ലിങ്കിലൂടെ മാത്രമാണെന്നും ഏതെങ്കിലും ചാനലിലൂടെ നേരിട്ട് നൽകില്ലെന്നും ഇതിനായി ആരും സമീപിക്കേണ്ടെന്നും ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. ഇന്ത്യയിൽനിന്ന് കോവിഷീൽഡ് വാക്സിനെടുത്തവരുടെ സർട്ടിഫിക്കറ്റ് മാത്രമാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിക്കുന്നത്. രണ്ടു ഡോസുകളുടെയും ബാച്ച് നമ്പറും വാക്സിൻ എടുത്ത തിയതിയുമുള്ള, കോവിൻ സൈറ്റിൽനിന്നുള്ള ഫൈനൽ സർട്ടിഫിക്കറ്റ് ആണ് ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടത്. നേരത്തെ രജിസ്റ്റർ ചെയ്ത മലയാളികളിൽ പലർക്കും ഇതിനകം അംഗീകാരം ലഭിച്ചിട്ടുണ്ട്.

Post a Comment

0 Comments