Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🛫ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള പുതുക്കിയ യാത്ര മാനദണ്ഡങ്ങൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് പുറത്തിറക്കി.

🇸🇦സൗദി അറേബ്യയിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണം 8,628 ആയി കുറഞ്ഞു.

🇦🇪യുഎഇയില്‍ 1215 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് രണ്ട് മരണം.

🇸🇦സൗദി: വാണിജ്യ തട്ടിപ്പുകളിൽ പങ്കാളികളായവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തും; കുറ്റവാളിയെന്ന് കണ്ടെത്തിയാൽ നാട് കടത്താൻ തീരുമാനം.

🇦🇪അബുദാബി: പ്രവാസികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതായി ഇന്ത്യൻ എംബസി.

🇸🇦സൗദി: യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസിറ്റ് വിസ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി നൽകും.

🇰🇼കുവൈറ്റ്: റെസിഡൻസി പെർമിറ്റ് കാലാവധി അവസാനിച്ച ജലീബ് അൽ ശുയൂഖിലെ പ്രവാസികളെ നാട് കടത്തുമെന്ന് സൂചന.

🇶🇦കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി; മുന്നറിയിപ്പുമായി ഖത്തർ.

🇶🇦വീണ്ടും കുതിച്ച് ഖത്തറിലെ കോവിഡ് കേസുകള്‍; രോഗികളുടെ എണ്ണം 2,500ന് മുകളില്‍.

🛫ഇന്ത്യയില്‍ നിന്ന് യുഎയിലേക്ക് പറക്കുന്നവര്‍ 6 മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടിലെത്തണം.

🇦🇪ദുബൈയില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വീടുകളിലെത്തി കൊവിഡ് വാക്‌സിന്‍ നല്‍കും.

വാർത്തകൾ വിശദമായി

🛫ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള പുതുക്കിയ യാത്ര മാനദണ്ഡങ്ങൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് പുറത്തിറക്കി.

✒️ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യുന്ന റെസിഡൻസി വിസകളിലുള്ളവർക്ക് ബാധകമാക്കിയിട്ടുള്ള യാത്ര മാനദണ്ഡങ്ങൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് പുതിയ അറിയിപ്പ് പുറത്തിറക്കി. ഇത്തരത്തിൽ യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവർ കൈവശം കരുതേണ്ട രേഖകൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ പുതുക്കിയ അറിയിപ്പിൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാകണമെന്ന നിബന്ധന എയർ ഇന്ത്യ എക്സ്പ്രസ്സ് നൽകിയിട്ടില്ല. GDRFA അനുമതിയുള്ള മുഴുവൻ ദുബായ് റെസിഡൻസി വിസകളിലുള്ളവർക്കും വാക്സിൻ സ്റ്റാറ്റസ് പരിശോധിക്കാതെ തന്നെ യാത്രാനുമതി നൽകിയതായി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഓഗസ്റ്റ് 12, വ്യാഴാഴ്ച്ച വൈകീട്ടാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഈ അറിയിപ്പ് നൽകിയത്. https://blog.airindiaexpress.in/india-uae-travel-update/ എന്ന വിലാസത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് പുറത്തിറക്കിയിട്ടുള്ള യാത്രാ നിബന്ധനകൾ ലഭ്യമാണ്.

ഈ അറിയിപ്പ് പ്രകാരം സാധുതയുള്ള യു എ ഇ റെസിഡൻസി വിസകളിലുള്ളവർക്ക് താഴെ പറയുന്ന യാത്രാ രേഖകളുണ്ടെങ്കിൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്രചെയ്യാവുന്നതാണ്:

ദുബായ് റെസിഡൻസി വിസകളിലുള്ള, ദുബായിലേക്ക് യാത്ര ചെയ്യുന്നവർ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിൽ (GDRFA) നിന്ന് ലഭിക്കുന്ന മുൻ‌കൂർ പ്രവേശനാനുമതി (‘Return Permit for Resident outside UAE form’) നേടിയിരിക്കണം. https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx എന്ന വിലാസത്തിൽ നിന്ന് ഇതിനായി അപേക്ഷിക്കാവുന്നതാണ്.
മറ്റു എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്ന യു എ ഇ റെസിഡൻസി വിസകളിലുള്ളവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററ്റി ആൻഡ് സിറ്റിസൺഷിപ്പിൽ നിന്ന് (ICA) ലഭിക്കുന്ന മുൻ‌കൂർ പ്രവേശനാനുമതി (‘Return Permit for Resident outside UAE form’) നേടിയിരിക്കണം. https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals എന്ന വിലാസത്തിൽ നിന്ന് ഇതിനായി അപേക്ഷിക്കാവുന്നതാണ്.

ദുബായ് എക്സ്പോ 2020 സംഘാടകർ അനുവദിച്ചിട്ടുള്ള വിസകളിൽ യാത്ര ചെയ്യുന്നവർക്ക് GDRFA അല്ലെങ്കിൽ ICA മുൻ‌കൂർ അനുമതി ആവശ്യമില്ല.

യു എ ഇയിലേക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികർക്കും ബാധകമാകുന്ന യാത്രാ നിബന്ധനകൾ:

യാത്രികർക്ക് യു എ ഇയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR പരിശോധനാ നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. ഈ റിസൾട്ട് ICMR അംഗീകൃത ലാബിൽ നിന്നുള്ളതായിരിക്കണം. ഈ PCR റിസൾട്ടിന്റെ ആധികാരിത തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റിൽ ഒറിജിനൽ റിപ്പോർട്ടുമായി ബന്ധപ്പെടുത്തിയ QR കോഡ് നിർബന്ധമാണ്. വിമാനം പുറപ്പെടുന്ന സമയത്തിന് മുൻപ് 48 മണിക്കൂറിനിടയിൽ സ്രവം സ്വീകരിച്ചിട്ടുള്ള പരിശോധനാ ഫലങ്ങളാണ് അനുവദിക്കുന്നത്.
യാത്ര പുറപ്പെടുന്ന ഇന്ത്യൻ എയർപോർട്ടിൽ വിമാനത്തിലേക്ക് കയറുന്നതിന് മുൻപായി ഒരു COVID-19 റാപിഡ് PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഈ റാപിഡ് PCR ടെസ്റ്റ് വിമാനം പുറപ്പെടുന്ന സമയത്തിന് മുൻപ് 4 മണിക്കൂറിനിടയിൽ നടത്തിയതായിരിക്കണം.
യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് നടത്തുന്ന റാപിഡ് PCR ടെസ്റ്റ് കണക്കിലെടുത്ത് വിമാന സമയത്തിന് ആറ് മണിക്കൂർ മുൻപായി യാത്രികർ എയർപോർട്ടിൽ നിർബന്ധമായും ഹാജരാകേണ്ടതാണ്. വിമാനം യാത്ര പുറപ്പെടുന്നതിന് 2 മണിക്കൂർ മുൻപ് ഈ റാപിഡ് PCR ടെസ്റ്റ് കൗണ്ടറിൽ നിന്നുള്ള സേവനം നിർത്തുന്നതാണ്.

അബുദാബിയിലേക്ക് സഞ്ചരിക്കുന്നവർക്കുള്ള പ്രത്യേക നിബന്ധനകൾ:

12 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണ്.
കൈകളിൽ ധരിക്കുന്ന ട്രാക്കിങ്ങ് ഉപകരണം നിർബന്ധമാണ്.
അബുദാബിയിലെത്തിയ ശേഷം 6, 11 ദിനങ്ങളിൽ PCR പരിശോധന നിർബന്ധമാണ്.

റാസ് അൽ ഖൈമയിലേക്ക് സഞ്ചരിക്കുന്നവർക്കുള്ള പ്രത്യേക നിബന്ധനകൾ:

10 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണ്.
കൈകളിൽ ധരിക്കുന്ന ട്രാക്കിങ്ങ് ഉപകരണം നിർബന്ധമാണ്.
റാസ് അൽ ഖൈമയിലെത്തിയ ശേഷം 4, 8 ദിനങ്ങളിൽ PCR പരിശോധന നിർബന്ധമാണ്.

🇸🇦സൗദി അറേബ്യയിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണം 8,628 ആയി കുറഞ്ഞു.

✒️സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 681 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 1,447 പേർ രോഗത്തിൽ നിന്ന് മുക്തി നേടുകയും ചെയ്തപ്പോൾ രാജ്യത്ത് അവശേഷിക്കുന്ന ആകെ രോഗികളുടെ എണ്ണം 8,628 ആയി കുറഞ്ഞു. ഇതിൽ 1,367 പേരുടെ ആരോഗ്യനില മാത്രമേ ഗുരുതരമായുള്ളൂ. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

അതേസമയം ഇന്ന് രാജ്യവ്യാപകമായി 10 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യമാകെ ഇന്ന് 88,107 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,37,374 ആയി. ഇതിൽ 5,20,358 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,388 ആണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.8 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 148, മക്ക 119, കിഴക്കൻ പ്രവിശ്യ 92, ജീസാൻ 66, അസീർ 58, അൽഖസീം 51, മദീന 41, നജ്റാൻ 32, ഹായിൽ 22, തബൂക്ക് 15, വടക്കൻ അതിർത്തി മേഖല 14, അൽജൗഫ് 12, അൽബാഹ 11. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 31,273,961 ഡോസ് ആയി ഉയർന്നു.

🇦🇪യുഎഇയില്‍ 1215 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് രണ്ട് മരണം.

✒️യുഎഇയില്‍ 1,215 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,390 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു. 

പുതിയതായി നടത്തിയ 2,77,855 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,99,381 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,76,956 പേര്‍ രോഗമുക്തരാവുകയും 1,994 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,431 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇸🇦സൗദി: വാണിജ്യ തട്ടിപ്പുകളിൽ പങ്കാളികളായവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തും; കുറ്റവാളിയെന്ന് കണ്ടെത്തിയാൽ നാട് കടത്താൻ തീരുമാനം.

✒️രാജ്യത്ത് സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നവർക്കെതിരായ നിയമനടപടികൾ അവസാനിക്കുന്നത് വരെ, ഇത്തരക്കാർക്ക് രാജ്യത്ത് നിന്ന് പുറത്ത് പോകുന്നതിന് യാത്രാ വിലക്കേർപ്പെടുത്താൻ പബ്ലിക് പ്രോസിക്യൂഷനു അധികാരം നൽകാൻ സൗദി അറേബ്യയുടെ ക്യാബിനറ്റ് തീരുമാനിച്ചു. ഇത്തരം തട്ടിപ്പുകളിൽ പങ്കാളികളായവർക്കെതിരെ കോടതികൾ വിധി പ്രസ്താവിക്കുന്നത് വരെയുള്ള കാലയളവിൽ യാത്രാ വിലക്ക് ഏർപ്പെടുത്തുന്നതിനാണ് പബ്ലിക് പ്രോസിക്യൂഷനു അധികാരം നൽകിയിരിക്കുന്നത്.

സൗദിയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഇത് പ്രകാരം, ഇത്തരം തട്ടിപ്പുകളിൽ പങ്കാളികളായ വിദേശികൾക്കെതിരായ കേസുകളിൽ, ഇവർ കുറ്റവാളിയാണെന്ന് കോടതി വിധിക്കുന്ന സാഹചര്യത്തിൽ, ഇത്തരക്കാരെ സൗദിയിൽ നിന്ന് നാട് കടത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിനെ ചുമതലപ്പെടുത്താനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ നാട് കടത്തപ്പെടുന്നവർക്ക് പിന്നീട് സൗദിയിലേക്ക് തിരികെ പ്രവേശിക്കാൻ അനുമതി നൽകുന്നതല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം കുറ്റകൃത്യങ്ങൾക്ക് അഞ്ച് വർഷം വരെ തടവും, 5 ദശലക്ഷം റിയാൽ വരെ പിഴയും ചുമത്തുന്നതിനുള്ള നിയമ വ്യവസ്ഥകളും സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്.

🇦🇪അബുദാബി: പ്രവാസികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതായി ഇന്ത്യൻ എംബസി.

✒️പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഓഗസ്റ്റ് 12, വ്യാഴാഴ്‌ച്ചയാണ്‌ എംബസി ഇത് സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം, ഇന്ത്യയിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവർക്ക്, ഇനിമുതൽ ഇതിനായി യു എ ഇ പോലീസിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രവാസികൾക്ക് നിലവിലെ സാഹചര്യത്തിൽ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി, ഇത്തരം അപേക്ഷകളോടൊപ്പം നൽകേണ്ടിയിരുന്ന യു എ ഇ പോലീസിൽ നിന്നുള്ള PCC ഒഴിവാക്കിയതായാണ് എംബസി അറിയിച്ചിട്ടുള്ളത്.

ഇന്ത്യയിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമാകുന്ന ഇന്ത്യക്കാർക്ക് BLS International സേവനകേന്ദ്രത്തിലെത്തി ഇതിനായുള്ള അപേക്ഷകൾ നൽകാവുന്നതാണെന്നും, ഇതിനായി യു എ ഇ പോലീസിൽ നിന്നുള്ള PCC ആവശ്യമില്ലെന്നും എംബസി കൂട്ടിച്ചേർത്തു. COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രവാസി ഇന്ത്യക്കാരുടെ സമയം, പണം എന്നിവ ലാഭിക്കുന്നതിനായാണ് ഈ നടപടിയെന്നും അധികൃതർ വ്യക്തമാക്കി.

https://indembassyuae.gov.in/pdf/ADVISORY%20REGARDING%20POLICE%20CLEARANCE%20CERTIFICATE-12-08-2021.pdf എന്ന വിലാസത്തിൽ ഈ അറിയിപ്പ് ലഭ്യമാണ്.

🇸🇦സൗദി: യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസിറ്റ് വിസ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി നൽകും.

✒️രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസിറ്റ് വിസ കാലാവധി 2021 സെപ്റ്റംബർ 30 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരം വിഭാഗങ്ങളിലുള്ള സന്ദർശകർക്ക് തങ്ങളുടെ വിസ കാലാവധി നീട്ടിക്കിട്ടുന്നതിനായി അപേക്ഷിക്കുന്നതിനുള്ള നടപടികളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 12-ന് രാത്രിയാണ് സൗദി വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതോടെ സൗദി വിസിറ്റ് വിസ അനുവദിച്ചിട്ടുള്ള, എന്നാൽ യാത്രാ വിലക്കുകൾ മൂലം സൗദിയിലേക്ക് യാത്രചെയ്യാനാകാതിരുന്ന, സന്ദർശകർക്ക് തങ്ങളുടെ വിസിറ്റ് വിസകളുടെ കാലാവധി സെപ്റ്റംബർ 30 വരെ സ്വയമേവ പുതുക്കിക്കിട്ടുന്നതിനായി https://enjazit.com.sa/enjaz/extendexpiredvisa എന്ന വിലാസത്തിലൂടെ അപേക്ഷിക്കാവുന്നതാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഈ സേവനത്തിനായി പ്രത്യേക ഫീ ഒന്നും തന്നെ ഈടാക്കുന്നതല്ലെന്നും, തികച്ചും സൗജന്യമായാണ് ഇത്തരം വിസകളുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി നൽകുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് https://enjazit.com.sa/enjaz/extendexpiredvisa എന്ന വിലാസം സന്ദർശിച്ച് തങ്ങളുടെ പാസ്സ്‌പോർട്ട് നമ്പർ, വിസ നമ്പർ, രാജ്യം, ഇമെയിൽ അഡ്രസ് മുതലായ വിവരങ്ങൾ നൽകിക്കൊണ്ട് ഈ നടപടി പൂർത്തിയാക്കാവുന്നതാണ്.

നിലവിൽ ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, ടർക്കി, അർജന്റീന, ബ്രസീൽ, സൗത്ത് ആഫ്രിക്ക, യു എ ഇ, എത്യോപ്യ, വിയറ്റ്നാം, അഫ്ഘാനിസ്ഥാൻ, ലെബനൻ എന്നീ രാജ്യങ്ങൾക്കാണ് സൗദി നേരിട്ടുള്ള പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ റെസിഡൻസി വിസ കാലാവധി 2021 ഓഗസ്റ്റ് 31 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) ജൂലൈ 20-ന് അറിയിച്ചിരുന്നു.

🇰🇼കുവൈറ്റ്: റെസിഡൻസി പെർമിറ്റ് കാലാവധി അവസാനിച്ച ജലീബ് അൽ ശുയൂഖിലെ പ്രവാസികളെ നാട് കടത്തുമെന്ന് സൂചന.

✒️റെസിഡൻസി പെർമിറ്റ് കാലാവധി അവസാനിച്ച ശേഷവും ജലീബ് അൽ ശുയൂഖിൽ തുടരുന്ന പ്രവാസികളെ കുവൈറ്റ് നാട് കടത്തുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജലീബ് അൽ ശുയൂഖിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന സംയുക്ത ഔദ്യോഗിക കമ്മിറ്റി ഉടൻ തന്നെ ഇത് സംബന്ധിച്ച നടപടികൾ ആരംഭിക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.

ഈ മേഖലയിൽ അനുവാദമില്ലാതെ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ അടച്ച് പൂട്ടുന്നതിനും, വാണിജ്യ ലൈസൻസ് ഇല്ലാതെ കച്ചവടങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നടപടികൾ കൈക്കൊള്ളുന്നതിനും കമ്മിറ്റി തയ്യാറെടുക്കുന്നതായാണ് അറിയാൻ കഴിയുന്നത്. ജലീബ് അൽ ശുയൂഖ് മേഖലയിലെ ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കുന്നതിനായാണ് ഏതാണ്ട് 2 വർഷം മുൻപ് ഈ കമ്മിറ്റി രൂപീകരിച്ചത്.

കുവൈറ്റിലെ ഫർവാനിയ ഗവർണറേറ്റിൽ സ്ഥിതിചെയ്യുന്ന ജലീബ് അൽ ശുയൂഖ്, മേഖലയിൽ ഏറ്റവും കൂടുതൽ പ്രവാസി തൊഴിലാളികൾ താമസിക്കുന്ന ഒരിടമാണ്. ഇവിടെ പെർമിറ്റുകളില്ലാതെ പ്രവർത്തിക്കുന്ന താത്കാലിക മാർക്കറ്റുകൾക്കെതിരെ നടപടികൾ കൈക്കൊള്ളുന്നതിന് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്.

🇶🇦കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി; മുന്നറിയിപ്പുമായി ഖത്തർ.

✒️കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടിയെന്ന് ഖത്തർ. ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ട്വിറ്ററില്‍ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി തന്നെ തുടരും. അതേസമയം, ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കൊണ്ട് സമൂഹ മാധ്യമങ്ങളിലും മറ്റും വംശീയ അധിക്ഷേപങ്ങളും പ്രചരണങ്ങളും നടത്തുന്നവര്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

🇶🇦വീണ്ടും കുതിച്ച് ഖത്തറിലെ കോവിഡ് കേസുകള്‍; രോഗികളുടെ എണ്ണം 2,500ന് മുകളില്‍.

✒️ഖത്തറില്‍ ഇന്ന് 244 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. ഇതില്‍ 71 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 119 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,25,685 ആയി. രാജ്യത്ത് ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ കോവിഡ് മരണം 601 ആണ്.

2,501 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 24 പേര്‍ ഐ.സി.യുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളെ കൂടി ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 8 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 79 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 28,533 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 40,67,088 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 77.7 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെടുത്തു.

🛫ഇന്ത്യയില്‍ നിന്ന് യുഎയിലേക്ക് പറക്കുന്നവര്‍ 6 മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടിലെത്തണം.

✒️ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കു പോകുന്ന യാത്രക്കാര്‍ ആറ് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യുഎഇയിലേക്കു പോകുന്നവര്‍ക്ക് വിമാനത്താവളത്തില്‍ റാപിഡ് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. ഇതിന് വേണ്ടിയാണ് നേരത്തേ എത്താന്‍ ആവശ്യപ്പെടുന്നത്. വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുമ്പാണ് കോവിഡ് ടെസ്റ്റ് കൗണ്ടര്‍ തുറക്കുക. പുറപ്പെടുന്നതിന് 2 മണിക്കൂര്‍ മുമ്പ് കൗണ്ടര്‍ ക്ലോസ് ചെയ്യുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

🇦🇪ദുബൈയില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വീടുകളിലെത്തി കൊവിഡ് വാക്‌സിന്‍ നല്‍കും.

✒️ദുബൈ താമസവിസക്കാരില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വീടുകളിലെത്തി കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. 50 വയസ്സിന് മുകളില്‍ പ്രായമുള്ള എമിറാത്തികള്‍ക്കും വീട്ടിലെത്തി വാക്‌സിന്‍ നല്‍കും. 

ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിനാണ് ഇവര്‍ക്ക് നല്‍കുക. യോഗ്യരായ താമസക്കാര്‍ക്ക് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പരായ 800-342 വിളിച്ച് വാക്‌സിന്‍ ബുക്ക് ചെയ്യാം. മറ്റ് എമിറേറ്റുകളില്‍ താമസവിസ ഉള്ളവരാണെങ്കിലും ദുബൈയിലാണ് താമസമെങ്കില്‍ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാക്കും. രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് ഈ സേവനം ലഭിക്കുക. മൊബൈല്‍ ബസുകളും ആരോഗ്യ പ്രവര്‍ത്തകരും സേവനത്തിന് സജ്ജമായതായി ഡിഎച്ച്എ ക്ലിനിക്കല്‍ സപ്പോര്‍ട്ട് സര്‍വീസസ് ആന്‍ഡ് നഴ്‌സിങ് സെക്ടര്‍ സിഇഒ ഡോ. ഫരീദ അല്‍ ഖാജാ പറഞ്ഞു. 2021 അവസാനത്തോടെ വാക്‌സിനേഷന്‍ 100 ശതമാനമാക്കാനാണ് ദുബൈ ലക്ഷ്യമിടുന്നത്.

Post a Comment

0 Comments